2017-07-27 19:06:00

സഭൈക്യസംരംഭത്തിന്‍റെ 50-Ɔ൦ വാര്‍ഷം അനുസ്മരിച്ചു


കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭാകേന്ദ്രത്തിലേയ്ക്കു വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ നടത്തിയ സാഹോദര്യ സന്ദര്‍ശനം...

പോള്‍ ആറാമന്‍ പാപ്പാ തുര്‍ക്കിയിലെ ഫാനാറിലുള്ള കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കല്‍ സഭാകേന്ദ്രത്തിലേയ്ക്ക്
1967 ജൂലൈ 25-നു നടത്തിയ അപ്പസ്തോലിക സന്ദര്‍ശനമായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം സഭയിലുണ്ടായ സഭൈക്യസംരംഭത്തിന്‍റെ പ്രഥമ കാല്‍വയ്പെന്ന് വത്തിക്കാന്‍റെ ദിനപത്രം, “ഒസര്‍വത്തോരെ റൊമാനോ” വാര്‍ഷികനാളില്‍ പ്രസിദ്ധപ്പെടുത്തിയ പ്രത്യേകപംക്തിയില്‍  രേഖപ്പെടുത്തി. പാപ്പായുടെ ഫാനാര്‍ സന്ദര്‍ശനത്തോട് പ്രത്യുത്തരിച്ചുകൊണ്ട് അതേവര്‍ഷം ഒക്ടോബര്‍ 26-Ɔ൦ തിയതി അന്നത്തെ കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് അത്തനാഗോറസ് വത്തിക്കാന്‍ സന്ദര്‍ശിക്കുകയും, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തിയ സഭൈക്യപ്രാര്‍ത്ഥനയില്‍ പങ്കുചേരുകയും ചെയ്തു. ഇതു സംബന്ധിച്ച ലിഖിതം ഗ്രീക്കിലും ലത്തീനിലുമുള്ളത് ചരിത്രസാക്ഷ്യമായി വത്തിക്കാനിലെ ബസിലിക്കയുടെ പ്രവേശന കവാടത്തില്‍ സ്ഥാപിതമാണ്.

“ക്രൈസ്തവ ജീവിതത്തിലെ വിഭജിക്കുന്ന ഘടകങ്ങളെക്കാള്‍ ക്രിസ്തുവിലുള്ള വിശ്വാസം സഭകളെയും ക്രൈസ്തവമക്കളെയും ഐക്യപ്പെടുത്തുന്ന ഘടകമാവട്ടെ!” പുണ്യശ്ലോകനായ പോള്‍ ആറാമന്‍ പാപ്പാ സഭൈക്യപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ ആശംസിച്ചത് വത്തിക്കാന്‍റെ പത്രം പംക്തിയില്‍ ഉദ്ധരിച്ചു. “സാദ്ധ്യമാകുന്ന മേഖലകളിലൊക്കെ നമുക്ക് കൈകോര്‍ത്തു പ്രവര്‍ത്തിക്കുകയും ക്രിസ്തുവിന്‍റെ സുവിശേഷസ്നേഹവും സന്തോഷവും ലോകത്തില്‍ പങ്കുവയ്ക്കാം. അവിടുത്തേയ്ക്കു സാക്ഷ്യമേകാം!” ഇരുപക്ഷവും ഒന്നുചേര്‍ന്നു പ്രഖ്യാപിച്ച സഭൈക്യജീവതത്തിന്‍റെ നാന്നിയായിരുന്നു അത്.

1964- ജനുവരി 5, 6 തിയതികളില്‍ പടിഞ്ഞാറിന്‍റെയും കിഴക്കിന്‍റെയും സഭാ തലവന്മാര്‍, പോള്‍ ആറാമന്‍ പാപ്പായും പാത്രിയര്‍ക്കിസ് അത്തനാഗോറസും വിശുദ്ധനാട്ടിലെ ജരൂസലേമിലെ പുണ്യസ്ഥലങ്ങളില്‍വച്ചു നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചകളും സഭൈക്യബന്ധത്തിലെ നാഴികക്കല്ലായി ഇവിടെ അനുസ്മരിക്കാവുന്നതാണ്.








All the contents on this site are copyrighted ©.