സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

ശിഷ്യത്വം : ക്രിസ്തുവിനോടുള്ള സാരൂപ്യപ്പെടല്‍

ക്രിസ്തുവായി വേഷമിട്ട അമേരിക്കന്‍ നടന്‍, റോബര്‍ട് പവല്‍ - ചിത്രം, സെഫിറേലിയുടെ 'നസ്രായനായ യേശു'. - RV

01/07/2017 18:12

വിശുദ്ധ മത്തായിയുടെ സുവിശേഷം 10, 37-42.   ആണ്ടുവട്ടം പതിമൂന്നാം വാരം ഞായര്‍

1. ശിഷ്യത്വത്തിന്‍റെ വെല്ലുവിളി   ഇന്നത്തെ സുവിശേഷം വിവരിക്കുന്നത്, വിളിച്ച ശിഷ്യന്മാരെ ക്രിസ്തു ദൗത്യങ്ങള്‍ നല്കി ഉത്തരവാദിത്വപ്പെടുത്തുന്ന ഭാഗമാണ്. പ്രതിസന്ധികള്‍ നേരിടാനും അവിടുന്ന് അവരെ സന്നദ്ധരാക്കുന്നു. അതുകൊണ്ട് അവിടുന്ന് അവരോട് പറഞ്ഞത്, “എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ സ്വന്തം കുരിശുമെടുത്ത് തന്‍റെ പിന്നാലെ വരട്ടെ! സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അത് നഷ്ടപ്പെടുത്തും (38). എന്നെപ്രതി സ്വന്തംജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും”. ക്രിസ്തുവിന്‍റെ ദൗത്യവും അവിടുത്തെ പിന്‍ചെല്ലുന്നതും വിജയമോ, നേട്ടമോ, വലിയ പ്രതിസമ്മാനമോ വാഗ്ദാനംചെയ്യുന്നില്ല. പരാജയങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നുമുള്ള സംരക്ഷണമോ സുരക്ഷിതത്വമോ ഉറപ്പുനല്കുന്നില്ല. ക്രിസ്ത്വാനുകരണത്തില്‍ മൂന്നു കാര്യങ്ങള്‍ ശ്രദ്ധേയമാണ് - പ്രതിഫലേച്ഛകൂടാതെയുള്ള ജീവിതം, സമ്പൂര്‍ണ്ണസമര്‍പ്പണം, പീഡനങ്ങള്‍ ക്ഷമയോടെ സഹിക്കാനുള്ള സന്നദ്ധത, എന്നിവയാണവ.

2.  “ക്വൊ വാദിസ്, ഡോമിനേ...?”     റോമാ നഗരപ്രാന്തത്തില്‍ സാമ്രാജ്യ കാലത്തു പണിതീര്‍ത്ത കല്ലുവിരിച്ച റോഡ്, ‘ആപ്പിയ ആന്തീക്ക’യിലുള്ള (Via Appia Antica) പള്ളിയാണ്, ക്വൊ വാദിസ് ദോമിനേ - “The church of Quo vadis, Domine”. അതിന്‍റെ പിന്നില്‍ റോമാക്കാര്‍ ഇന്നും പറയുന്നൊരു കഥയുണ്ട്. കഥയിങ്ങനെയാണ്: നീറോ ചക്രവര്‍ത്തിയുടെ കാലത്ത് മതപീഡനം പെരുകിയപ്പോള്‍, പത്രോസ്ലീഹാ റോമാനഗരം വിട്ട് ഒളിച്ചോടി പോവുകയായിരുന്നു. നഗരകവാടത്തിലെത്തിയപ്പോള്‍ ക്രിസ്തു എതിരെ വരുന്നതു കണ്ടു. പത്രോസിന് പരിഭ്രാന്തനായി. കാരണം, കര്‍ത്താവ് കുരിശും വഹിച്ചുകൊണ്ടാണ് വരുന്നത്!

ക്രിസ്തു എന്തെങ്കിലും തന്നോടു ചോദിക്കുന്നതിനു മുന്‍പേ, ശ്ലീഹാ ബുദ്ധിപൂര്‍വ്വം അങ്ങോട്ടൊരു ചോദ്യം തൊടുത്തുവിട്ടു, “Quo vadis, Domine?” കര്‍ത്താവേ, അങ്ങ് എങ്ങോട്ടാണ് പോകുന്നത്?” അപ്പോള്‍ ക്രിസ്തു പറഞ്ഞു, “പത്രോസേ, ഞാന്‍ റോമിലേയ്ക്കാണ്. ഒരിക്കല്‍ക്കൂടി ക്രൂശിക്കപ്പെടാന്‍..!” നിമിഷംകൊണ്ട് പത്രോസിനു കാര്യം പിടികിട്ടി. റോമിലേയ്ക്ക് താന്‍ തിരിച്ചുപോകണമെന്നും, മരണംവരെ ധൈര്യപൂര്‍വ്വം ഗുരുവിനെ പിന്‍തുടരണമെന്നും അപ്പസ്തോല പ്രമുഖനു ബോദ്ധ്യമായി. മാത്രമല്ല ഈ പീഡനത്തില്‍ താന്‍ ഒറ്റക്കല്ലെന്നും, എപ്പോഴും ക്രിസ്തു ചാരത്തുണ്ടെന്നും അന്ന് പത്രോസിനു മനസ്സിലായി. പിന്നീട് ഇക്കഥ (Henryk Sienkiewicz) ഹെന്‍റി സിയെന്‍കിയേവിച്ച് എന്ന പോളിഷ് കഥാകൃത്ത് നോവലാക്കി. അതുപോലെ 1951-ല്‍ മെല്‍വിന്‍ ലിറോയ്.. ടെക്നോക്കളറില്‍ ‘ക്വോ വാഡിസ്...’ (Quo vadis?)  സിനിമയും നിര്‍മ്മിച്ചു...! മരണത്തോളം ലോകത്തെ സ്നേഹിച്ച ക്രിസ്തു പീഡനങ്ങളിലും തന്‍റെ ശിഷ്യരുടെ കൂടെയുണ്ടെന്ന് പറയുന്നതാണീക്കഥ.

3. നമ്മിലേയ്ക്കു വരുന്ന ക്രിസ്തു!     അനുദിനം കുരിശുമായി നമ്മുടെ ചാരത്തണയുന്ന ക്രിസ്തു നമ്മുടെ ഭീതിയും ജീവിതപ്രശ്നങ്ങളും, ഏറെ ആഴമാര്‍ന്നതും വേദനാജനകവുമായ പ്രയാസങ്ങളും സ്വയം ഏറ്റെടുക്കാന്‍ ക്രിസ്തു വരുന്നു, നമ്മിലേയ്ക്ക് വരുന്നു! അധിക്രമങ്ങള്‍ക്ക് ഇരയായവരുടെ ജീവിത നിശ്ശബ്ദതയിലേയ്ക്ക് ക്രിസ്തു തന്‍റെ കുരിശുമായി കടന്നു ചെല്ലുന്നുണ്ട് – വിശിഷ്യാ ഇനിയും കരയാനാവാത്ത ചൂഷിതരായ നിര്‍ദ്ദോഷികളിലേയ്ക്കും, പ്രതിരോധശേഷിയില്ലാത്ത പാവങ്ങളിലേയ്ക്കും, പ്രതിസന്ധികളില്‍പ്പെട്ട് തകര്‍ന്ന കുടുംബങ്ങളിലേയ്ക്കും, മക്കള്‍ നഷ്ടമായവരുടെ പക്കലേയ്ക്കും; അല്ലെങ്കില്‍ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും മിഥ്യയായ സുഖജീവിതത്തിന് കീഴ്പ്പെട്ടുപോയവരിലേയ്ക്കും ക്രിസ്തു കുരിശുമായി കടന്നുവരും! അവര്‍ക്ക് അവിടുത്തോടൊപ്പം തങ്ങളുടെ ജീവിത വഴികളിലേയ്ക്ക് മടങ്ങാനായാല്‍... ജീവിത ഉത്തരവാദിത്തങ്ങളിലേയ്ക്ക് തിരികെപ്പോകാന്‍ മനസ്സുണ്ടെങ്കില്‍, പത്രോസ് ശ്ലീഹായെപ്പോലെ ജീവിതത്തിന്‍റെ കടമകളിലേയ്ക്ക് വിശ്വസ്തതയോടെ മടങ്ങിച്ചെല്ലാം. ജീവിതങ്ങള്‍ നവീകരിക്കാം. വിശ്വസ്തതയോടെ ജീവിതചെയ്തികള്‍ പുതുതായി തുടങ്ങാം, ജീവിതം സമര്‍പ്പിക്കാം. ക്രിസ്തു കൂടെയുണ്ട്.

4. ഗുരുവിനോടുള്ള സാരൂപ്യപ്പെടല്‍   ക്രിസ്തുവിനോടുള്ള സാരൂപ്യപ്പെടലാണ് ശിഷ്യത്വം. പീഡിപ്പിക്കപ്പെടുകയും പരിത്യക്തനാവുകയും അവസാനം ക്രൂശിക്കപ്പെടുകയും ചെയ്ത ഗുരുവിനോടുള്ള സാരൂപ്യപ്പെടലാണത്. ക്രിസ്തു ശിഷ്യത്ത്വം ഒരു പ്രതിഫലമോ, പ്രതിസമ്മാനമോ, ജീവിതസ്വാസ്ഥ്യമോ വാഗ്ദാനംചെയ്യുന്നില്ല. സുവിശേഷജീവിതത്തിന്‍റെ ഭാഗധേയം പ്രയാസങ്ങളും പ്രതിസന്ധികളുമാണ്. സുവിശേഷവത്ക്കരണ ജോലിയുടെയും പങ്ക്, അതിനാല്‍ പീഡനങ്ങളും പ്രയാസങ്ങളുമാണെന്ന് നമുക്കു മനസ്സിലാക്കാം. ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസവും അവിടുത്തെ ശിഷ്യത്വവും അനുദിനജീവിത മേഖലകളില്‍, എപ്പോഴും അതിന്‍റെ മാറ്റുരയ്ക്കപ്പെടുന്നുണ്ടെന്നതും സത്യമാണ്. സുവിശേഷ മൂല്യങ്ങള്‍ക്ക് അനുസൃതമായി ജീവിക്കുക വലിയ വെല്ലുവിളിയാണ്. എന്നാല്‍ തന്നില്‍ പ്രത്യാശവയ്ക്കുന്നവരെ ദൈവം കൈവെടിയുകയില്ല. തന്‍റെ പ്രേഷിതരെ, മിഷണറിമാരെ, തന്‍റെ മക്കളെ പിതാവു സംരക്ഷിക്കുന്നു. അതുകൊണ്ടാണ് ക്രിസ്തു ശിഷ്യരോട് ആവര്‍ത്തിച്ചു പറഞ്ഞത്, “ഭയപ്പെടേണ്ട, ഭയപ്പെടേണ്ട! ഞാന്‍ കൂടെയുണ്ട്!” (10, 26).

5.  സാരൂപ്യപ്പെടല്‍ - ക്രിസ്തുവില്‍ നേടുന്ന നവജീവന്‍    ക്രൈസ്തവര്‍ ജ്ഞാനസ്നാനംവഴി ക്രിസ്തുവിനോട് ഐക്യപ്പെടുകയും സാരൂപ്യപ്പെടുകയും ചെയ്യുന്നു. അതിനാല്‍ അവിടുത്തെ മരണത്തിലും ഉത്ഥാനത്തിലും പങ്കുകാരാകേണ്ടവരാണ് ക്രിസ്തു-ശിഷ്യന്മാര്‍. ജ്ഞാനസ്നാനംവഴി പാപത്തിനു മരിച്ചവര്‍, ദൈവത്തിലും ക്രിസ്തുവിലും ജീവിക്കുന്നു. അവര്‍ നിയമത്തിനു കീഴിലല്ല, കൃപാവരത്തിന്‍റെ നിറവിലാണ് ജീവിക്കുന്നെന്നാണ് പൗലോസ് അപ്പസ്തോലന്‍ ഇന്നത്തെ രണ്ടാം വായനയില്‍, റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ഉദ്ബോധിപ്പിക്കുന്നത് (റോമ. 6, 3-4). സഹോദരങ്ങളെ പീഡിപ്പിച്ച സാവൂളിനെ കര്‍ത്താവ് തട്ടി താഴെയിട്ടു. ആ സാവൂളാണ് പിന്നീട് സഹോദരങ്ങളെ സഹായിക്കുകയും നയിക്കുകയുംചെയ്ത പൗലോസായി മാറിയത്, ജനതകളുടെ സുവിശേഷപ്രചാരകനായി മാറിയത്! അതിനാല്‍, മാറ്റവും മാനസാന്തരവും അനുരഞ്ജനവും സാദ്ധ്യമാണെന്നാണ് അപ്പസ്തോലന്‍ നമ്മെ പഠിപ്പിക്കുന്നത്. മാനസാന്തരപ്പെട്ട അപ്പസ്തോലന്‍ പിന്നീട് പറയുന്നത്, “ഇനി ഞാനല്ല, എന്നില്‍ ക്രിസ്തു ജീവിക്കുന്നു…”. അത്രത്തോളെ അദ്ദേഹം ക്രിസ്തുവിനോട് സാരൂപ്യപ്പെട്ടു (ഗലാത്തി. 2, 20).

6.  ക്രിസ്തു വാഗ്ദാനംചെയ്യുന്ന പ്രതിഫലം    ഇന്നത്തെ സുവിശേഷഭാഗം അതിന്‍റെ രണ്ടാം ഘട്ടത്തില്‍ ക്രൈസ്തവ സമര്‍പ്പണത്തിനുള്ള പ്രതിഫലത്തെക്കുറിച്ച് സംസാരിക്കുന്നു. ക്രിസ്തു പ്രതിഫലം വാഗ്ദാനംചെയ്യുന്നത് എപ്പോഴാണെന്ന് പറയുന്നുണ്ട്! “നിങ്ങളെ സ്വീകരിക്കുന്നവര്‍ എന്നെ സ്വീകരിക്കുന്നു. പ്രവാചകനെ സ്വീകരിക്കന്നവര്‍ക്ക് പ്രവാചകന്‍റെ പ്രതിഫലവും, നീതിമാനെ സ്വീകരിക്കുന്നവര്‍ക്ക് നീതിമാന്‍റെ പ്രതിഫലവും ലഭിക്കും…” (41). അതുപോലെ ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യന്‍ എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കുടിക്കാന്‍ കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കകയില്ലെന്നും സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

7. എളിയവര്‍ക്കായൊരു ദിവസം    ഇക്കഴിഞ്ഞ ജൂണ്‍ 13-Ɔ൦ തിയതി പാദുവായിലെ വിശുദ്ധ അന്തോനീസിന്‍റെ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് “പാവങ്ങളുടെ ആഗോളദിനം” പ്രഖ്യപിച്ചത് ശ്രദ്ധേയമാണ്.  അത് ആചരിക്കപ്പെടാന്‍ പോകുന്നത് വരുന്ന നവംബര്‍ 13-Ɔ൦ തിയതിയാണ്. “സ്നേഹം വാക്കുകൊണ്ടല്ല, പ്രവൃത്തിയാല്‍ പ്രകടമാക്കാം!” ഇതാണ് ആ ദിനത്തിന്‍റെ പ്രധാനപ്പെട്ട സന്ദേശം. ക്രിസ്തു ശിഷ്യത്വത്തിന്‍റെ ഏറെ മൗലികവും പ്രായോഗികവുമായ തലത്തിലേയ്ക്ക് സമകാലീന സഭയെയും, ക്രൈസ്തവമക്കളായ നമ്മെ ഓരോരുത്തരെയും നയിക്കാനാണ് പാപ്പാ ഈ ദിനാചരണം നല്കുന്നതെന്ന വസ്തുത വ്യക്തമാണ്.

ക്രിസ്തുവിനെ മാതൃകയാക്കിയാല്‍ അവിടുന്നു സ്നേഹച്ചതുപോലെ സ്നേഹിക്കാന്‍, പ്രത്യേകിച്ച് പാവങ്ങളായവരെ സ്നേഹിക്കാന്‍ നമുക്കു സാധിക്കും. ദൈവപുത്രനായ ക്രിസ്തുവിന്‍റെ സ്നേഹശൈലി അറിയപ്പെട്ടതാണ്. സുവിശേഷകന്‍ യോഹന്നാന്‍ അത് മനോഹരമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ദൈവം നമ്മെ ആദ്യം സ്നേഹിച്ചു (1യോഹ. 4, 10.19), സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ തന്‍റെ ജീവന്‍ സമര്‍പ്പിച്ചാണ് അവിടുന്നു നമ്മെ സ്നേഹിച്ചത് (1യോഹ. 3, 16).  അങ്ങിനെയൊരു സ്നേഹത്തോട് പ്രത്യുത്തരിക്കാതെ നമുക്കു മുന്നോട്ടു പോകാനാകുമോ?  ദൈവസ്നേഹം കലവറയില്ലാതെയും നിര്‍ലോഭമായും ചൊരിയപ്പെട്ടതാണെങ്കിലും, അതു നമ്മുടെ ഹൃദയങ്ങളെ ത്രസിപ്പിക്കുകയും, പാപത്തിലും പരിമിതികളിലും പ്രതിസ്നേഹം കാണിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

8.  'വലിച്ചെറിയല്‍ സംസ്ക്കാരം'  ഇല്ലാതാക്കാം    ദൈവത്തിന്‍റെ കൃപയും അവിടുത്തെ കരുണാര്‍ദ്രമായ സ്നേഹവും തുറവോടെ, ആവുന്നത്ര ഹൃദയങ്ങളില്‍ സ്വീകരിക്കുന്നവരിലാണ് പ്രതിസ്നേഹത്തിന്‍റെ പ്രക്രിയ സംഭവിക്കുന്നത്. അങ്ങനെ മാനസികമായും വൈകാരികമായും നാം ദൈവത്തെപ്പോലെ, ക്രിസ്തുവിനെപ്പോലെ അയല്‍ക്കാരെയും നമ്മുടെ സഹോദരങ്ങളെയും സ്നേഹിക്കാന്‍ നിര്‍ബന്ധിതരാകുന്നു, നാം വിളിക്കപ്പടുന്നു. ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തില്‍നിന്നും നിര്‍ഗ്ഗളിക്കുന്ന കാരുണ്യമാണ് നമ്മുടെ ജീവിതങ്ങളെ രൂപപ്പെടുത്തുകയും, എളിയവരായ സഹോദരങ്ങളെ സഹായിക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നത്.

നിങ്ങളെയും എന്നെയും സൃഷ്ടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരേ സ്വര്‍ഗ്ഗീയ പിതാവിന്‍റെ മക്കാളാണ് സകലരും – ഞാനും നിങ്ങളും, നാമെല്ലാവരും.  അതിനാല്‍ ആരെയും നമ്മുടെ സ്നേഹക്കൂട്ടായ്മയില്‍നിന്നും ഒഴിവാക്കരുത്—വിശിഷ്യാ എളിയവരെ. പാവങ്ങളെയും, രോഗികളെയും, വാര്‍ദ്ധ്യക്യത്തില്‍ എത്തിയവരെയും, വൈകല്യമുള്ളവരെയും, ചിലപ്പോള്‍ കുഞ്ഞുങ്ങളെപ്പോലും പാര്‍ശ്വവത്ക്കരിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന “വലിച്ചെറിയല്‍ സംസ്ക്കാരം” (A Culture of Waste) ഇന്നു വളര്‍ന്നുവരുന്നുണ്ട്. അതിനെതിരെ  ഒരു കൂട്ടായ്മയുടെ സംസ്കൃതി, സാഹോദര്യത്തിന്‍റെ സംസ്കൃതി വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും ഇന്നത്തെ സുവിശേഷം ഉദ്ബോധിപ്പിക്കുന്നു.

9.  ജീവിതക്കുരിശുകളുടെ സ്നേഹസമര്‍പ്പണം    പീഡനങ്ങള്‍ പൂര്‍വ്വാധികം വര്‍ദ്ധിച്ചുവരുന്ന കാലയളവിലും ക്രിസ്തു നമ്മെ വിളിക്കുന്നു. അവിടുത്തോടു സാരൂപ്യപ്പെട്ട് ജീവിതങ്ങള്‍ വിശ്വസ്തതയോടെ സ്നേഹത്തില്‍ സമര്‍പ്പിക്കാന്‍ അവിടുന്നു നമ്മെ ക്ഷണിക്കുന്നു. പ്രതിസന്ധികളിലും ശത്രുതയില്ലാത്ത, സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും സമര്‍പ്പണത്തിലേയ്ക്കും, വിശ്വസ്തതയുള്ള വിശ്വാസ ജീവിതത്തിലേയ്ക്കുമാണ് അവിടുന്നു നമ്മെ ക്ഷണിക്കുന്നത്. ക്രിസ്തു നമ്മോടുകൂടെയുണ്ട്! അതിനാല്‍ ഭയപ്പെടാതെ മുന്നേറാം. വിശ്വാസജീവിതത്തിലും ക്രിസ്തുസാക്ഷ്യത്തിലും നമ്മുടെ വ്യക്തിപരമായ വിജയമോ, നേട്ടമോ അല്ല, മറിച്ച് അത് ക്രിസ്തുവിനോടുള്ള വിശ്വസ്തതയാണ്. അവിടുത്തെപ്പോലെ നമ്മുടെ അനുദിനജീവിതക്കുരിശുകള്‍ വഹിച്ചുകൊണ്ട് മുന്നോട്ടു ചരിക്കാം... സമൂഹത്തിലേയ്ക്കും, കുടുംബത്തിലേയ്ക്കും... ജീവിതമേഖലകളിലേയ്ക്കുമുള്ള തിരിച്ചുപോക്കാണത്. വിളിച്ചവന്‍ ചാരത്തുണ്ട്, നമ്മെ നയിക്കുന്നുണ്ട്. തന്‍റെ സ്നേഹവും സംരക്ഷണവും നമ്മില്‍ സമൃദ്ധമായി ചൊരിയുന്നുണ്ട്!


(William Nellikkal)

01/07/2017 18:12