2017-06-30 09:16:00

വിശുദ്ധ ജോണ്‍ 23-Ɔമന്‍ പാപ്പായുടെ തിരുശേഷിപ്പിന്‍റെ സന്ദര്‍ശനം


ജോണ്‍ 23-‍Ɔമന്‍ പാപ്പായുടെ ‘തിരുശേഷിപ്പുകള്‍’ ജന്മനാടായ വടക്കെ ഇറ്റലിയിലെ ബേര്‍ഗമോയിലേയ്ക്ക് വണക്കത്തിനായി കൊണ്ടുപോകും. ജൂണ്‍ 27-ന് പുറത്തുവന്ന വത്തിക്കാന്‍റെ പ്രസ്താവനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

2018-ല്‍ ആചരിക്കാന്‍ ഒരുങ്ങുന്ന വിശുദ്ധനായ പാപ്പാ റൊങ്കാലിയുടെ 55-Ɔ൦ ചരമവാര്‍ഷികവും സ്ഥാനാരോഹണത്തിന്‍റെ   60-Ɔ൦ വാര്‍ഷികവുമായി ബന്ധപ്പെടുത്തിയാണ് തിരുശേഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന, ഇപ്പോള്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള പേടകം ജന്മനാട്ടിലേയ്ക്ക് ഒരു തീര്‍ത്ഥാടനമായി കൊണ്ടുപോകാന്‍ ഒരുങ്ങുന്നത്. ഏതാനും ദിവസത്തെ പൊതുപ്രദര്‍ശനത്തിനും വണക്കത്തിനുള്ള തിരുശേഷിപ്പിന്‍റെ അനുഗ്രഹ തീര്‍ത്ഥാടനമാണിത്. വിശുദ്ധന്‍റെ പൂജ്യശേഷിപ്പുകള്‍ ബേര്‍ഗമോയിലേയ്ക്ക് കൊണ്ടുപോകുന്നതിന് അനുമതി നല്കിയ പാപ്പാ ഫ്രാന്‍സിസിന് അവിടത്തെ മെത്രാന്‍ ഫ്രാന്‍ചേസ്കോ ബെസ്ക്കി വിശ്വാസികള്‍ക്കൊപ്പം പ്രസ്താനവയില്‍ നന്ദിയര്‍പ്പിക്കുന്നതായി ജൂണ്‍ 27-ന് പുറത്തുവന്ന വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ സഭാനവീകരണത്തിന്‍റെ ആത്മാവായി മാറിയ വിശുദ്ധനായ ജോണ്‍ 23-Ɔമന്‍ പാപ്പായുടെ പൂജ്യദേശം തൈലലേപനംചെയ്തും, മെഴുകില്‍ ആവരണംചെയ്തും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ചെറിയ അള്‍ത്താരകളിലൊന്നില്‍ പൊതുവണക്കത്തിനു സൂക്ഷിച്ചിട്ടുള്ളതാണ്. പൂജ്യശേഷിപ്പിന്‍റെ ഈ പൂര്‍ണ്ണപേടകമായിരിക്കും വിശുദ്ധനായ പാപ്പായുടെ ജന്മനാടായ ബേര്‍ഗമോയിലെ ജനങ്ങളുടെ ആഗ്രഹപ്രകാരം  പൊതുവണക്കത്തിന് അവിടേയ്ക്ക് കൊണ്ടുപോകാന്‍ പോകുന്നത്.  അവിടത്തെ ജനങ്ങള്‍ക്ക്, വിശിഷ്യാ ബഹുഭൂരിപക്ഷം കര്‍ഷകരായ തലമുറയ്ക്ക്  പ്രിയങ്കരനായ പാപ്പാ റൊങ്കാലിയുടെ തിരുശേഷിപ്പിന്‍റെ തീര്‍ത്ഥാടനം തീര്‍ച്ചയായും ഒരു അനുഗ്രഹ സന്ദര്‍ശനമാണെന്ന് സ്ഥലത്തെ മെത്രാന്‍, ബിഷപ്പ് ഫ്രാന്‍ചേസ്കൊ ബെസ്ക്കി പറഞ്ഞത് വത്തിക്കാന്‍റെ പ്രസ്താവന ഉദ്ധരിച്ചു.

കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന വിശുദ്ധനായ പാപ്പാ റൊങ്കാലി എന്നും ബേര്‍ഗമോ വാസികള്‍ക്ക് പ്രിയങ്കരനായിരുന്നെന്നും, ജീവിച്ചിരുന്നപ്പോഴും സ്നേഹവും ലാളിത്യവുമാര്‍ന്ന പെരുമാറ്റവുംകൊണ്ട് വിശുദ്ധിയുടെ പരിമളം പരത്തിയ അദ്ദേഹം എന്നും സകലര്‍ക്കും സമാദരണീയനാണെന്ന് ബിഷപ്പ് ബെസ്കി പറഞ്ഞു. പാപ്പായുടെ കുടുംബസ്വത്തായിരുന്ന ചെറിയവീടും കൃഷിയിടവും ഇന്നും പൂജ്യമായി സൂക്ഷിച്ചിട്ടുണ്ട്. അവിടെയാണ് അദ്ദേഹത്തിന്‍റെ പേരിലുള്ള കാഴ്ചബംഗ്ലാവും, ഗ്രന്ഥാലയവും, ധര്‍മ്മസ്ഥാപനവും പ്രവര്‍ത്തിക്കുന്നതും.








All the contents on this site are copyrighted ©.