2017-07-07 15:27:00

പാപ്പാ ഫ്രാന്‍സിസി‍ന്‍റെ ‘സ്കോളാസ്’ ജരൂസലേമിലെത്തി


“സ്കോളാസ് ഒക്കുരേന്തെസ്” – ലത്തീന്‍ ഭാഷയിലുള്ള പേരിന് സ്കൂളുകളുടെ കൂട്ടായ്മ എന്നാണര്‍ത്ഥം!  അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീത്തയായിരിക്കെ പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ടത്...   ജൂലൈ 2-മുതല്‍ 5-വരെ ദിനങ്ങളില്‍ ജരൂസലേമിലെ യഹൂദ യൂണിവേഴ്സിറ്റിയില്‍ സംഗമിച്ചുകൊണ്ടാണ് കുട്ടികളെ കുട്ടികള്‍ തുണയ്ക്കുന്ന, പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ട ആഗോളപ്രസ്ഥാനം “സ്കോളസ്” മദ്ധ്യപൂര്‍വ്വദേശത്ത് ചിറകുവിരിച്ചത്.

സമാപന സമ്മേളനത്തിന് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും വീഡിയോ സന്ദേശമയച്ചു :    പൊതുഭവനമായ ഭൂമിയില്‍ ജീവിക്കുകയും ഒരേ വായു ശ്വസിക്കുകയുംചെയ്യുന്ന ഇസ്രായേലിക്കുട്ടികളും പലസ്തീനിലെ കുട്ടുകളും ഒന്നാണ്. കൂട്ടായ്മയുടെ ഈ വീക്ഷണം അനുദിന ജീവിതത്തിന് മുഖവുരയും അത്യാവശ്യവുമാണെന്ന് യുവജനങ്ങളുടെ കൂട്ടായ്മയെ പാപ്പാ ഉദ്ബോധിപ്പിച്ചു.

സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും വിസ്തൃതമായ വീക്ഷണം നല്കുന്ന,  സൃഷ്ടിയെയും ഭൂമിയെയും കുറിച്ചുള്ള വിദ്യാഭ്യാസം അര്‍ത്ഥവത്തും സന്തോഷവുമുള്ള ജീവിതത്തിന് അടിസ്ഥാനമാണ്. അജ്ഞാതമായത് നമ്മുടെ മുന്നില്‍ വിദ്യാഭ്യാസത്തിലൂടെ വിജ്ഞാനമായി തുറക്കപ്പെടും. തെറ്റിദ്ധാരണകളുടെയും മുന്‍വിധികളുടെയും മറ നീങ്ങി നവമായ പാതകള്‍ ജീവിതത്തില്‍ തുറക്കാന്‍ വിദ്യാഭ്യാസം സഹായിക്കും. കുട്ടികളും യുവജനങ്ങളും അറിവു നേടുമ്പോള്‍ നന്ദിയും, ഉദാരതയും ക്രിയാത്മകതയും ജീവിതത്തില്‍ നിറഞ്ഞ് നിങ്ങള്‍ കൂടുതല്‍ നന്മയുള്ളവരായി മാറും.

പങ്കുവയ്ക്കലിലൂടെ വളരുന്ന സമാധാനവും നന്മയുമുള്ള ലോകം നമ്മില്‍ പ്രത്യാശയുടെ സ്വപ്നം വിരിയിക്കും. ചുറ്റുമുള്ള സാംസ്ക്കാരിക വൈരുദ്ധ്യങ്ങള്‍ക്കിടയിലും, ഭിന്നതകള്‍ക്കിടയിലും  വിദ്യാഭ്യാസത്തിലൂടെ നമുക്ക് കൂട്ടായ്മ വളര്‍ത്താം. ഭയപ്പെടാതെ അപരനെയും അയല്‍ക്കാരനെയും നമുക്ക് സ്നേഹിക്കാം. കരങ്ങളും ഹൃദയങ്ങളും കൈകോര്‍ത്താല്‍ ഇന്നു സമൂഹത്തില്‍ കാണുന്ന ഭിന്നിപ്പിന്‍റെ യാഥാര്‍ത്ഥ്യങ്ങളെ രൂപാന്തരപ്പെടുത്തി കൂട്ടായ്മയുടെ സംസ്ക്കാരം വളര്‍ത്താം. ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് “സ്കോളാസ് കൂട്ടുകാര്‍ക്ക്” വത്തിക്കാനില്‍നിന്നും അയച്ച വീഡിയോ സന്ദേശം പാപ്പാ ഉപസംഹരിച്ചത്.

യൂറോപ്പില്‍ വേനല്‍ അവധിക്കാലമാണ്. ഇപ്പോള്‍ പാപ്പാ ഫ്രാന്‍സിസും അവധിയിലാണ്. വത്തിക്കാനിലെ ‘സാന്താ മാര്‍ത്താ’ ഭവനത്തില്‍ത്തന്നെയാണ് പാപ്പാ ഈ ദിവസങ്ങളിലും താമസിക്കുന്നത്. ഞായറാഴ്ചത്തെ ത്രികാല പ്രാര്‍ത്ഥന ഒഴിച്ച് പൊതുപരിപാടികളെല്ലാം മാറ്റിവച്ചിരിക്കയാണ്. എന്നാല്‍ അനുദിനം ധാരാളം ‘ഹോം-വര്‍ക്ക്’ പാപ്പാ ചെയ്യുന്നതിനു തെളിവാണ് അങ്ങ് ദൂരെദൂരെ ജരൂസലേമിലെയും പലസ്തീനിലേയും കുട്ടുകളെ ഓര്‍ത്തുള്ള ഈ നല്ല ചിന്തകള്‍...!
നന്ദിയോടെ പ്രാര്‍ത്ഥിക്കാം!

 








All the contents on this site are copyrighted ©.