2017-07-07 11:24:00

DOCAT XXVI: ഏതവസ്ഥയിലും മനുഷ്യവ്യക്തി മാനിക്കപ്പെടണം


കഴിഞ്ഞദിനത്തില്‍ ഡുക്യാറ്റ് പഠനപരമ്പരയുടെ ഇരുപത്തിയഞ്ചാംഭാഗത്ത്, 66 മുതല്‍ 70 വരെയുള്ള ചോദ്യോത്തരങ്ങളായിരുന്നു ചിന്താവിഷയമാക്കിയത്. ആദ്യത്തെ മൂന്നു ചോദ്യങ്ങള്‍ അവകാശങ്ങളും കടമകളും തമ്മിലുള്ള ബന്ധം, രാഷ്ട്രങ്ങള്‍ക്കിടയിലെ നീതി, വ്യക്തി, സമൂഹ, രാഷ്ട്രങ്ങള്‍ ഇവയുടെ അവകാശങ്ങള്‍ എന്നിവയെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍, തുടര്‍ന്നുവരുന്ന രണ്ടു ചോദ്യങ്ങളില്‍ ബയോ എത്തിക്സ് വിഷയം കൈകാര്യം ചെയ്യുകയാണ്.   ഈ ഭാഗത്തിന്‍റെ തുടര്‍ച്ചയാണ് 71 മുതല്‍ 75 വരെയുള്ള ചോദ്യോത്തരങ്ങളില്‍ ഇന്നു നാം ചര്‍ച്ച ചെയ്യുന്നത്.

ഗര്‍ഭസ്ഥശിശുവിനെ വ്യക്തിയായി കാണാത്തവരുള്ള ഒരു സമൂഹത്തില്‍, തനിക്കുവേണ്ടിത്തന്നെ സ്വരമുയര്‍ത്താന്‍ കഴിയാത്ത ശിശുക്കള്‍ക്കുവേണ്ടി സഭ ശബ്ദമാകുകയാണ്.  ഒരു മനുഷ്യജീവി വ്യക്തിയാകാന്‍ തുടങ്ങുന്നത് ഭ്രൂണാവസ്ഥയുടെ ആദ്യനിമിഷത്തിലാണെന്ന സത്യം ഏറ്റുപറയുന്ന സഭ, ഏറ്റവും ദുര്‍ബലവ്യക്തിയിലും ദൈവം നല്‍കിയിരിക്കുന്ന മനുഷ്യാന്തസ്സ് ആദരിക്കപ്പെടുക ആവശ്യമാണ് എന്നു തിരിച്ചറിയുകയും അതു പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്യുക എന്ന് ഡുക്യാറ്റിലെ തുടര്‍ന്നുവരുന്ന ചോദ്യോത്തരങ്ങളിലൂടെ നമ്മെ പ്രബോധിപ്പിക്കുന്നു.

ചോദ്യം 71.

എപ്പോഴാണ് ഒരു മനുഷ്യജീവി വ്യക്തിയാകാന്‍ തുടങ്ങുന്നത്? എന്ന എഴുപത്തൊന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം, ഭ്രൂണാവസ്ഥയിലായിരിക്കുന്ന വ്യക്തിക്കുവേണ്ടിയുള്ള സഭയുടെ ശബ്ദമാണ്.

ജനനത്തിനു ശേഷമേ, ഒരുവന്‍ മനുഷ്യവ്യക്തിയാണെന്നു പറയാനാവൂ എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.  അതിനെപ്പോലും എതിര്‍ത്ത് മറ്റു ചിലര്‍ പറയുന്നത്, ഒരുവനു ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിയുമ്പോഴേ അവന്‍ മനുഷ്യവ്യക്തി ആയിത്തീരുന്നുള്ളു എന്നാണ്.  മനുഷ്യവ്യക്തിയുടെ ആരംഭം തലച്ചോറിന്‍റെ കേന്ദ്രം രൂപമെടുക്കുന്ന നിമിഷമാണെന്ന് അഥവാ സമാന ഇരട്ടകളാകാ നുള്ള സാധ്യതയില്ലാതെ വരുന്ന നിമിഷത്തിലാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.  ഇത്തരം വ്യാഖ്യാനങ്ങളെയെല്ലാം സഭ നിരാകരിക്കുന്നു.  മനുഷ്യജീവിതം ആരംഭിക്കുന്നത് പുരുഷബീജവും അണ്ഡ വും സന്ധിക്കുന്ന നിമിഷത്തില്‍ തന്നെയാണെന്നു സഭ പറയുന്നു.  ഗര്‍ഭോത്പാദനത്തിനുശേഷമുള്ള ഭ്രൂണാവസ്ഥയുടെ ആദ്യനിമിഷത്തില്‍ ഉദ്ഭവിച്ച ജീവനെ സമ്പൂര്‍ണമനുഷ്യജീവിയായും ഓരോ മനുഷ്യജീവിക്കുമുള്ള മഹത്വത്തോടുകൂടിയ ജീവനായും സഭ പരിഗണിക്കുന്നു.  ശാസ്ത്രവും സാമാന്യ ബുദ്ധിയും ഉപയോഗിച്ചാണ് അങ്ങനെ ചെയ്യുന്നത്. ഈ മഹത്വത്തോടുള്ള ബഹുമാനം ഗര്‍ഭസ്ഥ ശിശുവിനോടും സമൂഹത്തിലെ ഏറ്റവും ദുര്‍ബലനായ മനുഷ്യനോടും കാണിക്കേണ്ടതാണ് (cf. DP 5).

 യുവജനമതബോധനഗ്രന്ഥം 56 മുതല്‍ 58 വരെയുള്ള ഭാഗം ഊന്നിപ്പറയുന്നതും ഇതു തന്നെയാണ്: ''ദൈവം വ്യക്തിയായിരിക്കുന്നതു പോലെ, അവിടുത്തെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനും ഒരു വ്യക്തിയാണ്, വസ്തുവല്ല. അതുകൊണ്ട് ആരുതന്നെയായാലും ഏതവസ്ഥയിലായാലും മനുഷ്യവ്യക്തി എല്ലാ സൃഷ്ടികളിലുമുപരിയായി മാനിക്കപ്പെടണം''.

ഫ്രാന്‍സീസ് പാപ്പാ പറയുന്നു:

 ''തങ്ങളെ ചൂഷണം ചെയ്യേണ്ട ഉപഭോഗവസ്തുക്കളായി മാത്രം കണക്കാക്കുന്ന ഒരു യന്ത്രത്തിന്‍റെ തന്നെ ഭാഗമായിത്തീര്‍ന്നു കൊണ്ടിരിക്കുകയാണ് സ്ത്രീ പുരുഷന്മാര്‍.  ഇതിന്‍റെ ഫലമായി ഒരു മനുഷ്യജീവന്‍ എപ്പോള്‍ ഈ യന്ത്രത്തിന് ഉപയുക്തമല്ലാതായി ത്തീരുന്നുവോ അപ്പോള്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പുറന്തള്ളുവാന്‍ സാധിക്കുന്നു''.  രോഗികള്‍, ഉപേക്ഷിക്കപ്പെട്ടവരും ശ്രദ്ധിക്കാനാരുമില്ലാത്തവരുമായ വൃദ്ധര്‍, അമ്മമാരുടെ ഉദരത്തില്‍ വച്ചു കൊല്ലപ്പെടുന്ന ശിശുക്കള്‍, ഇവരുടെയെല്ലാം  കാര്യത്തില്‍ വലിച്ചെറിയല്‍ സംസ്ക്കാരമാണു നാം പുലര്‍ത്തുന്നതെന്നും മനുഷ്യജീവന്‍റെ മൂല്യം അംഗീകരിക്കാതെ സൗജന്യമായിക്കിട്ടിയ ഈ ദാനത്തെ ഒരു കച്ചവടച്ചരക്കാക്കുക എന്നതു പാടില്ല എന്നും തുടര്‍ന്നു പാപ്പാ ശക്തമായി പ്രബോധിപ്പിക്കുന്നുണ്ട് (25-11-2014).

ശക്തിയും സൗഖ്യവും ഉള്ള മനുഷ്യനെ അന്തസ്സുള്ളവനായി കരുതുമ്പോള്‍ ശക്തിഹീനതയും രോഗവും ഉള്ളവരില്‍ മനുഷ്യാന്തസ്സ് ആദരിക്കാത്തവര്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു.  ഇക്കാലത്ത് അതു കൂടുതല്‍ വ്യാപകമായിരിക്കുന്നു എന്നു നമുക്കറിയാം. 

ചോദ്യം 72.

ഇക്കാര്യത്തെക്കുറിച്ച്, അതായത്, മനുഷ്യജീവന് ഏറ്റവുമധികം ഭീഷണി നേരിടുന്നതെപ്പോഴാണ്? എന്ന എഴുപത്തിരണ്ടാമത്തെ ചോദ്യത്തിനുള്ള സഭാ പ്രബോധനം ഇങ്ങനെയാണ്:

മനുഷ്യജീവിതത്തിന്‍റെ തുടക്കത്തിലും അവസാനത്തിലും മനുഷ്യര്‍ക്കു തങ്ങളുടെ ജീവിക്കാനുള്ള അവകാശം, മനു ഷ്യമഹത്വം, സമഗ്രമായ വ്യക്തിത്വം തുടങ്ങിയവ സ്വയം സംരക്ഷിക്കാനുള്ള സാധ്യതകള്‍ക്കു പരിമി തിയുണ്ട്. അവര്‍ക്കു് മറ്റൊരു വ്യക്തി കൂടിയേ തീരൂ.  തങ്ങളുടെ അലംഘനീയമായ മഹത്വത്തെയും ജീവനുള്ള മനുഷ്യവ്യക്തി എന്ന നിലയിലുള്ള പരിശുദ്ധിയെയും മാനിക്കുന്ന, ഈ ജീവനെ സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന, സഹായിക്കുകയും പരിചരിക്കുകയും ചെയ്യുന്ന, സംര ക്ഷിക്കുകയും പരിപോഷിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരാളെയാണ് ആവശ്യമുണ്ട്. രോഗിയോ വികലാംഗനോ ആയ വ്യക്തിക്കും അന്യാധീനപ്പെടുത്താനാവാത്ത മഹത്വമുണ്ട്.  ഒരു കാരണവശാലും ആ ജീവന്‍ വിലകുറഞ്ഞതോ, വിലകെട്ടതോ ആണെന്നു കരുതപ്പെടുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പോലും സാധ്യമല്ല.

ശരീരത്തിനു പുറത്തു രൂപപ്പെട്ട ഭ്രൂണങ്ങളില്‍ നിന്നു തെരഞ്ഞെടുക്കുന്നതു ശരിയല്ല എന്നും ഒരു ജനിതക തകരാര്‍ - ഉദാഹരണമായി ട്രിസോമി 21 അല്ലെങ്കില്‍ ഡൗണ്‍ സിന്‍ഡ്രോം ഉണ്ടെന്നതിന്‍റെ പേരില്‍ ഒരു ഭ്രൂണത്തെ നശിപ്പിക്കുന്നത് മനുഷ്യമഹത്വത്തോടുള്ള ബഹുമാനത്തെയും, ജീവനും ശാരീരിക സമഗ്രതയ്ക്കും ഉള്ള മൗലിക അവകാശത്തെയും ലംഘിക്കുന്നു എന്നുമാണ് അടുത്ത പ്രബോധനം.  അതുപോലെ തന്നെ പല രാഷ്ട്രങ്ങളുടെയും ഭരണഘടനയില്‍ അംഗവൈകല്യമുള്ളവരോടുള്ള വിവേചനത്തെ നിരോധിച്ചിരിക്കുന്നതിനെയും ലംഘിക്കുന്നു.  ഈ നിയമം യഥാര്‍ഥത്തില്‍ അംഗവൈകല്യത്തോടെ ജനിച്ച ഒരു വ്യക്തിയെ എന്നതുപോലെ തന്നെ ജനിതക വൈകല്യത്തിനു സാധ്യതയുള്ള ഭ്രൂണത്തെയും സംരക്ഷിക്കുന്നതാണ്.

സഭ ആധുനികലോകത്തില്‍ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖ പറയുന്നു:

''ജീവന്‍റെ ഉടമ യായ ദൈവം ജീവന്‍ സംരക്ഷിക്കാനുള്ള ഉദാത്തമായ കടമ മനുഷ്യനു യോജിച്ച രീതിയില്‍ നിര്‍വഹിക്കാന്‍ മനുഷ്യരെ ഭരമേല്‍പ്പിച്ചു. അതുകൊണ്ട് ഗര്‍ഭോത്പാദനം മുതല്‍ ജീവന്‍ അതീവ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടണം.  ഗര്‍ഭഛിദ്രവും ശിശുഹത്യയും നീചമായ അതിക്രമങ്ങളാണ്'' (GS 51). അതുകൊണ്ട് ഗര്‍ഭഛിദ്രത്തെ സഭ തത്വത്തില്‍ എതിര്‍ക്കുന്നു. ക്രിസ്ത്വാബ്ദം തുടങ്ങുന്നതിനു മുമ്പു ജീവിച്ചിരുന്ന (ഏതാണ്ട് 460-370 ബി.സി.), ആധുനികവൈദ്യശാസ്ത്രത്തിന്‍റെ പിതാവെന്നറിയപ്പെടുന്ന വ്യക്തിയാണ് ഹിപ്പോക്രാറ്റസ്. ഹിപ്പോക്രാറ്റസിന്‍റെ പ്രതിജ്ഞയിലെ ഈ ഭാഗം മനുഷ്യജീവന്‍റെ മഹത്വത്തെ വിലമതിക്കുന്നതിന് ഇന്നും പ്രചോദനമേകുന്നു: ''മരണകാരണമായ മരുന്ന് ആരെങ്കിലും ചോദിച്ചാല്‍പോലും ഞാന്‍ നല്‍കുകയില്ല.  അത്തരം ഉപദേശം നല്‍കുകയുമില്ല.  അതുപോലെതന്നെ ഗര്‍ഭഛിദ്രത്തിന് ഉപയോഗിക്കാവുന്ന ഉപകരണം ഒരു സ്ത്രീക്കും നല്‍കുകയുമില്ല''.

ഇക്കാര്യം ഒന്നുകൂടി സ്പഷ്ടമാക്കുകയാണ് അടുത്ത ഉത്തരത്തില്‍.

ചോദ്യം 74.  എന്തുകൊണ്ടാണ് സഭ ഗര്‍ഭഛിദ്രത്തെ തത്വത്തില്‍ എതിര്‍ക്കുന്നത്?

ഉത്തരം: ഓരോ മനുഷ്യവ്യക്തിക്കും ഗര്‍ഭത്തില്‍ ഉദ്ഭവിക്കുന്ന നിമിഷംമുതല്‍ എല്ലാ അവകാശങ്ങളും അലംഘനീയമായ വ്യക്തി മഹത്വവുമുണ്ട്.  ഏതു സാഹചര്യത്തിലാണ് കുട്ടി ഗര്‍ഭം ധരിക്കപ്പെട്ടിരിക്കുന്നതെങ്കിലും മനുഷ്യവ്യക്തിയുടെ വികാസത്തിന്‍റെ ഏതു തലത്തിലാണ് ഈ പുതിയ ജീവനെങ്കിലും, എന്തെല്ലാം ആരോഗ്യപ്രശ്നങ്ങളുമായാണ് ഈ വ്യക്തി ലോകത്തിലേക്കു വരാനിരിക്കുന്നത് എങ്കിലും ഒരു ഭ്രൂണത്തെ കൊല്ലുന്നത് എല്ലായ്പോഴും ധാര്‍മികമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.  ഒരു ഭ്രൂണം വളര്‍ന്ന് ഒരു മനുഷ്യവ്യക്തി എന്ന നിലയില്‍ എത്തിച്ചേരുകയല്ല, മറിച്ച് മനുഷ്യവ്യക്തി എന്ന നിലയില്‍ അതു വളരുകയാണു ചെയ്യുന്നത്.  അതിനാല്‍ എല്ലാ സാഹചര്യങ്ങളിലും ഗര്‍ഭഛിദ്രം ഒരു നിഷ്ക്കളങ്ക മനുഷ്യജീവനെ മനഃപൂര്‍വം കൊല്ലുന്നതാണ്. എന്നി രിക്കിലും പ്രതിസന്ധി നേരിടുന്ന ഗര്‍ഭിണികളെ സഹായിക്കാന്‍ സാധ്യമായവയെല്ലാം ചെയ്യുകയും കുട്ടിയെ സ്വീകരിക്കാന്‍ തീരുമാനിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യാന്‍ ക്രിസ്ത്യാനികള്‍ മുന്‍കൈയെടുക്കാത്തിടത്തോളം കാലം ഗര്‍ഭച്ഛിദ്രത്തിനെതിരായ അവരുടെ പ്രതിജ്ഞാബദ്ധതയ്ക്കോ അതിനെ എതിര്‍ക്കുന്ന നിയമങ്ങള്‍ക്കോ മൂല്യം ലഭിക്കുകയില്ല. പലപ്പോഴും തുലനംചെയ്യപ്പെടുന്ന കുട്ടി യുടെ ജീവിക്കാനുള്ള അവകാശവും അമ്മയുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശവും താരതമ്യം ചെയ്യാവുന്നവയല്ല.  അതിനാല്‍ത്തന്നെ കുട്ടിയുടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുവാന്‍ പാടില്ല. 

ഫ്രാന്‍സീസ് പാപ്പാ പറയുന്നു: '' സജീവ മനുഷ്യഭ്രൂണത്തിന്മേല്‍ പരീക്ഷണം നടത്തുമ്പോള്‍ എല്ലാ പരിമിതികളെയും ലംഘിക്കുന്ന സമ്പ്രദായത്തെ നീതീകരിക്കാനുള്ള പ്രവണതയുണ്ട്.  മനുഷ്യന് അന്യാധീനപ്പെടുത്താനാവാത്ത മഹത്വമുണ്ടെന്നും അത് അവന്‍റെ വികസനത്തിന്‍റെ അളവിനെ അതി ശയിപ്പിക്കുന്നുവെന്നുമുള്ള വസ്തുത നാം മറക്കുകയാണ്'' (LS 136).  അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന റൊണാള്‍ഡ് റീഗന്‍ പറഞ്ഞിട്ടുള്ളതും ഇവിടെ ഏറെ ചിന്തയ്ക്കു വക തരുന്നു:  ''ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്നവരെല്ലാം ജനിച്ചിട്ടുള്ളവരാണ് എന്നതു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്''.

ഭ്രൂണഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഒരു സങ്കീര്‍ണ സാഹചര്യമാണ് ബലാല്‍സംഗം മൂലമുണ്ടായിരിക്കുന്ന ഗര്‍ഭാവസ്ഥ.  ഈ സാഹചര്യത്തിലും അനുവര്‍ത്തിക്കാനായി, മനുഷ്യമഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും ഉചിതമായ പ്രബോധനമാണ് അടുത്ത ഉത്തരത്തില്‍ നല്‍കുന്നത്.

ചോദ്യം 75.  ബലാല്‍സംഗം മൂലം ഗര്‍ഭിണിയായ ഒരു സ്ത്രീയെ എങ്ങനെ സഹായിക്കാനാവും?

ഉത്തരം: ഒരു ബലാല്‍സംഗക്കേസ് വരുമ്പോള്‍ രണ്ടുകൂട്ടം യാഥാര്‍ഥ്യങ്ങള്‍ നാം തിരിച്ചറിയേണ്ടിയി രിക്കുന്നു.  ഒന്നാമതായി, ആ സ്ത്രീയ്ക്കെതിരേ ചെയ്ത ക്രൂരകൃത്യം. അതു തീര്‍ച്ചയായും ധാര്‍മികമായി അപലപിക്കപ്പെടേണ്ടതും വിചാരണ നടത്തി ശിക്ഷിക്കപ്പെടേണ്ടതുമാണ്. ഗവണ്‍മെന്‍റ് ഏജന്‍സികളും അജപാലകരും ഇരയായിത്തീര്‍ന്ന സ്ത്രീക്ക് ആവശ്യമായ സഹായം നല്‍കേണ്ടതാണ്.  കത്തോലിക്കാ ആശുപത്രികളിലെയോ കത്തോലിക്കാ കൗണ്‍സിലിംഗ് സെന്‍ററുകളിലെയോ വൈദികനോ, പരിശീലനം ലഭിച്ച സഹപ്രവര്‍ത്തകര്‍ക്കോ ഇരയായിത്തീര്‍ന്ന വ്യക്തിയെ സഹായിക്കാനാകും.  അവര്‍ക്കു സമാശ്വാസം പകരുവാനും യാഥാര്‍ഥ്യങ്ങളെ നേരിടാന്‍ തക്കവിധം അവരെ പാകപ്പെടുത്തുവാനും സാധിക്കും.  രണ്ടാമതായി, ബലാല്‍സംഗത്തിന്‍റെ ഫലമായി രൂപപ്പെട്ട കുട്ടിയെയും ദൈവം ആഗ്രഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് അറിയേണ്ടതാണ്.  ശാരീരികമായ പിതാവ് ആരായിരുന്നാലും ആ കുഞ്ഞിനെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട്.  ആ സ്ത്രീക്ക് ഏറ്റ മാനസികക്ഷതം എത്ര വലുതാണെങ്കിലും ആശ്വാസവും പുതിയ പ്രത്യാശയും നല്‍കാന്‍ ആ കുഞ്ഞിനു സാധിച്ചേക്കാം.  അല്ലെങ്കില്‍ കുഞ്ഞിനെ ദത്തു നല്‍കുവാന്‍ സാധിച്ചേക്കാം. എന്തു സംഭവിച്ചാലും എല്ലാവരെക്കുറിച്ചും ദൈവം കരുതലുള്ളവനും എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്നവനുമാണ്.  മനുഷ്യനു സ്വതന്ത്രമനസ്സ് നല്‍കിയിരിക്കുന്നതിനാല്‍ കുറ്റകൃത്യങ്ങള്‍ തടയുവാന്‍ ദൈവത്തിനാവില്ല.  പക്ഷേ, അവയില്‍നിന്നുപോലും പുതിയ ജീവനും പ്രത്യാശയും രൂപപ്പെടുത്താന്‍ അവിടുത്തേയ്ക്കു സാധിക്കും.  ഉണ്ടാകുന്ന കുഞ്ഞിന് ഒരമ്മയുടെ സ്നേഹവും വാത്സല്യവും ആവശ്യമാണ്. ഗര്‍ഭിണി ക്കു സുരക്ഷിതത്വവും സ്വീകാര്യതയും അനുഭവവേദ്യമാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ അവരുടെ ചുറ്റുമുള്ളവരും ശ്രദ്ധിക്കണം.

പ്രകൃതിസംരക്ഷണത്തിനുവേണ്ടി വാദിക്കുന്നവര്‍പോലും ഗര്‍ഭഛിദ്രത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന വൈരുധ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ ലവുദാത്തോ സീ എന്ന ചാക്രിക ലേഖനത്തില്‍ എഴുതിയിരിക്കുന്നതും (119-120) ഇവിടെ ശ്രദ്ധേയമാണ്. കാരണം, പരിസ്ഥിതിയോടുള്ള നമ്മുടെ ബന്ധത്തെ മറ്റുള്ളവരോടും ദൈവത്തോടുമുള്ള നമ്മുടെ ബന്ധത്തില്‍ നിന്ന് ഒരിക്കലും വേര്‍പെടുത്താനാവില്ല എന്നതുതന്നെ.

ഡുക്യാറ്റ് എന്ന യുവജനങ്ങള്‍ക്കുവേണ്ടിയുള്ള സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ അനുരൂപണഗ്രന്ഥത്തിന്‍റെ പഠനപരമ്പര – ഇരുപത്തിയേഴാംഭാഗം അടുത്തയാഴ്ച.








All the contents on this site are copyrighted ©.