2017-07-05 19:15:00

“പാവങ്ങളുടെ ക്രിസ്തു” - പ്രക്ഷേപണ ശൃംഖലയ്ക്ക് പാപ്പായുടെ സന്ദേശം


അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസ് നഗരപ്രാന്തത്തിലുള്ള വന്‍ ചേരികളെ കണ്ണിചേര്‍ത്തു പ്രവര്‍ത്തിക്കുന്നതാണ് (Cristo de los Villeros)  “പാവങ്ങളുടെ ക്രിസ്തു” എന്ന് സ്പാനിഷ് ഭാഷയില്‍ അര്‍ത്ഥം വരുന്ന കമ്യൂണിറ്റി റേഡിയോ.  ജൂലൈ 4-ന് പാപ്പാ ഫ്രാന്‍സിസ് റേഡിയോയ്ക്ക് ആശംസാ  സ്ന്ദേശം അയച്ചു :

സമൂഹങ്ങള്‍ തമ്മില്‍  മതിലുകള്‍ കെട്ടി അകന്നുപോകാതെ, സ്നേഹത്തിന്‍റെ പാലങ്ങള്‍ പണിയാനും, പൊള്ളയായ സംസാരത്തില്‍ സമയം നഷ്ടപ്പെടുത്താതെ നന്മയുടെ പ്രയോക്താക്കളാകാനും, കുടുംബങ്ങളിലും സമൂഹത്തിലും സ്നേഹവും സൗഹൃദവും വളര്‍ത്താനും "Cristo de los Villeros" “പാവങ്ങളുടെ ക്രിസ്തു” സഹായകമാകട്ടെയെന്ന് പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു. ഈ മാധ്യമശ്രേണിയില്‍ കണ്ണിചേരുന്ന സകലര്‍ക്കും അഭിനന്ദനവും പ്രാര്‍ത്ഥനയും ആശീര്‍വ്വാദവും നേര്‍ന്നുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്. 

ജൂലൈ 5-Ɔ൦ തിയതി ബുധനാഴ്ച അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസ് നഗരത്തിലാണ് പുതിയ റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. സ്പാനിഷ് ഭാഷയിലാണ് പ്രക്ഷേപണം. വത്തിക്കാനില്‍നിന്നും ശബ്ദലേഖനംചെയ്താണ് പാപ്പാ ഫ്രാന്‍സിസ് പ്രഥമ  പ്രക്ഷേപണത്തിനുതന്നെ  താന്‍ മെത്രാപ്പോലീത്തയായിരുന്ന ബ്യൂനസ് ഐരസ് അതിരൂപതയുടെ പ്രാന്തത്തില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോയ്ക്ക് സന്ദേശം നല്കിയത്.

‘ചേരികളുടെ ഇടയന്‍’ എന്ന അപരനാമത്തില്‍ ബ്യൂനസ് ഐരസ് നഗരത്തില്‍ അറിയപ്പെടുന്ന  ഫാദര്‍ പെപ്പേയാണ് ഈ റേഡിയോയുടെ സംവിധായകനും പ്രായോജകരും. അര്‍ജന്‍റീനയില്‍ മെത്രാപ്പോലീത്തയായിരിക്കെ പാപ്പായുടെ അടുത്ത സുഹൃത്തും സഹകാരിയുമായിരുന്നു ഫാദര്‍ പെപ്പേ. 








All the contents on this site are copyrighted ©.