2017-07-17 13:20:00

''ഹൃദയനിലമൊരുക്കുക'': പാപ്പായുടെ ത്രികാലജപസന്ദേശം


ലത്തീന്‍ ആരാധനക്രമമനുസരിച്ച് ഞായറാഴ്ചയിലെ വി. കുര്‍ബാനയിലെ സുവിശേഷവായന വി. മത്തായിയുടെ സുവിശേഷത്തില്‍ നിന്നുള്ളതായിരുന്നു.  പതിമൂന്നാമധ്യായത്തിലെ 1 മുതല്‍ 23 വരെ വാക്യങ്ങളില്‍ നല്‍കിയിരിക്കുന്ന വിതക്കാരന്‍റെ ഉപമയെ വിശദീകരിച്ചുകൊണ്ട് പാപ്പാ സന്ദേശം ആരംഭിച്ചു:

പ്രിയ സഹോദരീസഹോദരന്മാരെ സുപ്രഭാതം

ഇന്നത്തെ സുവിശേഷം സുപരിചിതമായ വിതക്കാരന്‍റെ ഉപമയാണ് (മത്താ 13, 1-23).  വിതക്കാരന്‍ യേശുവാണ്. യേശു തന്‍റെ പ്രതിബിംബത്തിലൂടെ തന്നെത്തന്നെ അവതരിപ്പിക്കുന്നത് അഭ്യര്‍ഥിക്കുന്ന വനായിട്ടാണ് അടിച്ചേല്‍പ്പിക്കുന്നവനായിട്ടല്ല. നമ്മെ കീഴടക്കിക്കൊണ്ടല്ല, നമുക്കായി തന്നെത്തന്നെ ദാനമായി നല്‍കി ആകര്‍ഷിക്കുന്നവനാണ് അവിടുന്ന്.  അവിടുന്ന് ഏറെ ഔദാര്യത്തോടെയും ക്ഷമയോടെയും തന്‍റെ വചനം നല്‍കുകയാണ്.  അത് ഒരു കെണിയോ, അകപ്പെടുത്തുന്ന ഒരു കൂടോ അല്ല, മറിച്ച് ഫലം പുറപ്പെടുത്താനാവുന്ന ഒരു വിത്താണ്. അതേതു തരത്തിലാണ്?  നാം സ്വീകരിച്ചാല്‍ മാത്രം ഫലം തരുന്ന വിധത്തില്‍.

അതുകൊണ്ട് ഈ ഉപമ എല്ലാറ്റിനുമുപരിയായി നമ്മെത്തന്നെ പരിഗണിച്ചുകൊണ്ടുള്ളതാണ് എന്നും അതു വിതക്കാരനെ എന്നതിനെക്കാള്‍ വചനം വിതയ്ക്കപ്പെടുന്ന നിലങ്ങളെക്കുറിച്ചു സംസാരിക്കുന്നു എന്നും പറഞ്ഞുകൊണ്ട്, പാപ്പാ വചനം വിതയ്ക്കപ്പെട്ട നാലു തരത്തിലുള്ള നിലങ്ങളെയും പ്രത്യേകമായി വിശദീകരിച്ചു:

യേശു ഒരുതരത്തില്‍ പറഞ്ഞാല്‍, നമ്മുടെ ഹൃദയങ്ങളുടെ ആത്മീയ എക്സ്റേ എടുക്കുകയാണ്.  ഏതു തരത്തിലുള്ള നിലത്താണ് വചനമാകുന്ന വിത്ത് വീഴുന്നതെന്നറിയുവാന്‍.  നമ്മുടെ ഹൃദയം, ഒരു നിലംപോലെ, വചനം ഫലം പുറപ്പെടുത്തുന്ന നല്ല നിലമാകാം, അതുപോലെ തന്നെ, കഠിനമായതാകാം, ജലമിറങ്ങാന്‍ സാധിക്കാത്തവിധം. വചനം കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെമേല്‍ തട്ടി തെറിച്ചു പോവുകയാണപ്പോള്‍, വഴിയില്‍ വീണാലെന്നപോലെ.

നല്ല നിലത്തിനും വഴിയ്ക്കും ഇടയ്ക്ക് രണ്ടു തരത്തിലുള്ള നിലങ്ങള്‍ കൂടിയുണ്ട്. അതു നമ്മിലുമുണ്ട്.  അവയില്‍ ആദ്യത്തേത് കഠിനമായ നിലമാണ്. നമുക്കു സങ്കല്പിച്ചു നോക്കാം. അല്പം മാത്രം മണ്ണുള്ള പാറ നിറഞ്ഞ നിലമാണത് (വാ. 5).  അവിടെ വിത്ത് പൊട്ടിമുളയ്ക്കുമെങ്കിലും മണ്ണിനാഴമില്ലാത്തതിനാല്‍ വേരിറങ്ങാനാവില്ല.  അത് ഉപരിപ്ലവമായ ഹൃദയമാണ്.  കര്‍ത്താവിനെ സ്വീകരിക്കും, പ്രാര്‍ഥിക്കാനാഗ്രഹിക്കും, ഒപ്പം സ്നേഹിക്കാനും സാക്ഷ്യമേകാനും.  എന്നാല്‍ അതു കാത്തു സൂക്ഷിക്കാന്‍ കഴിയില്ല. വളരെ വേഗം ക്ഷീണിക്കുകയും ഉയരാന്‍ കഴിയാതെ വരുകയും ചെയ്യും.  അതു കാഠിന്യമേറിയ ഹൃദയമാണ്, അവിടെ അലസതയുടെ പാറ നല്ല നിലത്തെ വിജയിക്കുകയാണ്.  അവിടെ സ്നേഹം സുസ്ഥിരമല്ല, ക്ഷണികമാണ്. കര്‍ത്താവിനെ സ്വീകരിക്കുക മാത്രം ചെയ്തിട്ടു കടന്നുപോകുന്നവന്‍ ഒരിക്കലും ഫലം പുറപ്പെടുവിക്കുകയില്ല.

അവസാനമായി, മറ്റൊരു തലത്തിലുള്ള നിലമുണ്ട്.  മുള്ളുകള്‍ നിറഞ്ഞ ആ നിലത്ത് നല്ല ചെടികള്‍ ഞെരുങ്ങിപ്പോകുന്നു.  ഈ മുള്‍ച്ചെടികള്‍ എന്തിനെയാണു പ്രതിനിധാനം ചെയ്യുന്നത്?  ''ലൗകികവ്യഗ്രതയെയും ധനത്തിന്‍റെ ആകര്‍ഷണത്തെയും'' (വാ. 22) എന്ന് യേശു പറയുന്നു.  ഇത്തരം മുള്ളുകള്‍ ദൈവത്തെ അകറ്റുന്ന തെറ്റുകളാണ്, ദൈവിക ചൈതന്യത്തെ ശ്വാസം മുട്ടിക്കുന്ന സാന്നിധ്യമാണവ.  പ്രഥമമായി അത് ഭൗതികസമ്പത്ത് എന്ന വിഗ്രഹമാണ്.  അത്യാഗ്രഹത്തോടെ ജീവിക്കുന്ന അവര്‍ക്ക് അധികാരശക്തിയുണ്ട്.  ഓരോരുത്തര്‍ക്കും ഇത്തരം തെററുകളുടെ ചെറുതോ വലുതോ ആയ ശവകുടീരങ്ങള്‍ ഹൃദയത്തില്‍ ഉണ്ടായിരിക്കും, അവിടെ ദൈവത്തെ ഇഷ്ടപ്പെടാത്ത കുറ്റിച്ചെടികള്‍ വേരിറങ്ങിയിട്ടുണ്ടാകും.  അങ്ങനെ സംശുദ്ധമായ ഒരു ഹൃദയം ഉണ്ടായിരിക്കുന്നത് തടയപ്പെടുന്നു.  നിങ്ങള്‍ അതു പിഴുതെറിയണം.  അല്ലെങ്കില്‍ വചനത്തിനു ഫലം പുറപ്പെടുത്താനാവില്ല.

പ്രിയ സഹോദരീസഹോദരന്മാരെ, യേശു ഇന്നു നമ്മെ ക്ഷണിക്കുന്നത് നമ്മുടെ അന്തരാത്മാവിലേക്കു നോക്കാനാണ്.  നമ്മുടെ നല്ല നിലത്തെക്കുറിച്ചു കൃതജ്ഞത അര്‍പ്പിക്കാനും ഒപ്പം ഇനിയും നല്ലതല്ലാത്ത നിലങ്ങളെ നല്ലതാക്കുന്നതിന് അധ്വാനിക്കുവാനും വേണ്ടിയാണത്. തുറവിയുള്ളതും വിശ്വസ്ത തയോടെ ദൈവവചനമാകുന്ന വിത്തു സ്വീകരിക്കുന്ന ഹൃദയങ്ങളാണോ നമുക്കുള്ളത് എന്നു നമ്മോടുതന്നെ ചോദിക്കാം. അലസതയുടെ നിരവധിയായ പാറക്കെട്ടുകള്‍ നമ്മിലുണ്ടോ എന്നും നമുക്കു നമ്മോടുതന്നെ ചോദിക്കാം. പാപങ്ങളുടെ മുള്‍ച്ചെടികളെ പേരെടുത്തുവിളിച്ചു നമുക്കു മാറ്റിക്കള യാം.  നല്ല നിലമൊരുക്കുന്നതിന് നമുക്ക് ധൈര്യം കണ്ടെത്താം, പ്രാര്‍ഥനയിലൂടെയും ഏറ്റുപറച്ചിലിലൂടെയും നമ്മുടെ പാപങ്ങളാകുന്ന മുള്‍ച്ചെടികളെ ദൈവത്തിന്‍റെ പക്കലേല്പിക്കാം. അങ്ങനെ ചെയ്യുമ്പോള്‍, യേശുവാകുന്ന നല്ല വിതക്കാരന്‍, സന്തോഷിക്കുകയും അനുബന്ധജോലികള്‍ അവിടുന്നു തന്നെ പൂര്‍ത്തിയാക്കുകയും ചെയ്യും.  അവിടുത്തെ വചനത്തെ ശ്വാസം മുട്ടിക്കുന്ന മുള്ളുകളെയും പാഴ്ച്ചെടികളെയും പിഴുതുകളയുകയും നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുകയും ചെയ്യും. 

ഇങ്ങനെ വചന സന്ദേശം അവസാനിപ്പിച്ച പാപ്പാ, കര്‍മലമലയിലെ പരിശുദ്ധ കന്യക എന്ന അഭിധാനത്താല്‍ ഇന്നു നാം ഓര്‍മിക്കുന്ന, ദൈവവചനം സ്വീകരിച്ച് പ്രായോഗികമാക്കുന്നതില്‍ മറ്റാരെയും അതിശയിച്ച ദൈവത്തിന്‍റെ അമ്മ (ലൂക്കാ 8/21), നമ്മുടെ ഹൃദയങ്ങളെ വിശുദ്ധീകരിച്ച് കര്‍ത്താവിന്‍റെ സാന്നിധ്യം സംരക്ഷിക്കുന്നതിന് നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ഥനാശംസയോടെ ത്രികാലജപം ചൊല്ലുകയും അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.








All the contents on this site are copyrighted ©.