2017-07-19 19:12:00

ക്രിസ്തുവിന്‍റെ സാന്ത്വനസ്പര്‍ശമായി ബാഗ്വിയില്‍ കുട്ടികളുടെ ആശുപത്രി


വത്തിക്കാനും ബാഗ്വിയിലെ കുട്ടികളുടെ ആശുപത്രിയും ...

മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കി‍ന്‍റെ തലസ്ഥാന നഗരമായ ബാഗ്വിയില്‍ പാപ്പാ ഫ്രാന്‍സിസ് തുടക്കംകുറിച്ച കുട്ടികള്‍ക്കായുള്ള ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ജൂലൈ 17-Ɔ൦ തിയതി തിങ്കളാഴ്ച മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ളിക്കിന്‍റെ പ്രധാനമന്ത്രി ഫൗസ്റ്റിന്‍ ആര്‍ക്കെയ്ഞ്ച് തവുദേരാ കല്ലിട്ടതോടെയയാണ് പുതിയ ആശുപത്രിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.  ഉണ്ണീശോയുടെ നാമത്തിലുള്ള വത്തിക്കാന്‍റെ കുട്ടികളുടെ ആശുപത്രിയോടും ഗവേഷണകേന്ദ്രത്തോടും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാകയാല്‍ അതിന്‍റെ പ്രസിഡന്‍റ്, പ്രഫസര്‍ മരിയേലാ ഈനോക്കും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

2015 നവംബറില്‍ മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കു സന്ദര്‍ശിക്കവെ പോഷകാഹാരക്കുറവുമൂലം ശോഷിച്ചും ശുഷ്ക്കിച്ചും ജീവിതവുമായി മല്ലടിക്കുന്ന നിരവധികുട്ടികളെക്കണ്ട് മനംനൊന്ത പാപ്പാ ഫ്രാന്‍സിസാണ് ബാഗ്വിയില്‍ വത്തിക്കാന്‍റെ മേല്‍നോട്ടത്തില്‍ കൂട്ടികള്‍ക്കായി വലിയൊരു ആശുപത്രി സ്ഥാപിക്കണമെന്ന ചിന്ത ഉയര്‍ത്തിയത്. ആദ്യഘട്ടത്തില്‍ വത്തിക്കാന്‍റെ ആശുപത്രിയില്‍നിന്നും ഡോക്ടര്‍മാരെയും നഴ്സുമാരെയും നല്കിക്കൊണ്ടാണ് അവിടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ബാംഗ്വിയില്‍നിന്നും നെഴ്സുമാരെയും ഡോക്ടര്‍മാരെയും റോമില്‍ കൊണ്ടുവന്ന് അവര്‍ക്ക് പരിശീലനം നല്കുന്ന പദ്ധതിയും തുടര്‍ന്നുപോരുന്നു. താല്ക്കാലിക മന്ദിരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്പെന്‍സിറിയാണ് വത്തിക്കാന്‍റെ ജേസു ബംബീനോ ആശുപത്രിയുടെയും, ജൂബിലിയാഘോഷിച്ച വത്തിക്കാന്‍ സുരക്ഷാവിഭാഗത്തിന്‍റെയും പിന്‍തുണയോടെ ഇന്ന് ആശുപത്രിയായി പണിത് ഉയര്‍ത്തപ്പെടുന്നത്.

ഇറ്റാലിയന്‍ ഗായകന്‍, ക്ലാവ്ദിയോ ബലിയോണിയുടെ ഓസിയ ഫൗണ്ടേഷന്‍ സംവിധാനംചെയ്ത സംഗീതപരിപാടിയിലൂടെ ശേഖരിച്ച വന്‍തുകയും, പാപ്പാ ഫ്രാന്‍സിസിന്‍റെയും മറ്റ് നിരവധി അഭ്യുദയകാംക്ഷികളുടെയും പിന്‍തുണയോടെയുമാണ് പുതിയ ആശുപത്രിക്കുള്ള കെട്ടിടനിര്‍മ്മാണത്തിന് ഇപ്പോള്‍ തുടക്കമായത്. ബാഗ്വിയിലെ താല്ക്കാലിക ആശുപത്രിക്ക് 2015-ല്‍ തുടക്കമിട്ട പാപ്പാ ഫ്രാന്‍സിസ് കാരുണ്യത്തിന്‍റെ പ്രഥമ ജൂബിലകവാടം അന്നവിടെ തുറന്നത്, പാവങ്ങള്‍ക്കായി ക്രിസ്തു എന്നും തുറന്നുപിടിക്കുന്ന കാരുണ്യത്തിന്‍റെ കവാടവും കരങ്ങളുമാണ്. കല്ലിടല്‍ ചടങ്ങിലെ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി തവുദേരോ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.