2017-07-05 20:01:00

കര്‍ദ്ദിനാള്‍ ജൊവാക്കിം മെയിസ്നര്‍ കാലംചെയ്തു


കൊളോണ്‍ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ജൊവാക്കിം മെയിസ്നറുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു. ജൂലൈ 5-Ɔ൦ തിയതി ബുധനാഴ്ച 83-Ɔമത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലായിരുന്ന വിശ്രമജീവിതം നയിക്കുകയായിരുന്ന കര്‍ദ്ദിനാള്‍ ജര്‍മ്മനിയില്‍ അന്തരിച്ചത്. 

ആഴമായ വിശ്വാസത്തോടും ധീരതയോടുംകൂടെ സുവിശേഷം പ്രഘോഷിച്ച നല്ല അജപാലകന്‍റെ ദേഹവിയോഗത്തില്‍ അതിയായി ദുഃഖിക്കുന്നെന്നും, കിഴക്കും പടിഞ്ഞാറുമുള്ള സഭകള്‍ക്കായി കലവറയില്ലാതെ സ്വയം സമര്‍പ്പിച്ച കര്‍ദ്ദിനാള്‍ മെയിസ്നറുടെ ആത്മാവ് വിശുദ്ധരുടെ കൂട്ടായ്മയില്‍ പങ്കുചേരട്ടെ! നല്ല സഭാശുശ്രൂഷകന്‍റെ വേര്‍പാടില്‍ വേദിനിക്കുന്ന സകലര്‍ക്കും പ്രാ‍ര്‍ത്ഥനനേര്‍ന്നുകൊണ്ടും, ഏവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്. കൊളോണിന്‍റെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ റെയ്നര്‍ വോള്‍ക്കിനാണ് പാപ്പാ സന്ദേശം അയച്ചത്.

മുന്‍പ് ജര്‍മ്മനിയുടെയും, ഇപ്പോള്‍ പോളണ്ടിന്‍റെയും ഭാഗമായയ ബ്രെസ്ലാവില്‍ 1933-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഏര്‍ഫര്‍ടിലെ സെമിനാരിയില്‍ പഠിച്ചു. 1962-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഇടവകകളിലെ അജപാലന ശുശ്രൂഷയിലൂടെ വളര്‍ന്നു ബലപ്പെട്ട അജപാലന ജീവിതം 1975-ല്‍ ഏര്‍ഫര്‍ടിലെ സഹായമെത്രാന്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു. ബിഷപ്പ് മെയിസ്നര്‍ 1977-ല്‍ വത്തിക്കാനില്‍ സംഗമിച്ച മെത്രാന്മാരുടെ സിനഡുസമ്മേളനത്തില്‍ ബിഷപ്പ് മെയ്സ്നര്‍ ജര്‍മ്മന്‍ സഭയുടെ പ്രതിനിധിയായി പങ്കെടുത്തു. ഏര്‍ഫര്‍ട്-മെനിന്‍ജെന്‍ രൂപതയിലെ നീണ്ടകാല സേവനത്തിനുശേഷം വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1980-ല്‍ അദ്ദേഹത്തെ കിഴക്കന്‍ ജര്‍മ്മനിയിലെ ബേര്‍ളിന്‍ രൂപതാദ്ധ്യക്ഷനായി നിയോഗിച്ചു. 1983-ല്‍ പാപ്പാ വോയിത്തീവ തന്നെയാണ് അദ്ദേഹത്തിന് കര്‍ദ്ദിനാള്‍ പദവി നല്കിയത്. ബേര്‍ളിന്‍ രൂപതാദ്ധ്യക്ഷനായിരിക്കെ  ഏഴുവര്‍ഷക്കാലത്തോളം അദ്ദേഹം ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായും സേവനംചെയ്തു (1982-1989). 1988-ല്‍ കൊളോണ്‍ രൂപതയുടെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ടു. 2014-ല്‍ വിരമിച്ചു.

ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദമുള്ള കര്‍ദ്ദിനാള്‍ മെയിസ്നര്‍ ജെര്‍മ്മനിയിലെ അറിയപ്പെട്ട പ്രഭാഷകനും നല്ല അജപാലകനുമായിരുന്നു. കര്‍ദ്ദിനാളായിരിക്കെ പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തിക കാര്യങ്ങളുടെയും മറ്റു ഭരണകാര്യങ്ങളുടെയും ഉപദേശകനുമായും കര്‍ദ്ദിനാള്‍ മെയിസ്നര്‍ സേവനംചെയ്തിട്ടുണ്ട്.
2005-ല്‍ മുന്‍പാപ്പാ ബനഡിക്ട് 16-Ɔമന്‍റെയും, 2013-ല്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ തിരഞ്ഞെടുപ്പിനുള്ള കോണ്‍ക്ലേവുകളില്‍ കര്‍ദ്ദിനാള്‍ മെയിസ്നര്‍ പങ്കെടുത്തിട്ടുണ്ട്.

കര്‍ദ്ദിനാള്‍ മെയിസ്നറുടെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 224-ആയി കുറയുകയാണ്. അതില്‍ 121 പേര്‍ 80-വയസ്സിനു താഴെ സഭാതലവനായ പാപ്പായെ തിരഞ്ഞെടുക്കുന്നതില്‍ വോട്ടവകാശമുളളവരും, ബാക്കി 103-പേര്‍ 80 വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.








All the contents on this site are copyrighted ©.