2017-07-10 13:34:00

നിണസാക്ഷികള്‍:വിദ്വേഷത്തെ നന്മ കൊണ്ട് ജയിക്കുന്നതിനുള്ള മാതൃക


തെക്കെഅമേരിക്കന്‍ നാടായ കൊളൊംബിയായുടെ ദേശിയ അനുരഞ്ജനത്തിനായി പ്രാര്‍ത്ഥിക്കാന്‍ അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാര്‍ വിശ്വാസികളെ ക്ഷണിക്കുന്നു.

കൊളൊംബിയായില്‍ കത്തോലിക്കാവിശ്വാസത്തെപ്രതി ജീവന്‍ ത്യജിച്ച ബിഷപ്പ് ഹെസൂസ് എമീലിയൊ മൊണ്‍സാല്‍വെ, പ്രേഷിതനായ ഹവേരിയാനൊ ദി യറുമാല്‍, വൈദികന്‍ മരിയ റമീരെസ് റാമൊസ് എന്നിവരുടെ നിണസാക്ഷിത്വം തിരുസഭ ഔദ്യോഗികമായി അംഗീകരിക്കുകയും അങ്ങനെ അവര്‍ വാഴ്ത്തപ്പെട്ടവരായി ഉയര്‍ത്തപ്പെടുന്നതിനുള്ള വഴിതെളിയുകയും ചെയ്തതില്‍ പ്രാദേശിക മെത്രാന്‍സംഘം അതിന്‍റെ ഈ മാസം 3 മുതല്‍ 7 വരെ ചേര്‍ന്ന സംമ്പൂര്‍ണ്ണ സമ്മേളനത്തില്‍ ദൈവത്തിന് നന്ദിപ്രകാശിപ്പിക്കവെയാണ് ഈ ക്ഷണം നല്കിയത്.

വിദ്വേഷത്തെ നന്മയുടെ ശക്തികൊണ്ട് ജയിക്കുന്നതിനുള്ള മാതൃകകളാണ് ഈ നിണസാക്ഷികള്‍ എന്ന് മെത്രാന്‍സംഘം പറയുന്നു.

ഏതു നിമിഷത്തിലും ഏതു സാഹചര്യത്തിലും ക്രിസ്തുവിനെ അനുഗമിക്കുന്നതിന്  അനുകരണീയ മാതൃകകളായിഭവിക്കുന്നു രക്തസാക്ഷികളെന്ന് മെത്രാന്മാന്‍ സംഘം വിശദീകരിക്കുന്നു.

ഈ നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്ന തിയതി ഔപചാരികമായി വിളംബരം ചെയ്യപ്പെടുന്നത് കാത്തിരിക്കുന്ന വേളയില്‍ ദേശീയ അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടിയും വൈദികരും സന്ന്യാസീസന്ന്യാസിനികളും അല്‍മായവിശ്വാസികളും അവരുടെ ക്രിസ്തീയവിളി വിശുദ്ധിയില്‍ ജീവിക്കുകവഴി സുവിശേഷമൂല്യങ്ങള്‍ നാട്ടില്‍ വിതയ്ക്കപ്പെടുന്നതിനു വേണ്ടിയും  അവരുടെ മാദ്ധ്യസ്ഥ്യം യാചിക്കാന്‍ മെത്രാന്മാര്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്യുന്നു.

പാപ്പായുടെ സന്ദര്‍ശനം പാര്‍ത്തിരിക്കുന്ന കൊളൊംബിയായില്‍ ഫ്രാന്‍സീസിസ് പാപ്പാ ഇക്കൊല്ലം സെപ്ററംബര്‍ 6 ന് എത്തും. പാപ്പാ സന്ദര്‍ശനം പതിനൊന്നാം തിയതിവരെ നീളും.








All the contents on this site are copyrighted ©.