2017-07-14 10:08:00

മംഗോളിയയിലെ സഭയ്ക്ക് 25-വയസ്സു തികഞ്ഞു


ബഹുഭൂരിപക്ഷം ബുദ്ധമതക്കാര്‍ക്കിടയിലെ ചെറിയ ക്രൈസ്തവസമൂഹം.

പൂര്‍വ്വേഷ്യന്‍ രാജ്യമായ മംഗോളിയയിലെ വിശ്വാസസമൂഹമാണ് അതിന്‍റെ സ്ഥാപനത്തിന്‍റെ രജതജൂബിലി ആഘോഷിച്ചത്. റഷ്യ, ചൈന രാജ്യങ്ങളോടു ചേര്‍ന്നും അവയാല്‍ ചുറ്റപ്പെട്ടും കിടക്കുകയാണ് ഈ കിഴക്കന്‍ ഏഷ്യന്‍ രാജ്യം.   1921-ല്‍ ചൈനയില്‍നിന്നും സ്വതന്ത്രമായതിനുശേഷമാണ് മംഗോളിയയില്‍ വിശ്വാസം വേരുപിടിച്ചതെന്ന്, തലസ്ഥാന നഗരമായ ഉലാന്‍ ബത്താറില്‍ മംഗോളിയയുടെ അപ്പസ്തോലിക വികാര്‍, ബിഷപ്പ് വെഞ്ചെസ്ലാവോ പദീല പ്രസ്താവിച്ചു. ജൂലൈ 9-Ɔ൦ തിയതി ഞായറാഴ്ച വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഉലാന്‍ ബത്താറിലെ ഭദ്രാസന ദേവാലയത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പിച്ചശേഷമാണ് ബിഷപ്പ് പദീലാ മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പ്രസ്താവിച്ചത്.

മംഗോളിയയിലെ സഭ വളരുകയാണ്. ദൈവത്തിന്‍റെ കരുണയും സ്നേഹവും വിവിധ ഘട്ടങ്ങളില്‍ സമൃദ്ധമായി അനുഭവിച്ച സഭയാണിത്. വളരുന്ന സഭാസമൂഹം ജൂബിലിനാളില്‍ ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നു. ദൈവത്തിന്‍റെ നാമം മഹത്തമമാണെന്ന് പ്രഘോഷിക്കുന്നു. ബിഷപ്പ് പദീല ഏറെ ആനന്ദത്തോടെ പ്രസ്താവിച്ചു (ഏശയ 12, 4). 

സഭാസ്ഥാപനത്തോടൊപ്പം വത്തിക്കാനുമായി മംഗോളിയ നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്‍റെയും 25-Ɔ൦ വാര്‍ഷികമാണിത്. ബിഷപ്പ പദീല നന്ദിയോടെ വാര്‍ത്താസമ്മേളനത്തില്‍ അനുസ്മരിച്ചു.  1990-ല്‍ ഒരു റിപ്പബ്ലിക്കന്‍ രാഷ്ട്രമായി രൂപമെടുത്ത വര്‍ഷംതന്നെ പരിശുദ്ധ സിംഹാസവുമായി മംഗോളിയ സര്‍ക്കാര്‍ നയതന്ത്രബന്ധത്തില്‍ ഏര്‍പ്പെട്ടു. മംഗോളിയയെ ആദ്യമായി സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ചതും പിന്‍തുണച്ചതും വത്തിക്കാനാണെന്ന വസ്തുത ബിഷപ്പ് പദീല അനുസ്മരിച്ചു.

മംഗോളിയയിലെ സഭ ചെറുതെങ്കിലും, അവിടത്തെ പാവങ്ങള്‍ക്കായി നിലകൊള്ളുന്നു. ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് സഭയുടെ നിലനില്പ്. സഭയുടെ താല്പര്യങ്ങള്‍ ജനങ്ങളുടെ ക്ഷേമമാണ്. അതിനാല്‍ സാമൂഹികതലത്തിലും സാംസ്ക്കാരികതലത്തിലും വിദ്യാഭാസമേഖലയിലും ജനമദ്ധ്യത്തില്‍ സഭയ്ക്ക് വലിയ സ്വീകാര്യതയും പിന്‍ബലവും എപ്പോഴുമുണ്ടെന്ന് ബിഷപ്പ് പദീല വ്യക്തമാക്കി.

 








All the contents on this site are copyrighted ©.