2017-07-27 12:31:00

DOCAT XXIX: ''മനഷ്യാവകാശങ്ങളുടെ അടിസ്ഥാനം''


കഴിഞ്ഞദിനത്തില്‍ ഡുക്യാറ്റ് പഠനപരമ്പരയുടെ ഇരുപത്തിയെട്ടാംഭാഗത്ത്, 80 മുതല്‍ 83 വരെയുള്ള ചോദ്യോത്തരങ്ങളായിരുന്നു, ചിന്താവിഷയമാക്കിയത്. മൂന്നാമധ്യായത്തിലെ അവസാനചോദ്യോത്തരങ്ങളായിരുന്നു അവ.  സ്വന്തം ഇഷ്ടപ്രകാരം തോന്നുന്നതു ചെയ്യുവാന്‍ സാധിക്കുന്ന വ്യക്തിസ്വത്തല്ല ജീവന്‍ എന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്.  അല്പകാലത്തേക്കു മാത്രമായി ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന ഈ ദാനത്തിന്‍റെ മേല്‍ സമ്പൂര്‍ണസ്വാതന്ത്ര്യം നമുക്കില്ല എന്നും അനന്യവും അനന്തമൂല്യവുമുള്ളതുമായ മനുഷ്യവ്യക്തിയെക്കുറിച്ചുള്ള മൂന്നാമധ്യായത്തിലെ ചര്‍ച്ചകളുടെ സംഗ്രഹമെന്നോണം നാം അവിടെ കാണുകയായിരുന്നു. മൂന്നാമധ്യായത്തിലെ സാമൂഹികപ്രബോധന ചര്‍ച്ചകള്‍ക്ക് ഏറ്റവും ഉചിതമായ ക്രോഡീകരണമായി കാണപ്പെടുന്ന ചില സുപ്രധാന രേഖകളില്‍ നിന്നെടുത്തിട്ടുള്ള ഭാഗങ്ങളും അതിന്‍റെ അവ സാനഭാഗത്തു നല്‍കിയിട്ടുണ്ട്.  ഇന്ന് ആ രേഖകളിലേയ്ക്കു നമ്മുടെ ശ്രദ്ധ തിരിക്കാം.

ലെയോ പതിമൂന്നാമന്‍ പാപ്പായുടെ റേരും നൊവാരും, വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ പാച്ചെം ഇന്‍ തേറിസ്, വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ ഫമീലിയാരിസ് കൊണ്‍സോര്‍സ്യോ, എവാഞ്ചെലിയൂം വീത്തേ, ചെന്തേസിമൂസ് ആന്നൂസ് എന്നീ രേഖകളില്‍ നിന്നാണ് നല്‍കിയിരിക്കുന്ന 21 ഖണ്‍ഡികകളില്‍ ഏറിയ ഭാഗവും എടുത്തിട്ടുള്ളത്. കൂടാതെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖ ഗാവുദിയും എത് സ്പെസ് (സഭ ആധുനികലോകത്തില്‍), പോള്‍ ആറാമന്‍ പാപ്പായുടെ പോപ്പുളോരും പ്രോഗ്രെസ്യോ, ഫ്രാന്‍സീസ് പാപ്പായുടെ ലവുദാത്തോ സീ എന്നീ രേഖകളില്‍ നിന്നുള്ള ഭാഗങ്ങളും ഇവിടെ ചേര്‍ത്തിട്ടുണ്ട്.  മനുഷ്യവ്യക്തിയുടെ സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനം, ലൈംഗികത, സ്ത്രീമഹത്വം, ഏറ്റവും ദുര്‍ബല സ്ഥിതിയിലായിരിക്കുന്നവരുടെ അതായത്, ഭ്രൂണാവസ്ഥയിലും വാര്‍ധക്യത്താലോ രോഗത്താലോ മരണാസന്നരും ആയിരിക്കുന്നവരുടെ ജീവന്‍റെ മഹത്വവും അവരുടെ അവകാശങ്ങളുമൊക്കെ ഈ രേഖകളില്‍ സുവ്യക്തമായി പഠിപ്പിക്കുന്നു.

ഇന്ന് സഭയുടെ സുപ്രധാന പ്രമാണരേഖകളില്‍ നിന്നുള്ള ചര്‍ച്ചയ്ക്കായി നാമെടുത്തിട്ടുള്ള ഭാഗങ്ങള്‍ ലെയോ പതിമൂന്നാമന്‍ പാപ്പാ 1891-ല്‍ പുറപ്പെടുവിച്ച, ആദ്യത്തെ സാമൂഹികപ്രബോധനമായി കണക്കാക്കപ്പെടുന്ന റേരും നൊവാരും എന്ന രേഖയില്‍ നിന്ന്, 6, 14, 21 ഖണ്‍ഡികകളും വത്തിക്കാന്‍ കൗണ്‍സില്‍ 1965-ല്‍ പുറപ്പെടുവിച്ച ഗാവുദിയും എത് സ്പെസ് (സഭ ആധുനികലോകത്തില്‍) എന്നരേഖയിലെ പതിനഞ്ചാം ഖണ്‍ഡികയുമാണ്.  റേരും നൊവാരും എന്ന രേഖയിലെ ആറാംഖണ്ഡികയില്‍ മനുഷ്യവ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രബോധനമാണുള്ളത്.  

1.  റേരും നൊവാരും (1891) 6: മനുഷ്യവ്യക്തിയുടെ സ്വാതന്ത്ര്യം

മനുഷ്യപ്രകൃതിയെപ്പറ്റി അല്‍പ്പം കൂടി ആഴമായി ചിന്തിച്ചാല്‍ ഈ വസ്തുത കൂടുതല്‍ വിശദമാകും.  മനുഷ്യന്‍ തന്‍റെ ബുദ്ധിശക്തികൊണ്ട് അനേകകാര്യങ്ങള്‍ ഗ്രഹിക്കുന്നു.  ഭാവികാലത്തെ വര്‍ത്തമാനകാലത്തോടു കൂട്ടിയിണക്കുന്നു.  സ്വന്തം പ്രവൃത്തികളുടെ നിയന്താവായി വര്‍ത്തിച്ചുകൊണ്ട് സനാതന നിയമത്തിന്‍റെയും എല്ലാ വസ്തുക്കളെയും പരിപാലിച്ചു ഭരിക്കുന്ന ദൈവികശക്തി യുടെയും കീഴില്‍ തനിക്കുതന്നെ ഭരണകര്‍ത്താവായി ഭവിക്കുന്നു.  അതിനാല്‍, താല്‍ക്കാലിക ക്ഷേമ ത്തിനുള്ള വസ്തുക്കള്‍ മാത്രമല്ല, ഭാവി നന്മയ്ക്കു ഉപകരിക്കുമെന്നു തോന്നുന്നവയും കൂടി തെരഞ്ഞെടുക്കാനുള്ള അവകാശം അവനുണ്ട്.  അങ്ങനെ, മനുഷ്യന്, ഭൂമിയില്‍ നിന്നുള്ള വിഭവങ്ങള്‍ മാത്രമല്ല, ഭൂമി തന്നെ സ്വന്തമായി കൈവശം വയ്ക്കാവുന്നതാണ്.  കാരണം, ഭൂമിയില്‍ നിന്നുള്ള ഉത്പ്പന്നങ്ങളില്‍ നിന്നു വേണമല്ലോ ഭാവിയിലേക്കുള്ളവ കരുതിവയ്ക്കാന്‍.

ഭൂമിയിലുള്ള വിഭവങ്ങളോടൊപ്പം ഭൂമിതന്നെയും കൈവശമാക്കി വക്കാനും ഭാവിയിലേക്കു കരുതാനും മനുഷ്യന് അവകാശമുണ്ട്. കഴിഞ്ഞുപോയ കാലത്തില്‍നിന്ന് പാഠം പഠിച്ചുകൊണ്ട്, ഇക്കാലത്തെ ഭാവിയോടു ബന്ധപ്പെടുത്താന്‍ മനുഷ്യനു കഴിയുന്നുതു കൊണ്ടാണിത്.  ഇതു നല്ലതുതന്നെ, എന്നിരുന്നാലും അവിടെ മനസ്സിരുത്തേണ്ട മറ്റൊരു കാര്യമുണ്ട്.  എല്ലാവരുടെയും സമത്വം. റേരും നൊവാരും എന്നരേഖയിലെ തുടര്‍ന്നു നല്‍കിയിരിക്കുന്ന പതിനാലാം ഖണ്ഡികയില്‍ മാനുഷിക സമത്വത്തെക്കുറിച്ചുള്ള പ്രബോധനമാണുള്ളത്.  

2.  റേരും നൊവാരും (1891) 14: എല്ലാവരുടെയും സമത്വം

മനുഷ്യരുടെയിടയില്‍ അതിപ്രധാനമായ അസംഖ്യം അന്തരങ്ങള്‍ സ്വാഭാവികമായിത്തന്നെയുണ്ട്. കര്‍മശേഷിയിലും സാമര്‍ഥ്യത്തിലും ആരോഗ്യത്തിലും കായികശക്തിയിലും മനുഷ്യര്‍ ഭിന്നരാണ്.  അപ്രകാരമുള്ള വ്യത്യസ്ത സ്ഥിതിവിശേഷങ്ങളുടെ അവശ്യഫലമാണ് ധനസ്ഥിതിയിലുള്ള അസമത്വം. അത്തരം അസമത്വം വ്യക്തികള്‍ക്കോ സമുദായത്തിനോ ഒട്ടുംതന്നെ ദോഷകരമല്ല.  സാമൂഹികമായ പൊതുജീവിതം നിലനിര്‍ത്തി ക്കൊണ്ടുപോകാന്‍ വിവിധ ചുമതലകളുടെ നിര്‍വഹണത്തിനാവശ്യ മായ വിവിധ തരത്തിലുള്ള കഴിവുകള്‍ വേണം. ഓരോ മനുഷ്യനും സാമാന്യേന അവനവന്‍റെ ഗാര്‍ഹിക സാഹചര്യങ്ങള്‍ക്കു ചേര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.

മനുഷ്യര്‍ക്കിടയിലെ അന്തരങ്ങള്‍ ഒരിക്കലും മനുഷ്യന്‍റെ അടിസ്ഥാനപരമായ സമത്വത്തിനോ അവകാശങ്ങള്‍ക്കോ എതിരല്ല എന്നു ലെയോ പതിമൂന്നാമന്‍ പാപ്പാ ഇവിടെ സമര്‍ഥിക്കുന്നു . അവ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ മനുഷ്യന്‍റെ സ്നേഹ ത്തെയും, സഹകരണത്തെയും പരസ്പരബഹുമാനത്തെയും വളര്‍ത്തുകയും വ്യത്യസ്ത സംരംഭങ്ങളിലും തൊഴിലുകളിലുമേര്‍പ്പെട്ട്, മാനവകുലത്തിനാവശ്യമായ ക്ഷേമപ്രവൃത്തികളെ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുകയാണു  ചെയ്യുക.  അതു മനുഷ്യാവകാശങ്ങളെ ഊട്ടിവളര്‍ത്തുന്നതിനു ഉപകരിക്കുകയാണ്.  ഇക്കാര്യം റേരും നൊവാരും എന്നരേഖയിലെ ഇരുപത്തൊന്നാം ഖണ്ഡികയില്‍ വീണ്ടും വിശദീകരിക്കുന്നു.

3.  റേരും നൊവാരും (1891) 21 : മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനം

ക്രിസ്തീയ പ്രമാണങ്ങള്‍ക്കു പ്രാബല്യം സിദ്ധിച്ചാല്‍ സമൂഹത്തിലെ വ്യത്യസ്ത ഘടകങ്ങള്‍ മൈത്രീബന്ധത്തില്‍ മാത്രമല്ല, സഹോദരസ്നേഹത്തിലും ഒന്നിക്കപ്പെടും.  മനുഷ്യരെല്ലാവരും പൊതുപിതാവിന്‍റെ അതായത്, ദൈവത്തിന്‍റെ മക്കളാണെന്നും, മനുഷ്യര്‍ക്കും മാലാഖമാര്‍ക്കും കേവലവും സമ്പൂര്‍ണവുമായ സൗഭാഗ്യം നല്‍കാന്‍ ആര്‍ക്കുമാത്രം കഴിയുമോ ആ ദൈവമാണ് എല്ലാവരുടെയും പരമാന്ത്യമെന്നും അനേകം സഹോദരരില്‍ പ്രഥമജാതനായ യേശുക്രിസ്തുവിനാല്‍ എല്ലാവരും ഓരോരുത്തരും രക്ഷിക്കപ്പെടുകയും ദൈവമക്കളുടെ മഹത്വത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തുവെന്നും, അങ്ങനെ തമ്മില്‍ത്തമ്മിലും യേശുക്രിസ്തുവിനോടും സഹോദരസ്നേഹത്താല്‍ ബന്ധിക്കപ്പെട്ടവരാണെന്നും, പ്രകൃതിയുടെ അനുഗ്രഹങ്ങളും പ്രസാദവരത്തിന്‍റെ ദാനങ്ങളും മനുഷ്യവംശം മുഴുവന്‍റെയും പൊതുസ്വത്താണെന്നും, സ്വര്‍ഗരാജ്യമാകുന്ന പിതൃസ്വത്തിന്‍റെ വാഗ്ദാനത്തില്‍ നിന്ന്, അയോഗ്യരായവരെയല്ലാതെ, മറ്റാരെയും ഒഴിവാക്കുന്നില്ലെന്നും അവര്‍ മനസ്സിലാക്കുകയും അനുഭവിച്ചറിയുകയും ചെയ്യും.  ''നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിന്‍റെ കൂട്ടവകാശികളും'' (8:17).  ഇപ്രകാരം കര്‍ത്തവ്യങ്ങളുടെയും അവകാശങ്ങളുടെയുമായ ഒരു പദ്ധതിയാണ് സുവിശേഷം ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നത്.  ഈ ആശയങ്ങള്‍ സമൂഹത്തിലേക്കു കടന്നു ചെന്നിരുന്നുവെങ്കില്‍ കലഹങ്ങള്‍ എത്രവേഗം അവസാനിക്കുമായിരുന്നു!

ശാരീരിക-മാനസിക-ബൗദ്ധിക കഴിവുകളിലും അതുവഴിയുള്ള നേട്ടങ്ങളിലും മനുഷ്യര്‍ വ്യത്യസ്തരാണെന്ന് അറിയുമ്പോഴും ദൈവമക്കളെന്നനിലയില്‍ മനുഷ്യര്‍ക്കുള്ള അടിസ്ഥാനസമത്വം, പാപം ചെയ്തു നഷ്ടപ്പെടുത്തിയെങ്കിലും യേശുക്രിസ്തുവിലൂടെ വീണ്ടെടുത്ത ദൈവപുത്രസ്ഥാനം, ദൈവദത്തമായ മാനുഷികസമത്വം ജീവിക്കുക നമ്മുടെ ജീവിതത്തില്‍ അവശ്യാവശ്യമാണ്.  അതുകൊണ്ട് ആ അടിസ്ഥാനമഹത്വത്തെ അവഗണിക്കുന്നതിന് നമുക്കാര്‍ക്കും കഴിയില്ല. നമ്മുടെ സഹോദരങ്ങളെ ആ അടിസ്ഥാന മഹത്വത്തില്‍ നിന്ന്, സമത്വത്തില്‍നിന്ന്, അവകാശങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ അതു നമ്മുടെ സമൂഹജീവിതത്തെ താറുമാറാക്കും.  ദൈവമക്കളെന്ന അവകാശം, ഈ ലോകത്തിലും പരലോകത്തിലും ഇല്ലാതാകുകയും ചെയ്യും. ഇക്കാര്യം ഗാവുദിയും എത് സ്പേസ് എന്ന രേഖ വിശദ മാക്കുന്നതു ശ്രദ്ധിക്കാം.

8.  ഗാവുദിയും എത് സ്പെസ് (1965) 15 : വിഭജിക്കപ്പെട്ട മനുഷ്യന്‍

സത്യത്തില്‍ ആധുനിക ലോകത്തെ അസ്വസ്ഥമാക്കുന്ന അസന്തുലിതവസ്തുതകള്‍ യഥാര്‍ഥത്തില്‍ മനുഷ്യന്‍റെ മനസ്സില്‍ വേരുറച്ച കൂടുതല്‍ അടിസ്ഥാനപരമായ ഒരു അസന്തുലിതാവസ്ഥയോടു ബന്ധപ്പെട്ടതാണ്.  മനുഷ്യനില്‍ത്തന്നെ അനേകം ഘടകങ്ങള്‍ പരസ്പരം മല്ലടിക്കുന്നുണ്ട്.  ഒരുവശത്ത്, സൃഷ്ടികളെന്ന നിലയില്‍ വിവിധ രീതിയില്‍ തങ്ങള്‍ പരിമിതരാണെന്ന് അനുഭവിച്ചറിയുകയും വേ റൊരുവശത്ത്, അഭിവാഞ്ഛകളില്‍ അപരിമിതരും കൂടുതല്‍ ഉന്നതമായ ജീവിതത്തിനു വിളിക്കപ്പെട്ടവരുമാണ് തങ്ങളെന്ന അവബോധമുണ്ടാക്കുകയും ചെയ്യുന്നു.  പലപല പ്രലോഭനങ്ങളാല്‍ ആകൃഷ്ടരായി, അവയില്‍ ചിലതു തിരഞ്ഞെടുക്കാനും ചിലതു തള്ളിക്കളയാനും നിരന്തരം നിര്‍ബന്ധിതരാകുന്നു.  തീര്‍ച്ചയായും ബലഹീനനും പാപിയുമായ അവന്‍ പലപ്പോഴും ആഗ്രഹിക്കാത്തതു ചെയ്യുകയും ആഗ്രഹിക്കുന്നത് ചെയ്യാതിരിക്കുകയും ചെയ്യുന്നു.  തന്നിമിത്തം അവന്‍ തന്നില്‍ത്തന്നെ വിഭജനം അനുഭവിക്കുന്നു.  അതുവഴി സമൂഹത്തില്‍ വലിയ ഭിന്നത ഉടലെടുക്കുന്നു.

മേല്‍പ്പറഞ്ഞ സഭാപ്രബോധനങ്ങള്‍ മനുഷ്യരുടെ കഴിവുകളിലുപരി ദൈവം തന്നിരിക്കുന്ന അടിസ്ഥാനപരമായ സമത്വത്തെ വിലമതിക്കുന്നതിനു നമ്മെ പഠിപ്പിക്കുന്നു.  മനുഷ്യവര്‍ഗത്തെ ഐക്യപ്പെടുത്തുന്ന ഘടകങ്ങളാണ്, വ്യത്യസ്തതകളല്ല ജീവിതത്തെ നയിക്കേണ്ടത്. വ്യത്യസ്തതകളെ മനസ്സിലാക്കി സ്നേഹത്തിന്‍റെ ഐക്യത്താല്‍ നിയന്ത്രിക്കപ്പെടുന്ന ജീവിതങ്ങളായിരിക്കണം നമ്മുടേത്. സ്നേഹത്തി ലും ഐക്യത്തിലും സഹകരണത്തിലും ജീവിക്കുന്നതിനുള്ള മനസ്സാണ് എപ്പോഴും ദൈവമക്കള്‍ക്കു വേണ്ടത്. കാരണം, സ്നേഹമായ ദൈവത്തിന്‍റെ മക്കളാണു നാം. 








All the contents on this site are copyrighted ©.