2017-07-03 14:04:00

''യേശുവിനോടു ഒന്നായിത്തീരുന്ന മിഷനറി'': പാപ്പായുടെ ത്രികാലജപസന്ദേശം


ജൂലൈ രണ്ടാംതീയതി ഫ്രാന്‍സീസ് പാപ്പാ പതിവുപോലെ, വത്തിക്കാന്‍ അരമനക്കെട്ടിടസമുച്ചയത്തിലെ ജാലകത്തിങ്കല്‍ നിന്നുകൊണ്ട് നയിച്ച ത്രികാലജപത്തില്‍ പങ്കുചേര്‍ന്ന് ആശീര്‍വാദം സ്വീകരിക്കുന്നതിനും അതോടനുബന്ധിച്ചുള്ള സന്ദേശങ്ങള്‍ ശ്രവിക്കുന്നതിനുമായി അനേകായിരങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു.  വേനല്‍ച്ചൂട് ഏറിയ സമയമായതിനാല്‍ പതിവിലും കുറച്ച് തീര്‍ഥാടകരേ അങ്കണത്തിലുണ്ടായി രുന്നുള്ളു.  പലരും ചൂടില്‍ നിന്നു രക്ഷനേടുന്നതിനായി കുടകള്‍ നിവര്‍ത്തിപ്പിടിച്ചിരുന്നു.  പാപ്പാ ജാലകത്തിങ്കലണഞ്ഞപ്പോള്‍ ജനം ആഹ്ലാദാരവത്തോടെ പാപ്പായെ എതിരേറ്റു.

ലത്തീന്‍ ആരാധനക്രമമനുസരിച്ച് ഞായറാഴ്ചയിലെ വി. കുര്‍ബാനയിലെ സുവിശേഷവായന വി. മത്തായിയുടെ സുവിശേഷത്തില്‍ നിന്നുള്ളതായിരുന്നു. പത്താമധ്യായത്തിലെ 37-42 വാക്യങ്ങളെ ആസ്പദമാക്കി ഞായറാഴ്ച ത്രികാലജപത്തിനുമുമ്പു പാപ്പാ നല്‍കിയ സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം

ആരാധനക്രമമനുസരിച്ച് ഇന്നത്തെ വായനയില്‍, വി. മത്തായിയുടെ സുവിശേഷത്തിലെ പത്താമധ്യായത്തില്‍ നല്‍കിയിരിക്കുന്ന യേശുവിന്‍റെ മിഷനറിപ്രഭാഷണത്തില്‍ നിന്നുള്ള അവസാന പ്രസ്താവങ്ങളാണുള്ളത്.  അവിടെ യേശു തന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരെ ഗലീലിയിലെയും യൂദയായിലെയും ഗ്രാമങ്ങളിലേക്കു മിഷനറി ദൗത്യവുമായി പറഞ്ഞയയ്ക്കുമ്പോള്‍ അവര്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്.  ഈ അവസാനഭാഗത്ത്, മിഷനറിയായിരിക്കേണ്ട ശിഷ്യന്‍റെ ജീവിതത്തിനുവേണ്ട സത്താപരമായ രണ്ടു മാനങ്ങള്‍ ഊന്നിപ്പറയുന്നു. അവയില്‍ ആദ്യത്തേത്, യേശുവുമായുള്ള സ്നേഹബന്ധം മറ്റേതു സ്നേഹബന്ധത്തെക്കാള്‍ ശക്തമായിരിക്കണം എന്നതാണ്.  രണ്ടാമത്തേത്, ഒരു മിഷനറി കൂടെക്കൊണ്ടുപോകേണ്ടത്, തന്നെത്തന്നെയല്ല, പിന്നെയോ യേശുവിനെ ആകണം; യേശുവിലൂടെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ സ്നേഹമായിരിക്കണം എന്നതാണ്.  ഈ രണ്ടു മാനങ്ങളും തമ്മില്‍ അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, എത്രയധികമായി യേശു, ഒരു ശിഷ്യന്‍റെ ഹൃദയത്തിന്‍റെയും ജീവിതത്തിന്‍റെയും കേന്ദ്രമായിരിക്കുന്നുവോ, അത്രയധികമായി യേശുവിന്‍റെ സാന്നിധ്യത്തെ ആ ശിഷ്യന്‍ സുതാര്യമാക്കുകയാണ്.  അവര്‍ രണ്ടുപേരും ഒരുമിച്ചാണു പോവുക.

യേശു പറയുന്നു, ''എന്നെക്കാള്‍ കൂടുതലായി പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല'' (വാ. 37).  പിതാവിന്‍റെ സ്നേഹവായ്പും മാതാവിന്‍റെ ദയാവാത്സല്യവും സ ഹോദരീസഹോദരങ്ങള്‍ തമ്മിലുള്ള മാധുര്യപൂര്‍ണമായ സൗഹൃദവും, എല്ലാം, നിയമാനുസൃതവും നല്ലതും ആയിരിക്കുമ്പോഴും, ക്രിസ്തുവിനോടുള്ള സ്നേഹത്തിനു മുന്നില്‍ അവ ആയിരിക്കുവാന്‍ പാടില്ല.  അങ്ങനെ സാധിക്കില്ല, എന്തുകൊണ്ടെന്നാല്‍, നാം ഹൃദയമില്ലാത്തവരോ കൃതജ്ഞതയില്ലാത്തവരോ ആയിരിക്കണമെന്നതുകൊണ്ടല്ല, മറിച്ച്, ഒരു ശിഷ്യന്‍ അവന്‍റെ ഗുരുവിനോടുള്ള ബന്ധത്തിനു പ്രാമുഖ്യം കൊടുക്കുക എന്നത് സര്‍വപ്രധാനമായിക്കരുതുന്ന ഒരു അവസ്ഥയിലായിരിക്കണം എന്നതിനാലാണത്.

ഏതൊരു ശിഷ്യനും, ഒരു അല്‍മായവിശ്വാസിയോ, ഒരു പുരോഹിതനോ, ഒരു മെത്രാനോ ആരുമാകട്ടെ, ഈ ബന്ധമാണു പ്രഥമം.  ഇത്രയും പറഞ്ഞതിനുശേഷം വിശ്വാസികളുടെ നേരെ മുഖമുയര്‍ത്തി പാപ്പാ ഇങ്ങനെ ആവശ്യപ്പെട്ടു. 

ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ നാം ചോദിക്കേണ്ട ആദ്യചോദ്യം ഇതാണ്. യേശുവുമായി നീ കണ്ടുമുട്ടുന്നുണ്ടോ?  യേശുവിനോടു പ്രാര്‍ഥിക്കുന്നുണ്ടോ? ഈ ബന്ധം, ഉല്‍പ്പത്തിപ്പുസ്തകത്തിലെ രണ്ടാമധ്യായത്തിലെ ഇരുപത്തിനാലാംവാക്യം ഏതാണ്ടിങ്ങനെ പരാവര്‍ത്തനം ചെയ്തുകൊണ്ട് വ്യക്തമാക്കാമെന്നു തോന്നുന്നു:  'അതുകൊണ്ട്, മനുഷ്യന്‍ തന്‍റെ പിതാവിനെയും മാതാവിനെയും വിട്ട് യേശുവിനോടു ചേരുകയും അവരിരുവരും ഒന്നായിത്തീരുകയും ചെയ്യുന്നു'.

പാപ്പാ തുടര്‍ന്നു:  യേശുക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെയും ജീവിതത്തിന്‍റെയും ബന്ധത്തിലേയ്ക്ക്  ആകര്‍ഷിതരായവര്‍, വളരെ പ്രത്യേകമായി അവിടുത്തെ അസ്തിത്വത്തിന്‍റെയും ജീവിതത്തിന്‍റെയും പ്രതിനിധിയും സ്ഥാനപതിയും ആയിത്തീരുന്നു.  ഈ ഒരു നിശ്ചിതഘട്ടത്തിലാണ് യേശു ശിഷ്യന്മാരെ ദൗത്യം നല്‍കി ഇങ്ങ നെ പറഞ്ഞുകൊണ്ട് അയയ്ക്കുന്നത്. ''നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു, എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു'' (മത്താ 10:40).  ഒരു യേശുശിഷ്യനെ  സംബ ന്ധിച്ചിടത്തോളം യേശു കര്‍ത്താവാണെന്ന കാര്യം, സത്യമായും മുഴുവന്‍ ജീവിതത്തിന്‍റെയും കേന്ദ്രമാണെന്ന കാര്യം, മനുഷ്യര്‍ ഗ്രഹിക്കേണ്ടതുണ്ട്.  ഏതൊരു മനുഷ്യനുമുള്ളതുപോലെ തനിക്കും പരിമിതികളും പാപങ്ങളും ഉണ്ടെന്നത് ശിഷ്യത്വം സ്വീകരിക്കുന്നവന്‍ കാര്യമാക്കുന്നില്ല, എന്നാല്‍ അവയുണ്ടെന്ന് അംഗീകരിക്കുന്നതിനുള്ള വിനയം അയാള്‍ക്ക് ആവശ്യമാണ്. രണ്ടുമുഖങ്ങളുള്ള വ്യക്തിയായിരിക്കരുതെന്നത് ഏറ്റവും പ്രധാനമാണ്.  അത് അപകടകരമാണ്. ഞാന്‍ ഒരു ക്രിസ്ത്യാനിയോ, ഒരു യേശുശിഷ്യനോ, ഞാനൊരു പുരോഹിതനോ, ഒരു മെത്രാനോ, ആരെങ്കിലുമോ ആയിക്കൊള്ളട്ടെ; രണ്ടു മുഖങ്ങള്‍ പാടില്ല. അതൊരിക്കലും ശരിയായി പോവുകയില്ല. എനിക്കതൊരിക്കലും ഉണ്ടാവാന്‍ പാടില്ല. എന്നാല്‍, ലാളിത്യമാര്‍ന്ന, ഒന്നായിരിക്കുന്ന ഹൃദയമുള്ളവര്‍ രണ്ടുതരം പാദുകങ്ങളില്‍ കാല്‍വയ്ക്കാത്തെ തന്നോടുതന്നെയും മറ്റുള്ളവരോടും സത്യസന്ധതയുള്ള വ്യക്തിയായിരിക്കും. 

തുടര്‍ന്നു പാപ്പാ വിശ്വാസികളെ നോക്കി സ്വരമുയര്‍ത്തി പറഞ്ഞു:  രണ്ടുമുഖമുള്ള വ്യക്തിത്വം, അതു ക്രിസ്തീയമല്ല.  അതുകൊണ്ടാണ് യേശു പിതാവിനോട്, ലോകത്തിന്‍റെ അരൂപിയില്‍ നിന്നു ശിഷ്യരെ രക്ഷിക്കണമെ ന്നു പ്രാര്‍ഥിക്കുന്നത്. നിങ്ങള്‍ യേശുവിനോടുകൂടിയാണോ? യേശുവിന്‍റെ അരൂപിയോടുകൂടിയാണോ? അതോ ലോകത്തിന്‍റെ അരൂപിയോടുകൂടിയാണോ?

നമ്മുടെ പൗരോഹിത്യാനുഭവം നമ്മെ ഒരു മനോഹരകാര്യം, സുപ്രധാനകാര്യം പഠിപ്പിക്കുന്നു. ഇ ത്തരം വിശുദ്ധരായ, വിശ്വസ്തരായ ദൈവജനത്തെ സ്വീകരിക്കുന്നത് കൃത്യമായും 'ഒരു പാത്രം ശുദ്ധ ജലം' (വാ.. 42) സ്വീകരിക്കുന്നതാണ് (വാ. 42) എന്ന് ഇന്നത്തെ സുവിശേഷത്തില്‍ കര്‍ത്താവു പറ ഞ്ഞിരിക്കുന്നു. സ്നേഹപൂര്‍വമായ വിശ്വാസത്താല്‍ അതു നല്‍കുമ്പോള്‍ നിങ്ങള്‍ ഒരു നല്ല പുരോഹിതനാവുകയാണ്.  ആ ദൗത്യത്തില്‍ പാരസ്പരികതയുണ്ട്.  യേശുവിനുവേണ്ടി നിങ്ങള്‍ സര്‍വതും ഉപേക്ഷിക്കുമ്പോള്‍, ജനം നിങ്ങളില്‍ യേശുവിനെ തിരിച്ചറിയും, അതേസമയംതന്നെ നിങ്ങള്‍ തിന്മയോടു ചെയ്യുന്ന ഒത്തുതീര്‍പ്പുകളില്‍ നിന്നു നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും പ്രലോഭനങ്ങളെ വിജയിക്കുകയും ചെയ്താല്‍ നിങ്ങള്‍ അവരെ മാനസാന്തരപ്പെടുത്തുകയും ചെയ്യും.  ഒരു പുരോഹിതന്‍ എത്രമാത്രം ദൈവജനത്തോട് അടുത്തായിരിക്കുന്നുവോ അത്രമാത്രം, യേശുവിനോടു ചേര്‍ന്നി രിക്കുന്ന അനുഭവത്തിലായിരിക്കും, അതുപോലെതന്നെ ഒരു പുരോഹിതന്‍ എത്രമാത്രം യേശുവിനോട് അടുത്തായിരിക്കുന്നുവോ അത്രമാത്രം ദൈവജനത്തോടു ചേര്‍ന്നിരിക്കുന്നുവെന്ന അനുഭവത്തിലുമായിരിക്കും.

പരിശുദ്ധ കന്യകാമറിയമാണ് കുടുംബബന്ധത്തിനു പുതിയ അര്‍ഥം നല്‍കി തന്നില്‍നിന്നുതന്നെ പിന്മാറിനിന്നുകൊണ്ട്, യേശുവിനെ സ്നേഹിച്ചുകൊണ്ട്, അവനിലുള്ള വിശ്വാസത്തില്‍ ജീവിതത്തിനു തുടക്കം കുറിച്ച ആദ്യവ്യക്തി.  അവളുടെ മാതൃത്വപൂര്‍ണമായ മാധ്യസ്ഥ്യത്താല്‍, സുവിശേഷത്തിന്‍റെ ആനന്ദവും സ്വാതന്ത്ര്യവുമുള്ള മിഷനറിമാരാകുവാന്‍ അമ്മ നമ്മെ സഹായിക്കട്ടെ.

സുവിശേഷസന്ദേശം നല്‍കിയശേഷം പാപ്പാ ത്രികാലജപം ചൊല്ലുകയും അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.








All the contents on this site are copyrighted ©.