2017-07-18 14:51:00

സങ്കീര്‍ത്തനപദങ്ങളില്‍ തെളിയുന്ന ദൈവത്തിന്‍റെ കരുണാര്‍ദ്രരൂപം


സങ്കീര്‍ത്തനം 51-ന്‍റെ പഠനം –  സംഗീതാവിഷ്ക്കരണം    ജെറി അമല്‍ദേവും  മുളവനയച്ചനും.  (ഭാഗം 41).

വിലാപഗീതം, സങ്കീര്‍ത്തനം 51-ന്‍റെ പഠനം ആരംഭമാണിത്. അനുതാപഗീതങ്ങളില്‍ ഏറ്റവും പ്രശസ്തമെന്നും, ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് എന്നുമെല്ലാം 51-Ɔ൦ സങ്കീര്‍ത്തനത്തെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ അതിലേറെ ഇതിന്‍റെ ഉള്ളടക്കമായ ‘വിലാപം’ എന്ന വികാരത്തിന്‍റെ അവതരണ ശൈലിയും സൂക്ഷ്മതയുകൊണ്ടാണ് ഇത് ഏറെ പ്രശസ്തമായിരിക്കുന്നതെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.  വളരെ കൃത്യമായി പറഞ്ഞാല്‍ ഇത് ഒരു വ്യക്തിയുടെ വിലാപമാണ്  - ദാവീദുരാജാവിന്‍റെ വിലാപഗീതമാണിതെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്!

സങ്കീര്‍ത്തനങ്ങളുടെ സാഹിത്യരൂപങ്ങളില്‍ വിലാപഗീതത്തെക്കുറിച്ച് മനസ്സിലാക്കിയതാണ്. വ്യക്തി ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതാണ് വിലാപം. സഹായത്തിനുവേണ്ടിയുള്ള നിലവിളിയാണിത്. വിലപിക്കുന്നവന്‍ യാവേയുടെ, ദൈവത്തിന്‍റെ സാന്നിദ്ധ്യവും പ്രാധാന്യവും തന്‍റെ ജീവിതത്തില്‍ അംഗീകരിക്കുന്നുവെന്നു പറയേണ്ടതില്ല. മാത്രമല്ല ദൈവത്തിന്‍റെ മുന്നില്‍ ആരാധകന്‍ അല്ലെങ്കില്‍ സങ്കീര്‍ത്തകന്‍ ദരിദ്രനും ക്ലേശിതനുമായിട്ടാണ് സ്വയം വിശേഷിപ്പിക്കപ്പെടുന്നത്. അതിനാല്‍ പദങ്ങളില്‍ വിലാപത്തോടൊപ്പം യാചനയുടെ വരികളും കണ്ടെന്നു വരാം. സങ്കീര്‍ത്തകന്‍ പദങ്ങളില്‍ പ്രകടമാക്കുന്ന ദുഃഖത്തിന്‍റെയും മനോവ്യഥയുടെയും വിവരണം, ആവശ്യങ്ങളുടെ അവതരണം, ആവലാതിയുടെ വിസ്താരം തുടങ്ങിയവയും പദങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കാം.   വ്യക്തിയുടെ വിലാപഗീതങ്ങള്‍പോലെതന്നെ സമൂഹത്തിന്‍റെ വിലാപഗീതങ്ങളും ഉണ്ടെന്ന് ഓര്‍ക്കേണ്ടതാണ്. സാമൂഹിക വിലാപങ്ങള്‍ ഒരു നാടിന്‍റെയോ സമൂഹത്തിന്‍റെയോ പേരിലുള്ള വിലാപമായിരിക്കാം എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍ ഉള്ളടക്കത്തിലും, ഘടനയിലും വ്യക്തിഗത വിലാപഗീതങ്ങള്‍പോലെ തന്നെയാണ് സമൂഹിക വിലാപഗീതങ്ങള്‍.

51-Ɔ൦ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവുമാണ്. ആലാപനം, രാജലക്ഷ്മിയും സംഘവും... 
            Musical Version of Ps. 51
            കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
            നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ!  - കാരുണ്യ.. 

51-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ സംഗീതാവിഷ്ക്കാരത്തെക്കുറിച്ച് ഒരു വാക്ക്...!    60-പതുകളില്‍  ജെറി അമല്‍ദേവ്  ഈണംപകര്‍ന്നതാണിത്. ഫാദര്‍ മാത്യു മുളവന, വടക്കെ ഇന്ത്യയിലെ ഒരു മിഷണറി ഹെബ്രായകവിതകളുടെ സാഹിത്യഭംഗയും ഗാംഭീഷ്യവും സ്ഫുരിക്കുമാറ് മണിപ്രവാളശൈലിയില്‍ പദങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടാണ് അലപം കട്ടിയുള്ള മലയാളമായി തോന്നിയേക്കാവുന്നത്.... അമല്‍ദേവിന്‍റെ മനോഹരമായ കുറെ സൃഷ്ടികള്‍ കോര്‍ത്തിണക്കിയത് ജെയിംസ് ഏടേഴത്തിന്‍റെ നിര്‍ഝരിയുടെയും കൊച്ചിന്‍ ആര്‍ട്സ് ആന്‍റ് കമ്യൂണിക്കേഷന്‍സിന്‍റെയും ആഭിമുഖ്യത്തിലാണ്. ഈ നല്ല ഭക്തിഗാനത്തിന്‍റെ, സങ്കീര്‍ത്തന സംഗീതാവിഷ്ക്കാരത്തിന്‍റെ പ്രതിഭകളായ ജെറി അല്‍ദേവിന്‍റെയും മുളവനയച്ചന്‍റെയും മുന്നില്‍ നമസ്ക്കരിച്ചുകൊണ്ട് നമുക്കീ സങ്കീര്‍ത്തന പഠനം തുടരാം.
                 Musical Version of Ps. 51
                കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
                നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ!  - കാരുണ്യ..  

നിരൂപകന്മാര്‍ അല്പം അതിശയോക്തി കലര്‍ത്തിയാണെങ്കിലും പറയുന്നത്, ഈ സങ്കീര്‍ത്തനത്തിന്‍റെ ഓരോ പദങ്ങളും ഓരോ വാക്കുകളും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ടെന്നാണ്. അതിന് മുഖ്യകാരണം ഈ വിലാപഗീതത്തിന്‍റെ ചിന്തകള്‍ കാലാതീതമാണ്. ഒപ്പം അത് സാര്‍വ്വലൗകികവുമാണ്. ഒരു വ്യക്തിയാണ് ഈ ഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നതെങ്കിലും ഉള്ളടക്കത്തില്‍ ഇതിനൊരു സമൂഹികമാനം ഉണ്ടെന്ന് പണ്ഡിതന്മാര്‍ സ്ഥാപിക്കുന്നുണ്ട്. അതായത് എവിടെയും എപ്പോഴും ആരെയും സ്പര്‍ശിക്കുന്ന ഗീതമാണിത്.  
ഇസ്രായിലിലെ ഒരു സാധാരണക്കാരനായിരുന്നു ഊറിയ. അയാള്‍ രാജ്യത്തിലെ സൈന്ന്യത്തിലുണ്ടായിരുന്നു. ഊറിയായുടെ ഭാര്യയായ ബത്ഷബായുമായി ദാവീദുരാജാവിനുണ്ടായ അവിഹിതബന്ധത്തെ പ്രവാചകന്‍, നാഥാന്‍ ദാവീദിനെ കുറ്റപ്പെടുത്തുന്നു. മാത്രമല്ല അവളുടെ ഭര്‍ത്താവിനെ പോര്‍ക്കളത്തിന്‍റെ മുന്‍നിരയില്‍ പറഞ്ഞുവിട്ട് ചതിയില്‍ വധിച്ചതും പ്രവാചകന്‍ ചൂണ്ടിക്കാണിക്കുന്നു.  ഇവയെപ്പറ്റി സാമുവലിന്‍റെ രണ്ടാം പുസ്തകം പ്രതിപാദിക്കുന്നുണ്ട് (2 സാമു. 12). പട്ടണത്തിലെ ധനികനായ മനുഷ്യന്‍ നിരവധി ആടുകള്‍ ഉണ്ടായിരിക്കുകയും, എന്നാല്‍ ദരിദ്രന്‍റെ ഏകാശ്രയമായിരുന്ന ആടിനെ ധനവാന്‍ ആര്‍ത്തിയോടെ കൊന്നുതിന്നല്ലോ എന്ന് ഉപമയിലൂടെ പറഞ്ഞുകൊണ്ടാണ് പ്രവാചകന്‍ നാഥാന്‍, ദാവീദിനെ കുറ്റപ്പെടുത്തുന്നത്. വ്യഭിചാരം, സ്വവര്‍ഗ്ഗരതി എന്നീ രണ്ടു പാപങ്ങളുടെ മ്ലേച്ഛത പ്രവാചകന്‍ ഉപമയില്‍ വരച്ചുകാട്ടുകയും പാപകാഠിന്യം വ്യക്തമാക്കുകയുംചെയ്യുന്നു. സങ്കീര്‍ത്തനത്തില്‍ മേല്പറഞ്ഞ വിശദാംശങ്ങളോ വ്യക്തിഗത പരാമര്‍ശങ്ങളോ ഇല്ലന്നെതാണ് സത്യം. എങ്കിലും ശീര്‍ഷകം അവ സൂചിപ്പിക്കുകയും പദങ്ങളില്‍ അവ ഒളിഞ്ഞിരിക്കുകയും ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാം.
               Musical Version of  Ps. 51
               കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
               നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ..
              ദ്രോഹിയാണു ഞാന്‍ വിഭോ ദ്രോഹമോചനം തരൂ
              എന്നസീമ പാപങ്ങള്‍ മായ്ച്ചീടണേ വിഭോ –
                                                                             കാരുണ്യ...
51-Ɔ൦ സങ്കീര്‍ത്തനം വ്യക്തിയുടെ വിലാപഗാനമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. പാപത്തിന്‍റെ ആഴവും വ്യാപ്തിയും തീക്ഷ്ണതയോടെ മനസ്സിലാക്കുന്ന സങ്കീര്‍ത്തകന്‍ ദൈവസന്നിധിയില്‍ മാപ്പിരക്കുന്നു. പാപമോചനം ലഭിക്കുവാനും ദൈവവുമായി രമ്യതപ്പെടുവാനും, ദൈവത്തിങ്കലേയ്ക്ക് തിരിയുവാനുമുള്ള മാര്‍ഗ്ഗം അനുവാചകര്‍ക്ക് ഈ ഗീതം കാണിച്ചു തരുമെന്നതില്‍ സംശയമില്ല. പരിശുദ്ധിയുടെ ഉന്നതങ്ങളിലേയ്ക്കു കരകയറാന്‍ തത്രപ്പെടുന്ന മനുഷ്യാത്മാവിന്‍റെ കിതപ്പം കുതിപ്പും ഇവിടെ വ്യക്തമാക്കുപ്പെടുന്നുണ്ട്. സങ്കീര്‍ത്തകന്‍റെ ആദ്ധ്യാത്മിക വ്യഥയുടെ ആഴങ്ങള്‍ ആരറിയുന്നു. അവയാണ് പദങ്ങളില്‍ ഒളിഞ്ഞു കിടക്കുന്നതെന്ന് തുടര്‍ന്നുള്ള പഠനം നമുക്ക് വെളിപ്പെടുത്തിത്തരും.

പദങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ മനസ്സിലാക്കാവുന്നൊരു കാര്യം ദാവീദിന്‍റെ അനുതാപത്തിനു പിന്നില്‍, അല്ലെങ്കില്‍ ദാവീദു രാജാവ് വിലാപത്തോടെ ദൈവത്തിങ്കലേയ്ക്ക് പിന്‍തിരിയുന്നതിനു പിന്നിലുള്ള മുഖ്യകാരണം ഇസ്രായേലിലെ പ്രവാചകനായ നാഥാന്‍ നല്കിയ പ്രചോദനമാണെന്ന് നമുക്ക് മനസ്സിലായി. അങ്ങനെയാണ് ദാവീദ് രാജാവ് ദൈവത്തിന്‍റെ ആനന്തമായ കാരുണ്യത്തില്‍, പതറാത്ത കരുണയില്‍ ആശ്രയിക്കാന്‍ തയ്യാറാകുന്നത്. ദൈവത്തിന്‍റെ കല്പനകള്‍ മനുഷ്യന്‍ ലംഘിക്കുന്നുണ്ടെങ്കിലും ദൈവം തന്‍റെ വാഗ്ദാനങ്ങളില്‍ പതറുകയില്ല, അവിടുത്തെ വിശ്വസ്ത അചഞ്ചലമാണെന്ന് വരികള്‍ വ്യക്തമാക്കുന്നു. ദൈവത്തിന്‍റെ അസ്തമിക്കാത്ത സ്നേഹത്തെ മാതൃസ്നേഹത്തോടാണ് സങ്കീര്‍ത്തകന്‍ ഉപമിക്കുന്നത് വരികളില്‍നിന്നും വ്യക്തമാകുന്നു. കാരണം പെറ്റമ്മ തന്‍റെ കുഞ്ഞിനെ ഒരുനാളും കൈവിടുകയില്ലെന്നാണ് ദൈവം നമ്മോട് അരുള്‍ചെയ്യുന്നത്. കാരണം,
           “പെറ്റമ്മപോലും അറിയുംമുന്‍പേ സ്നേഹിച്ചുവല്ലോ ദൈവം,
           നിന്നെ സീമാതീതമനന്തം….!”
 എന്നല്ലേ വചനം പഠിപ്പിക്കുന്നത്.

പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച ജൂബിലിവര്‍ഷത്തിലായിരുന്നു  ഈ സങ്കീര്‍ത്തനത്തിന്‍റെ പഠനം. “കരുണയുള്ള പിതാവിനെപ്പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍…”   (ലൂക്ക 6, 36) എന്ന ആപ്തവാക്യവുമായിട്ടാണ് ആഗോളസഭ ജൂബിലിയാഘോഷിക്കുന്നത്. ദൈവത്തിന്‍റെ കൃപാസ്പര്‍ശം പകര്‍ന്നുനല്കുന്ന വാക്കാണ് ‘കാരുണ്യം’. ഈ സുവിശേഷകാരുണ്യം അനുദിന ജീവിതത്തില്‍ സഹോദരങ്ങളുമായി പങ്കുവയ്ക്കപ്പെടണമെന്നാണ് ഈ വിശുദ്ധവത്സരംകൊണ്ട് പാപ്പാ ഫ്രാന്‍സിസ് ലക്ഷൃമിടുന്നത്. സങ്കീര്‍ത്തകന്‍ സൂചിപ്പിക്കുന്നതുപോലെ നമ്മുടെ ബലഹീനതകള്‍ ജീവല്‍ബന്ധിയാണ്, സഹോദരങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ദൈവത്തില്‍നിന്നും മാപ്പിരക്കുന്ന വ്യക്തിക്ക് സഹോദരങ്ങളുമായി രമ്യതയില്‍ ജീവിക്കാനാകുമെന്ന് സങ്കീര്‍ത്തനം അനുസ്മരിപ്പിക്കുന്നു, പഠിപ്പിക്കുന്നു, ഉറപ്പുനല്കുന്നു. കാരുണ്യം കൃപയുടെ അടയാളമാണ്. ദൈവം കാരുണ്യവാനാണ്. അവിടുന്ന് മനുഷ്യരോട് കരുണകാണിക്കുന്നു. മനുഷ്യജീവിതത്തില്‍ ദൈവത്തിനുള്ള അന്യൂനവും പരമവും പ്രഥമവുമായ സ്ഥാനം അംഗീകരിക്കുകയും സഭ പ്രഖ്യാപിക്കുകയുമാണ് കാരുണ്യവത്സരത്തിലൂടെ ചെയ്യുന്നത്.
മനുഷ്യന്‍റെ പാപാവസ്ഥയെ അവഗണിക്കുന്ന നിലപാടാണ് കാരുണ്യമെന്നു ചിന്തിക്കുന്നവരുമുണ്ട്. അതു തെറ്റാണ്. കാരണം സ്നേഹം അടിസ്ഥാനഭാവവും സ്വഭാവവുമായ ദൈവം കരുണയുള്ളവനാണ്. കാരുണ്യവാനാണ്. ദൈവത്തിന്‍റെ കരുണയില്‍ അഭയംതേടുന്ന മനുഷ്യന് പ്രത്യാശയും ജീവനുമുണ്ട്. അപരിമേയമായ ദൈവികകരുണയാണ് നമ്മെ നയിക്കുന്നത് പരിപാലിക്കുന്നത്. സുവിശേഷ കാരുണ്യം വ്യക്തമാക്കുന്നത് തിന്മയെ നന്മകൊണ്ട് കീഴടക്കാമെന്നും, പാപി മാനസാന്തരപ്പെട്ട് അനുതാപത്തിലൂടെയും അനുരജ്ഞനത്തിലൂടെയും രക്ഷപ്രാപിക്കുമെന്നാണ്. അതിനാല്‍ ഈ അനുതാപഗീതത്തിന്‍റെ പഠനത്തിന് ഉണര്‍വ്വോടും ഉന്മേഷത്തോടുംകൂടെ പ്രവേശിക്കാം.  ദൈവികകാര്യണ്യത്തിനായി കേഴുന്ന സങ്കീര്‍ത്തകന്‍റെ വികാരം ഈ ജൂബിലിനാളില്‍ ഉള്‍ക്കൊണ്ടുകൊണ്ട്, ഹൃദിസ്ഥമാക്കിക്കൊണ്ട് നമുക്കീ സങ്കീര്‍ത്തനപഠനം തുടരാം.

                Musical Version Ps. 51
               കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
               നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ...        
               പാപിയാണു ഞാനയോയോ, ഘോരപാപി ഞാനിതാ
               അമ്മതന്‍ ഗര്‍ഭേയിദം ജനന്മമാര്‍ന്നു ദേവ ഞാന്‍ - കാരുണ്യ....
               കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ
              സാന്ത്വനം ക്ഷമാവരം ഏകിടൂ മഹേശ്വരാ – കാരുണ്യ.

 








All the contents on this site are copyrighted ©.