2017-07-06 09:22:00

സഭകള്‍ മാനവികതയുടെ നന്മയ്ക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കും


രക്ഷയുടെ ന്യായീകരണം സഹോദരബന്ധിയായ ജീവിതത്തില്‍... ജര്‍മ്മനിയിലെ വിറ്റന്‍ബേര്‍ഗ് സഭൈക്യസംഗമത്തെക്കുറിച്ച്...

1. സഭകള്‍ സാഹോദര്യത്തില്‍ ഒന്നിക്കുന്നു    സല്‍പ്രവൃത്തികള്‍ രക്ഷയുടെ നീതീകരണമാണെന്ന  അടിസ്ഥാന സംജ്ഞയില്‍ നവോത്ഥിത സഭകള്‍ ഒന്നിക്കും. ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ബ്രയന്‍ ഫാരലാണ് ഇക്കാര്യം പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്. ക്രിസ്തുവിലുള്ള വിശ്വാസത്തൊടൊപ്പും സഹോദരങ്ങള്‍ക്കായി ചെയ്യുന്ന സല്‍പ്രവൃത്തികളും സഭകള്‍ തമ്മിലുള്ള ഐക്യത്തിന്‍റെ മുഖ്യഘടകമായി പരിണമിക്കുകയാണ്. ജൂലൈ 4-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ ബിഷപ്പ് ഫാരല്‍ വിവരിച്ചു.

നവോത്ഥിത സഭാകൂട്ടായ്മകള്‍ അംഗീകരിക്കുന്ന ക്രിസ്തുവിലുള്ള വിശ്വാസവും, ലോകത്ത് ഇന്ന് നവയുഗത്തിന്‍റെ പ്രതിസന്ധികളില്‍ ക്ലേശിക്കുന്ന സഹോദരങ്ങള്‍ക്ക് നന്മചെയ്യാനുള്ള സന്മനസ്സുമാണ് കൂട്ടായ്മയുടെ നവമായ നീക്കത്തിനും സംയുക്തപ്രസ്താവനയ്ക്കും വഴിതെളിച്ചത്. വത്തിക്കാന്‍റെ ഡെലഗേഷന് നേതൃത്വനല്കുന്ന ബിഷപ്പ് ഫാരല്‍ വ്യക്തമാക്കി.  

2. വിറ്റന്‍ബേര്‍ഗിലെ ഐക്യത്തിന്‍റെ സമാഗമം    സഭകള്‍ പരസ്പരം കൈകോര്‍ത്തുകൊണ്ട് ജൂലൈ 5-‍Ɔ൦ തിയതി ബുധനാഴ്ച ജര്‍മ്മനിയിലെ വിറ്റെന്‍ബേര്‍ഗില്‍ നടന്ന സമ്മേളനത്തിലാണ് സംയുക്തപ്രസ്താവന യഥാര്‍ത്ഥ്യമായത്. മാത്രമല്ല, നൂറ്റാണ്ടുകളായി അകന്നുനിന്നിരുന്ന സഭകള്‍ തമ്മില്‍ അടുക്കുവാനും ഒരുമിച്ചു പ്രവര്‍ത്തിക്കാനും സംയുക്തപ്രസ്താവനയും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും സഹായിക്കും.   വിറ്റന്‍ബേര്‍ഗിലെ സഭൈക്യ പ്രാര്‍ത്ഥനായോഗത്തിലാണ് സംയുക്ത പ്രസ്താവനയില്‍ വിവിധ സഭാപ്രതിനിധികള്‍ ഒപ്പുവച്ചത്. ക്രൈസ്തവലോകം സ്വപ്നംകാണുന്ന സമ്പൂര്‍ണ്ണഐക്യത്തിന്‍റെ പാതയിലെ ഒരു നാഴികക്കല്ലാണ് വിറ്റന്‍ബേര്‍ഗില്‍ യാഥാര്‍ത്ഥ്യമായ സഭകളുടെ സംഗമവും സംയുക്തപ്രഖ്യാപനവും.  ലൂതറന്‍, മെത്തഡിസ്റ്റ്, ആംഗ്ലിക്കന്‍ എന്നീ നവോത്ഥിത സഭകള്‍ കത്തോലിക്കാ സഭയോടു ചേര്‍ന്നുള്ള സഖ്യത്തിന്‍റെ പ്രതിനിധികള്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചു.
1517-ല്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങിന്‍റെ നേതൃത്വത്തില്‍ പ്രോട്ടസ്റ്റന്‍റ് പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വിറ്റന്‍ബേര്‍ഗ് നഗരത്തിലാണ് സഭൈക്യ നീക്കങ്ങള്‍ക്കായി നവോത്ഥിത സഭകള്‍  ഒത്തുചേര്‍ന്നത്.

3. വിശ്വാസത്തെ സ്ഥിരപ്പെടുത്തുന്ന സല്‍പ്രവൃത്തികള്‍   വിശ്വാസത്തില്‍ അധിഷ്ഠിതമായ കൃപയിലൂടെയും സഹോദരങ്ങള്‍ക്കായി ചെയ്യുന്ന സല്‍പ്രവൃത്തികളിലൂടെയും നേടുന്ന രക്ഷ സുവിശേഷത്തിന്‍റെ സത്തയാണെന്ന സംജ്ഞയാണ് നവമായ കൂട്ടായ്മയ്ക്കും ക്രിസ്തുവിലുള്ള ഐക്യപ്പെടലിനും വഴിതുറക്കുന്നത്. ക്രിസ്തുവിലൂടെ ദൈവം പാപപങ്കിലമായ ലോകത്തിനു നല്കുന്ന രക്ഷയില്‍ നവോത്ഥിതസഭകള്‍ എത്തിച്ചേരുന്ന ഐക്യം സഭൈക്യസംരംഭത്തിലെ ഏറെ പ്രധാനപ്പെട്ട കണ്ണിയാണ്.  ദൈവികകാരുണ്യത്തെയും രക്ഷയുടെ വഴികളെയും സംബന്ധിച്ച ദൈവശാസ്ത്രപരമായ പൊതുസത്യങ്ങളും ധാരണയും സ്ഥിരീകരിച്ചുകൊണ്ടാണ് നൂറ്റാണ്ടുകളായി ഭിന്നിച്ചും തര്‍ക്കിച്ചും നിന്നിരുന്ന സഭകള്‍ ഐക്യപ്പെടുന്നത്.

4.  സഭകളിലെ സൈദ്ധാന്തിക അടുപ്പം  16-‍Ɔ൦ നൂറ്റാണ്ടില്‍ കത്തോലിക്കാസഭയുമായുണ്ടായ ഭിന്നിപ്പിനെ ലഘൂകരിച്ച്, പ്രോട്ടസ്റ്റന്‍റ് സഭകളുമായുള്ള കൂട്ടായ്മയെ ബലപ്പെടുത്തുകയുമാണ് വിറ്റന്‍ബേര്‍ഗിലെ സംയുക്ത പ്രഖ്യാപനത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. കൃപയിലൂടെയുള്ള ന്യായീകരണത്തിന്‍റെ കാഴ്ചപ്പാടിനൊപ്പം പ്രായോഗികവും നീതിനിഷ്ഠവുമായൊരു ലോകം യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് സല്‍പ്രൃത്തികള്‍ ചെയ്യുന്ന ഉപവിയും ആവശ്യമാണെന്ന നിലപാടാണ് സഭകള്‍ ഇന്ന് അംഗീകരിക്കുന്നത്. ദൈവരാജ്യം യാഥാര്‍ത്ഥ്യമാകുന്നത് നീതിയും സമാധാനവും ഉള്ളൊരു ലോകത്താണ്. അവിടെയായിരിക്കും ദൈവത്തിന്‍റെ കൃപ സമൃദ്ധമായി വര്‍ഷിക്കപ്പെടുന്നത്. അതിനാല്‍, കൃപയുടെയും രക്ഷയുടെയും ന്യായീകരണം സഹോദരബന്ധിയായ ജീവിതത്തിലും ശുശ്രൂഷിയിലുമാണ് യാഥാര്‍ത്ഥ്യമാകുന്നത്.  

 








All the contents on this site are copyrighted ©.