2017-07-04 17:10:00

‘ഭക്ഷണദൗര്‍ലഭ്യം; പ്രതിജ്ഞാബദ്ധതയും പ്രവര്‍ത്തനവും’. ഭക്ഷ്യകാര്‍ഷികസംഘടന


     ജൂലൈ മൂന്നാംതീയതി മുതല്‍ എട്ടാംതീയതിവരെ യുഎന്‍ ഭക്ഷ്യകാര്‍ഷികസംഘടന (Food and Agriculture Organization - FAO) അതിന്‍റെ ആസ്ഥാനമായ റോമില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സിലാണ്, ‘ലോകം വികസനത്തിലേക്കു കുതിക്കുമ്പോഴും ഭക്ഷ്യദൗര്‍ലഭ്യം മൂലം ദുരിതത്തിലായിരിക്കുന്ന അനേക ജനങ്ങളോടുള്ള രാഷ്ട്രീയ പ്രതിബദ്ധതയുടെയും പ്രവര്‍ത്തനത്തിന്‍റെയും അനിവാര്യത’ ചൂണ്ടിക്കാണിക്കപ്പെട്ടത്. ‘അനേകായിരങ്ങളുടെ വിശപ്പിന്‍റെ വിളിയോടു പ്രത്യുത്തരിക്കുന്നതിന് രാജ്യങ്ങള്‍ തങ്ങളുടെ പ്രതിജ്ഞാബദ്ധത, ദേശീയവും പ്രാദേശികവുമായ പരിഗണനകളോടെ ഫലപ്രദമായ പ്രവൃത്തികളിലേക്കു പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്’, ഭക്ഷ്യകാര്‍ഷിക സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഹൊസേ, ഗ്രാസ്സിയാനോ ദ സില്‍വ ചൂണ്ടിക്കാട്ടി. 

ഫ്രാന്‍സീസ് പാപ്പാ ഈ നാല്പതാം പൊതുസമ്മേളനത്തിന് നല്‍കിയ സന്ദേശം സമ്മേളനത്തിന്‍റെ ആദ്യദിനമായ ജൂലൈ മൂന്നാംതീയതി വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയോത്രോ പരോളിന്‍ അവതരിപ്പിച്ചിരുന്നു.

ജൂലൈ എട്ടാംതീയതി സമാപിക്കുന്ന സംഘടനയുടെ ഉന്നതസമ്മേളനത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളും ബഡ്ജറ്റും പരിശോധിക്കപ്പെടുകയും ഭക്ഷ്യ, കാര്‍ഷികമേഖലയിലുള്ള പ്രാമുഖ്യത്തെ പ്രത്യേക വിഷയമാക്കുകയും ചെയ്യും.  രാഷ്ട്രത്തലവന്മാരും വിവിധ രാജ്യാന്തരസംഘടനകളുടെ പ്രതിനിധികളുമുള്‍പ്പെടെ ഏകദേശം 1100 പേരാണ് ഈ ഷഡ്ദിനസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. 








All the contents on this site are copyrighted ©.