2017-07-18 16:06:00

''കര്‍ദിനാള്‍ മൈസ്നറുടെ സഭാസമര്‍പ്പണം അനന്യം'': ഫ്രാന്‍സീസ് പാപ്പാ


കൊളോണ്‍ രൂപതയുടെ മുന്‍ അധ്യക്ഷനായിരുന്ന കര്‍ദിനാള്‍ ജൊവാക്കിം  മൈസ്നറുടെ (Cardinal Joachim Meisner) മൃത സംസ്ക്കാരച്ചടങ്ങിനോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹത്തിന്‍റെ വിശ്വാസത്തിനും സഭാശുശ്രൂഷയ്ക്കുമായുള്ള സമര്‍പ്പണം അതിധീരമായിരുന്നുവെന്ന് പ്രസ്താവിച്ചു. ജര്‍മനിയുടെ വിഭജനത്തിനുമുമ്പും ശേഷവും ബെര്‍ലിന്‍ രൂപതയുടെ അധ്യക്ഷനായിരിക്കവേ അദ്ദേഹം ചെയ്ത ശുശ്രൂഷയെ എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പായുടെ ഈ അനുസ്മരണം.  

മധ്യ-പൂര്‍വയൂറോപ്പ് അദ്ദേഹത്തിന്‍റെ പ്രത്യേക സ്നേഹത്തിനു പാത്രമായിരുന്നെന്നും അതുമൂലം കമ്യൂണിസ്റ്റ് പീഡനംവരെ അദ്ദേഹം സഹിച്ചിരുന്നുവെന്നും അനുസ്മരിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമന്‍ പാപ്പായും ഈയവസരത്തില്‍ സന്ദേശം നല്‍കി. കര്‍ത്താവിന്‍റെ സന്നിധിയില്‍ സംഭാഷിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യനിമിഷങ്ങളെന്ന്, തന്‍റെ മുറിയില്‍ മരിച്ചു കിടക്കുന്നതായി അദ്ദേഹത്തെ കണ്ടെത്തുമ്പോള്‍, കാനോന നമസ്കാരപ്പുസ്തകം കൈകളില്‍ നിന്നു വീണുകിടന്നിരുന്നതിനെ അനുസ്മരിച്ചുകൊണ്ട് എമരിറ്റസ് പാപ്പാ കൂട്ടിച്ചേര്‍ത്തു.

രണ്ടു പാപ്പാമാരുടെയും സന്ദേശങ്ങള്‍ കൊളോണ്‍ കത്തീഡ്രലില്‍ നടന്ന സംസ്ക്കാരകര്‍മത്തിനിടയില്‍ വായിക്കപ്പെടുകയായിരുന്നു.  ജൂലൈ പതിനഞ്ചാം തീയതി നടന്ന സംസ്ക്കാരകര്‍മ്മങ്ങളില്‍ കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരുമുള്‍പ്പെടെ വലിയ ജനാവലി സംബന്ധിച്ചു.








All the contents on this site are copyrighted ©.