സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

വിത്തിന്‍റെ ഉപമ വിരിയിക്കുന്ന ദൈവരാജ്യത്തിന്‍റെ ചിന്തകള്‍

ദൈവിക സമൃദ്ധിയുടെ നിറകതിര്‍ - REUTERS

15/07/2017 20:36

വിശുദ്ധ മത്തായിയുടെ സുവിശേഷം 13, 1-23. സുവിശേഷചിന്തകള്‍ ആണ്ടുവട്ടം 15-Ɔ൦ വാരം – കര്‍മ്മലനാഥയുടെ തിരുനാള്‍

1. ഉപമകളുടെയും ഉപമാനങ്ങളുടെയും പ്രബോധനശൈലി    ക്രിസ്തു പറഞ്ഞ വിത്തിന്‍റെ ഉപമയാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം ശ്രവിക്കുന്നത്.  പാപ്പാ ഫ്രാന്‍സിസ് കഴിഞ്ഞദിവസം അര്‍ജന്‍റീനയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ സംഗമിച്ച മതാദ്ധ്യാപകരുടെ രാജ്യാന്തര സംഗമത്തിന് അയച്ച സന്ദേശത്തിലെ ഒരാശയം മാത്രം പങ്കുവയ്ക്കുകയാണ്. മതബോധനം ക്രിയാത്മകമായിരിക്കണം.    ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ വിവിധ സാദ്ധ്യതകളും സൗകര്യങ്ങളും ആധുനിക സാങ്കേതികതയും ഉപയോഗപ്പെടുത്തണമെന്ന്. കാരണം ദൈവരാജ്യത്തിന്‍റെ സന്ദേശങ്ങള്‍ ക്രിസ്തു ലോകത്തെ പഠിപ്പിച്ചത് ഏറെ തനിമയാര്‍ന്ന ശൈലിയിലാണ്.  മനുഷ്യജീവിതങ്ങളെ സന്തോഷംകൊണ്ടു നിറയ്ക്കാന്‍ പോരുന്ന, “വഴിയും സത്യവും ജീവനുമായ” ക്രിസ്തു (യോഹ. 14, 6). ദൈവസ്നേഹത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും അവരോടു പറയാനും ഉപയോഗിച്ച ഉപമകളും ഉപമാനങ്ങളും ഇന്നും ജനകീയവും പ്രസക്തവുമാണ്.

2. വിത്തിന്‍റെ ഉപമ   “വിതക്കാരന്‍ വിതക്കാന്‍ പോയി. വിതച്ചപ്പോള്‍ വിത്തുകളില്‍ കുറെ വഴിയരുകില്‍ വീണു. പക്ഷികള്‍ വന്ന് അതു തിന്നുകളഞ്ഞു. മണ്ണ് അധികമില്ലാത്ത പാറമേലാണ് ചിലതു വീണത്. അവ പെട്ടന്നു മുളച്ചു പൊന്തിയെങ്കിലും മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ വെയിലത്ത് അവ വാടിക്കരിഞ്ഞുപോയി. പിന്നെ  കുറെ വിത്തുകള്‍ മുള്‍പ്പടര്‍പ്പിലും വീണിട്ടുണ്ടായിരുന്നു. അവ വളര്‍ന്നുവന്നപ്പോള്‍ മുള്ളുകള്‍ അവയെ ഞെരുക്കി നശിപ്പിച്ചുകളഞ്ഞു. എന്നാല്‍ നല്ല നിലത്തുവീണ വിത്തുക്കള്‍  മുളപൊട്ടി തളിര്‍ത്തു വളര്‍ന്ന്, നൂറും, അറുപതും മുപ്പതും മേനി വിളവു നല്കി.”  കേള്‍ക്കാന്‍ ചെവിയുള്ളവന്‍ ഇതു കേള്‍ക്കട്ടെ, എന്ന് ഈശോ പറഞ്ഞ ആ ഭാവപ്പകര്‍ച്ചയും ഏറെ ശ്രദ്ധേയമാണ്. സുവിശേഷകന്‍ അതും ഉപമയോടൊപ്പം രേഖപ്പെടുത്തിയിരിക്കുന്നു (മത്തായി 13, 1-9).

3. ദൈവരാജ്യത്തിന്‍റെ കരുത്ത്    വിത്തിന്‍റെ ഉപമ ക്രിസ്തുവിന് ഏറ്റവും പ്രിയങ്കരമായിരുന്നു.  കാരണം അത് ദൈവരാജ്യത്തിന്‍റെ പ്രതിരൂപവും  പൊരുളുമാണ് വെളിപ്പെടുത്തുന്നത്. ഒളിഞ്ഞുകിടക്കുന്ന ദൈവരാജ്യ ചൈതന്യത്തിന്‍റെയും കരുത്തിന്‍റെയും, ഒപ്പം ലാളിത്യത്തിന്‍റെയും, സമൃദ്ധിയുടെയും വളരെ ശ്രദ്ധേയമായ സന്ദേശമാണ് ഇന്നത്തെ ഉപമയിലൂടെ ക്രിസ്തു പഠിപ്പിക്കുന്നത്. വിത്തിന്‍റെ കാമ്പില്‍നിന്നും മുളപൊട്ടി വലുതാകുന്ന ആന്തരികശക്തിയാണ് അത് ആദ്യം പ്രകടമാക്കുന്നത്.  രണ്ടാമതായി, വിത്തിന്‍റെ നിസ്സാരതയില്‍നിന്നും പൊട്ടിവളരുന്ന വലുപ്പവും ഫലസമൃദ്ധിയും മനുഷ്യര്‍ കാണുന്നു.

4. എല്ലാം ഫലമണിയിക്കുന്ന ദൈവകൃപ    സന്ദേശം വളരെ വ്യക്തമാണ് - ദൈവരാജ്യം മനുഷ്യന്‍റെ സഹകരണം ആവശ്യപ്പെടുന്നുണ്ട്, എങ്കിലും മനുഷ്യനെയും അവന്‍റെ അദ്ധ്വാനത്തെയും വിജയമണിയിക്കുന്നത് ദൈവത്തിന്‍റെ ദാനവും കൃപയുമാണ്. നമ്മുടെ കഴിവുകള്‍ നിസ്സാരമെങ്കിലും,  ഭയപ്പെടാതെ ദൈവത്തില്‍ ആശ്രയിച്ചു മുന്നോട്ടു നീങ്ങിയാല്‍, പ്രതിസന്ധികളെ മറികടന്ന് നമുക്ക് വിജയം വരിക്കാനാവും. വിത്തില്‍നിന്നും മുളപൊട്ടി, ചെടി വളര്‍ന്നു വലുതായി ഭൂമിയില്‍ ഫലമണിയുന്നതുപോലെ, ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് അവിടുത്തെ സ്നേഹത്തിന്‍റെ അത്ഭുതങ്ങള്‍ അനുഭവിക്കാന്‍ ഇടയാകും.   ഉപമയില്‍ പറയുന്ന കൃഷിയിറക്കലില്‍ പല കെടുതികളായിരുന്നു - പക്ഷികള്‍ കുറെ തിന്നുതീര്‍ത്തു. ശത്രുക്കള്‍ ചവിട്ടിമെതിച്ചു. കുറെ പാറപ്പുറത്തു വീണു കരിഞ്ഞുപോയി. പിന്നെ മുള്ളുകള്‍ക്കിടയില്‍ വീണവയും നശിച്ചുപോയി.

5. ദൈവികസാമീപ്യത്തിന്‍റെ ശുഭപ്രതീക്ഷ - പ്രകൃതി    അനുദിന ജീവിതത്തില്‍ നമ്മളെല്ലാം ഏറെ യാതനകളും വേദനകളും പ്രതിസന്ധികളും അനുഭവിക്കുന്നുണ്ട്. ധാരാളം ജീവിത പ്രശ്നങ്ങള്‍ ചുറ്റിനുമുണ്ട്. ധാരാളം അനീതിയും അതിക്രമങ്ങളും അഴിമതിയും കാണുന്നുമുണ്ട്. ശത്രുക്കളുമുണ്ടാകാം...!  ചുറ്റുപാടുകള്‍ നിഷേധാത്മകമാണെങ്കിലും ചുറ്റുമുള്ള സൃഷ്ടിയില്‍, പ്രകൃതിയില്‍ ദൈവസ്നേഹത്തിന്‍റെയും  ദൈവിക പരിപാലനയുടെയും ദൃശ്യാത്ഭുതമാണ് നാം കാണുന്നത്. അങ്ങനെ വിതക്കാരന്‍റെയും വിത്തിന്‍റെയും ഈശോ പറഞ്ഞ കഥ, അദൃശ്യനായ ദൈവത്തിന്‍റെ നമുക്കു ചുറ്റുമുള്ള ഈ ദൃശ്യമായ അടയാളങ്ങള്‍ ജീവിതത്തില്‍ പ്രത്യാശയും ശുഭപ്രതീക്ഷയും നല്കുന്നതാണ്. 
 ഗന്ധര്‍വ്വഗായകന്‍ കെ. ജെ. യേശുദാസ് പറഞ്ഞൊരു ലളിതമായ ചിന്ത എന്നെ ഏറെ സ്പര്‍ശിച്ചിട്ടുള്ളത് പങ്കുവയ്ക്കട്ടെ. “ജീവിതത്തില്‍ കഷ്ടപ്പാടും ക്ലേശങ്ങളും, നഷ്ടവും വിഷമങ്ങളുമൊക്കെ ധാരാളം അനുഭവിച്ചിട്ടുണ്ട്. എന്നാലും ജീവിതം മൊത്തമായി എടുത്തു തൂക്കിനോക്കുമ്പോള്‍... വിലയിരുത്തി നോക്കുമ്പോള്‍...  എപ്പോഴും ദൈവം തന്ന നന്മകളാണ് ക്ലേശങ്ങളെക്കാളും നഷ്ടങ്ങളെക്കാളും... അധികം.. പിന്നെങ്ങനെ ദൈവത്തെ മറുന്ന പെരുമാറാനോ... ജീവിക്കാനോ സാധിക്കും?!”

6.  ദൈവകൃപയെ നിന്ദിക്കരുത്   ഉപമയുടെ രണ്ടാം ഭാഗം ശ്രദ്ധിച്ചാല്‍ ഒരു വിവരണമാണ് (മത്തായി 13, 10-23). അവിടെ ഉപമയുടെ ഉദ്ദേശത്തെക്കുറിച്ചാണ് ക്രിസ്തു പറയുന്നത്. കണ്ടിട്ടും കാണാത്തതുപോലെയും, കേട്ടിട്ടും കേള്‍ക്കാത്തതുപോലെയും, മനസ്സിലാക്കിയിട്ടും മനസ്സിലാക്കാത്തതുപോലെയും ജീവിക്കുന്നവരുണ്ട്. അവര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഉപമകള്‍ പറഞ്ഞതെന്ന് ക്രിസ്തു വ്യാഖ്യാനിച്ചുതരുന്നു. സ്വര്‍ഗ്ഗീയപിതാവിന്‍റെ ഈ പ്രാപഞ്ചിക നന്മകള്‍ കണ്ടിട്ടും കാണാത്തപോലെയും, കേട്ടിട്ടും കേള്‍ക്കാത്തപോലെയും, മനസ്സിലായിട്ടും മനസ്സിലാക്കാത്തപോലെയും ജീവിക്കുന്നവരുടെ  ഹൃദയകാഠിന്യം മൂലംമാണ് ഇങ്ങനെ സംസാരിച്ചതെന്ന് ക്രിസ്തുതന്നെ പറയുന്നുണ്ട്.  ആരും ഒന്നും അറിയാതെ, ഏറെ നിഗൂഢമായ വിധത്തില്‍ മുളപൊട്ടി വളരുന്ന വിത്തിന്‍റെ സ്വഭാവത്തെ, മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ക്രിസ്തു ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ പഠിപ്പിച്ചത്, അത് ലോകത്തിനു വെളിപ്പെടുത്തി തന്നത്. അങ്ങനെയാണ് ക്ലേശിക്കുന്ന ജനതയ്ക്ക് പ്രത്യാശയുടേയും ജീവിത സമര്‍പ്പണത്തിന്‍റേയും വഴികള്‍ ക്രിസ്തുനാഥന്‍ തുറന്നുതരുന്നത്.

7.  പ്രപഞ്ചികനന്മയിലെ ദൈവികസാന്നിദ്ധ്യം   കൃഷിക്കാരന്‍ ഉറങ്ങിയാലും ഉണര്‍ന്നാലും ഭൂമിയില്‍ വീണ വിത്ത്, അയാള്‍ അറിയാതെ അത് വളര്‍ന്നു വലുതാകുന്നു. തന്‍റെ അദ്ധ്വാനം പാഴാവില്ല എന്ന ഉറപ്പിലാണ് എപ്പോഴും കര്‍ഷകന്‍ വിത്തു പാകുന്നത്. തന്‍റെ അനുദിന അദ്ധ്വാനത്തില്‍ വിത്തിന്‍റെ ഗുണത്തിലും മണ്ണിന്‍റെ മേന്മയിലും കൃഷിക്കാരന് ഉറച്ച വിശ്വാസമാണ്. ഈ ഭൂമിയില്‍ എന്നും ഫലദായകമാകുന്ന ദൈവത്തിന്‍റെ സൃഷ്ടിയുടേയും രക്ഷയുടെയും നിഗൂഢമായ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതാണ് ക്രിസ്തുവിന്‍റെ ഈ ഉപമ ദൈവം സ്രഷ്ടാവാണെങ്കില്‍, പ്രപഞ്ച രഹസ്യങ്ങളെ ധ്യാനിക്കുകയും ദൈവത്തിന്‍റെ സൃഷ്ടിയുടെ മനോഹാരിത ആസ്വദിക്കുകയും, ഭൂമിയുടെ ഫലപുഷ്ടിക്കായി കാത്തിരിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ എളിയ സഹകാരി ആയിരിക്കണം മനുഷ്യന്‍. മറിച്ച് പ്രകൃതിയെ നശിപ്പിക്കുന്ന രീതികൊണ്ട് ദൈവത്തോട് നന്ദിയില്ലാത്തവരാകരുത്. പ്രകൃതിയോടു കാണിക്കുന്ന നിന്ദ, ദൈവത്തോടും സഹോദരങ്ങളോടും കാണിക്കുന്ന നിന്ദയാണ്. സുവിശേഷം വിവരിക്കുന്ന കൊയ്ത്തുകാലം, വിളവെടുപ്പുകാലം അന്തിമവിധിയെ സൂചിപ്പിക്കുന്നു. ദൈവരാജ്യത്തില്‍ യാഥാര്‍ത്ഥ്യമാകുവാന്‍ പോകുന്ന യുഗാന്ത്യത്തിലുള്ള ദൈവത്തിന്‍റെ ഇടപെടലായിരിക്കും അതെന്ന കാര്യം ഓര്‍മ്മയിലിരിക്കേണ്ടതാണ്. മനുഷ്യന്‍ വിതയ്ക്കുന്നു, എന്നാല്‍ അത് വളരുന്നതും ഫലമണിയുന്നതുമെല്ലാം ദൈവത്തിന്‍റെ പ്രവൃത്തി മൂലമാണ്. 

8.  ദൈവത്തില്‍ ആശ്രയിച്ചു മുന്നേറാം   മനുഷ്യന്‍ തന്‍റെ കഴിവിനൊത്ത് പരിശ്രമിക്കേണ്ടതാണ്. ദൈവത്തോടു സഹകരിക്കേണ്ടതും പ്രത്യുത്തരിക്കേണ്ടതുമാണ്. എന്നാല്‍ അവസാനം വിളവ്, ദൈവത്തിന്‍റെ കൈയ്യിലാണ് എന്ന തിരിച്ചറിവാണ് നമ്മെ  നയിക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ എല്ലാം ദൈവത്തില്‍ ആശ്രയിച്ചിരിക്കുന്നതിനാല്‍, ക്ലേശങ്ങളുടെ നാളുകളില്‍പ്പോലും ഞാന്‍ ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കേണ്ടവനാണ്, ജീവിക്കേണ്ടവളാണ് എന്നു ചിന്തിച്ച് കഠിനാദ്ധ്വാനം ചെയ്യേണ്ടവരാണു നാം. ദൈവം നമ്മുടെ ഹൃദയത്തില്‍ പാകിയ നന്മയുടെ വിത്തു, അവിടുന്ന തന്ന ആയുസ്സാകുന്ന വിത്തും നശിച്ചുപോകാതെ പരിപോഷിപ്പിക്കാന്‍ ദൈവത്തില്‍ ആശ്രയിച്ചും പ്രത്യാശിച്ചും പരിശ്രമിക്കാം, കഠിനാദ്ധ്വാനംചെയ്യാം.

9.  കര്‍മ്മലമലയിലെ ദൈവാവിഷ്ക്കാരം    ജൂലൈ 16-Ɔ൦ തിയതി ഞായറാഴ്ച, കര്‍മ്മലമാതാവിന്‍റെ തിരുനാള്‍ കൊണ്ടാടുന്ന ദിവസമാണ്. ദൈവവചനത്തിന്‍റെ നല്ല നിലമായ പരിശുദ്ധ കന്യകാമറിയം നമ്മെ വിശ്വാസത്തിലും പ്രത്യാശയിലും ബലപ്പെടുത്തട്ടെ! വിശുദ്ധനാട്ടിലെ കര്‍മ്മലമല ഇന്നും ഭൂമിയിലെ വിശ്വാസജീവിതത്തിനും ഒപ്പം ദൈവിക സാന്നിദ്ധ്യത്തിനുമുള്ള ചരിത്രസാക്ഷ്യമാണ്. കാര്‍മേല്‍.. എന്ന വാക്കിന് ഹെബ്രായ ഭാഷയില്‍ ‘പൂന്തോട്ട’മെന്നാണ് അര്‍ത്ഥം. സമുദ്രനിരപ്പില്‍നിന്നും 2000-ല്‍ താഴെ അടി ഉയരമുള്ള കുമ്മായക്കല്ലിന്‍റെ മലയാണ് വിശുദ്ധനാട്ടിലെ കര്‍മ്മലമല. മെഡിറ്ററേനിയന്‍ സമുദ്രത്തെ തൊട്ടുരുമ്മി നിലക്കുന്നു. അതില്‍ അപൂവ്വങ്ങളായയ പുഷ്പങ്ങളും സസ്യലതാദികളും ഔഷധച്ചെടികളും, ഫലമൂലാദികളും ബൈബിളിന്‍റെ ചരിത്രകാലം മുതല്ക്കേ അത് സമൃദ്ധമാണെന്ന്, സമ്പന്നമാണെന്ന് വായിക്കുന്നുണ്ട്. “കര്‍മ്മല മലപോലെ നിന്‍റെ ശിരസ്സ് ഉയര്‍ന്നുനില്ക്കുന്നു,” എന്ന് ഉത്തമഗീതത്തില്‍ സോളമന്‍ രാജാവ് എഴുതുന്നത് (ഉത്തമഗീതം 7, 5) വിശ്വസ്തയായ വധുവിന്‍റെ സൗന്ദര്യം വിവരിക്കാനാണ്. അത്രയേറെ മനോഹരമാണ് കര്‍മ്മല മലയെന്നുവേണം മനസ്സിലാക്കാന്‍. ഏലിയായുടെയും, പിന്നീട് എല്‍സേവൂസിന്‍റെയും കാലത്ത് കര്‍മ്മലമലയിലെ സന്ന്യാസസമൂഹത്തില്‍ മുളയെടുത്ത പരിശുദ്ധ കന്യകാനാഥയോടുള്ള പ്രത്യേക ഭക്തിയാണ് കര്‍മ്മലനാഥ!

10  ദൈവവചനത്തിന്‍റെ അമ്മ കര്‍മ്മലനാഥ!    വചനമാകുന്ന ക്രിസ്തുവിനെ തന്‍റെ ഉദരത്തില്‍ വഹിക്കുകയും അങ്ങനെ ദൈവകൃപയുടെ സ്രോതസ്സായി മാറുകയുംചെയ്ത കന്യകാനാഥ നിത്യവചനമാകുന്ന, സത്യവചനമാകുന്ന ക്രിസ്തുവിനോടു വിശ്വസ്തരായി ജീവിക്കാന്‍ നമ്മെ തുണയ്ക്കട്ടെ! നമ്മുടെ ഹൃദയവയലുകളില്‍ വചനവിത്തു വിരിയിച്ച് അതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ടു ജീവിക്കാനും, ക്രിസ്തുവിനു സാക്ഷ്യംവഹിക്കാനും കൃപതരണമേ... അമ്മയോട്... വചനത്തിന്‍റെ അമ്മയോട്... കര്‍മ്മലനാഥയോടു പ്രാര്‍ത്ഥിക്കാം.

 


(William Nellikkal)

15/07/2017 20:36