സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

ഏഷ്യയിലെ നവകര്‍ദ്ദിനാള്‍ ലൂയി മാങ്കനേക്കൂണ്‍

ലാവോസിലെ കര്‍ദ്ദിനാള്‍ ലൂയി മാങ്കനേക്കൂണ്‍ - AFP

05/07/2017 09:07

തെക്കു-കിഴക്കന്‍ ഏഷ്യയിലെ ചെറുരാജ്യമായ  ലാവോസിലെ  കര്‍ദ്ദിനാള്‍ ലൂയി മരീ-ലീങ് മാങ്കനേക്കൂണ്‍

ജൂണ്‍ 28-Ɔ൦ തിയതി ബുധനാഴ്ച 5 നവകര്‍ദ്ദിനാളന്മാരെയാണ് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് വാഴിച്ചത്. സഭയുടെ ആഗോളസ്വാഭാവം തെളിയിക്കുമാറ് ലോകത്തിന്‍റെ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരായിരുന്നു അവര്‍ : പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലി, സ്പിയിനിലെ ബാര്‍സിലോണാ, സ്വീഡനിലെ സ്റ്റോക്ഹോം, ലാറ്റിനമേരിക്കയിലെ സാന്‍ സാല്‍വദോര്‍, ഏഷ്യന്‍ രാജ്യമായ ലാവോസ് എന്നിവിടങ്ങളില്‍നിന്നുള്ളവരായിരുന്നു നവകര്‍ദ്ദിനാളന്മാര്‍!

ശ്രദ്ധേയമാകുന്ന തിരഞ്ഞെടുപ്പായിരുന്നു ഏഷ്യന്‍ രാജ്യമായ ലാവോസിലെ കര്‍ദ്ദിനാള്‍ ലൂയി  മരീ-ലീങ് മാങ്കനേക്കൂണിന്‍റേത് (Louis-Marie Ling Mangkhanekhoun). ബഹുഭൂരിപക്ഷം ബുദ്ധമതക്കാരുള്ള ലാവോസില്‍ കത്തോലിക്കര്‍ 50,000-ല്‍ താഴെയാണ്. കത്തോലിക്കരെക്കൂടാതെ പ്രോട്ടസ്റ്റാന്‍് വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരും അവിടെയുണ്ട്. തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസിലെ സഭാപ്രവിശ്യ എണ്ണത്തിലും വലുപ്പത്തിലും ഒരു രൂപതയാകേണ്ടുവോളം വളര്‍ന്നിട്ടില്ല. അതുകൊണ്ടാണ് ഇന്നും അതൊരു ‘അപ്പസ്തോലിക വികാരിയത്തായി’ തുടരുന്നത്. ലാവോസിലെ പാക്സേ നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ പാക്സേ വികാരിയത്ത് എന്നറിയപ്പെടുന്നു.

മോണ്‍സീഞ്ഞോര്‍ ലൂയിസ് മരീ-ലീങ് മാങ്കനേക്കൂണിനെ 2000-Ɔമാണ്ട് ജൂബിലി വര്‍ഷത്തില്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് മെത്രാന്‍സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയത്. ഏഷ്യയിലെ ചെറിയ രാജ്യങ്ങളില്‍ ഒന്നായ ലാവോസിലേയ്ക്കും, ഇനിയും രൂപതയായി ഉയര്‍ത്തപ്പെടാത്ത സഭാപ്രവിശ്യയിലേയ്ക്കും ഇത്തവണ പാപ്പാ ഫ്രാന്‍സിസിന്‍റെ ശ്രദ്ധപതിച്ചത് പലരെയും ആശ്ചര്യപ്പെടുത്തുന്നു. അതിരുകള്‍ തേടിയെത്തുന്ന പാപ്പായുടെ ഇടയമനസ്സാണ് ചെറുരാജ്യമായ ലോവോസിലെ ആദ്യ കര്‍ദ്ദിനാളിന്‍റെ നിയമനത്തില്‍ കാണേണ്ടത്.

അറിയപ്പെടാത്തതും നിസ്സാരവുമായി കഴിയുന്ന ലോവോസിലെ ക്രൈസ്തവസമൂഹം ഇനി കര്‍ദ്ദിനാള്‍ മങ്കനേക്കൂണിലൂടെ അറിയപ്പെടും. അഞ്ചു നവകര്‍ദ്ദിനാളന്മാരില്‍ ഏറ്റവും ലാളിത്യമാര്‍ന്ന വ്യക്തിത്ത്വം 73 വയസ്സുകാരന്‍ കര്‍ദ്ദിനാള്‍ മാങ്കനേക്കൂണിന്‍റേതാണ്. കമ്യൂണിസ്റ്റ് നുകത്തിന്‍ കീഴില്‍ കഴിയുന്ന ലാവോസിലെ കത്തോലിക്കര്‍ക്ക് കര്‍ദ്ദിനാളിന്‍റെ സാന്നിദ്ധ്യം സന്തോഷവും ഒപ്പം പ്രത്യാശയും പകരുന്നതാണ്. നവകര്‍ദ്ദിനാള്‍ തദ്ദേശീയനാണ്. കമ്യൂണിസ്റ്റ് സര്‍ക്കാരുമായി നല്ല ബന്ധംപുലര്‍ത്തുകയും സുവിശേഷമൂല്യങ്ങള്‍ക്ക് സാംസ്ക്കാരീകാനുരൂപണം നല്കാനും ലോവോസിലെ വിശ്വാസസമൂഹത്തിന്‍റെ ആകമാനം അപ്പസ്തോലിക വികാരിയായ കര്‍ദ്ദിനാള്‍ മാങ്കനേക്കൂണിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്നും വിദൂരത്തല്ലെങ്കിലും ചൈന, ബര്‍മ്മ, തായിലണ്ട്, വിയറ്റ്നാം, കമ്പോഡിയ എന്നിവയാണ് ലാവോസിന്‍റെ അയല്‍രാജ്യങ്ങള്‍. 1953-ലാണ് ഫ്രഞ്ച് അധിനിവേശത്തില്‍നിന്നും ചെറുരാജ്യമായ ലാവോസ് സ്വതന്ത്രമായത്.  

ആഗോള കത്തോലിക്കാ സഭയില്‍ മുന്‍പില്ലാത്തൊരു പ്രാമുഖ്യം ലവോസിന് ഇനി ലഭിക്കുകയാണ്. ലാവോസിലെ സഭ വളരും! നവകര്‍ദ്ദിനാള്‍ മാങ്കനേക്കൂണിന് പാപ്പാ ഫ്രാന്‍സിസ് നല്കിയ ആശംസയായിരുന്നു!  സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം ഈ കണ്‍സിസ്റ്ററിയോടെ 225-ആയി ഉയര്‍ന്നു. അതില്‍ 121 പേര്‍ 80-വയസ്സിനു താഴെ സഭാതലവനായ പാപ്പായെ തിരഞ്ഞെടുക്കുന്നതില്‍  വോട്ടവകാശമുളളവരും, ബാക്കി 104-പേര്‍ 80 വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.


(William Nellikkal)

05/07/2017 09:07