2017-07-03 13:04:00

മാരകരോഗബാധിതനായ കുരുന്നു ചാര്‍ളിക്ക് പാപ്പായുടെ സാന്ത്വനം


അത്യപൂര്‍വ്വവും ചികിത്സിച്ചു ഭേദപ്പെടുത്താനാവത്തതുമായ രോഗത്താല്‍ മരണത്തോടു മല്ലിടുന്ന പത്തുമാസം മാത്രം പ്രായമുള്ള ചാര്‍ളി ഗാഡിന്‍റെ കാര്യങ്ങള്‍ ഫ്രാന്‍സീസ് പാപ്പാ സ്നേഹത്തോടും  ഒപ്പം ഉല്‍ക്കണ്ഠയോടും കൂടെ പിന്‍ചെല്ലുന്നുണ്ടെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസ്) മേധാവി ഗ്രെഗ് ബര്‍ക്ക് വെളിപ്പെടുത്തി.

ഇംഗ്ലണ്ടിലെ ഗ്രെയ്റ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രിയില്‍ (Great Ormond Street Hospital) ചികിത്സയില്‍ കഴിയുന്ന ഈ കുഞ്ഞിന്‍റെ മാതാപിതാക്കളായ കോണ്ണി യാറ്റെസ്, ക്രിസ് ഗാര്‍ഡ് ദമ്പതികളുടെ ചാരെ പാപ്പാ ആത്മീയമായി സന്നിഹിതാനാണെന്നും അദ്ദേഹം ഞായറാഴ്ച(02/07/17) ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

സ്വന്തം കുഞ്ഞിനെ അവസാന നിമിഷം വരെ പരിചരിക്കാനും കുഞ്ഞിനോടൊപ്പമായിരിക്കാനും ആ മാതാപിതാക്കള്‍ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്ന പാപ്പാ അവരുടെ ആ അഭിവാഞ്ഛയെ ആരും അവഗണിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ചാര്‍ളി ഗാഡിനെ   അമേരിക്കയില്‍ കൊണ്ടു പോയി ചികിത്സിക്കാന്‍ അനുമതി തേടിക്കൊണ്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ, ഭിഷഗ്വരസംഘത്തിന്‍റെ അഭിപ്രായത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്, ബ്രിട്ടനിലെ പരമോന്നത കോടതി തള്ളുകയും കുഞ്ഞിന്‍റ ജീവന്‍ കൃത്രിമമായി  നിലനിറുത്തുന്ന ഉപകരണം നീക്കാന്‍ അനുമതി നല്കുകയും ചെയ്തതിനാല്‍ കഴിഞ്ഞ വെള്ളിയാഴ്ച(30/06/17) അതു നീക്കം ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് ആ തീരുമാനം പിന്‍വലിക്കപ്പെട്ടു.

ചാര്‍ലിയുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ട പണം സമാഹരിക്കുന്നതിന് രൂപം കൊണ്ട “ചാര്‍ളി സേന” 14 ലക്ഷം പൗണ്ട് , ഏകദേശം 11 കോടി 80 ലക്ഷം രൂപ സമാഹരിച്ചിരുന്നു.

 

 








All the contents on this site are copyrighted ©.