2017-06-26 12:52:00

ആത്മാവിനെ നശിപ്പിക്കാന്‍ സാധിക്കാത്തവയെ ഭയപ്പെടേണ്ടതില്ല


വത്തിക്കാനില്‍, ഞായറാഴ്ചകളില്‍ പതിവുള്ള, പൊതുമദ്ധ്യാഹ്നപ്രാര്‍ത്ഥന ഈ ഞായറാഴ്ചയും (25/06/17) ഫ്രാന്‍സീസ് പാപ്പാ നയിച്ചു. ഈ ദിനങ്ങളില്‍ റോമില്‍ താപനില ഉച്ചയക്ക് 35 സെല്‍ഷ്യസ് വരെ ഉയരുകയാണെങ്കിലും വിവിധരാജ്യക്കാരായിരുന്ന നിരവധിപ്പേര്‍ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിനും പാപ്പായുടെ ആശീര്‍വ്വാദം സ്വീകരിക്കുന്നതിനും, പൊരിവെയിലത്ത്, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. പലരും സൂര്യകിരണങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് കുടകള്‍ വിരിച്ചു പിടിച്ചിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30 ന് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ആനന്ദം കരഘോഷങ്ങളാലും ആരവങ്ങളാലും അറിയിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി നല്കിയ സന്ദേശത്തില്‍, ഈ ഞായറാഴ്ച, ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യെ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം അദ്ധ്യായം 10, 26 മുതല്‍ 33 വരെയുള്ള വാക്യങ്ങള്‍, അതായത്, ലോകത്തിനുമുന്നില്‍ തനിക്ക് നിര്‍ഭയം സാക്ഷ്യമേകാന്‍ യേശു ശിഷ്യര്‍ക്ക് പ്രചോദനം പകരുന്ന സുവിശേഷ ഭാഗം വിശകലനം ചെയ്തു.

പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം                      

കര്‍ത്താവായ യേശു സ്വന്തം ശിഷ്യരെ വിളിച്ച് അവര്‍ക്ക് പ്രേഷിതദൗത്യം നല്കിക്കൊണ്ട് അവരെ പ്രബോധിപ്പിക്കുകും അവര്‍ക്കുണ്ടാകാനിരിക്കുന്ന പരീക്ഷണങ്ങളെയും പീഢനങ്ങളെയും നേരിടാന്‍ അവരെ സജ്ജരാക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം. പ്രേഷിതദൗത്യത്തിനായി പോകുകയെന്നാല്‍ വിനോദസഞ്ചാരമല്ല. യേശു സ്വശിഷ്യര്‍ക്ക് ഇതെക്കുറിച്ചു മുന്നറിയിപ്പു നല്കുന്നതിങ്ങനെയാണ്. “നിങ്ങള്‍ മനുഷ്യരെ ഭയപ്പെടേണ്ട, എന്തെന്നാല്‍ മറഞ്ഞിരിക്കുന്നതെൊന്നും വെളിപ്പെടാതിരിക്കില്ല, നിഗൂഢമായിരിക്കന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ നിങ്ങള്‍ പ്രകാശത്തില്‍ പ്രഘോഷിക്കുവിന്‍...ശരീരത്തെ കൊല്ലാന്‍ കഴിയുന്നവയെ നിങ്ങള്‍ ഭയപ്പെടേണ്ട, അവയ്ക്ക് ആത്മാവിനെ കൊല്ലാന്‍ കഴിയില്ല” മത്തായിയുടെ സുവിശേഷം 10,26-28 വരെയുള്ള വാക്യങ്ങളില്‍ നിന്ന്. അവയ്ക്ക് ശരീരത്തെ മാത്രമെ നശിപ്പിക്കാന്‍ സാധിക്കുകയുള്ളു, ആത്മാവിനെ കൊല്ലാനാകില്ല. അവയെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. യേശു പ്രേഷിതദൗത്യത്തിനായി ശിഷ്യരെ അയക്കുമ്പോള്‍ അവര്‍ക്ക് വിജയം ഉറപ്പുനല്കുന്നില്ല. അതുപോലെതന്നെ, പരാജയം, സഹനങ്ങള്‍ എന്നിവയില്‍ നിന്ന് അവരെ മുക്തരാക്കുന്നുമില്ല. അവര്‍ തിരസ്ക്കരണത്തെയും പീഢനത്തെയും നേരിടേണ്ടിയിരിക്കുന്നു. ഇത് അല്പം ഭീതിയുളവാക്കുന്നു, എന്നാല്‍ യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്.

മനുഷ്യര്‍ പീഢിപ്പിക്കുകയും തിരസ്ക്കരണത്തിന്‍റെയും പരിത്യക്തതയുടെയും കുരിശുമരണത്തിന്‍റെയും അനുഭവത്തിലൂടെ കടന്നുപോകുകയും ചെയ്ത ക്രിസ്തുവിനോടു സ്വജീവീതം താദാത്മ്യപ്പെടുത്താന്‍ ക്രിസ്തുശിഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നു. പ്രശാന്തനിര്‍ഭരമായൊരു ക്രിസ്തീയദൗത്യം ഇല്ല. പ്രയാസങ്ങളും പീഡകളും സുവിശേഷവത്കരണപ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്. നമ്മുടെ വിശ്വാസത്തിന്‍റെയും യേശുവുമായുള്ള നമ്മുടെ ബന്ധത്തിന്‍റെയും  ആധികാരികതയുടെ മാറ്റുരയ്ക്കുന്നതിനുള്ള അവസരം അവയില്‍ കണ്ടെത്താന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഉപരിപ്രേഷിതരാകാനും പ്രക്ഷുബ്ധതയുടെ അവസരത്തില്‍ സ്വന്തം മക്കളെ കൈവെടിയാത്ത നമ്മുടെ സ്വര്‍ഗ്ഗീയ പിതാവായ ദൈവത്തോടുള്ള വിശ്വാസത്തില്‍ വളരാനുമുള്ള അവസരമായി ഈ ബുദ്ധിമുട്ടുകളെ നാം കാണണം. ലോകത്തില്‍ ക്രിസ്തീയസാക്ഷ്യം എകുന്നതിനുള്ള പ്രയാസങ്ങളില്‍ നാം ഒരിക്കലും വിസ്മൃതരല്ല, മറിച്ച്, പിതാവിന്‍റെ സ്നേഹൗത്സുക്യത്താല്‍ നമ്മള്‍ സദാ സഹായിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ സുവിശേഷത്തില്‍ യേശു സ്വന്തം ശിഷ്യര്‍ക്ക് മൂന്നു തവണ ധൈര്യം പകരുന്നുണ്ട്. അവിടന്നു പറയുന്നു “ നിങ്ങള്‍ ഭയപ്പെടേണ്ട”.

സഹോദരീസഹോദരന്മാരെ, നമ്മുടെ ഈ കാലഘട്ടത്തിലും ക്രൈസ്തവര്‍ക്കെതിരെ പിഢനങ്ങള്‍ നടക്കുന്നു. പീഢിതരായ സഹോദരീസഹോദരങ്ങള്‍ക്കായി നാം പ്രാര്‍ത്ഥിക്കുന്നു, പീഢനങ്ങളുണ്ടായിട്ടും അവര്‍ ധീരതയോടെ സാക്ഷ്യമേകുന്നത് തുടരുന്നതിനും വിശ്വാസത്തില്‍ അവര്‍ പുലര്‍ത്തുന്ന വിശ്വസ്തതയ്ക്കും നാം ദൈവത്തെ സ്തുതിക്കുന്നു. പ്രത്യക്ഷത്തില്‍ പ്രശാന്തമായ ചുറ്റുപാടുകളുമുള്‍പ്പടെയുള്ള അനുദിന അവസ്ഥകളില്‍ ധീരതയോടെ സാക്ഷ്യമേകിക്കൊണ്ട് ക്രിസ്തുവിനുവേണ്ടി അനുകൂല നിലപാട് സന്ദേഹമന്യേ എടുക്കുന്നതിന് അവരുടെ മാതൃക നമ്മെ സഹായിക്കട്ടെ. വാസ്തവത്തില്‍ വിദ്വേഷത്തിന്‍റെയും കഷ്ടപ്പാടുകളുടെയും അഭാവവും പരീക്ഷണത്തിന്‍റെ ഒരു രൂപമാകാം. “ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകള്‍” എന്നപോലെ എന്നതിനു പുറമെ, നമ്മുടെ ഈ കാലഘട്ടത്തിലും, കര്‍ത്താവ്, ലൗകികതയുടെ മയക്കം വിട്ടുണരാന്‍ താല്പര്യമില്ലാത്തവരും സുവിശേഷസത്യത്തിന്‍റെ  വചനങ്ങളെ അവഗണിക്കുകയും തങ്ങളുടെതായ ക്ഷണിക സത്യങ്ങള്‍ക്കു  രൂപമേകുകയും ചെയ്യുന്നവരുമായ ജനങ്ങളുടെ ഇടയിലേക്ക് കാവല്‍ക്കാരെന്ന പോലെയും നമ്മെ അയക്കുന്നു. ഈ ചുറ്റുപാടുകളിലേക്ക് നാം പോകുകയോ ഈ സഹചര്യങ്ങള്‍ ജീവിക്കുകയോ ചെയ്യുകയും സുവിശേഷ വചനങ്ങള്‍ പ്രഘോഷിക്കുകയും ചെയ്താല്‍  അത് അവരില്‍ അസ്വസ്ഥതയ്ക്ക് കാരണമാകുന്നു; അവര്‍ നമ്മെ നല്ലരീതിയില്‍ കാണുകയുമില്ല.

എന്നാല്‍ എല്ലാക്കാര്യത്തിലും കര്‍ത്താവ് നമ്മോട്, അവിടന്ന് അവിടത്തെ ആ കാലഘട്ടത്തില്‍ ശിഷ്യന്മാരോടു  പറഞ്ഞത് ആവര്‍ത്തിക്കുന്നു : “നിങ്ങള്‍ ഭയപ്പെടേണ്ട”. ഈ വാക്കുകള്‍ നാം മറക്കരുത്. നമുക്കു കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്പോഴും, എന്തെങ്കിലും തരത്തിലുള്ള പീഢനങ്ങള്‍ ഉണ്ടാകുമ്പോഴും, നമ്മെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുമ്പോഴും എല്ലാം സദാ നമ്മുടെ ഹൃദയത്തില്‍ യേശുവിന്‍റെ സ്വരം മുഴങ്ങുന്നു: ”നിങ്ങള്‍ ഭയപ്പെടേണ്ട”. ഭയപ്പെടേണ്ട, മുന്നോട്ടു പോകൂ, ഞാന്‍ നിന്നോടുകൂടെ ഉണ്ട്. നിങ്ങളെ നിന്ദിക്കുന്നവരെയും നിങ്ങളോടു അപമര്യാദയായി പെരുമാറുന്നവരെയും ഭയപ്പെടേണ്ട. നിങ്ങളെ അവഗണിക്കുന്നവരെയും മറ്റുള്ളവരുടെ മുന്നില്‍ നിങ്ങളെ ബഹുമാനിക്കുകയും പിന്നില്‍ നിന്ന് സുവിശേഷത്തിനെതിരെ പോരാടുകയും ചെയ്യുന്നവരെയും നിങ്ങള്‍ പേടിക്കേണ്ട. അവരെയെല്ലാവരെയും നമുക്കറിയാം. യേശു നമ്മെ തനിച്ചാക്കുന്നില്ല. യേശുവിനെ സംബന്ധിച്ചിടത്തോളം ഓരോ വ്യക്തിയും വിലയേറിയവനാണ്, അവിടന്ന് നമ്മെ തുണയ്ക്കുന്നു.

വിശ്വാസത്തിന് സാക്ഷ്യമേകുന്നതില്‍ നേട്ടങ്ങളല്ല, മറിച്ച്, യേശുവിന്‍റെ  പ്രേഷിതശിഷ്യരായിരിക്കുകയെന്ന അമൂല്യദാനം ഏറ്റം സങ്കീര്‍ണ്ണമായതുള്‍പ്പടെയുള്ള എല്ലാ സാചര്യങ്ങളിലും അംഗീകരിച്ചുകൊണ്ടുള്ള വിശ്വസ്തത, അതായത്, ക്രിസ്തുവിനോടുള്ള വിശ്വസ്തത, ആണ് പ്രധാനം എന്ന് ഗ്രഹിക്കാന്‍    ദൈവവചനത്തോടുള്ള എളിമയാര്‍ന്നതും ധീരവുമായ ഒന്നുചേരലിന്‍റെ മാതൃകയായ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു. ആശീര്‍വ്വാദാനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിധരാജ്യാക്കാരായ തീര്‍ത്ഥാടകരെ പ്രത്യേകം അഭിവാദ്യം ചെയ്തു.

ചൈനയിലം ചിന്‍മൊ ഗ്രാമത്തില്‍ ശനിയാഴ്ച (24/06/17) കനത്ത മഴമൂലമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരകാളയാവരെ പാപ്പാ അനുസ്മരിച്ചു. ഈ പ്രകൃതിദുരന്തം വിതച്ച യാതനകളുനഭവിക്കുന്നവരുടെ ചാരെ താന്‍ സന്നിഹിതനാണെന്നറിയിച്ച പാപ്പാ മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരു‍ടെ കുടുംബങ്ങള്‍ക്ക്‍ ദൈവം സാന്ത്വനമേകുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സഹായം നല്കുകയും ചെയ്യട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

1962 ല്‍ നിണസാക്ഷിയായ തെയോഫിലൊ മത്തുലിയോണിസ് മെത്രാന്‍ ലിത്വാനിയയുടെ തല്സഥാനമായ വിള്‍നിയൂസില്‍ ഈ ഞായറാഴ്ച (25/06/17)വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ അനുസ്മരിക്കുകയും വിശ്വാസത്തിന്‍റെയും മാനവ ഔന്നത്യത്തിന്‍റെയും ഉദ്യുക്ത സംരക്ഷകാനായിരുന്ന അദ്ദേഹത്തിന്‍റെ സാക്ഷ്യത്തിന് ദൈവത്തെ സ്തുതിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. എല്ലാവര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേര്‍ന്ന പാപ്പാ വീണ്ടും കാണാമെന്ന്, ഇറ്റാലിയന്‍ ഭാഷയില്‍  “അരിവെദേര്‍ച്ചി” (ARRIVEDERICI) എന്ന് പറഞ്ഞുകൊണ്ട് ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.