2017-07-07 17:57:00

ആരോഗ്യം എല്ലാവര്‍ക്കും...! ചികിത്സയും എല്ലാവര്‍ക്കും...!!


ജനീവയിലെ യു.എന്‍. മനുഷ്യാവകാശ കേന്ദ്രത്തില്‍ ബൗദ്ധിക പകര്‍പ്പവകാശ സംഘടയുടെ സമ്മേളനത്തില്‍ ഉയര്‍ന്ന വത്തിക്കാന്‍റെ അഭിപ്രായപ്രകടനം...

ആരോഗ്യം എല്ലാവര്‍ക്കും! അതിനാല്‍ ചികിത്സയും മരുന്നുകളും എല്ലാവര്‍ക്കും, വിശിഷ്യാ പാവങ്ങളായവര്‍ക്കും ലഭ്യമാക്കണമെന്ന് യൂഎന്നിന്‍റെ ജനീവ കേന്ദ്രത്തിലെ വത്തിക്കാന്‍റെ പ്രതിനിധി, മോണ്‍സീഞ്ഞോര്‍ യാനൂസ് ഊര്‍ബന്‍സിക് അഭിപ്രായപ്പെട്ടു.

ആഗോള ബൗദ്ധിക പകര്‍പ്പവകാശ സംഘടയുടെ (World Intellectual Property Rights Organization) സ്ഥിരം കമ്മിഷന്‍റെ ജൂലൈ 4-ന്
യു.എന്‍. ജനീവ കേന്ദ്രത്തില്‍ ചേര്‍ന്ന 26-Ɔമത് സമ്മേളനത്തിലാണ് എല്ലാവര്‍ക്കും മരുന്ന് എന്ന ചിന്ത ഉയര്‍ന്നത്. പാവങ്ങളെയും ഉള്‍പ്പെടുത്തുന്ന ആരോഗ്യപരിചരണത്തെക്കുറിച്ചും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും നല്ലരീതിയിലുള്ള രോഗനിര്‍ണ്ണയവും ചികിത്സയും മരുന്നും ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും (The all inclusive system)  വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ അഭിപ്രായപ്രകടനം നടത്തി.

ലോകത്ത് ബഹുഭൂരിപക്ഷമുള്ള പാവങ്ങള്‍ക്ക് നല്ല ചികിത്സയും മരുന്നും ലഭിക്കാതെ പോകുമ്പോള്‍ അത് സമൂഹത്തിലെ സമ്പന്നര്‍ക്കും ഉള്ളവര്‍ക്കും സുലഭമായി ലഭ്യമാകുന്നുമുണ്ട്. തന്‍റെ ചാക്രികലേഖനം ‘അങ്ങേയ്ക്കു സ്തുതി!’ (Laudato Si’)-യില്‍ ഇക്കാര്യം പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. മോണ്‍സീഞ്ഞോര്‍ ഊര്‍ബന്‍സിക് പ്രസ്താവനയില്‍ അത് ഉദ്ധരിച്ചു.

ഔഷധക്കമ്പനികളുടെയും, രോഗ നിര്‍ണ്ണയത്തിനുള്ള ഗവേഷണസ്ഥാപനങ്ങളുടെയും ആധുനിക സംവിധാനങ്ങളും ചികിത്സാസമ്പദായങ്ങളും ബഹൂഭൂരിപക്ഷം വരുന്ന പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും ലഭ്യമാക്കണമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മോണ്‍സീഞ്ഞോര്‍ ഊര്‍ബന്‍സിക് സമ്മേളനത്തോട് അഭ്യര്‍ത്ഥന നടത്തിയത്. 








All the contents on this site are copyrighted ©.