സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സഭാദര്‍ശനം

DOCAT XXVIII: ''മനുഷ്യവ്യക്തിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുക''

ഡുക്യാറ്റ് - സഭയുടെ സാമൂഹ്യ പ്രബോധനങ്ങളുടെ യുവജന ങ്ങള്‍ക്കുവേണ്ടിയുള്ള അനുരൂപണഗ്രന്ഥം

20/07/2017 10:11

ഡുക്യാറ്റ് പഠനപരമ്പരയുടെ ഇരുപത്തിയേഴാംഭാഗത്ത് 76 മുതല്‍ 79 വരെയുള്ള ചോദ്യോത്തരങ്ങളായിരുന്നു നമ്മുടെ ചിന്താവിഷയമാക്കിയത്. ദൈവദാനമായ മനുഷ്യജീവന്‍റെ മഹത്വം എന്ന അടിസ്ഥാനവിശ്വാസത്തിലുറച്ചു നിന്നുകൊണ്ട്, മനുഷ്യജന്മത്തിന്‍റെയും മരണത്തിന്‍റെയും നാഥന്‍ സ്രഷ്ടാവായ കര്‍ത്താവാണെന്നു ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്ന സഭയെ അവി‌ടെ നാം കാണുകയായിരുന്നു.

പ്രീ ഇംപ്ലാന്‍റേഷന്‍ ഡയഗ്നോസിസ് മൂലം മനുഷ്യജീവനു സാങ്കല്പിക വിലയിടുകയും മനുഷ്യഭ്രൂണങ്ങളില്‍നിന്നു തിരഞ്ഞെടുപ്പു നടത്തുന്നതിനെയും മരണകരമായ രോഗം ബാധിച്ചു മരണത്തോടടുത്ത വ്യക്തിയെപ്പോലും വധിക്കുന്നതിനെയും ''നീ കൊല്ലരുത്'' എന്ന അഞ്ചാം പ്രമാണത്തിന് (പുറ 20,13:) എതിരായിട്ടാണു ഒരു ക്രിസ്തീയവിശ്വാസി കാണുന്നത്. കഠിനമായ വേദന അനുഭവിക്കുന്ന മരണം കാത്തുകഴിയുന്ന ഒരു രോഗിയെ സമാധാനത്തില്‍ മരിക്കുവാനും വേദന കുറയ്ക്കുവാനും സാധിക്കുന്ന വിധത്തില്‍ അയാളെ സഹായിക്കുന്നതിനുള്ള സംവിധാനമാണ് നമുക്കു വേണ്ടത്. ''നീ കൊല്ലരുത്'' എന്ന കല്‍പ്പന എന്‍റെ ജീവനും ബാധകമാണ്. അതുകൊണ്ട് ആത്മഹത്യയും ദൈവാധികാരത്തിനെതിരായുള്ള പ്രവൃത്തിയാണ്.   കാരണം, ദൈവമാണ് നമുക്കു ജീവന്‍ നല്‍കി യവന്‍. അല്പകാലത്തേക്കു മാത്രമായി നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന ഈ ദാനത്തിന്‍റെമേല്‍ സമ്പൂര്‍ണസ്വാതന്ത്ര്യം നമുക്കില്ല.

ഇക്കാരണത്താല്‍ തന്നെ ബയോ എത്തിക്സ് വാദപ്രതിവാദത്തില്‍ സഭ ഇടപെടേണ്ടതുണ്ട്.  ദൈവദാനമായ ജീവനെക്കുറിച്ച്, അതിന്‍റെ മഹത്വത്തെക്കുറിച്ച് സഭ ഉദ്ഘോഷിക്കേണ്ടത് അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ തീര്‍ത്തും അവശ്യം തന്നെ.  അതിനാല്‍, എന്തുകൊണ്ടാണ് ബയോ എത്തിക്സ് വാദപ്രതിവാദത്തില്‍ സഭ ഇടപെടുന്നത്? എന്ന ചോദ്യം വിശദമായിത്തന്നെ ഇന്നത്തെ ഡുക്യാറ്റ് ചോദ്യോത്തരഭാഗത്ത് ആദ്യം തന്നെ ചര്‍ച്ചചെയ്യുന്നു.  അതിങ്ങനെയാണ്:

എല്ലാ നല്ല ശാസ്ത്രപുരോഗതിയെയും സഭ സ്വാഗതം ചെയ്യുന്നു. കാരണം, അവയെല്ലാം ദൈവ കല്‍പ്പനയനുസരിച്ച് സൃഷ്ടിയുടെ ഉത്തമ കാര്യസ്ഥരാണു നാം എന്നതിന്‍റെ തെളിവാണ്.  വൈദ്യശാ സ്ത്ര രംഗത്ത് വരുന്ന പുരോഗതി മനുഷ്യവംശത്തിനു വലിയ നേട്ടമാണ്. പക്ഷേ, അവയിലൂടെ മനുഷ്യര്‍ക്കു മറ്റുള്ളവരുടെമേല്‍ കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുവാനുള്ള ശക്തി കിട്ടുന്നു. പെട്ടെന്ന് ഒരു ടെസ്റ്റ് ട്യൂബില്‍ മനുഷ്യഭ്രൂണങ്ങള്‍ വളര്‍ത്തുന്നത് 'ഉപകാരപ്രദവും' വികലാംഗരായ കുഞ്ഞുങ്ങളെ അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ ഇല്ലാതാക്കുക എന്നത് 'സാധ്യവും' വേദനിക്കുന്നവരെ ജീവിതം അവസാനിപ്പിക്കുവാന്‍ സഹായിക്കുന്നത് 'മനുഷ്യത്വപരവും' ആയിത്തീരുന്നു!  മനുഷ്യന്‍റെ കഴിവുകളുടെ ദുരുപയോഗം നടക്കുന്നിടങ്ങളിലെല്ലാം സഭ അവയ്ക്ക് ഇരയായിത്തീരുന്നവരുടെ ഭാ ഗത്തു നില്‍ക്കണം.  ഗവേഷണം ചൂഷണം ചെയ്യപ്പെടുകയും പെട്ടെന്നു മനുഷ്യര്‍ക്ക് - പ്രത്യേകിച്ച് സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവര്‍ക്ക് - എതിരാവുകയും ചെയ്യരുത്.  സങ്കുചിത ചിന്താഗതിയോടെയുള്ള നിരോധനങ്ങളല്ല സഭയുടെ ലക്ഷ്യം, മറിച്ച് ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും സാഹചര്യങ്ങളിലും മനുഷ്യവ്യക്തിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്.

2007-ലെ ലോകസമാധാനദിനത്തില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ നല്‍കിയ സന്ദേശം മനുഷ്യ മഹത്വത്തിനെതിരെയുള്ള എല്ലാ തിന്മകളെയും വളരെ വ്യക്തമായി ചൂണ്ടിക്കാണിച്ചുകൊണ്ട് അവയ്ക്കെതിരെ സഭയുടെ ശബ്ദമാകുന്നതു കേള്‍ക്കാം.  പാപ്പാ പറയുന്നു: ''ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചു പറയുകയാണെങ്കില്‍, നമ്മുടെ സമൂഹത്തില്‍ വ്യാപകമായി അതിനെതിരെ നടക്കുന്ന അതിക്രമങ്ങളെ നാം എതിര്‍ക്കണം.  സായുധ സംഘര്‍ഷങ്ങള്‍, ഭീകരവാദം, വ്യത്യസ്ത ആക്രമണങ്ങള്‍ എന്നിവയുടെ ഇരകള്‍ക്കൊപ്പം തന്നെ പട്ടിണി, ഗര്‍ഭച്ഛിദ്രം, മനുഷ്യഭ്രൂണത്തിന്മേലുള്ള നിശബ്ദ മരണങ്ങളുമുണ്ട്.  നമുക്കെങ്ങനെയാണ് ഇവയിലെല്ലാം സമാധാനത്തിനെതിരെയുള്ള അക്രമത്തെ കാണാതിരിക്കാനാവുക? നിലനില്‍ക്കുന്ന, സമാധാനപൂര്‍ണമായ ബന്ധങ്ങള്‍ക്ക് അനിവാര്യമായ പരസ്പ രം സ്വീകരിക്കുന്ന മനോഭാവത്തെ തള്ളിപ്പറയുകയാണ് ഗര്‍ഭച്ഛിദ്രവും, ഭ്രൂണത്തിന്മേലുള്ള പരീക്ഷണങ്ങളും വഴി ചെയ്യുന്നുത്''.

നാം നേരത്തെ കണ്ടതുപോലെ, സ്വന്തം ഇഷ്ടപ്രകാരം തോന്നുന്നതു ചെയ്യുവാന്‍ സാധിക്കുന്ന വ്യക്തി സ്വത്തല്ല ജീവന്‍ എന്നാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്.  അതിനാല്‍ ആത്മഹത്യ ഒരുതരത്തി ലും നീതീകരിക്കാനാവില്ല. ഇത് അംഗീകരിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുകളും നിരവധിയായിരിക്കും എന്നുള്ളത് സാമാന്യബുദ്ധിയില്‍ നമുക്കു തിരിച്ചറിയാനാവുന്നതുമാണ്.   ‘‘നിരവധി വ്യക്തികള്‍ പരസഹായത്തോടെയുള്ള ആത്മഹത്യ ആഗ്രഹിക്കുന്നതെന്തുകൊണ്ട്?’’ എന്ന എണ്‍പത്തൊന്നാമത്തെ ചോദ്യത്തിനുത്തരം സഭയുടെ സാമൂഹികപ്രബോധനങ്ങളില്‍ നിന്നു ഡുക്യാറ്റ് എങ്ങനെ ക്രോഡീകരിച്ചു നല്‍കുന്നുവെന്നു നമുക്കു കേള്‍ക്കാം.

ഉത്തരം:  മനുഷ്യര്‍ കഠിനവേദനയെ പേടിക്കുന്നു.  അതിനുമപ്പുറം കിടപ്പിലായിപ്പോകുമോ എന്നതും പലരുടെയും വലിയ പേടിയാണ്.  ഉചിതമായ പരിചരണം, മരിക്കുന്നവര്‍ക്കുള്ള സമഗ്രമായ കരു തല്‍, പാലിയേറ്റീവ് മെഡിസിന്‍, ഹോസ്പൈസ് പരിചരണം തുടങ്ങിയവ വഴി ഈ ഭയങ്ങളെ വലി യൊരളവുവരെ അകറ്റാന്‍ നമുക്കു കഴിയും.  അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുകയാണെങ്കില്‍ വേദനാ ശമനസാധ്യതകളെക്കുറിച്ചും ജീവിതസായാഹ്ന പരിചരണത്തെക്കുറിച്ചും ബോധവാന്മാരായ ഭൂരിഭാഗം രോഗികളും മരണം ആവശ്യപ്പെടുന്നതു നിറുത്തി, മരിക്കുന്ന മനുഷ്യരെ സഹായിക്കുക (മരിക്കാന്‍ മനുഷ്യരെ സഹായിക്കുകയല്ല) എന്നതിന്‍റെ അര്‍ഥം ഫലദായകമല്ലാത്ത ചില മരുന്നുകള്‍ നിറുത്തുകയോ, അസഹനീയമായ വേദനയ്ക്കു ശമനം നല്‍കുന്ന വേദനാസംഹാരികള്‍ നല്‍കുകയോ ചെയ്യുക എന്നതാണ്. ഒരുപക്ഷേ, ഇങ്ങനെ ചെയ്യുന്നത് ശേഷിക്കുന്ന ആയുര്‍ദൈര്‍ഘ്യം അല്‍പം കുറയാന്‍ കാരണമായാല്‍പ്പോലും ഇതു ശരിയാണ്.

2007-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ നല്‍കിയ ലോകസമാധാനദിനസന്ദേശം ഇക്കാര്യത്തിനും വിശദീകരണമേകുന്നുണ്ട്. പാപ്പാ പറയുന്നു: ''ജീവന്‍റെ ഓരോ ഘട്ടത്തിലും ജീവിക്കാനുള്ള അവകാശ ത്തോടുള്ള ആദരവ് ശക്തമായി മുന്നോട്ടു വയ്ക്കുന്ന നിര്‍ണായകപ്രാധാന്യമുള്ള ഒരു തത്വമുണ്ട്: 'ജീവന്‍ ഒരു സമ്മാനമാണ്'.  എന്നാല്‍ അതു ലഭിച്ചിരിക്കുന്ന വ്യക്തിക്ക് അതിന്മേല്‍ സമ്പൂര്‍ണാധികാരം നല്‍കപ്പെട്ടിട്ടില്ല''.

എങ്കിലും വാര്‍ധക്യവും രോഗംമൂലം കിടപ്പിലായിപ്പോകുന്നതിനെ മനുഷ്യര്‍ ഭയപ്പെടുന്നുവെന്നു നാം അറിയുകയും, മരണം ആഗ്രഹിക്കുന്നുവെന്ന് അങ്ങനെയുള്ളവര്‍ പറയുന്നത് നാം കേള്‍ക്കുകയും ചെയ്യുന്നുണ്ട്.  ഇക്കാര്യവും ഡുക്യാറ്റിന്‍റെ ചര്‍ച്ചാപരിധിയില്‍ വരുന്നുണ്ട്. എന്തുകൊണ്ടാണ് കിടപ്പിലായിപ്പോകുന്നതിനെ മനുഷ്യര്‍ ഭയപ്പെടുന്നത്? എന്ന ചോദ്യത്തിനുത്തരം ഇപ്രകാരമാണ്:

മറ്റുള്ളവരുടെ കരുണയില്‍ ആശ്രയിച്ചു ജീവിക്കേണ്ടി വരുന്നതു പലര്‍ക്കും ഇഷ്ടമല്ല.  മനുഷ്യര്‍ പരാശ്രയത്വത്തെയും ഒറ്റപ്പെടലിനെയും ഭയക്കുന്നു.  നിയമാനുസൃതമായ ഹോസ്പൈസ് മുന്നേറ്റം ഈ ആകുലതകള്‍ പരിഹരിക്കുന്നു.  കൃത്യമായി പറഞ്ഞാല്‍, ജീവിതസായാഹ്നത്തിലെത്തിയവര്‍ക്കു മറ്റു മനുഷ്യരുടെ സ്നേഹപൂര്‍ണമായ പരിചരണം കിട്ടി തങ്ങളുടെ മരണത്തെ ശാന്തമായി വരവേല്‍ക്കാനുള്ള അവസരം അവര്‍ക്കു ലഭിക്കണം.  അതുപോലെതന്നെ തങ്ങളുടെ ജീവിതത്തിലെ അവസാന നാളുകളില്‍ ആത്മീയപരിചരണവും അവര്‍ക്കാവശ്യമാണ്.

മററുള്ളവരുടെ കരുണയില്‍ ആശ്രയിച്ചു ജീവിക്കുക, അതു ദൈവഹിതത്തിനുമുമ്പില്‍ വിനയമുള്ളവര്‍ക്കു മാത്രം സാധിക്കുന്ന കാര്യമാണ്.  ശിശുവിന്‍റെ ആശ്രയത്വം വാര്‍ധക്യത്തിലും രോഗത്തിലും നമുക്കാവശ്യമാണ്.  അവരെ പരിചരിക്കുക എന്നത് കടമയായി കരുതുന്ന കുടുംബവും സമൂഹവും പലവിധ കാരണങ്ങളാല്‍ ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നതും ഈ ആശ്രയത്വത്തെ ഭീതിജനകമാക്കി തീര്‍ക്കുന്നുണ്ട് എന്നു നമുക്കറിയാം.  അതുകൊണ്ട് രോഗത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ആ അവസ്ഥയുടെ പ്രത്യേകതകളെക്കുറിച്ചും നമുക്കു വ്യക്തമായ കാഴ്ചപ്പാടുണ്ടാകണം.    ക്രൈസ്തവദര്‍ശനത്തില്‍ മരണത്തിന്‍റെ പ്രാധാന്യമെന്താണ്? എന്ന അടുത്ത ചോദ്യത്തിനുത്തരം നമ്മുടെ വിചിന്തനവിഷയമാക്കാം.

ഇന്നത്തെ ലോകത്തിന്‍റെ കാഴ്ചപ്പാടില്‍ ശരീരത്തിന്‍റെ ക്ഷയിക്കല്‍ എന്നതിനപ്പുറമുള്ള പ്രാധാന്യമൊന്നും മരണത്തിനില്ല. എന്നാല്‍, മരണം ജീവിതത്തിലെ ഒരു നിര്‍ണായക സംഭവമാണ്. അനേ കരെ സംബന്ധിച്ചിടത്തോളം - പക്വത പ്രാപിക്കലിന്‍റെ അവസാനത്തെ പടി.  ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ജീവന്‍ ഒരു ദാനമാണ്.  ഈ ചിന്ത, പ്രയാസമേറിയ അവസാന മണിക്കൂറു കളില്‍പ്പോലും ഒരുവന്‍റെ ആത്മധൈര്യം വര്‍ധിപ്പിക്കുവാന്‍ കാരണമാകുന്നു.  നാം സ്നേഹിക്കുന്ന ദൈവത്തിന്‍റെ കരങ്ങളിലാണെന്നും മരണം അവസാനമല്ലെന്നും അതു നിത്യജീവിതത്തിലേക്കുള്ള കടന്നുപോകല്‍ മാത്രമാണെന്നും നമുക്കറിയാം.  ഈ ചിന്ത സഹനത്തിന്‍റെ അനുഭവത്തെ തികച്ചും വ്യത്യസ്തമായ ഒരു തലത്തിലേക്ക് ഉയര്‍ത്തുന്നു.  അത്ര വലിയ വിശ്വാസികളല്ലാത്ത മനുഷ്യര്‍ക്കു പോലും ഈ ചിന്ത മരണസമയത്തു വലിയ ആശ്വാസം നല്‍കുന്നുവെന്ന യാഥാര്‍ഥ്യം അജപാലന ശുശ്രൂഷാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു അനുഭവത്തില്‍ നിന്നറിയാം.  സഹിക്കുന്നവരിലും മരിക്കുന്നവരിലും ക്രിസ്തുവിനെ നമുക്കു വളരെയടുത്തു കാണാന്‍ സാധിക്കും.

ഇവിടെ നൊവാലിസ് എന്ന എഴുത്തുകാരന്‍റെ ചോദ്യവും ഉത്തരവും മരണത്തെക്കുറിച്ചുള്ള നമ്മുടെ ചോദ്യോത്തരമാകട്ടെ എന്നാശിക്കാം. ‘‘അപ്പോള്‍ നാം എങ്ങോട്ടാണു പോകുന്നത്? എല്ലായ്പോഴും വീട്ടിലേക്കു തന്നെ’’.   കുരിശില്‍ വേദനയോടെ മരണം വരി ക്കുന്നതിനു മുമ്പ്, കുരിശിലെ പീഡ തന്നോടൊത്തു സഹിച്ച നല്ല കള്ളനോട് യേശു പറഞ്ഞു: ''ഇന്നു നീ എന്നോടുകൂടെ പറുദീസായിലായിരിക്കും'' (ലൂക്കാ 23:43).  അതെ, പറുദീസായിലെ ജീവിതം നിത്യവും സൗഭാഗ്യപൂര്‍ണവും ആയിരിക്കുമെന്നത് ക്രൈസ്തവവിശ്വാസമാണ്. ആ വിശ്വാസം നമ്മുടെ, സ്വന്തം മരണത്തെക്കുറിച്ചും മറ്റുള്ളവരുടെ മരണത്തെക്കുറിച്ചും നമുക്കു വച്ചുപുലര്‍ത്താം. ആ വിശ്വാസത്തോടെ ദൈവം നമുക്കായി നിശ്ചയിച്ചിരിക്കുന്ന സമയം കാത്തിരിക്കാം.

20/07/2017 10:11