2017-07-13 09:48:00

മൊസൂള്‍ മോചിതമായെങ്കിലും ക്രൈസ്തവര്‍ ഭീതിയില്‍


ഇറാക്കിലെ മൊസൂള്‍ നഗരം മോചിതമായെങ്കിലും ക്രൈസ്തവരുടെ ജീവിതം ഭീതിദമെന്ന് സ്ഥലത്തെ സിറിയന്‍ കത്തോലിക്കാ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് പെദ്രോസ് മുഷേ പ്രസ്താവിച്ചു.   ജൂലൈ 11-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലാണ് ആര്‍ച്ചുബിഷപ്പ് മുഷേ മൊസൂളിലെ യുദ്ധാനന്തര സ്ഥിതിഗതികള്‍ വിവരിച്ചത്.

അപ്പസ്തോലകാലം മുതല്ക്കേ മദ്ധ്യപൂര്‍വ്വദേശത്ത് വളര്‍ന്ന ക്രൈസ്തവ ജനതയായ ക്രൈസ്തവരാണ് ഇറാക്കിലെ നിനീവെ, ഏബ്രില്‍, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും കൂട്ടമായി പുറത്താക്കപ്പെട്ടത്. പ്രധാനമന്ത്രി അല്‍-അബാദിയുടെ നേതൃത്വത്തില്‍ ഇറാക്കി സൈന്യം ഭീകരരെ തുരത്തിയെങ്കിലും ക്രൈസ്തവരുടെ പുനരധിവാസം ഇനിയും ഉറപ്പോ സുരക്ഷയോ ആയിട്ടില്ലെന്ന് ആര്‍ച്ചുബിഷപ്പ് മുഷേ മൊസൂളില്‍നിന്നും നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

എക്കാലത്തും പീഡിപ്പിക്കപ്പെട്ടിട്ടുള്ള ന്യൂനപക്ഷമായ ഇറാക്കിലെ ക്രൈസ്തവര്‍ ഭീകരരുടെ പിടിയില്‍നിന്നും സ്വതന്ത്രമായി ഇനിയും തദ്ദേശീയരായ മുസ്ലീംങ്ങളുടെ കാരുണ്യത്തിനായി കേഴേണ്ട അവസ്ഥയാണ്. അവിടെ നഷ്ടമായ ഭവനങ്ങളും വസ്തുവകകളും തദ്ദേശീയരായ മുസ്ലിംങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണെന്നും ആര്‍ച്ചുബിഷപ്പ് മുഷേ വ്യക്തമാക്കി. അതുകൊണ്ട് ക്രൈസ്തവര്‍ വളരെ വിവേകത്തോടെയാണ് തങ്ങളുടെ ഗ്രാമങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും തിരകെപ്പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. തെക്കന്‍ നിനീവെ പ്രദേശത്ത് ഇറാക്കി സൈന്യത്തിന്‍റെ സാന്നിദ്ധ്യവും സംരക്ഷണയുമുള്ള ഇടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ക്രൈസ്തവര്‍ പുനരധിവാസം ആരംഭിച്ചിട്ടുള്ളത്.  ആര്‍ച്ചുബിഷപ്പ് പെദ്രോസ് മുഷേ അഭിമുഖത്തില്‍ വിശദീകരിച്ചു.

 

 








All the contents on this site are copyrighted ©.