2017-07-12 09:19:00

വാര്‍ദ്ധക്യം സായംപ്രഭയായി അംഗീകരിക്കണം


മനുഷ്യാന്തസ്സ് അന്ത്യംവരെ ആദരിക്കപ്പെടണമെന്നും വാര്‍ദ്ധക്യം സായംപ്രഭയായി  അംഗീകരിക്കപ്പെടണമെന്നും  വത്തിക്കാന്‍റെ പ്രതിനിധി യുഎന്നില്‍ അഭിപ്രായപ്പെട്ടു.  

മനുഷ്യായുസ്സിന്‍റെ ദൈര്‍ഘ്യം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും പ്രായമായവരെ ഉള്‍ക്കൊള്ളാന്‍ വേണ്ടുവോളം സമൂഹം വളരുന്നില്ലെന്ന്, ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ബെര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു. സമൂഹികവികസനത്തില്‍ പ്രായമായവരെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ജൂലൈ 5-മുതല്‍ 7-വരെ സംഗമിച്ച സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി അഭിപ്രായപ്രകടനം നടത്തിയത്.

വൈദ്യശാസ്ത്രത്തിന്‍റെ പുരോഗതിയും ആധുനികചികിത്സാ സംവിധാനങ്ങളും മനുഷ്യന്‍റെ പുരുഷായുസ്സ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതുവഴി ഇന്ന് പ്രായമായവരുടെ എണ്ണം സമൂഹത്തില്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. അവരുടെ പ്രായത്തിന്‍റെ സങ്കീര്‍ണ്ണതയും ലോലതയും മാനിച്ചുകൊണ്ട് പ്രായമായവര്‍ക്ക് സമൂഹം പ്രത്യേക ആദരവും പരിഗണനയും നല്കേണ്ടതാണ്. ദാരിദ്ര്യം, രോഗം, ഏകാന്തത, പാര്‍പ്പിടം, ചികിത്സ എന്നിങ്ങനെയുള്ള ജീവിതത്തിന്‍റെ സങ്കീര്‍ണ്ണവും അടിസ്ഥാനപരവുമായ ആവശ്യങ്ങളുടെ മേഖലകളില്‍ സമൂഹം ഇന്ന് എളുപ്പത്തില്‍ പുറംതള്ളുന്നത് പ്രായമായവരെയാണ്. അതുപോലെ പ്രകൃതിക്ഷോഭത്തിന്‍റെയും, മറ്റു സാമൂഹിക പ്രതിസന്ധികളുടെയും പ്രത്യാഘാതങ്ങള്‍ അധികമായി അനുഭവിക്കേണ്ടിവരുന്ന ചുറ്റുപാടുകളിലും പുറതള്ളപ്പെടുന്നതും പ്രായമായവര്‍തന്നെയാണ്. അതിനാല്‍ അവരുടെ ജീവിതം സുഗമമാക്കുകയും സംരക്ഷിക്കപ്പെടുകയുംചെയ്യുന്ന സംവിധാനങ്ങള്‍ ക്രമപ്പെടുത്തുന്നതോടൊപ്പം, അവരെ സാധിക്കുമ്പോഴൊക്കെ വികസനപദ്ധതികളിലും സാമൂഹിക പരിപാടികളിലും ഉള്‍പ്പെടുത്താവുന്നതാണ്. വയോജനങ്ങളുടെ പക്വതയും അറിവും കണക്കിലെടുക്കുകയാണെങ്കില്‍ അവരെ വികസനപദ്ധതികളുടെ ഭാഗമാക്കാന്‍ സാധിക്കേണ്ടതാണ്. മുന്‍വിധിയും നയങ്ങളും മാറ്റിവച്ച്, പ്രായമായവരെ സമൂഹം പാര്‍ശ്വവത്ക്കരിക്കാതെ അവരോട് തുറവും ആദരവും പ്രകടമാക്കുന്ന സംസ്ക്കാരം വളര്‍ത്തേണ്ടതാണ്.

സമൂഹത്തിലെ രോഗികളും വൈകല്യമുള്ളവരുമായ പ്രായമായവര്‍ സാധാരണവും ധാരാളവുമാണ്. വികസനപദ്ധതികളില്‍ അവരെ ഇനി ഉപയോഗിക്കാന്‍ പറ്റിയില്ലെങ്കിലും, അവരെ ഒരിക്കലും കുടുംബങ്ങളും സമൂഹവും യുവതലമുറയും ഭാരമായി കാണരുത്. ഭൗതികവും സാമ്പത്തികവും സാമൂഹികവുമായ എല്ലാ പരിഗണനകള്‍ക്കുമപ്പുറം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും പിന്‍തുണയും സഹായവും ആവശ്യമായിരിക്കുന്ന ജീവിതഘട്ടമാണ് വാര്‍ദ്ധക്യം എന്ന ബോദ്ധ്യത്തോടെ അവരെ ഉള്‍ക്കൊള്ളേണ്ടതാണ്. അങ്ങനെ ജീവിതസായാഹ്നത്തിന്‍റെ അന്ത്യയാമങ്ങളിലും മനുഷ്യാന്തസ്സിന്‍റെ തലത്തില്‍ മറ്റാരെയുംപോലെ പ്രായമായവരും ആദരിക്കപ്പെടണം. ഈ അഭ്യര്‍ത്ഥനയോടെയാണ് വത്തിക്കാന്‍റെപേരിലുള്ള അഭിപ്രായപ്രകടനം ആര്‍ച്ചുബിഷപ്പ് ഔസാ ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.