2017-07-19 20:33:00

വത്തിക്കാന്‍റെ ആശുപത്രിയില്‍ അഴിമതി – കേസ് ആരംഭിച്ചു


ഉണ്ണീശോയുടെ നാമത്തിലുള്ള വത്തിക്കാന്‍റെ കുട്ടികളുടെ ആശുപത്രിയില്‍ നടന്ന അഴിമതിക്കെതിരെ വത്തിക്കാന്‍റെ കോടതി ജൂലൈ 18-Ɔ൦ തിയതി ചൊവ്വാഴ്ച വിചാരണയാരംഭിച്ചു. സ്ഥാപനത്തിന്‍റെ മുന്‍പ്രസിഡന്‍റ് ജോസഫ് പ്രൊഫേത്തിയും, ഖജാന്‍ജി മാസ്സിമോ സ്പീനയും ചേര്‍ന്ന് സ്ഥാപനത്തില്‍നിന്നും 3 കോടിയിലേറെ രൂപ (422,000 യൂറോ) തട്ടിയെടുത്തതാണ് കേസ്. രണ്ടുപേരെയും വത്തിക്കാന്‍റെ ജോലിയില്‍നിന്നും ഉടനെതന്നെ നീക്കം ചെയ്യപ്പെടുകയുണ്ടായി. 

മുന്‍വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയും സലീഷ്യന്‍ സഭാംഗവുമായ ഇറ്റലിക്കാരന്‍ കര്‍ദ്ദിനാള്‍, തര്‍ച്ചിസിയോ ബര്‍ത്തോണേയ്ക്കുവേണ്ടി വത്തിക്കാന്‍ ഗവര്‍ണറേറ്റില്‍ പാര്‍പ്പിടം പണിയാനാണ് പണം എടുത്തതെന്ന് ജൂലൈ 18-Ɔ൦ തിയതി ചൊവ്വാഴ്ച നടന്ന പ്രഥമ വിചാരണയില്‍ പ്രതികള്‍ മൊഴി നല്കുകയുണ്ടായി. പണത്തിന്‍റെ ഗുണഭോക്താവായ കര്‍ദ്ദിനാള്‍ ബര്‍ത്തോണെയെ കോടതി ഇനിയും വിളിച്ചിട്ടില്ല. 82-വയസ്സുകാരന്‍, കര്‍ദ്ദിനാള്‍ ബര്‍ത്തോണെ 2013-മുതല്‍ വിശ്രമജീവിതത്തിലാണ്. പ്രതികല്‍ ജോലിചെയ്ത ആശുപത്രി വത്തിക്കാനു പുറത്താകയാല്‍ ഇറ്റലിയുടെ കോടതിക്കു കേസ് വിട്ടുകൊടുക്കണമെന്ന പ്രതിപക്ഷത്തിന്‍റെ അഭ്യര്‍ത്ഥന വത്തിക്കാന്‍റെ കോടതി നിഷേധിച്ചു. 

സെപ്തംബര്‍ 7, 9 തിയതികളില്‍ നടത്തപ്പെടാന്‍ പോകുന്ന തുടര്‍വിചരണയില്‍ സാക്ഷികളും എതിര്‍ കക്ഷികളും ഒരുമിച്ചു കോടതിയില്‍ ഹാജരാകുമെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് ജൂലൈ 18-Ɔ൦ തിയതി റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെ വെളിപ്പെടുത്തി.

 

 








All the contents on this site are copyrighted ©.