2017-07-13 08:46:00

കൊളംബിയയിലെ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി ഉയര്‍ത്തും


കൊളംബിയ സന്ദര്‍ശനത്തിനിടെയായിരിക്കും പാപ്പാ ഫ്രാന്‍സിസ് അവിടത്തെ രണ്ടു രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തുന്നത് – മെത്രാനും ഒരു വൈദികനും!

ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബോയിലേയ്ക്ക് സെപ്തംബര്‍ 6-മുതല്‍ 11-വരെയാണ് പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്നത്. മെത്രാനായ എമീലിയോ ഹാരമീല്യോ, വൈദികന്‍ റമിരേസ് റാമാസ് എന്നീ രണ്ടു രക്തസാക്ഷികളെയാണ് അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസമായ സെപ്തംബര്‍ 8-‍Ɔ൦ തിയതി, വീലിയവിസേന്‍സിയോ നഗരത്തിലെ പൊതുവേദിയില്‍വച്ച് വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഉയര്‍ത്താന്‍പോകുന്നത്. ജൂലൈ 11-Ɔ൦ തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയില്‍ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

1. രക്തസാക്ഷി ബിഷപ്പ് എമീലിയോ ഹാരമീല്യോ മൊന്‍സാള്‍വെ (1940-1989).     കൊളംബിയയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശത്തെ അരൗകാ അതിരൂപതയുടെ മെത്രാനായിരുന്നു ബിഷപ്പ് എമീലിയോ ഹാരമീല്യോ. തന്‍റെ സഭാപ്രവിശ്യയില്‍ വളര്‍ന്നുവന്ന മയക്കുമരുന്നു കച്ചവടത്തിന് എതിരായ ധാര്‍മ്മിക പോരാട്ടത്തില്‍ സായുധസംഘം അദ്ദേഹത്തെ ബന്ധിയാക്കി. തലസ്ഥാനനഗരമായ ബഗോട്ടയില്‍നിന്നും 800 കി.മി. അകലെ കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി. ശിരസ്സില്‍ വെടിയുണ്ടകളേറ്റാണ് ബിഷപ്പ് ജീസസ് എമീലിയോ ഹാരമീല്യോ മൊന്‍സാള്‍വെ 1989 ഒക്ടോബര്‍ 3-ന് കൊല്ലപ്പെട്ടത്.

2.  രക്തസാക്ഷി വൈദികന്‍ പെദ്രോ  റമിരേസ് റാമോസ് (1899-1948).   “അര്‍മേരോയിലെ രക്തസാക്ഷി” എന്ന പേരിലാണ് അദ്ദേഹം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അറിയപ്പെടുന്നത്. അര്‍മേരോയിലെ ഇടവകവൈദികനായിരുന്നു. കൊളംബിയയിലെ അഭ്യാന്തര വിപ്ലവകാലത്ത് വിമതരുടെ കൈകളിലാണ് കൊല്ലപ്പെട്ടത്. ഒളിപ്പോരാളികള്‍ക്ക് ഇടവക ദേവാലയം ഒഴിഞ്ഞുകൊടുക്കണമെന്ന അഭ്യര്‍ത്ഥന വിസമ്മതിച്ചതിന്‍റെ പേരില്‍ 1948 ഏപ്രില്‍ 10-ന് അദ്ദേഹത്തെ അവര്‍ വെടിവച്ചു കൊല്ലുകയായിരുന്നു. പോരാളികള്‍ക്കെതിരെ ഉപയോഗിക്കാന്‍ ദേവാലയത്തിലും സമീപത്തുമുള്ള കന്യകാലയത്തിലും ആയുധശേഖരം നടത്തിയെന്നും ഫാദര്‍ റാമോസിനെതിരെ അവര്‍ വ്യാജാരോപണം നടത്തിയിരുന്നു. ക്രിസ്തീയ ആചാരപ്രകാരമുള്ള അന്തിമോപചാര ശുശ്രൂഷയും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു.

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ജൂലൈ 7-Ɔ൦ തിയതി പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ച നാമകരണ നടപടികള്‍ക്കുള്ള രേഖകള്‍ പരിശോധിച്ച് വിശ്വാസത്തെപ്രതിയുള്ള അവരുടെ ജീവസമര്‍പ്പണങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കൊളംബിയയിലെ രക്തസാക്ഷികളായ ബിഷപ്പ് എമീലിയോ ഹാരമീല്യോ, ഫാദര്‍ പെദ്രൊ റമീരെസ് എന്നിവരെ അപ്പോസ്തോലിക സന്ദര്‍ശനത്തിനിടെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുമെന്നും പാപ്പാ പ്രഖ്യാപിച്ചത്. 








All the contents on this site are copyrighted ©.