2017-06-30 08:50:00

DOCAT ​XXV: ബയോ എത്തിക്സില്‍ മനുഷ്യവ്യക്തി


കഴിഞ്ഞദിനത്തില്‍ ഡുക്യാറ്റ് പഠനപരമ്പരയുടെ ഇരുപത്തിനാലാംഭാഗത്ത്, മനുഷ്യന്‍റെ സാമൂഹിക ജീവിതത്തെക്കുറിച്ച്  61 മുതല്‍ 65 വരെയുള്ള ചോദ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഉത്തരങ്ങളിലായിരുന്നു നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ചത്.  ഇന്നു നാം അതിന്‍റെ തുടര്‍ച്ചയായി വരുന്ന മൂന്നുചോദ്യങ്ങളുടെ ഉത്തരങ്ങളും തുടര്‍ന്ന് ബയോ എത്തിക്സിനെക്കുറിച്ചു നല്‍കിയിരിക്കുന്ന അടുത്തഭാഗത്തെ രണ്ടു ചോദ്യങ്ങളും ചിന്താവിഷയമാക്കുകയാണ്. ഇവയില്‍ ആദ്യത്തെ മൂന്നു ചോദ്യങ്ങള്‍ അവകാശങ്ങളും കടമകളും തമ്മിലുള്ള ബന്ധം, രാഷ്ട്രങ്ങള്‍ക്കിടയിലെ നീതി, വ്യക്തി, സമൂഹ, രാഷ്ട്രങ്ങള്‍ ഇവയുടെ അവകാശങ്ങള്‍ എന്നിവയെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍, തുടര്‍ന്നുവരുന്ന രണ്ടു ചോദ്യങ്ങള്‍ ബയോ എത്തിക്സ് വിഷയം കൈകാര്യം ചെയ്യുന്നു.  ബയോ എത്തിക്സ് എന്നാല്‍ എന്താണെന്നും എന്തുകൊണ്ട് ഈ വിഷയത്തില്‍ സഭ ഉത്തരവാദിത്വമുള്ളവളാകുന്നുവെന്നും വിശദീകരിക്കുകയാണവ.

ചോദ്യം 66: അവകാശങ്ങളെക്കുറിച്ച് അവബോധമുള്ളവരും അതിനുവേണ്ടി വാദിക്കുന്നവരുമാണ് നാമെല്ലാവരും തന്നെ. കടമകളെ അവഗണിക്കാനുള്ള പ്രവണത കൂടുതലായും കാണുന്നു.  അതുകൊണ്ട്  അവകാശങ്ങളും കടമകളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? എന്ന അറുപത്താറാമത്തെ ചോദ്യത്തിനുത്തരം വളരെ പ്രസക്തമാണ്.

മനുഷ്യാവകാശങ്ങള്‍ പ്രായോഗികമാക്കുന്ന ഒരു വ്യക്തി, മറ്റുള്ളവരോടുള്ള കടമകളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നു.  ജോണ്‍ 23-ാമന്‍ പാപ്പാ ''ഭൂമിയില്‍ സമാധാനം'' എന്ന ചാക്രികലേഖനത്തില്‍ പറയുന്നു: ''അവകാശങ്ങള്‍ക്കായി വാദിക്കുകയും കടമകള്‍ ഉപേക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍, അല്ലെങ്കില്‍ പകുതി കടമകളേ നിര്‍വഹിക്കുന്നുള്ളുവെങ്കില്‍ അത് ഒരു വീട് ഒരു കൈകൊണ്ടു നിര്‍മിക്കുകയും മറ്റേ കൈകൊണ്ടു തകര്‍ക്കുകയും ചെയ്യുന്നതിനു തുല്യമാണ്''.

രണ്ടു ലോകമഹായുദ്ധങ്ങള്‍ വരുത്തിവച്ച ദുരന്തങ്ങള്‍ ജനങ്ങളെ മനുഷ്യാവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും, അന്താരാഷ്ട്രനിയമത്തിന്‍റെ അടിസ്ഥാനങ്ങളെ ബഹുമാനിക്കുവാന്‍ ഒരു പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചുവെന്ന്  ഐക്യരാഷ്ട്രസംഘടനയുടെ 1945-ലെ ചാര്‍ട്ടര്‍ വ്യക്തമാക്കുന്നു. ആ ചാര്‍ട്ടറിന്‍റെ ലക്ഷ്യങ്ങളായി ഇങ്ങനെ കുറിച്ചിരിക്കുന്നു.

അന്താരാഷ്ട്രതലത്തില്‍ സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കുക, ഈ ലക്ഷ്യത്തിലേക്കായി സമാ ധാനത്തിനു ഭീഷണിയാവുന്നവയെ കൂട്ടായും ഫലപ്രദമായും തടയുകയോ ഇല്ലാതാക്കുകയോ ചെയ്യുക, അതുപോലെതന്നെ സമാധാനലംഘനങ്ങളെയും, വിധ്വംസക പ്രവര്‍ത്തനങ്ങളെയും തടയുക, കൂടാതെ സമാധാനത്തിന്‍റെ മാര്‍ഗത്തില്‍ അന്താരാഷ്ട്രനിയമത്തിനും നീതിയുടെ തത്വങ്ങള്‍ക്കും അനുരൂപ മായ രീതിയില്‍ സമാധാനലംഘനത്തിലേക്കു നയിച്ചേക്കാവുന്ന അന്താരാഷ്ട്രതര്‍ക്കങ്ങള്‍ക്കും പ്രതിസന്ധി കള്‍ക്കും താല്‍ക്കാലികമോ സ്ഥിരമോ ആയ പരിഹാരം ഉണ്ടാക്കുക. 

ചോദ്യം 67:  വ്യക്തികള്‍ക്കെന്നപോലെ രാഷ്ട്രങ്ങള്‍ തമ്മിലും നീതിപൂര്‍വമായ ഇടപെടല്‍ ആവശ്യമാണ് എന്ന് പ്ര ബോധിപ്പിക്കുന്നതാണ്, രാഷ്ട്രങ്ങള്‍ക്കിടയില്‍ നീതിക്ക് എങ്ങനെ പ്രബലപ്പെടാനാവും? എന്ന അറുപത്തിയേഴാമത്തെ ചോദ്യം.

ഉത്തരമിതാണ്:  വ്യക്തികള്‍ക്കുമാത്രമല്ല, ജനസമൂഹങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും നീതിക്ക് അവകാശമുണ്ട്.  രാജ്യം കീഴടക്കപ്പെടുമ്പോഴും വിഭജിക്കപ്പെടുമ്പോഴും സാമന്തരാജ്യങ്ങളായി ചുരുങ്ങിപ്പോകുമ്പോഴും അവയിലെ സമ്പത്തു കൊള്ളയടിക്കപ്പെടുമ്പോഴും, അതുമല്ലെങ്കില്‍ ശക്തരായ രാജ്യങ്ങളാല്‍ ചൂഷണം ചെയ്യപ്പെടുമ്പോഴും അവിടെയെല്ലാം അനീതിയുണ്ട്.  ഓരോ രാജ്യത്തിനും തത്വത്തില്‍ സ്വാതന്ത്ര്യം, നിലനില്‍പ്പ്, ഭാഷ, സംസ്ക്കാരം, സ്വതന്ത്രമായ തീരുമാനങ്ങള്‍, സമാധാനപൂര്‍വം സഹകരിക്കാവുന്ന സുഹൃദ് രാജ്യങ്ങളെ തിരഞ്ഞെടുക്കല്‍ തുടങ്ങിയ അവകാശങ്ങള്‍ പ്രകൃത്യാതന്നെ സ്വന്തമാണ്.  മനുഷ്യാവകാശങ്ങളെ രാഷ്ട്രങ്ങളുടെ ഉയര്‍ന്ന തലത്തില്‍ പ്രയോഗിക്കണം. ഇപ്രകാരം സമാധാനം, ബഹുമാനം, ഐക്യദാര്‍ഢ്യം മുതലായവ ജനതകള്‍ക്കിടയില്‍ സാധ്യമാകണം.  രാജ്യാന്തര നിയമമനുസരിച്ചുള്ള പരമാധികാരം തീര്‍ച്ചയായും രാജ്യത്തിനുള്ളില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാനോ ന്യൂനപക്ഷത്തിന്‍റെ അടിച്ചമര്‍ത്തലിനോ ഉള്ള വ്യാജകാരണമാകരുത്.

യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല.  നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ് എന്ന് ഗലാത്തിയാക്കാര്‍ക്കുള്ള ലേഖനത്തില്‍ (3:28) അവകാശങ്ങളും കടമകളും ഉള്ളവരാണു നാമെന്നും  അടിസ്ഥാനപരമായി അവ തുല്യവുമാണെന്നും പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നു.  .

പന്ത്രണ്ടാം പീയൂസ് പാപ്പാ 1941-ലെ ക്രിസ്മസ് ദിനത്തില്‍ നല്‍കിയ സന്ദേശം ഈ ഉത്തരത്തോടു ചേര്‍ത്തു ഡുക്യാറ്റ് നല്‍കിയിരിക്കുന്നത്, രാഷ്ട്രങ്ങള്‍ തമ്മില്‍ പാലിക്കേണ്ട നീതിയെക്കുറിച്ച് പാപ്പാ വളരെ മനോഹരമായി അതില്‍ പ്രബോധിപ്പിക്കുന്നതുകൊണ്ടാണ്.  പാപ്പാ ആ സന്ദേശത്തില്‍ ഇപ്രകാരം പറഞ്ഞു.

ധാര്‍മിക തത്വങ്ങളില്‍ അധിഷ്ഠിതമായ പുതിയ ക്രമത്തിന്‍റെ മേഖലയില്‍ സ്വാതന്ത്ര്യം, സമഗ്രത, മറ്റു രാജ്യങ്ങളുടെ സുരക്ഷ എന്നിവയുടെ ലംഘനത്തിന് ഇടമില്ല. അവയുടെ ഭൂവിസ്തൃതിയും പ്രതിരോ ധത്തിനുള്ള കഴിവും എപ്രകാരമാണെങ്കിലും ശരി, ശക്തമായ രാജ്യങ്ങള്‍ തങ്ങളുടെ വലിയ സാധ്യത കളും ശക്തിയും ഉപയോഗിച്ച് തങ്ങള്‍ മാത്രമല്ല, ചെറിയ, ദുര്‍ബലരായ രാജ്യങ്ങളെക്കൂടി ചേര്‍ത്ത് സാമ്പത്തിക സംഘടനകള്‍ ഉണ്ടാക്കുകയെന്നത് അത്യന്താപേക്ഷിതമാണ്.  ചെറിയ രാജ്യങ്ങളുടെ അവ കാശങ്ങളായ രാഷ്ട്രീയ സ്വാതന്ത്ര്യം, സാമ്പത്തിക വളര്‍ച്ച, രാജ്യങ്ങള്‍തമ്മില്‍ സംഘര്‍ഷം ഉണ്ടായാല്‍ മതിയായ സംരക്ഷണം, സ്വാഭാവികനിയമവും അന്താരാഷ്ട്രനിയമവും അവര്‍ക്കു നല്‍കുന്ന നിഷ്പക്ഷ തയ്ക്കുള്ള സ്വാതന്ത്ര്യം തുടങ്ങിയവയെ അവര്‍ (വലിയ രാജ്യങ്ങള്‍) മറ്റുള്ളവരെപ്പോലെ തന്നെ ബഹുമാനിക്കേണ്ടതാണ്. ഇപ്രകാരംമാത്രമേ പൊതുനന്മയില്‍നിന്ന് അര്‍ഹിക്കുന്ന പങ്കും, തങ്ങളുടെ ജനങ്ങള്‍ക്കു ഭൗതികവും ആത്മീയവുമായ സുസ്ഥിതിയും ഉറപ്പുവരുത്താന്‍ അവര്‍ക്കാവുകയുള്ളു.   

ചോദ്യം 68: വ്യക്തിപരമായ അവകാശങ്ങളും സാമൂഹ്യ, സാമുദായികാവകാശങ്ങളും രാഷ്ട്രത്തിനുള്ള അവകാശ ങ്ങളുമുണ്ട്. അത് പരിചിന്തനം ചെയ്യപ്പെടുകയും വളര്‍ത്തപ്പെടുകയും വേണം. ഇക്കാര്യം ജനസമൂ ഹങ്ങള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളും ജനസമൂഹങ്ങളുടെ അവകാശങ്ങളും രാഷ്ട്രങ്ങളുടെ അവകാശങ്ങളും എങ്ങനെ വളര്‍ത്താം? എന്ന അറുപത്തെട്ടാമത്തെ ചോദ്യം ചര്‍ച്ചചെ യ്യുന്നു.

ഉത്തരം:  ഓരോ ദിവസവും അക്രമത്തിന്‍റെ ബഹുവിധരൂപങ്ങള്‍ നാം കാണുന്നു: വംശക്കുരുതികള്‍, യുദ്ധം, പ്രവാസം, പട്ടിണി, ചൂഷണം, ബാലകരെ സൈന്യത്തില്‍ ചേര്‍ത്ത് മറ്റുള്ളവരെ കൊല്ലുന്ന തിനു നിര്‍ബന്ധിക്കുന്ന അവസ്ഥ എന്നിങ്ങനെ.  അടിമത്തത്തിന്‍റെ പുതിയ മുഖങ്ങള്‍ വളര്‍ന്നുവരുന്നു.  മനുഷ്യക്കടത്ത്, വേശ്യാവൃത്തി, ലഹരി എന്നിങ്ങനെ ബില്യണ്‍-ഡോളര്‍ ബിസിനസ്സുകള്‍ക്ക് രാഷ്ട്രീയ ശക്തികളും, ചില ഗവണ്‍മെന്‍റുകള്‍ തന്നെയും ഉള്‍പ്പെട്ട ലോബികള്‍ നേതൃത്വം നല്‍കുന്നു.  ക്രൈസ്ത വര്‍ തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിനുവേണ്ടി മാത്രമായിരിക്കരുത് മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്നത്.  എല്ലാ മനുഷ്യരുടെയും മൗലികമായ അവകാശങ്ങള്‍ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും അവര്‍ക്കു ചുമതലയുണ്ട്. അതുകൊണ്ടാണ് എല്ലാ സ്ഥലത്തും, എല്ലാ സന്ദര്‍ഭങ്ങളിലും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക, അവ സാര്‍വത്രികമായി അംഗീകരിക്കപ്പെടുകയും നില നി ര്‍ത്തുകയും ചെയ്യുക, എല്ലാറ്റിനുമുപരി സഭയ്ക്കുള്ളില്‍ത്തന്നെ അവയെ ആദരിക്കുകയും ചെയ്യുക എന്നത് തന്‍റെ കടമയായി സഭ കണക്കാക്കുന്നത്.

സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഇസ്രായേല്‍ജനത്തോടു ദൈവം കല്‍പ്പിച്ചതായി പുറപ്പാടുഗ്രന്ഥം ഇക്കാര്യം വ്യക്തമായും കൃത്യമായും പ്രബോധിപ്പിക്കുന്നു. ...നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കു കയോ അരുത്.  നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ (പുറ 22,21).

ദൈവം ജെറെമിയാപ്രവാചകനോടു പറയുന്ന, മാതാവിന്‍റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു, ജനിക്കുന്നതിനു മുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു (1:5)എന്ന വചനമാണ് ബയോ എത്തിക്സിനെക്കുറിച്ചുള്ള സഭാപ്രബോധനഭാഗത്തിന് ആമുഖമായി നല്‍കിയിരിക്കുന്നത്.  പ്രധാനമായും ഇവിടെ ഭ്രൂണഹത്യ, പരീക്ഷണങ്ങള്‍ക്കായി മനുഷ്യഭ്രൂണത്തിന്‍റെ ഉപയോഗം, കാരുണ്യവധം എന്നിവ ചര്‍ച്ച ചെയ്യപ്പെടുന്നു.

ചോദ്യം 69: ബയോ എത്തിക്സ് എന്നാലെന്താണ്? .  

ഉത്തരം: ബയോ എത്തിക്സ് എന്ന വാക്ക് രണ്ടു ഗ്രീക്കുപദങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണ്.  ബയോസ് (=ജീവന്‍), എതോസ് (=പതിവ്, ഉപയോഗം, നല്ല ശീലം).  അതിനാല്‍ ബയോ എത്തിക്സ് എന്നത് എല്ലാ ജീവികളോടും എങ്ങനെ നീതിപൂര്‍വം പെരുമാറാം എന്നതിനെക്കുറിച്ചുള്ള പ്രബോധ നങ്ങളുടെ ഒരു സമാഹാരമാണ്. അതിനാല്‍ അതു കേവലം പാരിസ്ഥിതികമായ മര്യാദകളല്ല.  വംശ ങ്ങളെ എങ്ങനെ നിലനിര്‍ത്താം, ആവാസവ്യവസ്ഥയെ എങ്ങനെ സംരക്ഷിക്കാം എന്ന ഗവേഷണവുമല്ല.  യഥാര്‍ഥ ബയോഎത്തിക്സ് വ്യക്തികളുടെ ജീവിതത്തിന്‍റെ ധാര്‍മികത കൂടിയായിരിക്കണം.  കാരണം, മനുഷ്യവ്യക്തിത്വത്തിന്‍റെ മഹത്വം ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്.  അതു പാരമ്പര്യ ശാസ്ത്രഗവേഷണത്തിലും ദയാവധത്തിന്‍റെ കാര്യത്തിലും (സഹനത്തെ ഒഴിവാക്കാന്‍ നടത്തുന്ന ആത്മഹത്യ, അപരഹത്യ) മാത്രമായിരിക്കരുത്.  ദേശീയ സമത്വവാദം ചേര്‍ത്തെടുത്ത ഒരു പ്രയോഗ മുണ്ട്: ''ജീവിതയോഗ്യമല്ലാത്ത ജീവിതം'' എന്നതാണത്.  അതനുസരിച്ച് നാസികള്‍ കുറ്റകരമായ രീതിയില്‍ തങ്ങളെത്തന്നെ ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഉടമകളാക്കാന്‍ ശ്രമം നടത്തി.  ഒരു മനുഷ്യജീവി ഗര്‍ഭാവസ്ഥ മുതല്‍ ഒരു വ്യക്തിയാണ്.  മനുഷ്യനെന്ന നിലയില്‍ അവന് എല്ലാവരുടെ യുംമേല്‍ അവകാശമുണ്ട്. ദൈവം നല്‍കിയ വൈയക്തികാന്തസിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ല.  ഒരാള്‍ക്കും മറ്റൊരാളുടെ സമഗ്രതയെ ഭഞ്ജിക്കുവാന്‍ അവകാശമില്ല.  അതു ഗവേഷണ കാര്യങ്ങള്‍ക്കായാലും ഒരാള്‍ വൃദ്ധനോ രോഗിയോ ഭ്രാന്തനോ വികലാംഗനോ ആയതുകൊണ്ടോ പോലും അങ്ങനെ ചെയ്യാന്‍ അവകാശമില്ല.  വ്യക്തിയുടെ മഹത്വമാണ് മനുഷ്യാവകാശങ്ങളുടെ യഥാര്‍ഥ അടിസ്ഥാനവും രാഷ്ട്രീയക്രമത്തിലുള്ള നീതീകരണവും.

ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കുന്നതാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പ്രബോധനം (27-2-2006). പാപ്പാ പറയുന്നു: ഗര്‍ഭത്തില്‍ ഉരുവായിരിക്കുന്ന ഒരു ശിശുവിനെയോ ഒരു കുട്ടിയെയോ, യുവത്വത്തിലുള്ള ഒരു വ്യക്തിയെയോ, മുതിര്‍ന്നവരെയോ വാര്‍ധക്യത്തിലെത്തിയ വ്യക്തിയെയോ ഒന്നും ദൈവസ്നേഹം വേര്‍തിരിച്ചു കാണുന്നില്ല. ദൈവം ഇവരില്‍ ആരോടും വേര്‍തിരിവു കാണിക്കുന്നില്ല.  കാരണം, ഓരോരുത്തരിലും തന്‍റെ തന്നെ ഛായയും സാദൃശ്യവുമാണ് ദൈവം കാണുന്നത്. അതിനാല്‍ സഭ തന്‍റെ അധികാരമുപയോഗിച്ച് എന്നും പ്രഘോഷിച്ചിട്ടുള്ളത് എല്ലാ മനുഷ്യജീവനും പരിശുദ്ധവും ഉരുവാകുന്നതുമുതല്‍ സ്വാഭാവിക മരണം വരെ അലംഘനീയനുമാണെന്നാണ്.

വി. ജോണ്‍ പോള്‍ പാപ്പാ ജീവന്‍റെ സുവിശേഷം എന്ന രേഖയില്‍ ഇതു കുറച്ചുകൂടി വ്യക്തമായി നല്‍കിയിട്ടുണ്ടെന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്.  പാപ്പാ ഇങ്ങനെ അതില്‍ കുറിച്ചു, യഥാര്‍ഥത്തില്‍ അണ്ഡവും ബീജവും തമ്മില്‍ കൂടിച്ചേരുന്ന നിമിഷംമുതല്‍ പിതാവില്‍നിന്നും മാതാവില്‍നിന്നും വ്യ ത്യസ്തമായ പുതിയൊരു ജീവന്‍ അവിടെ ആരംഭിക്കുകയാണ്. സ്വന്തമായ വളര്‍ച്ചയുള്ള പുതിയൊ രു മനുഷ്യവ്യക്തി തന്നെയാണത്. അപ്പോള്‍ത്തന്നെ അതൊരു മനുഷ്യനല്ലാതിരുന്നെങ്കില്‍ പിന്നീട് മനു ഷ്യനാക്കാനാവില്ലായിരുന്നു... ആധുനിക ജനിതകശാസ്ത്രം പറഞ്ഞുതരുന്നു.  ഈ ആദ്യനിമഷം മുതല്‍ ഈ ജീവിയില്‍ - വ്യക്തിപരമായ സവിശേഷതകള്‍ നന്നായി തീരുമാനിക്കപ്പെട്ടിരിക്കുന്നു (EV 60).

ചോദ്യം 70: എന്നാല്‍ വ്യക്തിജീവിതത്തിന്‍റെ എല്ലാഘട്ടങ്ങളിലും മനുഷ്യജീവനു ലഭിക്കേണ്ട ആദരം ലഭിക്കുന്നില്ലെ ന്നത് നമുക്ക് അറിയാം. ഈ ആദരവ്, അവകാശം എന്നിവയ്ക്കുവേണ്ടി അതുകൊണ്ട് സഭയ്ക്കു ശബ്ദമില്ലാത്തവരുടെ ശബ്ദമാകാതിരിക്കാനിവില്ല. അതിനാല്‍, എന്തുകൊണ്ട് നാം ബയോഎത്തിക്സിലു ത്തരവാദിത്വം കാണിക്കണം? എന്ന 70-ാമത്തെ ചോദ്യത്തിലൂടെ ഇത് ഡുക്യാറ്റ് ചര്‍ച്ചചെയ്യുന്നു.

ഉത്തരം: ബയോ എത്തിക്സ് ഉയര്‍ത്തുന്ന ബഹുലമായ ചോദ്യങ്ങളുണ്ട്.  ഉദാ. രോഗികള്‍, ജനിച്ചിട്ടി ല്ലാത്ത ശിശുക്കള്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്ക് എന്തെങ്കിലും വിലയുണ്ടോ?  വ്യക്തികളുടെ സ്വകാര്യ തീരുമാനത്തിന്‍റെ വിഷയമല്ല ഇത്.  വളരെ കാര്യങ്ങള്‍ രാഷ്ട്രീയതലത്തില്‍ തീരുമാനിക്കപ്പെടുന്നു.  പുതിയ സാങ്കേതിക ശാസ്ത്രങ്ങള്‍, ഉദാ. മനുഷ്യ ഭ്രൂണഗവേഷണം, സ്റ്റെം സെല്‍ ഗവേഷണം മുതലാ യ നവീന സാങ്കേതിക വിദ്യകള്‍ പുതിയ അടിയന്തിര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.  സാമൂഹിക ഉത്ത രവാദിത്വം നിര്‍വഹിക്കാനായും സമൂഹത്തിലെ മാനവികവും സാമൂഹികവുമായ മാനദണ്ഡങ്ങളെ രൂപപ്പെടുത്തുന്നതില്‍ സജീവപങ്കാളിത്തം നിര്‍വഹിക്കുവാനായും ക്രൈസ്തവര്‍ ഉയര്‍ന്ന യോഗ്യതയുള്ളവരാകേണ്ടിയിരിക്കുന്നു (cf. DP 1)

ജര്‍മന്‍ തത്വചിന്തകനായ റോബര്‍ട്ട് സ്പേമാന്‍റെ വാക്കുകള്‍ ഈ യാഥാര്‍ഥ്യത്തെ പ്രസ്പഷ്ടമാക്കുന്നു:  'മഹത്വം' എന്ന വാക്കിന്‍റെ വാച്യാര്‍ഥമോ അര്‍ഥ വ്യാഖ്യാനങ്ങളോ എന്തുമായിക്കൊള്ളട്ടെ, ഏതു സാഹചര്യത്തിലും അതിന്‍റെ പ്രാഥമിക അര്‍ഥം ഇതാണ്. ഇത്തരത്തിലുള്ള ഒന്നിനോട് ഏതെങ്കിലും ചെയ്യുമ്പോള്‍ മാതാപിതാക്കളുടെമാത്രം താല്‍പ്പര്യം കണക്കിലെടുത്താല്‍ മാത്രംപോരാ, മനുഷ്യഭ്രൂണം അതില്‍ത്തന്നെ ഒരു ലക്ഷ്യമാണ്. അതിന്‍റെ താല്‍പ്പര്യംകൂടി കണക്കാക്കണം. തോമസ് അക്വീനാസ് പ റയുകയും കാന്‍റ് അംഗീകരിക്കുകയും ചെയ്യുന്നതുപോലെ, അത് അതിനുവേണ്ടിത്തന്നെ നിലനില്‍ക്കുന്നു.








All the contents on this site are copyrighted ©.