2017-07-26 19:30:00

ജീവനുവേണ്ടി വൈദ്യശാസ്ത്രവും ലോകജനതയും കൈകോര്‍ത്തപ്പോള്‍


വൈദ്യശാസ്ത്ര ലോകത്തെ പിടിച്ചുകുലുക്കിയ കുഞ്ഞാണ് ചാര്‍ളി ഗാര്‍ഡ്! ഉണ്ണീശോയുടെ നാമത്തിലുള്ള വത്തിക്കാന്‍റെ കുട്ടികള്‍ക്കായുള്ള ആശുപത്രി (Gesu Bambino) ജൂലൈ 26-Ɔ൦ തിയതി ബുധനാഴ്ച ഇറക്കിയ  പ്രസ്താവനയിലാണ് ഇങ്ങനെ പറഞ്ഞത്.

ഇനിയും ഇംഗ്ലണ്ടിലെ ആശുപത്രിയില്‍ കുഴലുകള്‍ക്കിടയില്‍ ജീവിക്കുന്ന 11 മാസംമാത്രം പ്രായമുള്ള ചാര്‍ളി ഗാര്‍ഡിന്‍റെ ചികിത്സയും തുടര്‍ചികിത്സാ നിയന്ത്രണവും ഇപ്പോഴും വിവാദമാണ്. എന്നാല്‍ ജീവന്‍ രക്ഷിക്കേണ്ട വൈദ്യശാസ്ത്രവും അതിന്‍റെ അവബോധമുള്ള പൗരലോകവും രാജ്യാന്തതലത്തില്‍ കൈകോര്‍ത്ത നാളുകളാണിത്. ചാര്‍ളിയുടെ ജീവനെ കേന്ദ്രകരിച്ചു നടക്കുന്ന പരിശ്രമങ്ങളും തര്‍ക്കങ്ങളും പരിഗണിച്ച് വത്തിക്കാന്‍റെ കുട്ടികളുടെ ആശുപത്രി, ‘ജേസു ബിംബീനോ’ ഇങ്ങനെയാണ് ക്രിയാത്മകമായി പ്രതികരിച്ചത്.

ചാര്‍ളിയുടെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വത്തിക്കാന്‍റെ കുട്ടികളുടെ ആശുപത്രി ഇംഗ്ലണ്ടിലെ ആശുപത്രിയോടു സഹകരിച്ച് ആവുന്നത്ര ചെയ്യാന്‍ പരിശ്രമിച്ചത്. ചാര്‍ളിയുടെ ജന്മനായുള്ള അവസ്ഥയെക്കുറിച്ചും രോഗചരിത്രത്തെക്കുറിച്ചും കിട്ടിയ ഡിജിറ്റല്‍ റിപ്പോര്‍ടുകള്‍വച്ചു മാത്രമാണ് വത്തിക്കാന്‍റെ ആശുപത്രിയുടെ ഗവേഷണവിഭാഗവും ചികിത്സാവിഭാഗവും ചേര്‍ന്നു ഇംഗ്ലണ്ടിലെ ആശുപത്രിയുമായി സഹകരിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ഗവേഷണവിവരങ്ങള്‍ കൈമാറുകയും ചെയ്തതെന്ന് വത്തിക്കാന്‍റെ ആശുപത്രിയുടെ പ്രസ്താവന വ്യക്തമാക്കി.

അത്യപൂര്‍വ്വരോഗങ്ങള്‍ അന്യൂനമാണ്. അവയ്ക്ക് തക്കസമയത്തും ഉടനടിയും വ്യക്തിപരവും വിദഗ്ദ്ധവുമായ ചികിത്സതന്നെയാണ് പ്രതിവിധി. നേരിട്ടുള്ള പഠനവും ചികിത്സാ സാദ്ധ്യതകളുമാണ് അതിന് ആവശ്യം. പരീക്ഷണാര്‍ത്ഥമുള്ള ചികിത്സാക്രമത്തോട് 6 മാസംമുന്‍പ് എങ്ങനെ ചാര്‍ളി പ്രതികരിക്കുമായിരുന്നെന്ന് ഇന്നു പറയാനാവില്ലെന്ന് വത്തിക്കാന്‍റെ ആശുപത്രിയിലെ വിദഗ്ദ്ധര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ചാര്‍ളിയുടെ രോഗാവസ്ഥയെക്കുറിച്ചു ജേസു ബംബീനോ ആശുപത്രിയുടെ ഗവേഷണ വിഭാഗം പഠിക്കുന്ന സമയത്ത് ഞാടിഞരമ്പുകള്‍ ഉള്‍ക്കൊള്ളുന്ന അവന്‍റെ മാംസപേശികള്‍ ഔഷധങ്ങളോട് പ്രതികരിക്കാനാവാത്തവിധം മന്ദീഭവിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ തലച്ചോറ് ഇനിയും മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയില്‍ എത്തിയിട്ടില്ലെന്നും വത്തിക്കാന്‍റെ പ്രസ്താവന വിശദീകരിച്ചു.  ഇന്‍റര്‍നെറ്റ് ശൃംഖലയിലൂടെ ലഭ്യമാക്കിയ വിവരശേഖരത്തിന്‍റെ പരിമിതികളില്‍നിന്നുകൊണ്ടും അവയെ അടിസ്ഥാനപ്പെടുത്തിയും ചാര്‍ളിക്കുവേണ്ടി ഗുണകരമായ ഒരു ചികിത്സ നല്കാന്‍ സാധിക്കാഞ്ഞതിലുള്ള അതിയായ ഖേദവും വിഷമവും രേഖപ്പെടുത്തികൊണ്ടാണ് വത്തിക്കാന്‍റെ ആശുപത്രി പ്രസ്താവന ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.