2017-07-28 15:39:00

ഫാ. ഹമേലിനെയും രക്തസാക്ഷികളെയും ഓര്‍മിച്ചുകൊണ്ട് പാപ്പാ


ഫാ. ഹമേലിനെയും രക്തസാക്ഷികളെയും ഓര്‍മിച്ചുകൊണ്ട് പാപ്പാ

ഫ്രാന്‍സിലെ സാന്ത് എത്യേന്ന് ദു റൂവ്റെ ദേവാലയത്തില്‍, 2016 ജൂലൈ 26-ാംതീയതി ദിവ്യബലി യര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ വധിക്കപ്പെട്ട ഫാ. ഷാക് ഹമേലിന്‍റെ (Fr. Jacques Hamel) ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പാപ്പാ ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇപ്രകാരം കുറിച്ചിരിക്കുന്നത്.  ജൂലൈ 26, ബുധനാഴ്ചയില്‍ ഉച്ചകഴിഞ്ഞാണ് സന്ദേശം പോസ്റ്റുചെയ്തത്.

‘‘മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായി ജീവിതം ചെലവഴിച്ച ഫാ. ഷാക് ഹമേലിനെയും ഒപ്പം ഇക്കാല ഘട്ടത്തിലെ മറ്റനേക രക്തസാക്ഷികളെയും ഇന്നു നമുക്ക് ഓര്‍മിക്കാം’’.  ഈ ഇന്‍സ്റ്റഗ്രാം സന്ദേശത്തിലൂടെ പാപ്പാ, റൂവെന്‍ അതിരൂപതയിലുള്ള സാന്ത് എത്യേന്ന് ദു റൂവ്റെ (Saint-Étienne-du-Rouvray) എന്ന ഈ ചെറിയ ദേവാലയത്തില്‍ നടന്ന ചരമവാര്‍ഷികാചരണത്തില്‍ പങ്കുചേരുകയായിരുന്നു എന്നു പറയാം. 

ഈ വാര്‍ഷികാചരണത്തില്‍, റൂവെന്‍ അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഡോമിനിക് ലെബ്രൂണ്‍ (Archbishop Dominique Lebrun) ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.  ദിവ്യബലിയിലും മറ്റു ചടങ്ങുകളിലും ഫ്രഞ്ചു റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റ് എമ്മാനുവേല്‍ മാക്രോണ്‍ (Emmanuel Macron), പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് (Edouard Philippe) അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് എമരിറ്റസ്, ഫാ. ഹാമേലിന്‍റെ നാമകരണ പരിപാടികളുടെ പോസ്റ്റുലേറ്റര്‍, ഫാ. ഹമേലിന്‍റെ സഹോദരി തുടങ്ങിയവരുള്‍പ്പെടെ ധാരാളം വൈദികരും വിശ്വാസികളും പങ്കുചേര്‍ന്നു. 

ഇസ്ലാമിക് ജിഹാദികളാല്‍ വധിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് 84 വയസ്സായിരുന്നു.

പോസ്റ്റു ചെയ്ത് ഒരു ദിവസം പിന്നിടുന്നതിനു മുമ്പുതന്നെ പാപ്പായുടെ ഇന്‍സ്റ്റഗ്രാമിന് ഒരു ലക്ഷത്തിഇരുപതിനായിരത്തിലധികം ലൈക്കുകളും ആയിരത്തോളം കമന്‍റുകളും ലഭിച്ചുകഴിഞ്ഞു. 








All the contents on this site are copyrighted ©.