2017-07-10 08:16:00

''കടലും തുറമുഖങ്ങളും സുരക്ഷിതകേന്ദ്രങ്ങളാകട്ടെ'': കര്‍ദിനാള്‍ ടര്‍ക്സണ്‍


എല്ലാവര്‍ഷവും ജൂലൈമാസത്തിലെ രണ്ടാം ഞായറാഴ്ച സഭ സമുദ്രഞായര്‍ (SEA SUNDAY) ആയി ആചരിക്കുന്നു.   2017-ലെ സമുദ്രഞായര്‍  (SEA SUNDAY) ആയ ജൂലൈ ഒന്‍പതാം തീയതി,  സമഗ്രമാനവ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍‌ പീറ്റര്‍  ടര്‍ക്സണ്‍  കടലിലൂടെയുള്ള  വ്യാപാരമേഖലയിലും മത്സ്യബന്ധനരംഗത്തും അധ്വാനിക്കുന്നവരെയും സമുദ്രയാനങ്ങളില്‍ ദീര്‍ഘനാള്‍ കഴിയേണ്ടിവരുന്നവരെയും അനുസ്മരിച്ചും അവരുടെ ക്ലേശങ്ങളെ വിശകലനം ചെയ്തും അവര്‍ക്കു കൃതജ്ഞത അര്‍പ്പിച്ചും നല്‍കിയ സന്ദേശത്തിന്‍റെ പരിഭാഷ താഴെക്കൊടുക്കുന്നു.

പ്രിയ ചാപ്ലയ്ന്‍സ്, വോളണ്ടിയേഴ്സ്, കടലിന്‍റെ അപ്പസ്തോലികതയുടെ കൂട്ടുകാരേ, സഹായികളേ,

നമ്മുടെ അനുദിനജീവിതത്തില്‍ നമ്മുടെ ചുറ്റുമായിരിക്കുന്നതും നാം ഉപയോഗിക്കുന്നതുമായ പല വസ്തുക്കളും അവയുടെ ഒരു ഘട്ടത്തില്‍ നമ്മുടെ പക്കലേക്കുള്ള യാത്രയില്‍ കപ്പല്‍വഴി എത്തിയിട്ടുള്ളതാണ്.  ഈ വസ്തുക്കളുടെ പിറകില്‍ കപ്പലിനെ നയിക്കുകയും ഈ വസ്തുക്കളെ സുരക്ഷിതമായി തുറമുഖത്തെത്തിക്കുകയും ചെയ്യുന്ന അനേകം നാവികരുടെ മുഖങ്ങള്‍ നമുക്ക് സങ്കല്പിക്കുവാന്‍ പ്രയാസമാണ്.

ഈ സമുദ്രഞായറില്‍, ഏതാണ്ട് ഒന്നര ദശലക്ഷത്തിലധികം വരുന്ന നാവികരെക്കുറിച്ച് അറിയുന്നതിനും അവരോടുള്ള കൃതജ്ഞത പ്രകടിപ്പിക്കുന്നതിനും നാം ക്ഷണിക്കപ്പെടുകയാണ്.  അവരില്‍ ഏറിയ പങ്കും വികസ്വരരാജ്യങ്ങളില്‍ നിന്നുള്ളവരാണ്.  അവര്‍ തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ത്യാഗജീവിതത്തിലൂടെയും, വിവിധ രാജ്യങ്ങള്‍ക്കിടയിലൂടെ അനേകതവണ കടല്‍ കടന്ന് കൊണ്ടുവരുന്ന 90 ശത്മാനത്തോളം വരുന്ന ഉപയോഗസാധനങ്ങളാല്‍ നമ്മുടെ ജീവിതം കൂടുതല്‍ സുരക്ഷിതവും സുഖകരവുമാകുന്നു എന്നു നമുക്ക് ഓര്‍മിക്കാം .

അവരുടെ സംഭാവന ആഗോളസമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമാണെങ്കിലും, ഈ ആള്‍ക്കാര്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍ അനേകമാണ്, അവരുടെ ജീവിതത്തെയും അന്തസ്സിനെയും പ്രതികൂലമായി ബാധിക്കുന്ന പ്രയാസങ്ങള്‍ വളരെയാണ്.  ഇവിടെ അവയില്‍ ചിലത് ഞാന്‍ ഓര്‍മിക്കുന്നതിന് ആഗ്രഹിക്കുകയാണ്.

വലിയ സാങ്കേതികപുരോഗതിയുടെ കാലഘട്ടത്തില്‍, അവ കടല്‍ യാത്രികര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുമായി സമ്പര്‍ക്കത്തിനു സാധ്യത മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മാസങ്ങളോളം അവര്‍ തങ്ങളുടെ കുടുംബത്തില്‍ നിന്നും അകന്നിരിക്കുന്നു, എന്നത് വളരെ വലിയ ഒരു ത്യാഗമാണ്.  ഒപ്പം കുടുംബജീവിതത്തില്‍ അതു നിഷേധാത്മകമായ പ്രതിഫലനങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു. അമ്മമാര്‍, പിതാക്കന്മാരുടെ അസാന്നിധ്യത്തില്‍, വിവിധ റോളുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നു.  നമ്മു‌‌ടെ അജപാലന ശുശ്രൂഷയില്‍ ഇവരുടെ കുടുംബങ്ങള്‍ക്ക്, ഇവരുടെ ഭാര്യമാര്‍ക്ക് പ്രത്യേക ശ്രദ്ധയും സഹായവും നല്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്.

സാമൂഹിക മാധ്യമങ്ങള്‍, ലോകമാസകലമുള്ള ധാരാളം ആളുകളുമായി അവരെ ബന്ധിപ്പിക്കുന്നുണ്ടെങ്കിലും, ഒഴിവുസമയങ്ങളില്‍, അവയില്‍ അഭയം തേടി കപ്പലിലുള്ളവര്‍ക്കു തമ്മില്‍ തമ്മിലുള്ള ബന്ധങ്ങളെ ഇല്ലാതാക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അവരെ സന്ദര്‍ശിക്കുന്ന വേളകളില്‍ നമ്മുടെ ജോലി, പ്രത്യേകമായും കപ്പല്‍ ജോലിക്കാര്‍ തമ്മിലുള്ള മാനുഷികബന്ധങ്ങളെ സൃഷ്ടിക്കുന്നതിനും ആശയവിനിമയത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്.  അങ്ങനെ ഏകാന്തതയെയും ഒറ്റപ്പെടലിനെയും, അതില്‍ നിന്നും ആത്മഹത്യയിലേക്കുവരെ നയിക്കുന്ന നിരാശയെയും നമുക്കു തടയാന്‍ സാധിക്കും.  അടുത്തകാലത്ത് യു.കെയില്‍ ഇതിനോടു ബന്ധപ്പെട്ട ഗവേഷണം കടല്‍യാത്രികരുടെ ഇത്തരത്തിലുള്ള ഉയര്‍ന്ന മരണനിരക്കിനു കാരണമായി ഈ സാഹചര്യത്തെ ചൂണ്ടിക്കാണിക്കുന്നു.

ഭീകരാക്രമണഭീഷണി വര്‍ധിച്ചുവരുന്നതിനാല്‍, പുതിയ സുരക്ഷിതമാനകങ്ങള്‍ കപ്പലുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്നു. എന്നുവരികിലും, തുറമുഖങ്ങള്‍ വ്യക്തികള്‍ക്കും വസ്തുക്കള്‍ക്കും സുരക്ഷിതസ്ഥലങ്ങളായി മാറ്റേണ്ടതിന്‍റെയും ഒപ്പം ദേശ, വര്‍ഗ, മത വിവേചനത്തിനതീതമായിരിക്കേണ്ടതിന്‍റെയും ആവശ്യകത നാം മനസ്സിലാക്കുകയും അവര്‍ക്ക് അവരുടെ ആരോഗ്യവും ക്ഷേമവും സുരക്ഷിതമാക്കുന്നതിന് തുറമുഖങ്ങളില്‍ അവര്‍ക്കവകാശപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും അവര്‍ക്കു ലഭ്യമാക്കുന്നതിന്‍റെ വക്താക്കളാകുകയും ചെയ്യേണ്ടതാണ് (Maritime Labour Convention 2006, Title 4, Regulation 4,4). 

2006-ലെ സാമുദ്രിക തൊഴില്‍ സമ്മേളനത്തില്‍ അംഗീകരിച്ച ചട്ടങ്ങള്‍ 2013-ലെ സമ്മേളനത്തിലും അംഗീകരിക്കപ്പെട്ടെങ്കിലും ഇന്നും വേതനകാര്യത്തില്‍ ഈ തൊഴിലാളികള്‍ ഇന്നും വഞ്ചിക്കപ്പെടുകയാണ്.  തൊഴിലിടങ്ങളില്‍ അവര്‍ ചൂഷിതരാണ്,  കടലപകടങ്ങളില്‍ അന്യായമായി അവര്‍ കുറ്റവാളികളാക്കപ്പെടുകയും വിദേശ തുറമുഖങ്ങളില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു എന്നതും അസാധാരണമല്ല.  ഇവര്‍ ബുദ്ധിമുട്ടിലും പ്രയാസങ്ങളിലുമായിരിക്കുമ്പോള്‍, ആവശ്യമായ സഹായവും താങ്ങും ലഭ്യമാക്കുക എന്നത് നമ്മുടെ ചുമതലയായിരിക്കുമ്പോള്‍,  അധികൃതരെ ചൂഷണങ്ങളും മറ്റു കുറ്റകൃത്യങ്ങളും തടയുന്നതിന് ജാഗ്രതയോടെയിരിക്കുന്നതിനും അതിലിടപെടുന്നതിനും പ്രേരിപ്പിക്കുക എന്നത് നമ്മുടെ ആവശ്യമായിരിക്കുന്നു.

കടല്‍ക്കൊള്ള ഇന്ന് നാവികവഴികളില്‍ കുറഞ്ഞിരിക്കുന്നുവെന്നു പറയാമെങ്കിലും, ചില ഭൂഭാഗങ്ങളില്‍ സായുധസംഘട്ടനങ്ങളും തട്ടിക്കൊണ്ടുപോകലും തുടര്‍ച്ചയായി നടക്കുന്നു.  അതിനാല്‍ ഈ കപ്പല്‍ത്തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് നാവികസമൂഹത്തെ നാം ആഹ്വാനം ചെയ്യുകയാണ്.

അവസാനമായി, മത്സ്യത്തൊഴിലാളികളെയും ആ മേഖലയെയും നമ്മു‌ടെ പരിഗണനയിലേക്കു കൊണ്ടുവരുന്നതിനു ഞാന്‍ ആഗ്രഹിക്കുന്നു.  ഇവ തായ്വാനിലെ കവോസ്യൂങില്‍ (Kaohsiung - TAIWAN) വച്ചു അടുത്ത ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഇരുപത്തിനാലാമത് ആഗോള കോണ്‍ഗ്രസിന്‍റെ കേന്ദ്രവിഷയമാണ്.  കടല്‍യാത്രികരെപ്പോലെ, മത്സ്യത്തൊഴിലാളികളും ദീര്‍ഘസമയം കടലില്‍ ചെലവഴിക്കുന്നവരാണ്.  മിക്കവാറും യാത്രയ്ക്കും മത്സ്യബന്ധനത്തിനും കടലിലെ ഉപയോഗത്തിനു യോഗ്യമല്ലാത്ത യാനപാത്രങ്ങളാണ് അവര്‍ക്കുള്ളത്.  അതുപോലെ, ഏറ്റവും അപകടകരമായ ഒരു തൊഴിലാണ് അവര്‍ ചെയ്യുന്നതെങ്കിലും അതിനുള്ള പ്രതിഫലവും കൂലിയും മറ്റു കടല്‍ത്തൊഴിലാളികളെ അപേക്ഷിച്ച് തീര്‍ത്തും അപര്യാപ്തമാണ്.  മത്സ്യബന്ധന മേഖലയും മനുഷ്യക്കടത്ത് നിര്‍ബന്ധിതവേല, നിയമപരമല്ലാത്തതും റിപ്പോര്‍ട്ടു ചെയ്യാനോ, നിയന്ത്രണവിധേയമല്ലാത്തതോ ആയ മത്സ്യബന്ധനം എന്നിവയാല്‍ ദുരവസ്ഥയിലാണ്.

അടുത്തുവരുന്ന ആഗോള കോണ്‍ഗ്രസ്സില്‍, യോഗ്യരായ പ്രഭാഷകരുടെ സഹായത്തോടെ, ഈ പ്രശ്നങ്ങളിലുള്ള നമ്മുടെ ശ്രദ്ധയും ബോധ്യവും വര്‍ധമാനമാകുമെന്നു കരുതുന്നു.  'കടലിന്‍റെ അപ്പസ്തോലികത' എന്ന പ്രസ്ഥാനം കൂടുതല്‍ വ്യാപകവും ശക്തവുമാക്കി വിവിധ ദേശങ്ങളുമായുള്ള അതിന്‍റെ സഹകരണം വര്‍ധിപ്പിക്കും.  അതുപോലെ തന്നെ, ഇക്കാര്യത്തില്‍ നമ്മുടെ വിഭവങ്ങളും നൈപുണ്യവും, പ്രത്യേകിച്ച് മത്സ്യബന്ധനമേഖലയുടേത് വികസിപ്പിക്കും.

അടുത്തുവരുന്ന ആഗോള കോണ്‍ഗ്രസ്സ് ഈ മേഖലയിലെ വിദഗ്ധരെ മാത്രമല്ല, 'കടലിന്‍റെ അപ്പസ്തോലിക' പ്രസ്ഥാനത്തിലെ അനേകരായ കപ്ലോന്‍മാരെയും സന്നദ്ധസേവകരെയും ഉള്‍പ്പെടുത്തുന്നതിനു ഞാന്‍ ആഹ്വാനം ചെയ്യുകയാണ്.  എന്തുകൊണ്ടെന്നാല്‍, ചില വ്യക്തികളുടെ പരിഗണനയിലുള്‍പ്പെടുന്നതു മാത്രമല്ല, മത്സ്യമേഖലയും അതിലെ തൊഴിലാളികളും, മറിച്ച്, കടലിന്‍റെ അപ്പസ്തോലിക പ്രസ്ഥാനത്തിന്‍റെ പ്രത്യേക പരിഗണനയിലുള്‍പ്പെടുന്നതാണ്.

ഈ സന്ദേശം സമാപിപ്പിക്കുമ്പോള്‍, നമുക്ക് സമുദ്രതാരമായ മറിയത്തോട്, കടല്‍യാത്രികര്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കായും അവരുടെ കുടുംബങ്ങള്‍ക്കായും ഉള്ള നമ്മുടെ ശുശ്രൂഷകളെയും പ്രതിബദ്ധതയെയും സുസ്ഥിരമാക്കുന്നതിനും കടലിനോടു ബന്ധപ്പെട്ടു കഴിയുന്ന എല്ലാ ആള്‍ക്കാരെയും സ്വര്‍ഗീയ തുറമുഖത്തെത്തുന്നതുവരെ സംരക്ഷിക്കണമെന്നും നമുക്കു പ്രാര്‍ഥിക്കാം.








All the contents on this site are copyrighted ©.