2017-07-24 18:37:00

ജരൂസലേമിന്‍റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം


പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന.

ജൂലൈ 23-Ɔ൦ തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടത്തിയ ത്രികാലപ്രാര്‍ത്ഥന പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് ജരൂസലേം നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കലാപങ്ങളെക്കുറിച്ച് പാപ്പാ ജനങ്ങളെ അറിയിച്ചതും പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തിയതും. ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ആയിരങ്ങള്‍ സന്നിഹിതരായിരുന്നു.

സംവാദത്തിലൂടെ ആത്മസംയമനം പാലിക്കണമെന്ന് പാപ്പാ ബന്ധപ്പെട്ടവരോട് പൊതുവായി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ജരൂസലത്തു നടന്ന സംഭവങ്ങളെ ദാരുണവും വേദനാജനകവുമെന്ന് പാപ്പാ ഖേദപൂര്‍വ്വം വിശേഷിപ്പിച്ചു.  ഏറെ ആശങ്കയോടെയാണ് പുണ്യനഗരത്തിലെ നീക്കങ്ങളെ നിരീക്ഷിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. അനുരഞ്ജനത്തിനും സമാധാനത്തിനുമായി ഹൃദയപൂര്‍വ്വം  പരിശ്രമിക്കണമെന്നും സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ചത്വരം തിങ്ങിനിന്ന ആയിരങ്ങളോടും ലോകത്തോടുമായി പാപ്പാ അഭ്യര്‍ത്ഥിച്ചു.

മുസ്ലീങ്ങള്‍ക്കും യഹൂദര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട പുണ്യനഗരത്തില്‍ അറബികളായ തോക്കുധാരികള്‍ രണ്ടു ഇസ്രായേലി പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയതാണ് ആദ്യ സംഭവം. രണ്ടാമതായി, ഒരു പ്രതികാരമെന്നോണം, മറ്റൊരു തെരുയുദ്ധത്തില്‍ 3 പലസ്തീനികളെ ഇസ്രായേലികള്‍ കൊലപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് ഒരു ഇസ്രായേലി കുടുംബത്തിലെ മൂന്നംഗങ്ങളെ ഒരു പലസ്തീന്‍കാരന്‍ കൊലപ്പെടുത്തിയ ദാരുണസംഭവമാണ് വിശുദ്ധനാട്ടില്‍ സംഭവിച്ചിരിക്കുന്നത്.

മുസ്ലീങ്ങള്‍ക്ക് 'ഹറാം അല്‍ ഷെറിഫ്' എന്ന പേരിലും, യഹൂദര്‍ക്ക് ദൈവത്തിന്‍റെ 'പുണ്യമല'യെന്ന പേരിലും ചരിത്രകാലം മുതല്ക്കേ ജരൂസലേം പുണ്യസ്ഥാനമാണ്.  ഇസ്രായേല്‍ സര്‍ക്കാര്‍  മുന്‍കൈയ്യെടുത്ത് പുണ്യസ്ഥലത്തേയ്ക്കുള്ള പ്രവേശന കവാടത്തിങ്കില്‍ 'മെറ്റല്‍ ഡിറ്റെക്ടര്‍' സാങ്കേതിക സുരക്ഷാസംവിധാനം സ്ഥാപിച്ചതാണ് അടുത്തകാലത്ത് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് വാര്‍ത്താ ഏജെനന്‍സികള്‍ അറിയിച്ചു. ഇരുപക്ഷത്തുമായി 8 പേരുടെ മരണത്തിന് ഇത് കാരണമാക്കുകയുണ്ടായി.








All the contents on this site are copyrighted ©.