2017-07-18 16:25:00

''സുസ്ഥിരവികസന അജണ്ട-2030-ലെ മതപങ്കാളിത്തം'': ആര്‍ച്ചുബിഷപ്പ് ഔസ്സ


ഐക്യരാഷ്ട്രസംഘടനയുടെ 2017 -ലെ രാഷ്ട്രങ്ങളുടെ ഉന്നതതല ഫോറത്തില്‍, മതങ്ങള്‍ സമാധാനത്തിനുവേണ്ടി എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ ന്യൂയോര്‍ക്കിലെ ന്യുണ്‍ഷ്യോയും ഐക്യരാഷ്ട്രസംഘടനയ്ക്കു വേണ്ടിയുള്ള സ്ഥിരം നിരീക്ഷകനുമായ ആര്‍ച്ചുബിഷപ്പ് ബൈര്‍ണര്‍ദീത്തോ ഔസ്സ ഇങ്ങനെ പ്രസ്താവിച്ചത്.  മതസമൂഹങ്ങള്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും സമാധാനപ്രോത്സാഹനത്തിനുമായി ഐക്യദാര്‍ഢ്യത്തോടും പങ്കാളിത്തപരമായ ഉത്തരവാദിത്വത്തോടുംകൂടി സംഘടിപ്പിക്കപ്പെടുക എപ്രകാരമാണെന്നതിനെക്കുറിച്ച് സംവദിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജൂലൈ 17-ാംതീയതി നടത്തിയ തന്‍റെ പ്രഭാഷണം അദ്ദേഹം ആരംഭിച്ചത്. ഇത് ആഗോളസമൂഹത്തെ സുസ്ഥിര വികസനം അജണ്ട - 2030 എന്ന പദ്ധതിയെ ധാര്‍മികമായും കൂടുതല്‍ ഊര്‍ജസ്വലതയോടും ഫലപ്രാപ്തിയോടുംകൂടി പ്രവൃത്തിപഥത്തിലാക്കുന്നതിനു സഹായിക്കുമെന്ന നിരീക്ഷണം അദ്ദേഹം പങ്കുവച്ചു.

മതനേതാക്കള്‍, രാഷ്ട്രീയനേതാക്കളോ, സാമൂഹ്യശാസ്ത്രജ്ഞരോ അല്ല, പദ്ധതികളെയും ലക്ഷ്യങ്ങളെയും ശാസ്ത്രീയരീതിയില്‍ ചൂണ്ടിക്കാട്ടുന്നതിനുവേണ്ടി  ഉള്ളവരുമല്ല.   അവര്‍ വിളിക്കപ്പെട്ടിരിക്കുന്നത് പ്രഥമമായി നന്മപ്രവൃത്തികള്‍ക്കായി ജനത്തെ പ്രചോദിപ്പിക്കുന്നതിനും, ആ പ്രവൃത്തികളുടെ ആഴത്തിലുള്ള അര്‍ഥവും അതിനുള്ള കാരണവും അവരെ അനുസ്മരിപ്പിക്കുന്നതിനും ആയിട്ടാണ്.  ഫ്രാന്‍സീസ് പാപ്പാ ലവുദാത്തോ സീ എന്ന രേഖയില്‍ ഉദ്ബോധിപ്പിക്കുന്നതുപോലെ, സമഗ്ര പാരിസ്ഥിതിക ധാര്‍മികതയില്‍ ഊന്നിയുള്ള വികസനം, അതായത്, ദാരിദ്ര്യത്തോടു പൊരുതുന്നതും മനുഷ്യമഹത്വം വീണ്ടെടുക്കുന്നതും പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമായ വികസനമായിരിക്കണം അത് (18, 139) എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.