2017-07-25 17:40:00

സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്ന പാപബോധവും പശ്ചാത്താപവും


വിലാപഗീതം, സങ്കീര്‍ത്തനം 51-ന്‍റെ പഠനത്തിന്‍റെ രണ്ടാം ഭാഗമാണിത്  :

പദങ്ങളുടെ വ്യാഖ്യാനത്തിലേയ്ക്കാണ് ഇന്നു കടക്കുന്നത്. ദൈവത്തെ വ്യക്തി വിളിച്ചപേക്ഷിക്കുന്നതാണ് വിലാപം. സഹായത്തിനുവേണ്ടിയുള്ള നിലവിളിയാണിത്. വിലപിക്കുന്നവന്‍ ദൈവത്തിന്‍റെ സാന്നിദ്ധ്യവും പ്രാധാന്യവും തന്‍റെ ജീവിതത്തില്‍ അംഗീകരിക്കുന്നു. മാത്രമല്ല ദൈവത്തിന്‍റെ മുന്നില്‍ ആരാധകന്‍ അല്ലെങ്കില്‍ സങ്കീര്‍ത്തകന്‍ ദരിദ്രനും ക്ലേശിതനുമായിട്ട് സ്വയം വിശേഷിപ്പിക്കുന്നു. അതിനാല്‍ പദങ്ങളില്‍ വിലാപത്തോടൊപ്പം യാചനയുടെ വരികളും, ഭാവങ്ങളും കാണാം. സങ്കീര്‍ത്തകന്‍ പദങ്ങളില്‍ പ്രകടമാക്കുന്ന ദുഃഖത്തിന്‍റെയും മനോവ്യഥയുടെയും വിവരണത്തിനൊപ്പം, ആവശ്യങ്ങളുടെ അവതരണം, ആവലാതിയുടെ വിസ്താരം തുടങ്ങിയവയും പദങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നത് മനസ്സിലാക്കാന്‍ ശ്രമിക്കാം. 

51-Ɔ൦ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും   ജെറി അമല്‍ദേവുമാണ്. ആലാപനം, രാജലക്ഷ്മിയും സംഘവും...  
                
 Musical Version of Ps. 51
                  കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
                  നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ!  - കാരുണ്യ..  

ഈ സങ്കീര്‍ത്തനത്തില്‍ ആകെയുള്ള 19 പദങ്ങളില്‍ ആദ്യത്തെ ആറു പദങ്ങളാണ് ഈ പ്രക്ഷേപണത്തില്‍ നാം പഠിക്കാന്‍ പോകുന്നത്. ആദ്യത്തെ രണ്ടു പദങ്ങളുടെ വ്യാഖ്യാനത്തോടെ നമുക്കിന്ന് ഏറെ പ്രശസ്തമായതും, ജനഹൃദയങ്ങളില്‍ പതിഞ്ഞിട്ടുള്ളതുമായ 51-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ വരികള്‍ പരിശോധിക്കാം. പദങ്ങളുടെ സ്വഭാവത്തില്‍നിന്നും, അല്ലെങ്കില്‍ അവയുടെ അവതരണത്തില്‍നിന്നും, ദൈവത്തോടുള്ള തീവ്രമായ യാചനയാണവയെന്ന് മെല്ലെ വ്യക്തമാകും.
                  Recitation
                  ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്
                  എന്നോടു ദയതോന്നണമേ!
                  അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്
                  എന്‍റെ അതിക്രമങ്ങള്‍ മായിച്ചു കളയണമേ.
                  എന്‍റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണേ!
                  എന്‍റെ പാപത്തില്‍നിന്ന് എന്നെ ശുദ്ധീകരിക്കണമേ. 

കൊടിയ വിപത്തില്‍, അല്ലെങ്കില്‍ വലിയ ദുരിതത്തില്‍ സങ്കീര്‍ത്തകന്‍ ദൈവത്തിന്‍റെ കൃപയ്ക്കും കാരുണ്യത്തിനുംവേണ്ടി അപേക്ഷിക്കുകയാണ്. കാരണം, ദൈവസന്നിധിയില്‍ നില്ക്കാന്‍ പാപിക്ക് സാധിക്കുകയില്ലെന്ന് സങ്കീര്‍ത്തകനു നല്ലവണ്ണമറിയാം, നല്ല ബോധ്യമുണ്ട്. ദൈവ-മനുഷ്യബന്ധത്തിന് അപരാധങ്ങള്‍ പ്രതിബന്ധമാണ്. പാപത്തിന്‍റെ ഫലമായി ആദ്ധ്യാത്മിക ദുഃഖത്തിലും ദുരിതത്തിലുമാണ് സങ്കീര്‍ത്തകന്‍. ദൈവത്തോടുള്ള ബന്ധം കാര്യമായി കരുതുന്നതുകൊണ്ട് അല്ലെങ്കില്‍ ഗൗനിക്കുന്നതുകൊണ്ടാണ് പാപത്തെ ഗുരുതരമായി സങ്കീര്‍ത്തകന്‍ കണക്കാക്കുന്നത്. അതുകൊണ്ടാണ് പാപങ്ങള്‍ മായിച്ചുകളയണമേ,   എന്ന് അപേക്ഷിക്കുന്നത്. ദൈവത്തിനു മാത്രമേ പാപം പൊറുക്കുവാന്‍ സാധിക്കൂ. നമ്മുടെ മനഃസാക്ഷിയെ കഴുകിവെടിപ്പാക്കുന്നവനും ശുദ്ധീകരിക്കുന്നവനും ദൈവം തന്നെ!

ഇനി ദാവീദുരാജാവിന്‍റെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുമ്പോള്‍ രാജാവ് തന്‍റെ വീഴ്ചയില്‍ അനുതപിക്കുന്നു. ദൈവത്തോടു കരഞ്ഞു മാപ്പിരക്കുന്നു. മാത്രമല്ല, ദൈവിക കാരുണ്യത്തെക്കുറിച്ചും, ദൈവത്തിന്‍റെ അനന്തമായ സ്നേഹത്തെക്കുറിച്ചും ഇസ്രായേലിലെ പ്രവാചകന്‍ നാത്താനും രാജാവിനെ അനുസ്മരിപ്പിക്കുന്നുണ്ട്.

Musical Version Ps. 51
കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ.
ദ്രോഹിയാണു ഞാന്‍  വിഭോ ദ്രോഹമോചനം തരൂ
എന്നസീമ പാപങ്ങള്‍ മായ്ച്ചീടണേ വിഭോ – കാരുണ്യ..

ക്രൈസ്തവ ജീവിതത്തെയും, സഭാ ജീവിതത്തെയും സമകാലീനമായി ബന്ധപ്പെടുത്തിക്കൊണ്ട് നമുക്കീ വ്യാഖ്യാനത്തെ വിലയിരുത്താവുന്നതാണ്. സഭയെ അല്ലെങ്കില്‍ സഭാദൗത്യത്തെ ഒരു സമൂഹ്യപ്രവര്‍ത്തകന്‍റെ ശൈലിയില്‍ വീക്ഷിക്കാവുന്നതല്ല. മറിച്ച് അതൊരു ദൈവികസ്ഥാപനമായി മനസ്സിലാക്കിയാല്‍ സഭ ദൈവസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സ്രോതസ്സും ഭൂമിയില്‍ ദൈവസ്നേഹത്തിന്‍റെ അടയാളവുമായി കാണേണ്ടതാണ്. ദാവീദിന്‍റെ മാനുഷികതില്‍ ഉതിര്‍ക്കൊണ്ട പാപബോധത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും വികാരങ്ങളില്‍ മനുഷ്യമനസ്സുകളുടെ സാര്‍വ്വലൗകികത നമുക്ക് മനസ്സിലാക്കാവുന്നതാണ്, കണ്ടെത്താവുന്നതാണ്. ദൈവിക കല്പനകള്‍ പഠിച്ചും, അവ മനസ്സിലാക്കിയും വളരുന്നവര്‍ക്ക്, ജ്‍ഞാനസ്നാനംവഴി ക്രൈസ്തവജീവിതത്തിന്‍റെ എല്ലാ മൗലികമൂല്യങ്ങളും നേട്ടങ്ങളും ലഭിക്കുന്നുണ്ട്. 

3-മുതല്‍ 6-വരെയുള്ള പദങ്ങള്‍ അതു സ്ഥാപിക്കുന്നു.   സങ്കീര്‍ത്തകന്‍ പാപങ്ങള്‍ ഏറ്റുപറയുന്നു. അനുതാപത്തിന്‍റെ ആദ്യപടിയാണ് പാപസങ്കീര്‍ത്തനം.

             Recitation
             എന്‍റെ അതിക്രമങ്ങള്‍ ഞാനറിയുന്നു
             എന്‍റെ പാപം എപ്പോഴും എന്‍റെ കണ്‍മുന്‍പിലുണ്ട്
             അങ്ങേയ്ക്കെതിരായി, അങ്ങേയ്ക്കു
             മാത്രമെതിരായി ഞാന്‍ പാപംചെയ്തു,
             അങ്ങയുടെ മുന്‍പില്‍ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു
              അതുകൊണ്ട് അങ്ങയുടെ വിധിനിര്‍ണ്ണയത്തില്‍
             അങ്ങു നീതിയുക്തനാണ്
             അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്.
             പാപത്തോടെയാണു ഞാന്‍ പിറന്നത്,
             അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ
             ഞാന്‍ പാപിയാണ്
              ഹൃദയപരമാര്‍ത്ഥതയാണ് അങ്ങ് ആഗ്രഹിക്കുന്നത്.  

ആകയാല്‍ എന്‍റെ അന്തരംഗത്തില്‍  ജ്ഞാനം പകരണമേ!   അനുതാപത്തിലേയ്ക്കുള്ള ആദ്യത്തെപ്പടി പാപം അംഗീകരിക്കുകയാണ്. സങ്കീര്‍ത്തകന്‍റെ അപരാധബോധത്തിന്‍റെ ആത്മാര്‍ത്ഥത പ്രകടമാക്കുന്നതാണ് മൂന്നാമത്തെ പദം. 

           എന്‍റെ അതിക്രമങ്ങള്‍ ഞാനറിയുന്നു
          എന്‍റെ പാപം എപ്പോഴും എന്‍റെ കണ്‍മുന്‍പിലുണ്ട്

പ്രാര്‍ത്ഥനയില്‍ തുറവോടെ ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടാണ് സങ്കീര്‍ത്തകന് ഇതു സാധിക്കുന്നത്.   ദൈവത്തിനെതിരായി പാപംചെയ്തു എന്ന് എളിമയില്‍ ഏറ്റുപറയുകയാണ് ഗായകന്‍! മനുഷ്യനെതിരായ, സഹജീവികള്‍ക്കെതിരായ പാപങ്ങളും ദൈവത്തിനെതിരാണെന്ന് സങ്കീര്‍ത്തകന്‍ കാണുന്നു, മനസ്സിലാക്കുന്നു. ജോസഫിനെ പാപംചെയ്യാന്‍ ഫറവോന്‍റെ ഭാര്യ നിര്‍ബന്ധിച്ചപ്പള്‍ ജോസഫ് പറയുന്നത്, ഞാന്‍ എങ്ങനെ ദൈവത്തിനെതിരായി പാപം ചെയ്യും, എന്നാണ് (ഉല്പത്തി 39, 9). ദൈവം നമ്മുടെ പാപങ്ങള്‍ പൊറുക്കുന്നു, മാപ്പുനല്കുന്നു, നവജീവന്‍ നമുക്കു പകരുന്നു. അവിടുന്നു കാരുണ്യമുള്ളവനും പ്രസാദമുള്ളവനും ക്ഷമയും അചഞ്ചലമായ സ്നേഹവുമുള്ളവനും വിശ്വസ്തനുമാണ്. ഒപ്പം അവിടുന്നു പാപത്തെ വെറുക്കുന്നവനുമാണ്.
      Recite :
     പാപത്തോടെയാണു ഞാന്‍ പിറന്നത്,
     അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്

മേലുദ്ധരിച്ച അഞ്ചാമത്തെ പദത്തില്‍ സങ്കീര്‍ത്തകന്‍ ഇങ്ങനെ വിലപിക്കുമ്പോള്‍... തന്‍റെ അസ്തിത്വത്തിന്‍റെ അടിസ്ഥാനം ദുഷിച്ചതാണെന്ന് പറയുവാന്‍ ശ്രമിക്കുകയാണ്. തന്‍റെ ജീവിതത്തിലാകമാനം പാപത്തിന്‍റെ ശക്തി നിഴലിക്കുന്നു, വ്യക്തിയെ അതു ഗ്രസിക്കുന്നു. മനുഷ്യരാശിയുടെ അധഃപതനമാണ് ഇവിടെ ഗായകന്‍ വിവക്ഷിക്കുന്നത്. പുതിയനിയമത്തിന്‍റെ വെളിച്ചത്തില്‍ ഉത്ഭവപാപവുമായി ബന്ധപ്പെടുത്തി നമുക്കതിനെ കാണാന്‍കഴിയും. അടിസ്ഥാനപരമായി, വിജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും ജീവിതം നയിക്കുവാന്‍ സങ്കീര്‍ത്തകന്‍ ആഗ്രഹിക്കുകയാണ്. ഇതു മനുഷ്യ ഹൃദയത്തിന്‍റെ എല്ലാ ബന്ധങ്ങളിലേയ്ക്കും ബന്ധനങ്ങളിലേയ്ക്കും, രഹസ്യങ്ങളിലേയ്ക്കുപോലും തുളച്ചുകയറുന്നതും വെളിച്ചം വീശുന്നതുമാണ്. ദൈവത്തിന്‍റെ കാരുണ്യ ഭാവം അനുസ്മരിപ്പിക്കുന്ന പദം, ഒപ്പം പാപത്തിന്‍റെ പരിണിത ഫലങ്ങളെക്കുറിച്ചും നമുക്കു താക്കീതുനല്കുന്നു.  

നാം ദാവീദിന്‍റെ വ്യക്തിത്വത്തിലേയ്ക്ക് വീണ്ടും എത്തിനോക്കുകയാണെങ്കില്‍, ദൈവത്തിന്‍റെ ഉടമ്പടിപ്രകാരമുള്ള സ്നേഹം നിഷേധിച്ച രാജാവ്, ദൈവികബന്ധത്തില്‍ നിലനില്ക്കാന്‍ തത്രപ്പെടുകയാണ്. പാപം ദൈവവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു. അതിന്‍റെ പരിണിതഫലമായി... ദൈവമില്ലാതെ ജീവിക്കാം, ദൈവത്തില്‍നിന്നും ഒളിച്ചോടാം എന്നൊരു ചിന്തയോ, രക്ഷപെടലോ ആണ് പാപം ഉളവാക്കുന്നത്. എന്നാല്‍ പ്രവാചകനിലൂടെ പ്രതിധ്വനിച്ച ദൈവിക സ്വരം ഇന്നും മനുഷ്യന്‍റെ കര്‍ണ്ണപുടങ്ങളില്‍ മാറ്റൊലിക്കൊള്ളുന്നു. അത് ദാവീദിനെ അസ്വസ്ഥനാക്കിയതുപോലെ നമ്മെയും അസ്വസ്ഥരാക്കുന്നു. പിന്നെ അത് നമ്മെ ദൈവിക കാരുണ്യത്തിലേയ്ക്കു ക്ഷണിക്കുന്നു, നയിക്കുന്നു.
                Musical Version Ps. 51
                കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
                നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ..
                പാപിയാണു ഞാനയോയോ, ഘോരപാപി ഞാനിതാ
                അമ്മതന്‍ ഗര്‍ഭേയിദം ജനന്മമാര്‍ന്നു ദേവ ഞാന്‍ - കാരുണ്യ
                കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ
                സാന്ത്വനം ക്ഷമാവരം ഏകിടൂ മഹേശ്വരാ     – കാരുണ്യ.








All the contents on this site are copyrighted ©.