2017-07-22 17:02:00

''കുടിയേറ്റക്കാരുടെ മാനുഷികമഹത്വം സംരക്ഷിക്കപ്പെടണം'': ആര്‍ച്ചുബിഷപ്പ് ജുര്‍ക്കോവിസ്


ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ സംഘടിപ്പിച്ചിരിക്കുന്ന കുടിയേറ്റത്തെക്കുറിച്ചുള്ള സംവാദത്തിലാണ് പരി. സിംഹാസനത്തിന്‍റെ ജനീവയിലുള്ള ഐക്യരാഷ്ട്രസംഘടനയുടെയും മറ്റു സംഘടനകളുടെയും സ്ഥിരംനിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍ക്കോവിസ് ജൂലൈ പതിനെട്ടാം തീയതി ഇപ്രകാരം പ്രസ്താവിച്ചത്.

കുടിയേറ്റത്തിലെ അപകടാവസ്ഥകളെക്കുറിച്ചുള്ള ധാരണ എന്ന വിഷയത്തില്‍, പരിശുദ്ധ സിംഹാസനം പ്രതീക്ഷിക്കുന്നത്, മനുഷ്യവ്യക്തിയെയും വ്യക്തിമഹത്വത്തെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള സാകല്യവും സമഗ്രവുമായ ഒരു സുസ്ഥിരമായ സമീപനമാണെന്നു സൂചിപ്പിച്ചുകൊണ്ട് ആരംഭിച്ച പ്രഭാഷണം കുടിയേറ്റത്തില്‍ സ്വീകരിക്കേണ്ട ധാര്‍മികനിലപാടുകളെ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരിക്കുന്നത് എടുത്തുകാട്ടി: ‘‘അസ്വാഭാവികമായ സാഹചര്യങ്ങളിലും... അഭയം തേടിയും പ്രവാസികളായും, അല്ലെങ്കില്‍ മനുഷ്യക്കടത്തിനിരയായും കുടിയേറ്റത്തിനു വിധേയമായിരിക്കുന്നവര്‍ അവരുടെ അടിസ്ഥാനസ്വാതന്ത്ര്യത്തില്‍ നിന്നും മനുഷ്യമഹത്വത്തില്‍ നിന്നും ഒഴിവാക്കപ്പെടരുത്’’ (ഫ്രാന്‍സീസ് പാപ്പാ, കുടിയേറ്റവും സമാധാനവും എന്ന വിഷയത്തില്‍ രാജ്യാന്തര ഫോറത്തിനു നല്‍കിയ സന്ദേശം, വത്തിക്കാന്‍, ഫെബ്രു 21, 2017).  ‘‘സ്വന്തദേശത്തെയും ജനങ്ങളെയും ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്കു കുടിയേറുക എന്നത് ജീവിതത്തിലെ വിഷമമേറിയ ഒരു തെരഞ്ഞെടുപ്പാണെന്നു നമുക്കെല്ലാവര്‍ക്കും അറിയാം.  അതിനാല്‍ കുടിയേറ്റക്കാര്‍ക്കു നിലവിലുള്ള അവകാശങ്ങളും പ്രതിബദ്ധതയും വെറുതെ നിരത്തിവച്ചതുകൊണ്ടായില്ല, ഉപരിയായ പ്രയത്നത്തിലൂടെ അവ നിവൃത്തിയാക്കുന്നതിന് ആവശ്യമായ സഹകരണവും നീക്കങ്ങളും ശക്തമാക്കുക’’ ആര്‍ച്ചുബിഷപ്പ് അഭ്യര്‍ഥിച്ചു. 

ജൂലൈ പത്തൊമ്പതാം തീയതിയിലും ഇതേ വിഷയത്തിലുള്ള സംവാദത്തില്‍ കുടിയേറ്റക്കാരെ അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന സമൂഹത്തിലേക്കു ഉദ്ഗ്രഥിക്കുന്നതിനെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് പ്രഭാഷണം നടത്തി. കുടിയേറ്റം നടത്തുന്നവരുടെ അപകടാവസ്ഥയെ പരിഹരിക്കുന്നതിനുള്ള മാര്‍ഗമായി അവര്‍ കുടിയേറുന്ന സമൂഹത്തിലേക്ക് ഉദ്ഗ്രഥിക്കപ്പെടുകയും സാമൂഹികമായി ഉള്‍ച്ചേര്‍ക്കപ്പെടുകയും ചെയ്യപ്പെടേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു.  എന്നാല്‍ ഇതിനു വിപരീതമായി, അവരെ സ്വീകരിക്കേണ്ട സമൂഹങ്ങള്‍ അവരെ ഉപേക്ഷിക്കുകയും അവഗണിക്കുകയം ചിലപ്പോള്‍ ആക്രമണത്തിലൂടെ അവരെ നിരോധിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം എന്നും അദ്ദേഹം ഈ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. 








All the contents on this site are copyrighted ©.