സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

റമദാന്‍ ആശംസകള്‍! കാരുണ്യത്തിന്‍റെ പെരുന്നാള്‍!!

താജ് മഹളിന്‍റെ തീരത്ത് ... ഈദ് അല്‍ ഫിതിര്‍ പെരുന്നാള്‍ പ്രാര്‍ത്ഥന. - AP

26/06/2017 13:45

മതാന്തര സംവാദത്തിനായുള്ള വത്തിക്കാന്‍റെ കാര്യാലയത്തില്‍നിന്നും ആശംകള്‍...!   മാനവകുലം മുഴുവനും ദൈവികകാരുണ്യത്തിന്‍റെ ഗുണഭോക്താക്കളാകയാല്‍  നാം അതിന്‍റെ പ്രയോക്താക്കളുമാണ്.

1. പ്രാര്‍ത്ഥനാശംസകള്‍   ലോകമെമ്പാടും മുസ്ലിം സഹോദരങ്ങള്‍ ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും സല്‍പ്രവൃത്തികളുടെയും പെരുന്നാള്‍, ‘ഈദ്-അല്‍-ഫിതിര്‍’ കൊണ്ടാടുകയാണല്ലോ. ഏവര്‍ക്കും എവിടെയും ഈ തിരുനാള്‍ സമാധാനപൂര്‍ണ്ണവും സന്തോഷദായകവുമാകട്ടെ!

2. ക്ഷമിക്കുന്നോന്‍ കരുണകാട്ടുന്നോന്‍    ഇന്നാളില്‍ സകലര്‍ക്കും ഹൃദ്യമാകുന്ന സന്ദേശം ദൈവത്തിന്‍റെ കരുണയാണ്. ദൈവം അവിടുത്തെ കാരുണ്യം സകല സൃഷ്ടികളിലും, പ്രത്യേകിച്ച് മാനവകുടുംബത്തില്‍ സമൃദ്ധമായി ചൊരിയുന്നു. അപരിമേയമായ അവിടുത്തെ സ്നേഹമാണ് നമുക്ക് അസ്തിത്വം നല്കുന്നതെങ്കില്‍, അവിടുത്തെ കാരുണ്യമാണ് നമ്മെ നയിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. അനുദിനം നമുക്ക് ആവശ്യമായത് അവിടുത്തെ കരുണയാല്‍ നല്കി നമ്മെ നയിക്കുന്നു. ദൈവിക കാരുണ്യം നാം ആദ്യം അനുഭവിക്കുന്നത്, അവിടുന്ന് നമ്മുടെ തെറ്റുകള്‍ ക്ഷമിക്കുന്നതിലാണ് (അല്‍-ഗഫീര്‍). രണ്ടാമതായി, അവിടുന്ന് എപ്പോഴും നമ്മോട് കരുണ കാണിക്കുന്നതിലുമാണ് (അല്‍-ഗഫൂര്‍).

3.  കാരുണ്യത്തിന്‍റെ കാലമാക്കാം!    പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷം സമാപിച്ചു. ജൂബിലി കാരുണ്യത്തിന്‍റെ കാലമാണ്. മുറിവുകള്‍ ഉണക്കാനും, പരസ്പരം ക്ഷമിക്കാനും രമ്യപ്പെടുനുമുള്ളൊരു കാലം! അങ്ങനെ ദൈവിക കാരുണ്യത്തിന്‍റെ സാന്നിദ്ധ്യവും സാമീപ്യവും ലോകത്ത് – സമൂഹത്തിലും ചുറ്റുപാടും ലഭ്യമാക്കാനുള്ള സമയവും ശ്രമവുമായിരുന്നു ജൂബിലി. ക്ഷയുടെയും അനുരഞ്ജനത്തിന്‍റെയും പ്രകടമായ അടയാളങ്ങള്‍ സഹോദരങ്ങളുമായി പങ്കുവയ്ക്കാനുള്ള അവസരമായിരുന്നു അത്.

തീര്‍ത്ഥാടനങ്ങള്‍, ഏതു പുണ്യസ്ഥലത്തേയ്ക്കായാലും പുണ്യനാളുകളിലായാലും നമ്മുടെ പാപങ്ങള്‍ക്കും കുറവുകള്‍ക്കും കരുണയുള്ളവനോട് മാപ്പപേക്ഷിച്ച്, അവിടുത്തെ അനുഗ്രഹവും സ്നേഹവും, ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കുംവേണ്ടി ആര്‍ജ്ജിക്കുന്ന അവസരമാണത്. വിശ്വാസികളായ സകലരും ഈ ഭൂമിയിലെ തീര്‍ത്ഥാടകരായി ജീവിച്ചുകൊണ്ട് ദൈവികകാരുണ്യം അനുദിനം സ്വീകരിച്ച് നാം എന്നും സമാധാനത്തില്‍ ജീവിക്കുകയും വളരുകയും വേണം.

4.  കരുണകാട്ടേണ്ട ജീവിതപരിസരങ്ങള്‍   മുസ്ലീങ്ങളും ക്രൈസ്തവരും ഹിന്ദുക്കളും, സകല മതസ്ഥരും ദൈവത്തെ സ്നേഹിക്കാനും അവിടുത്തെ കാരുണ്യം ഉള്‍ക്കൊള്ളാനും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ദൈവസ്നേഹവും കരുണയും സ്വീകരിക്കുന്ന നമുക്ക് അത് സഹോദരങ്ങളുമായി പങ്കുവയ്ക്കാനും സാധിക്കട്ടെ! ദൈവം നമ്മെ സ്നേഹിക്കുകയും നമ്മോട് ക്ഷമിക്കുകയും ചെയ്യുന്നതുപോലെ നാം നമ്മുടെ സഹോദരങ്ങളോടും ക്ഷമിക്കുകയും കരുണകാണിക്കുകയും വേണം.

ഇന്ന് ലോകത്ത് ഏറെ അതിക്രമങ്ങളും പീഡനങ്ങളും നടക്കുന്നത് ഖേദകരമാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയും അക്രമങ്ങള്‍ നടമാടുന്നുണ്ട്. മനുഷ്യക്കടത്തിന് ഇരകളാകുന്ന സ്ത്രീകളും കുട്ടികളും നിരവധിയാണ്. എത്രയോ പേരാണ് ദാരിദ്ര്യവും, രോഗങ്ങളും, പ്രകൃതി ക്ഷോഭങ്ങളും, തൊഴിലില്ലായ്മയുംകൊണ്ട് അനുദിനം ക്ലേശിക്കുന്നത്. നാം അന്യോന്യം കരുണ പങ്കുവയ്ക്കേണ്ട  ജീവിത പരിസരങ്ങളും മേഖലകളുമാണ് ഇതെല്ലാം.

5. സമാധാനത്തിന്‍റെ പ്രയോക്താക്കളാകാം    ഇന്നിന്‍റെ മനുഷ്യയാതനകള്‍ക്കെതിരെ നാം ഏതു മതസ്ഥരായാലും കണ്ണടയ്ക്കരുത്. യാഥാര്‍ത്ഥ്യങ്ങള്‍ സങ്കീര്‍ണ്ണമാകുമ്പോഴും, നമ്മുടെ കഴിവുകള്‍ക്ക് അതീതമാണെന്നു തോന്നുമ്പോഴും ഒരുമിച്ചു നിന്നാല്‍ നമുക്ക് ആവതുചെയ്യാനാകും. മതങ്ങള്‍ ഒരിക്കലും അതിക്രമത്തിന്‍റെ ഉപകരണങ്ങളല്ല, മറിച്ച് സമാധാനത്തിന്‍റെ വഴികളാണവ. അതിനാല്‍ മതങ്ങള്‍ കൈകോര്‍ത്താല്‍ ലോകത്ത് ദൈവത്തിന്‍റെ കരുണയും സ്നേഹവും സമാധാനവും യാഥാര്‍ത്ഥ്യമാക്കാനാകും!

നാം വ്യക്തികളും, കുടുംബങ്ങളും സമൂഹങ്ങളും മാനവകുടുംബത്തിന്‍റെ ഭാഗമാകയാല്‍ - ഏതു മതസ്ഥരായാലും ജീവിത ചുറ്റുപാടുകളില്‍ സമാധാനത്തിന്‍റെ ഉപകരണങ്ങളാകാന്‍ പരിശ്രമിക്കാം!  നന്മയുടെയും സഹാനുഭാവത്തിന്‍റെയും സമാധാനത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ ഒത്തൊരുമിച്ചു നടക്കാനും ജീവിക്കാനും സര്‍വ്വശക്തനും കാരുണ്യവാനുമായ ദൈവം ഏവരെയും സഹായിക്കട്ടെ! പ്രാര്‍ത്ഥനാപൂര്‍വ്വം  റമദാന്‍ നാളിന്‍റെയും ‘ഈദ്-അല്‍-ഫിതിര്‍’ പെരുന്നാളിന്‍റെയും ആശംസകളോടെ...!

‘Id il Fitr’  Greetings adapted from the message of  Jean-Louis Cardinal Tauran, 
President of the Pontifical Council for Interreligious Dialogue. Vatican. 2, June 2017.


(William Nellikkal)

26/06/2017 13:45