2017-07-07 13:57:00

ജലം ജനതകളെ ഒന്നിപ്പിക്കും : കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍


ജലസ്രോതസ്സുക്കളുടെ മലിനീകരണം സംബന്ധിച്ച് വത്തിക്കാനില്‍ നടന്ന സമ്മേളത്തിലെ ചിന്താശകലങ്ങള്‍... 

ജലവും ജലസ്രോതസ്സുക്കളും മനുഷ്യരാശിയെ ഒന്നിപ്പിക്കുന്ന ഘടകങ്ങളാണ്. സമഗ്ര മാനവികതയ്ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.

സമുദ്രവും നദിയുമെല്ലാം പ്രത്യക്ഷത്തില്‍ മനുഷ്യനെ അകറ്റുന്നതായും ഭിന്നിപ്പിക്കുന്നതായും തോന്നാമെങ്കിലും, പാരസ്പരികതയും, കൈമാറ്റസാദ്ധ്യതകളും, ആരോഗ്യം ക്ഷേമം എന്നിവ നിലനിര്‍ത്തുന്ന ഘടകങ്ങളാണെന്ന് ജൂലൈ 5-Ɔ൦ തിയതി ബുധനാഴ്ച റോമില്‍ സംഗമിച്ച മാനവവികസനം സംബന്ധിച്ച വത്തിക്കാന്‍ സംഘത്തിന്‍റെ (Dycastery for Integral Human Development) സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ചൂണ്ടിക്കാട്ടി.

ജലസ്രോതസ്സുക്കളും അവയിലെ ഉപായസാദ്ധ്യതകളും നശിപ്പിക്കുമാറ് മനുഷ്യന്‍ സ്വാര്‍ത്ഥമായും അശ്രദ്ധമായും അവ ഉപയോഗിക്കുമ്പോഴാണ് അതിന്‍റെ കെടുതികള്‍ സമൂഹം അനുഭവിക്കേണ്ടി വരുന്നത്. മറിച്ച് ജലവും ജലസ്രോതസ്സുക്കളും മാനവികതയുടെ പൈതൃകമായി കാണുകയും, അവയെ ശ്രദ്ധയോടെ ഉപയോഗിക്കുകയും ചെയ്യുകയാണെങ്കില്‍ മാനവരാശിയുടെ സുസ്ഥിതിക്കും വളര്‍ച്ചയ്ക്കും, സാമൂഹിക ആരോഗ്യനിലവാരത്തിനും, പാരസ്പരികതയ്ക്കും, കൂട്ടായ്മയ്ക്കും അവ നിദാനമാകുമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രഭാഷണത്തില്‍ വിലയിരുത്തി.  ജലാശയങ്ങളുടെയും, അവയിലെ ജൈവവൈവിദ്ധ്യങ്ങളുടെയും വംശനാശം സംഭവിക്കുവോളവും മലീമസമാക്കപ്പെടുവോളവും അവ സ്വാര്‍ത്ഥമായി ദുരുപയോഗംചെയ്താല്‍ ലോകത്ത് ജലത്തെയും ജലസ്രോതസ്സുക്കളെയും കേന്ദ്രീകരിച്ച് ഒരു ‘മൂന്നാം ലോകമഹായുദ്ധ’ത്തിന് സാദ്ധ്യതയുണ്ടെന്ന  പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിപ്രായം കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സമ്മേളനത്തില്‍ ഉദ്ധരിച്ചു.    

ഭൂമിയുടെ 70 ശതമാനത്തോളം വരുന്ന സമുദ്രങ്ങളിലെയും ജലാശയങ്ങളിലെയും ജൈവവൈവിദ്ധ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ സമുദ്രം, നദി, തടാകം എന്നിവയുടെ ഉപയോഗം സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന നിര്‍ദ്ദേശിക്കുന്ന നിയമനിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കേണ്ടതും നടപ്പിലാക്കേണ്ടതുമാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

 








All the contents on this site are copyrighted ©.