2017-06-27 17:07:00

''മതിലുകളില്ലാത്ത ചക്രവാളങ്ങളിലേയ്ക്കു നോട്ടമുയര്‍ത്തുക'': പാപ്പാ


 

ജൂണ് 27, തിങ്കളാഴ്ച ഫ്രാന്‍സീസ് പാപ്പാ, താന്‍ മെത്രാന്‍സ്ഥാനം സ്വീകരിച്ചതിന്‍റെ രജതജൂബിലിയോടനുബന്ധിച്ചു അപ്പസ്തോലികമന്ദിരത്തിലെ പാവുളൈന്‍ ചാപ്പലില്‍, കര്‍ദിനാള്‍മാരുമൊരുമിച്ചു രാവിലെ അര്‍പ്പിച്ച ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു. ഉല്‍പ്പത്തിപ്പുസ്തകത്തില്‍ നിന്നുള്ള ആദ്യവായനയെ വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ പറഞ്ഞു

''...നിന്‍റെ പിതൃദേശത്തെയും ഭവനത്തെയും ഉപേക്ഷിച്ചുപോവുക (12,12) എന്ന കല്പനയോടെ അ ബ്രാഹവുമായി സംഭാഷണമാരംഭിക്കുന്ന ദൈവം, ദൈവകല്പന അനുസരിച്ചു നീങ്ങുന്ന അബ്രാഹവുമായുള്ള സംഭാഷണം തുടരുകയാണ്.  ഇന്നു നാം ശ്രവിച്ച ഈ സംഭാഷണത്തില്‍ ആജ്ഞാസ്വഭാവമുള്ള മൂന്നു വാക്കുകള്‍ ഉണ്ട്.  'എഴുന്നേല്‍ക്കുക', 'നോക്കുക', 'പ്രത്യാശിക്കുക'. അബ്രാഹം ഏതുവഴിയെ നടക്കണമെന്നും എന്തുചെയ്യണമെന്നും, എന്തു മനോഭാവം ഉണ്ടായിരിക്കണമെന്നും ഈ ആജ്ഞാപദങ്ങള്‍ സൂചിപ്പിക്കുന്നു''.

'എഴുന്നേല്‍ക്കുക' എന്ന ദൈവകല്പന അനുസരിച്ച അബ്രാഹം കൂടാരത്തിലും വഴിയിലുമായാണു കഴിഞ്ഞത്.  വീടു പണിയാത്ത അബ്രാഹം തന്‍റെ ദൈവത്തെ ആരാധിക്കുന്നതിന് ഒരു ബലിപീഠം മാത്രമേ പണിതുള്ളു എന്നു പറഞ്ഞ പാപ്പാ ‘നോക്കുക’ എന്ന ആജ്ഞാപദം വിശദീകരിച്ചു:

''കണ്ണുകളുയര്‍ത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും, തെക്കോട്ടും വടക്കോട്ടും നോക്കുക (13,14). ചക്രവാളങ്ങളിലേക്കു നോട്ടമയയ്ക്കുക എന്നാണ് ദൈവം പറയുക.  അവിടെ മതിലുകളില്ല... അങ്ങനെ മുന്നോട്ടു പോകുക.''  പ്രത്യാശിക്കുക എന്ന ആജ്ഞയും ഈ മനോഹരസംഭാഷണത്തിലുണ്ട്. നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയാത്തതുപോലെ എണ്ണമെടുക്കാനാവാത്ത വിധം അബ്രാഹത്തിനു സന്തതിപരമ്പര ഉണ്ടായിരിക്കുമെന്നു ദൈവം പറഞ്ഞത് അബ്രാഹം വിശ്വസിക്കുകയും ദൈവത്തില്‍ പ്ര ത്യാശയര്‍പ്പിക്കുകയും ചെയ്തു''.

വചനത്തെ ജീവിതബന്ധിയാക്കി, തന്നോടൊത്തു ദിവ്യബലിയില്‍ പങ്കുചേരുന്ന കര്‍ദിനാള്‍മാരോടായി പാപ്പാ പറഞ്ഞു: ''അബ്രാഹം വിളിക്കപ്പെട്ടപ്പോള്‍ ഏതാണ്ടു നമ്മുടെ പ്രായമായിരുന്നു... വിശ്രമത്തിലേക്കു പ്രവേശിക്കേണ്ട സമയം.. 'എഴുന്നേല്‍ക്കുക', 'നോക്കുക, 'പ്രത്യാശിക്കുക', ഈ വാക്കുകള്‍ തന്നെയാണ് ദൈവം നമ്മോടും പറയുന്നത്. നമ്മുടെ ജീവിതങ്ങളെ, നമ്മുടെ ചരിത്രത്തെ അടച്ചുവയ്ക്കേണ്ട സമയമല്ല ഇത്. അവ ഇപ്പോഴും ഒരു ദൗത്യത്തിലേക്കു തുറക്കപ്പെട്ടിരിക്കുന്നതാണ്. ‘എഴുന്നേല്‍ക്കുക’, ‘നോക്കുക’, ‘പ്രത്യാശിക്കുക’; അതു 'സ്വപ്നം കാണുക' എന്നതു തന്നെയാണ്. ഈ സ്വപ്നം ഇന്നത്തെ തല മുറയ്ക്കു കൈമാറുക, അവര്‍ക്കത് ആവശ്യമുണ്ട്. ഈ കൃപാവരത്തിനായി കര്‍ത്താവിനോടു യാചിക്കാം എന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്''.  








All the contents on this site are copyrighted ©.