സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

സമാശ്വാസമേകുന്ന സ്നേഹരൂപനും ക്ഷമാശീലനും

സ്നേഹരൂപനായ ക്രിസ്തുനാഥന്‍ - റൊമേനിയന്‍ ചിത്രീകരണം - RV

08/07/2017 20:09

വിശുദ്ധ മത്തായി 11, 25-30.  ആണ്ടുവട്ടം 14-Ɔ൦ വാരം ഞായര്‍

1.  പിതാവിനെ മഹത്വപ്പെടുത്തുന്ന പുത്രന്‍   ഇന്നത്തെ സുവിശേഷത്തില്‍ ക്രിസ്തു പിതാവിനെ മഹത്വപ്പെടുത്തുന്നു. എന്തിനാണ് മഹത്വപ്പെടുത്തുന്നത്? ഈ മഹത്വീകരണം സാധാരണ മാനുഷികയുക്തിക്ക് ചേരാത്തതാണ്. പ്രത്യേകിച്ച് ഇന്നിന്‍റെ യുക്തിക്ക് ചേരാത്തതാണ്. കാരണം, ദൈവികരഹസ്യങ്ങള്‍ എളിയവര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തതിനാണ് ക്രിസ്തു സ്വര്‍ഗ്ഗീയ പിതാവിന് നന്ദിപറയുന്നത്. സുവിശേഷകന്‍റെ വാക്കുകള്‍ അത് വ്യക്തമാക്കുന്നു. “സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവേ, അങ്ങ് ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലുംനിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു…!” (മത്തായി 11, 25).   ലോകത്തുള്ള പ്രതാപികള്‍ക്കോ മഹത്തുക്കള്‍ക്കോ അല്ല, വിനീതഹൃദയര്‍ക്കും എളിയവര്‍ക്കും ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുത്തതിനാണ് ക്രിസ്തു പിതാവിന് നന്ദിപറയുന്നത്.

2.  ദൈവരാജ്യത്തിന്‍റെ വിനീതഭാവം   ആദ്യവായന സഖറിയാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്നാണ്. പ്രവാചകനും പിതാവിന് നന്ദിയര്‍പ്പിക്കുകയാണ്. ജനതകളോട് ദൈവരാജ്യത്തിന്‍റെ സമാധാനം അറിയിക്കേണ്ട രാജാവ് പ്രതാപവാനും ജയശാലിയുമാണ്. എന്നിട്ടും ഇതാ, അവിടുന്ന് വിനീതനായി, വിനയാന്വിതനായി, താഴ്മയോടെ, ചെറുമയില്‍ കഴുതപ്പുറത്തു വരുന്നു, കഴുതക്കുട്ടിയുടെ പുറത്തുവരുന്നു എന്നാണ് സഖറിയ പ്രഘോഷിക്കുന്നത് (9, 9-10). പഴയകാലത്ത് വലിയ പ്രാധാന്യമുള്ള വളര്‍ത്തുമൃഗമായിരുന്നു കഴുത. പ്രത്യേകിച്ച് ബൈബിളിന്‍റെ പശ്ചാത്തലത്തില്‍ വളരെ സൗമ്യതം ശാന്തതയുമുള്ള മൃഗമാണല്ലോ. മന്ദതയുള്ള മൃഗമായും തോന്നാമെങ്കിലും ചുമടെടുക്കും. യാത്രയ്ക്ക് ഉപകാരപ്പെടും. ഉപകാരവും കൂറുമുള്ള മൃഗമാണത്. പഴയ സാമൂഹികചട്ടപ്രകാരം കഴുത സ്വത്തിന്‍റെ അടയാളവും മൂല്യവുമായിരുന്നു. അബ്രാഹത്തിനും ജോബിനുമെല്ലാം 500, 1000 കഴുതകള്‍ സ്വത്തുക്കളായി ഉണ്ടായിരുന്നെന്ന് പഴയനിയമത്തില്‍ വായിക്കുന്നു. പിന്നീട് രാജാക്കന്മാരുടെ കാലത്താണ് സവാരിയിലും പോര്‍ക്കളത്തിലേയ്ക്കുമൊക്കെ കുതിരയെ ഉപയോഗിക്കാന്‍ തുടങ്ങിയത്.

സംഖ്യാപുസ്തകം വിവരിക്കുന്ന ബാലാമിന്‍റെ കഥയും ശ്രദ്ധേയമാണ്. കരുത്തനായ ബാലാം, ദൈവികാജ്ഞ ശ്രവിക്കാതെ പ്രഭുക്കന്മാരുടെകൂടെ ഇസ്രായേല്‍ ജനത്തിനെതിരെ തിരിഞ്ഞു.  എന്നാല്‍  ബാലാം യാത്രചെയ്ത കഴുതയുടെ ക്ഷമയും, വിനീതഭാവവുമാണ് അയാളെ രക്ഷിക്കുന്നത്. ബാലാം മാര്‍ഗ്ഗമദ്ധ്യേ കര്‍ത്താവിന്‍റെ ദൂതനെ ശ്രവിക്കാതിരുന്നപ്പോഴും കഴുതയാണ് ദൂതനെ കാണുന്നതും യാത്രമുടക്കി, വഴിയില്‍ക്കിടന്ന് ബാലാമിന് ദൂതന്‍റെ ആജ്ഞകളും, കര്‍ത്താവിന്‍റെ വഴികളും കാട്ടിക്കൊടുക്കുന്നത് (സഖ്യാപുസ്തകം 22). ക്രിസ്തു ജരൂസലേം പ്രവേശനം നടത്തിയത് കഴുതപ്പുറത്താണെന്നത് ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്. ക്രിസ്തുവിന്‍റെ വിനീത ഭാവമാണ്, പ്രാവചകന്മാര്‍ മൊഴിഞ്ഞ പ്രാഭവവാനായ, എന്നാല്‍ വിനീതനായ രാജാവാണ് ക്രിസ്തു. അവിടുത്തെ രാജ്യത്തിന്‍റെ സന്ദേശം വിനീതര്‍ക്കുള്ളതാണ്.

3.  ദൈവരാജ്യത്തിലെ വിനീതര്‍    പിതാവ് പുത്രനു വെളിപ്പെടുത്തുകയും. പുത്രന്‍ ലോകത്തിന് പിതൃസ്നേഹവും കാരുണ്യവും വെളിപ്പെടുത്തി തരികയും ചെയ്യുന്നു. ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങളും പുത്രന്‍ ലോകത്തിനായി ചുരുളഴിയിക്കുന്നു. ഇനി അവ വെളിപ്പെടുത്തിയ പുത്രനിലും, പുത്രന്‍ വെളിപ്പെടുത്തിയ കാര്യങ്ങളിലും വിശ്വസിക്കുന്നവനിലാണ് പിതാവ് സംപ്രീതനാകുന്നതെന്ന് ഇന്നത്തെ വചനം ഉദ്ബോധിപ്പിക്കുന്നു.   എളിയവര്‍ക്കും പാവങ്ങള്‍ക്കും ഒരു സ്ഥാനവും വിലയുമില്ലാത്ത, അല്ലെങ്കില്‍ ഇല്ലെന്നു ചിന്തിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. പാവങ്ങള്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു. വിനീതരും എളിയവരും പുറംതള്ളപ്പെടുന്നു. പ്രായമായവരെയും രോഗികളെയും വീടുകളില്‍നിന്നും മെല്ലെ ഒഴിവാക്കുന്നു. അവരെ അഗതിമന്ദിരങ്ങളിലേയ്ക്കോ, വൃദ്ധസദനങ്ങളിലേയ്ക്കോ പറഞ്ഞുവിടുന്നു. ന്യൂനപക്ഷങ്ങള്‍ മര്‍ദ്ദിക്കപ്പെടുകയും, അവരെ വംശനാശം ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെ ഉപയോഗമില്ലാത്ത സാധനങ്ങള്‍ വലിച്ചെറിയുന്നതുപോലുള്ള ഒരു ‘വെയിസ്റ്റ് കള്‍ചര്‍,’
A Culture of Waste സമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ട്. എന്നാല്‍ നാം ഓര്‍ക്കേണ്ടത്, ലോകജനതയുടെ ബഹുഭൂരിപക്ഷം പാവങ്ങളും സാധാരണക്കാരുമാണ്. ലോകമിന്ന് വികസനം വളര്‍ച്ച എന്നെല്ലാം പറയുമ്പോളും, സുസ്ഥിതി വികസനപദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുമ്പോള്‍ ബഹുഭൂരിപക്ഷത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സംസ്ക്കാരമോ, സാംസ്ക്കാരിക-സാമൂഹിക വികസനമോ അസ്ഥാനത്താണ്. ക്രിസ്തു പ്രബോധിപ്പിക്കുന്ന ദൈവരാജ്യത്തിന്‍റെ സന്ദേശം ഈ ബഹുഭൂരിപക്ഷംവരുന്ന പാവങ്ങള്‍ക്കുള്ള രക്ഷയുടെ സന്ദേശമാണ്. അത് സകലരെയും ആശ്ലേഷിക്കുന്ന സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സാന്ത്വനസന്ദേശമാണ്. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്, ആത്മനാദാരിദ്ര്യമുള്ളവര്‍ അനുഗൃഹീതരാണ്! ശാന്തശീലര്‍ അനുഗൃഹീതരാണ് (മത്തായി 5, 3).

4.  സുവിശേഷസന്തോഷം     ശിഷ്യന്മാര്‍ നിരക്ഷരരായിരുന്നെങ്കിലും ക്രിസ്തു പഠിപ്പിച്ച സന്ദേശങ്ങളുമായി, ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്തയുമായി ചുറ്റുമുള്ള ഗ്രാമങ്ങളില്‍പ്പോയി അവര്‍ സുവിശേഷം പ്രഘോഷിച്ചു, ദൈവസ്നേഹത്തിന്‍റെ പ്രത്യാശ പകര്‍ന്നു. അതു കഴി‍ഞ്ഞ് തിരിച്ചെത്തിയപ്പോള്‍, അവരെ കണ്ടുകൊണ്ടും, അവരുടെ ദൈവരാജ്യസന്ദേശത്തോടുള്ള തുറവും, ആത്മാര്‍ത്ഥതയും, അതു മനസ്സിലാക്കിയിട്ട് മറ്റുള്ളവരുമായി പങ്കുവയ്ക്കാനും പ്രകടമാക്കിയ ആവേശവും ആത്മാര്‍ത്ഥതയും കണ്ടിട്ടുണ്ടായ ആത്മനിര്‍വൃതിയാണ് ക്രിസ്തു പിതാവിനെ സ്തുതിച്ച് നന്ദിപ്രകാശിപ്പിച്ചത്.

5.  ' പാവങ്ങളുടെ  ക്രിസ്തു '     മനസ്സിലേയ്ക്കു വരുന്നത്, കഴിഞ്ഞദിവസം പാപ്പാ ഫ്രാന്‍സിസ് അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസ് അതിരൂപതിയിലെ ഒരു വൈദികന്, ഫാദര്‍ പെപ്പേയ്ക്ക് അയച്ച സന്ദേശമാണ്. “പാവങ്ങളുടെ ക്രിസ്തു”  Cristo de los Villeros എന്ന പേരില്‍ അദ്ദേഹം നഗരത്തില്‍ ചിതറിക്കിടക്കുന്ന ചേരിപ്രദേശത്തെ ജനങ്ങള്‍ക്കായി തുടക്കമിട്ട ചെറിയ റേഡിയോ നിലയത്തിന്‍റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട സന്ദേശം പാപ്പാ റെക്കോര്‍ഡ്ചെയ്ത് വത്തിക്കാനില്‍നിന്നും ഫാദര്‍ പെപ്പേയ്ക്ക് അയച്ചുകൊടുത്ത്.

സമൂഹങ്ങള്‍ തമ്മില്‍  മതിലുകള്‍ കെട്ടി അകന്നുപോകാതെ, സ്നേഹത്തിന്‍റെ പാലങ്ങള്‍ പണിയാനും, പൊള്ളയായ സംസാരത്തില്‍ സമയം നഷ്ടപ്പെടുത്താതെ നന്മയുടെ പ്രയോക്താക്കളാകാനും, കുടുംബങ്ങളിലും സമൂഹത്തിലും സ്നേഹവും സൗഹൃദം വളര്‍ത്താനും "Cristo de los Villeros" “പാവങ്ങളുടെ ക്രിസ്തു” സഹായകമാകട്ടെയെന്ന് സന്ദേശത്തില്‍ പാപ്പാ ആശംസിച്ചു.  ‘ചേരികളുടെ ഇടയന്‍’ എന്ന അപരനാമത്തില്‍ ബ്യൂനസ് ഐരസ് നഗരത്തില്‍ അറിയപ്പെടുന്ന ഫാദര്‍ പെപ്പേയാണ്   ഈ റേഡിയോയുടെ സംവിധായകനും പ്രായോജകരും. അര്‍ജന്‍റീനയില്‍ മെത്രാപ്പോലീത്തയായിരിക്കെ പാപ്പായുടെ അടുത്ത സുഹൃത്തും സഹകാരിയുമായിരുന്നു, ശിഷ്യനുമായിരുന്നു ഫാദര്‍ പെപ്പേ. ദൈവരാജ്യത്തിന്‍റെ സന്ദേശം പാവങ്ങള്‍ക്കിടയില്‍ പ്രഘോഷിക്കുന്നതിലുള്ള, അല്ലെങ്കില്‍ പ്രഘോഷിക്കപ്പെടുന്നതിലുള്ള അതിയായ സന്ദേശമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ കാണുന്നത്. ഇതുതന്നെയാണ് സുവിശേഷം, പാവങ്ങളിലേയ്ക്കുള്ള ഇറങ്ങിച്ചെല്ലല്‍.   അവരുമായി ദൈവികകാരുണ്യത്തിന്‍റെയും രക്ഷയുടെയും സന്ദേശം പങ്കുവയ്ക്കുന്നതാണ് ദൈവരാജ്യത്തിന്‍റെ സന്ദേശം!

6.  ക്ഷമാശീലനും സ്നേഹരൂപനും    സുവിശേഷത്തില്‍ ഉടനീളം നാം കാണുന്നത് ക്രിസ്തു ദൈവരാജ്യത്തിന്‍റെ സുവിശേഷവും കാരുണ്യവും നീതിയും എളിയവരുമായി പങ്കുവയ്ക്കുന്നതിലാണ്. വിധവയുടെ ചില്ലിക്കാശിനെ ക്രിസ്തു പ്രശംസിക്കുന്നു. അത് സമ്പന്നര്‍ നിക്ഷേപിക്കുന്ന വന്‍തുകകളെക്കാള്‍ ശ്രേഷ്ഠമെന്നും അമൂല്യമെന്നും വിശേഷിപ്പിക്കുന്നു (ലൂക്ക 10, 21-24). പാപികളുടെയും പാവങ്ങളുടെയും ഇടയിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ക്രിസ്തുവിനെയാണ് നാം കാണുന്നത് (മത്തായി 9, 10-12). ധൂര്‍ത്തനായ പുത്രന്‍റെ തിരിച്ചുവരവില്‍ സന്തോഷിക്കുന്ന പിതാവിനെയും, നഷ്ടപ്പെട്ട ആടിനെ തേടിപ്പുറപ്പെടുകയും, കണ്ടുകിട്ടുമ്പോള്‍ സന്തോഷിക്കുകയും, തോളിലേറ്റി ആലയിലേയ്ക്ക് മടങ്ങുകയുംചെയ്യുന്ന നല്ലിടയന്‍റെ രൂപവുമെല്ലാം (ലൂക്ക 15, 7.. 24) ദൈവരാജ്യത്തിന്‍റെ സാമീപ്യത്തിലുള്ള സന്തോഷമാണു പ്രഘോഷിക്കുന്നത്.

അവസാനമായി,  ഇന്നത്തെ സുവിശേഷഭാഗത്ത് ക്രിസ്തു പറയുന്നത് വീണ്ടും ദൈവരാജ്യത്തിന്‍റെ പ്രത്യാശയുടെ സന്ദേശമാണ്. ക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട ദൈവരാജ്യത്തിന്‍റെ മൗലികമായ സന്ദേശമാണത്. “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീത ഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍ എന്‍റെ നുകം വഹിക്കാന്‍ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.”  (മത്തായി 11, 28-30). ഇതിന്ന് ക്രിസ്തു നമുക്കു തരുന്ന സാന്ത്വന സന്ദേശമാണ്. ജീവിത വ്യഥകളില്‍ ക്ലേശിക്കുമ്പോഴും, ചിലപ്പോള്‍ മുങ്ങിപ്പോകുമ്പോഴും ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിക്കാം. ദൈവസ്നേഹത്തിന്‍റെ സാന്ത്വനസന്ദേശവും സുവിശേഷവുമാണ്.. ശാന്തശീലനും വിനീതഹൃദയനുമായ അവിടുന്നു. ക്രിസ്തുവിന്‍റെ ദിവ്യസന്നിധാനത്തില്‍ സമാശ്വാസം തേടാം.

 


(William Nellikkal)

08/07/2017 20:09