2017-07-22 18:43:00

ദൈവരാജ്യത്തിന്‍റെ വിത്തും വിളയും കരുണാര്‍ദ്രനായ കര്‍ഷകനും


വിശുദ്ധ മത്തായിയുടെ സുവിശേഷം 13, 24-43.  ആണ്ടുവട്ടം 16-Ɔ൦ വാരം ഞായറാഴ്ച.   

1. കളകളുടെ ഉപമ   ക്രിസ്തു പറഞ്ഞിട്ടുള്ള ഉപമകളില്‍ വളരെ പ്രശസ്തവും ശ്രദ്ധേയവുമായ ഒന്നാണ് നാമിപ്പോള്‍ വായിച്ചുകേട്ടത് – കളകളുടെ ഉപമ! ഉപമയില്‍ വിതക്കാരന്‍ ക്രിസ്തുവാണ്. വിതക്കാരന്‍ ജോലിചെയ്യുന്നതും അദ്ധ്വാനിക്കുന്നതുമെല്ലാം നന്മയ്ക്കായിട്ടാണ്. നല്ല ഫലം കിട്ടണം. നല്ല വിളവുലഭിക്കണം എന്ന ഉദ്ദേശത്തോടെയാണ്. സൃഷ്ടികഴിഞ്ഞ് ആദിയില്‍ ദൈവം പറഞ്ഞതുപോലെ, സൃഷ്ടിച്ചതെല്ലാം നല്ലതായിരുന്നു. ദൈവം തരുന്നതെല്ലാം നല്ലതാണ്. ദൈവം തന്ന നന്മയാണ് ലോകത്ത് തിന്മയായി മാറുന്നത്, മാറ്റപ്പെടുന്നത്. തിന്മചെയ്യുന്നത് മനുഷ്യര്‍തന്നെയാണ്. തിന്മയുടെ പക്ഷംചേരുന്നതും തിന്മയുടെ പ്രയോക്താക്കളാകുന്നതും മനുഷ്യര്‍ തന്നെയാണ്. 

എന്തിനാണ് ദൈവം വിളകള്‍ക്കിടയില്‍ കളകള്‍ വിതച്ചത്?  ദൈവത്തിന് എല്ലാം നല്ലതാണ്. അവയ്ക്കെല്ലാം ഓരോ ലക്ഷ്യവുമുണ്ട്. സകലരും ദൈവത്തിന്‍റെ മക്കളാണ്.  എന്നാല്‍ എല്ലാവരും നന്മയുടെ ഫലംനല്കുന്നില്ല. നന്മയുടെ ഫലം പുറപ്പെടുവിക്കുന്നില്ല.  മറിച്ച് തിന്മ പ്രവര്‍ത്തിക്കുന്നു. മോശമായി പെരുമാറുന്നു. കളകളെ ദൈവത്തിന് നശിപ്പിച്ചുകൂടെ,  ഭീകരരെയും  ദുഷ്ടരെയും വകവരുത്തിക്കൂടെ? ഇല്ല. നല്ലതു വിതച്ചവന്‍ തന്നെയാണ് കളകളും വിതച്ചത്. ദുഷ്ടനും ശിഷ്ടനും ദൈവത്തിന്‍റെ സൃഷ്ടിയാണ്. ദൈവം അവരുടെമേല്‍ ഒരുപോലെ  മഴ പെയ്യിക്കുന്നു. കാരണം അവിടുന്ന് സകലരുടെയും പിതാവാണ്. എല്ലാവരും അവിടുത്തെ മക്കളുമാണ്!

2. എല്ലാവരും ദൈവമക്കള്‍    പ്രാര്‍ത്ഥിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണേ, എന്നു ശിഷ്യന്മാര്‍ ക്രിസ്തുവിനോട് ആവശ്യപ്പെട്ടപ്പോള്‍, പിതാവിനോട് പ്രാര്‍ത്ഥിക്കുന്ന രീതിയാണ് അവിടുന്നു പഠിപ്പിച്ചത്. നാം എല്ലാവരും ഈ പ്രാര്‍ത്ഥനയില്‍ സഹോദരങ്ങളാണ് - സഹോദരനും സഹോദരിയുമാണ്. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ....! പ്രാര്‍ത്ഥന ആരംഭിക്കുന്നതേ... ‘ഞങ്ങളുടെ’ എന്ന ബഹുവചനത്തോടെയാണ്. ഞങ്ങളുടെ പിതാവേ... എന്നാണ് നാം ദൈവത്തെ വിളിച്ചപേക്ഷിക്കുന്നത്. ആവശ്യപ്പെടുന്ന അപ്പം ‘ഞങ്ങള്‍ക്കു വേണ്ടതാണ്’. അതു ഞങ്ങള്‍ക്കു തരണേ... എന്നാണ് നാം പ്രാര്‍ത്ഥിക്കുന്നത്. ഇതെല്ലാം അര്‍ത്ഥമാക്കുന്നത് ജീവിതം പങ്കുവയ്ക്കലിന്‍റെയും പങ്കാളിത്തത്തിന്‍റെയും കൂട്ടുത്തരവാദിത്തമാണെന്നാണ്. അതിനാല്‍ അനുദിനം ഉരുവിടുന്ന പിതാവിനോടുള്ള ഈ പ്രാര്‍ത്ഥനയിലൂടെ എല്ലാവിധത്തിലുമുള്ള സ്വാര്‍ത്ഥതയും മറികടന്ന്, പരസ്പരമുള്ള ആദരവിന്‍റെയും അംഗീകാരത്തിന്‍റെയും ആനന്ദം അനുഭവിക്കാന്‍  നമ്മില്‍ എല്ലാവരെയും –  എളിയവരെയും പാവങ്ങളെയും പാപികളെയും സഹോദരങ്ങളായി കാണാനുമുള്ള മനോഭാവം ഉണ്ടാകണമെന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്.

3. ഹൃദയമറിയുന്ന കര്‍ഷകന്‍    രണ്ടാമത്തെ വായനയില്‍ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ പറയുന്നത്, ദൈവം നമ്മുടെ പിതാവാകയാല്‍, “ നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാദ്ധ്യസ്ഥംവഹിക്കുന്നു. ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്മാവിന്‍റെ ഇംഗിതം ഗ്രഹിക്കുന്നു. (റോമ. 8, 26-27). ദൈവം നമ്മെ അറിയുന്നു. സദാ നമ്മെ നന്മയിലേയ്ക്ക് വിളിക്കുന്നു.

നല്ലതും ചീത്തയും, കളയും വിളയും ഒരുമിച്ചു വളരാന്‍ വിതക്കാരന്‍ അനുവദിച്ചേക്കാം. കാരണം. മുളച്ചുവളര്‍ന്ന കള പറിച്ചുകളഞ്ഞാല്‍ ചിലപ്പോള്‍ വിളകളും നഷ്ടമായേക്കാം. അതിനാല്‍ വിളവെടുപ്പു കാലത്തിനായി കാത്തിരിക്കാന്‍, കൊയ്ത്തുകാലത്തിനായി കാത്തിരിക്കാന്‍ കൃഷിക്കാരന്‍ താക്കീതുനല്കുന്നു. ഉപമയില്‍ ശ്രദ്ധേയമാകുന്ന മറ്റൊരു ഘടകം ദൈവത്തിന്‍റെ ക്ഷമയും കരുണയുമാണ്. അവിടുന്ന കാത്തിരിക്കുന്നു. വിളവെടുപ്പുവരെ ക്ഷമയോടെ കാത്തിരിക്കുന്നു. നന്മതിന്മയെ വേര്‍തിരിക്കുന്നതില്‍ ക്ഷമയോടെ കാത്തിരിക്കുന്നു,  ജീവിതാന്ത്യംവരെ കാന്തിരിക്കുന്നു. 

4.  ദൈവം ക്ഷമാശീലന്‍   ആദ്യവായന  വിജ്ഞാനത്തിന്‍റെ പുസ്തകത്തില്‍നിന്നാണ്. ദൈവത്തിന്‍റെ നീതിയും കരുണയുമുള്ള ക്ഷമയെക്കുറിച്ചാണതു പറയുന്നത്. “ദൈവമേ, അങ്ങല്ലാതെ, എല്ലാവരോടും കരുണകാണിക്കുന്ന മറ്റൊരുമില്ല! അങ്ങയുടെ വിധി നീതിപൂര്‍വ്വകമാണെന്ന് ആരുടെ മുന്‍പിലും തെളിയിക്കേണ്ടതില്ല. അങ്ങയുടെ ശക്തി നീതിയുടെ ഉറവിടമാണ്. എല്ലാറ്റിന്‍റെയുംമേല്‍ അവിടുത്തേയ്ക്കുള്ള പരമാധികാരമാണ് അവിടുന്ന് എല്ലാറ്റിനോടും ദയകാണിക്കാന്‍ കാരണം. അങ്ങയുടെ അധികാരത്തിന്‍റെ പൂര്‍ണ്ണതയെ സംശയിക്കുന്നവര്‍ക്ക് അങ്ങയുടെ ശക്തി അനുഭവവേദ്യമാകുന്നു. അറിഞ്ഞിട്ടും ഗര്‍വു ഭാവിക്കുന്നവരെ അങ്ങു ശാസിക്കുന്നു. സര്‍വ്വശക്തനായ അങ്ങ് ചിലപ്പോള്‍ മൃദുവായ് ശിക്ഷിക്കുന്നു. വലിയ സഹിഷ്ണുതയോടെ അങ്ങു ഞങ്ങളെ ഭരിക്കുന്നു. യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അങ്ങേയ്ക്ക് അധികാരമുണ്ടല്ലോ. നീതിമാന്‍ ദയാലുവായിരിക്കണമെന്ന് ഇത്തരം പ്രവൃത്തികള്‍കൊണ്ട് അങ്ങ് സ്വജനത്തെ പഠിപ്പിച്ചു. അവിടുന്ന് പാപത്തെക്കുറിച്ച് അവര്‍ക്ക് അനുതാപവും മാനസാന്തരവും നല്കി (വിജ്ഞാനം 12, 13..., 16-19). ദൈവത്തിന്‍റെ നീതി ഇത്രയേറെ പരിഗണനയും ക്ഷമയും കരുതലുമുള്ളതാണെങ്കില്‍, അനുദിന ജീവിതത്തില്‍ നാം സഹോദരങ്ങളോടു കരുണയും കരുതലും കാണിക്കേണ്ടതാണ്.

5.  ആരെയും വലിച്ചെറിയരുത്’    നിങ്ങളെയും എന്നെയും സൃഷ്ടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗീയ പിതാവിന്‍റെ മക്കാളാണ് ലോകത്തുള്ള സകലരും - നല്ലവരും നന്മയല്ലാത്തവരും! അതിനാല്‍ എളിയവരെയും പാവങ്ങളെയും, പ്രായമായവരെയും രോഗികളെയും പാപികളെയും പരിത്യക്തരെയും തള്ളിക്കളയുകയും പാര്‍ശ്വവത്ക്കരിക്കുകയുംചെയ്യുന്ന “വലിച്ചെറിയല്‍ സംസ്ക്കാര”ത്തിനെതിരെ  (The Culture of Waste) വിശ്വാസികളെല്ലാവരും പ്രതികരിക്കേണ്ടതാണ്. സമൂഹത്തില്‍ ഒരു കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്തേണ്ടതാണ്. അതുകൂടാതെ മതാത്മകമായ എല്ലാ ചിന്തകളും വിവേചനങ്ങളും മാറ്റിവച്ചിട്ട്, തുറവോടും പങ്കുവയ്ക്കലിന്‍റെ മനോഭാവത്തോടുംകൂടെ, മനുഷ്യത്വത്തോടെ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും സല്‍പ്രവൃത്തികളാല്‍ നമ്മില്‍ എളിയവരെ പിന്‍തുണയ്ക്കേണ്ടതാണ്, സഹായിക്കേണ്ടതാണ്. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് സകലര്‍ക്കുമായിട്ടാണ്. അതിനാല്‍ ആരെയും മാറ്റി നിര്‍ത്താതെ എല്ലാവര്‍ക്കുമായുള്ള മൗലിക ദാനത്തെ ഭിത്തികെട്ടിയും അതിരുവച്ചും, തടസ്സങ്ങള്‍ സൃഷ്ടിച്ചും ചിലര്‍ ചതിയില്‍ കൈക്കലാക്കുന്നതും പിടിച്ചുവയ്ക്കുന്നതും ഏറെ സങ്കടകരമാണ്.

6. ഭൂമിയില്‍ വിരിയിക്കേണ്ട സാഹോദര്യം   ഒറ്റയായ സഹോദരി..., കഠിനമായ ജോലിചെയ്യാന്‍ വേണ്ടുവോളം ആരോഗ്യമില്ല. എന്നാലും  വീട്ടിലെ ജോലികളെല്ലാം ചെയ്യും,  സഹായിക്കും. സഹോദരന്‍റെ മക്കളെ നോക്കും. ഇപ്പോള്‍  ആ കുട്ടികള്‍ സാമാന്യം വലുതയായി. സ്വന്തമായിട്ടെല്ലാം ചെയ്യാറായി. സഹോദര്യന്‍റെ ഭാര്യയ്ക്ക് സാമാന്യം നല്ലജോലിയും കിട്ടി. പെട്ടന്നാണ് കാര്യങ്ങള്‍ മാറിയത്. അനുജനത്തിയെ വീട്ടില്‍ വേണ്ടെന്നായി. ചുരുക്കിപ്പറയാം! മദ്യപിച്ചുവന്ന സഹോദരന്‍ സഹോദരിയുടെ  കൈ തല്ലിയൊടിച്ചാണ് വീട്ടില്‍നിന്നും പുറത്താക്കിയത്. മൗലികമായ നന്മയുടെയും സാഹോദര്യത്തിന്‍റെയും ജീവിതപരിസരത്തിതാ തിന്മയുടെ കള വിതയ്ക്കപ്പെട്ടു. വലിയവരും ചെറിയവും,  എളിയവരും സമ്പന്നരും, ജോലിയുള്ളവരും ജോലിയില്ലാത്തവരും, പ്രായമായവരും കുട്ടികളും, എല്ലാവരും ഒരു കുടുംബമായി വളരേണ്ട വലിയ കൃഷിയിടമാണ് ഈ ഭൂമി, പൊതുഭവനമായ ഭൂമി. അത് ഒരാളുടേതുമല്ല, എല്ലാവരുടേതുമാണ്. അവിടെ നീതിയോടെ പരസ്പരം പങ്കുവച്ചും സഹായിച്ചു മനുഷ്യര്‍ ജീവിക്കേണ്ടതാണ്. ഇല്ലെങ്കില്‍ അവിടെ നീതി നടപ്പാക്കുന്ന സ്രഷ്ടാവും വിധിയാളനുമായ ദൈവമുണ്ട്. നല്ല കൃഷിക്കാരനായ ദൈവം അന്ത്യനാളില്‍ കളയും വിളയും വേര്‍തിരിക്കും. സഹോദരങ്ങളെ ശിക്ഷിക്കാനോ, തല്ലാനോ കൊല്ലാനോ നമുക്കാര്‍ക്കും അവകാശമില്ല. ചെറുപ്പക്കാരിയായ അമ്മയ്ക്ക് പറയാന്‍ തോന്നിയല്ലോ, നാവുപൊങ്ങിയല്ലോ? – മക്കളെ വെള്ളത്തിലിട്ടിട്ട്, ചാടി ചാകുമെന്ന്!! അങ്ങനെ പറയുകമാത്രമല്ല, ചെയ്യുന്നവരുമുണ്ട്. ആത്മഹത്യയും രണ്ടു കൊലപാകതവുമാണിവിടെ!! മറ്റുള്ളവരെ തല്ലാനും കൊല്ലാനും ആര്‍ക്കാണ് അധികാരം, ആര്‍ക്കാണ് അവകാശം? പിറക്കാത്ത കുഞ്ഞിനെ കൊല്ലുന്ന മരണ സംസ്കൃതിയില്‍നിന്നാകാം, പ്രാകൃത സംസ്ക്കാരത്തില്‍നിന്നാകാം ഈ അധിക്രമത്തിന്‍റെ ചിന്തയിന്ന് നാട്ടില്‍ മുന്തിനില്ക്കുന്നത്.

7.  കരുണാര്‍ദ്രനായ കൃഷിക്കാരന്‍   ദൈവത്തെ സംബന്ധിച്ച് എല്ലാം അവിടുത്തെ സൃഷ്ടിയാണ്. കളയും വിളിയും അവിടുന്നാണ് സൃഷ്ടിച്ചത്. അതെല്ലാം ഒരുമിച്ചു വളരാന്‍ അവിടുന്നാണ് അനുവദിക്കുന്നത്.  എല്ലാ മക്കളെയും നല്ല പിതാവു ഒരുപോലെ വളര്‍ത്തുന്നു. അവിടുന്ന് അവരെ  ഒരുപോലെ സ്നേഹിക്കുന്നു. കുസൃതിക്കാരനെയും മിടുമിടുക്കനെയും ഒരുപോലെ സ്നേഹിച്ചും, അവരോടു ക്ഷമ കാണിച്ചും വളര്‍ത്തുന്നു. മിടുക്കനെയും മന്ദതയുള്ളവനെയും നല്ലപിതാവു സ്നേഹിക്കുന്നു. ആരെയും വിവേചിച്ചു മാറ്റുന്നില്ല. അരങ്ങില്‍ കഥാപാത്രങ്ങള്‍ വ്യത്യസ്തരാണെങ്കിലും അണിയറയില്‍ എല്ലാവരും നടീനടന്മാരാണ്. എല്ലാവരും തുല്യരാണ്. കഥാപാത്രങ്ങള്‍ – ചെറുതും വലുതും, ചെകുത്താനും മാലാഖയും, എല്ലാവരും അതിന്‍റെ സംവിധായകനെയും നിര്‍മ്മാതാവിനെയും സംബന്ധിച്ചിടത്തോളം ഒരുപോലെ പ്രിയപ്പെട്ടവരാണ്.

ദൈവം എല്ലാവരെയും സ്നേഹിക്കുന്നു. ക്ഷമയും വാത്സല്യവുമുള്ള നല്ല കൃഷിക്കാരനാണ് അവിടുന്ന്! നമ്മെ ഒരോരുത്തരെയും അവിടുന്നു സ്നേഹിക്കുന്നു. ദൈവം നമ്മോടു ക്ഷമിക്കുന്ന. അതുകൊണ്ടാണ് നാം ജീവിക്കുന്നത്. അന്ത്യവിധിയാളനും നിത്യവിധിയാളനുമായ ദൈവം ക്ഷമയും വാത്സലവുമുള്ള കര്‍ഷകന്‍റെ പ്രതീകമാണ്!  ക്ഷമയുള്ള കൃഷിക്കാരന്‍ കരുണാര്‍ദ്രനായ ക്രിസ്തുവാണ്! അവിടുന്ന് നമ്മോടു കരുണകാണിക്കട്ടെ, നമ്മെ അനുദിനം കാത്തുപാലികട്ടെ! ജീവിതപ്രതിസന്ധികളും കെടുതികളുണ്ടാകുമ്പോള്‍ അവിടുന്നു നമ്മെ മുന്നോട്ടു നയിക്കട്ടെ!!








All the contents on this site are copyrighted ©.