2017-06-24 13:03:00

പാപ്പാ കൊളൊംബിയായിയലേക്ക്


ഫ്രാന്‍സീസ് പാപ്പാ തെക്കെ അമേരിക്കന്‍ നാടായ കൊളൊംബിയായിലേക്കു നടത്താന്‍ പോകുന്ന അപ്പസ്തോലികയാത്രയുടെ വിശദമായ പരിപാടികള്‍ പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തി.

സെപ്ററംബര്‍ 6 മുതല്‍ 11 വരെയാണ് പാപ്പായുടെ ഈ യാത്ര.

ആറാം തിയതി ബുധനാഴ്ച പ്രാദേശികസമയം രാവിലെ പതിനൊന്നു മണിക്ക് റോമിലെ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന്, അതായത്, ഫ്യുമിച്ചീനൊയില്‍ സ്ഥിതിചെയ്യുന്ന “ലെയൊണാര്‍ദൊ ദ വിഞ്ചി” വിമാനത്താവളത്തില്‍നിന്ന് പാപ്പാ കൊളൊംബിയായുടെ തലസ്ഥാനമായ ബൊഗൊട്ടായിലേക്ക് പുറപ്പെടും. അന്ന് അവിടെ സ്വാഗതസ്വീകരണച്ചടങ്ങുകള്‍ മാത്രമെ ഉണ്ടായിരിക്കുകയുള്ളു.

അടുത്ത ദിവസം, ഏഴാം തിയതി വ്യാഴാഴ്ച പാപ്പാ പൗരാധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും അന്നാടിന്‍റെ പ്രസിഡന്‍റ് ഹുവാന്‍ മനുവേല്‍ സാന്തോസിനെ സന്ദര്‍ശിക്കുകയും ചെയ്യും. അന്നാട്ടിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയും ലത്തീനമേരിക്കയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ ഭരണനേതൃത്വ സമിതിയുമായുള്ള കൂടിക്കാഴ്ചയും ദിവ്യപൂജാര്‍പ്പണവും അന്നത്തെ സന്ദര്‍ശനാജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എട്ടാം തിയതി പാപ്പാ ബൊഗൊട്ടായില്‍ നിന്ന് വിമാനമാര്‍ഗ്ഗം വില്ലവിച്ചേന്‍സിയൊ എന്ന സ്ഥലത്തേക്കു പോകും. അവിടെ ദിവ്യപൂജ അര്‍പ്പിക്കുന്ന പാപ്പാ  ദേശീയ അനുരഞ്ജനത്തിനായുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കെടുക്കുകയും ബൊഗോട്ടായിലേക്കു മടങ്ങുകയും ചെയ്യും.

ഒമ്പതാം തിയതി ശനിയാഴ്ചത്തെ പാപ്പായുടെ പരിപാടികള്‍ മെദെലിന്‍ എന്ന സ്ഥലത്തായിരിക്കും. വിശുദ്ധകുര്‍ബ്ബാനാര്‍പ്പണം, വൈദികര്‍, സന്ന്യാസീസന്ന്യാസിനികള്‍ വൈദികാര്‍ത്ഥികള്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുമായുള്ള കൂടിക്കാഴ് എന്നിവയാണ് അന്നത്തെ മുഖ്യ പരിപാടികള്‍.

പത്താം തിയതി ഞായറാഴ്ച പാപ്പാ കര്‍ത്തജേന പ്രദേശത്തിനായി നീക്കിവയ്ക്കും. അവിടെ പാപ്പാ പാര്‍പ്പിടരഹിതര്‍ക്കായുള്ള ഭവനനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ആ ഭവനങ്ങളുടെ ആദ്യശിലകള്‍ വെഞ്ചെരിക്കും, കറുത്തവര്‍ഗ്ഗക്കാരായ അടിമകള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച, ഈശോസഭാംഗമായിരുന്ന പ്രേഷിതന്‍ വിശുദ്ധ പീറ്റര്‍ ക്ലാവെറിന്‍റെ നാമത്തിലുള്ള ദേവാലയം സന്ദര്‍ശിക്കും. അന്നു വൈകുന്നേരം റോമിലേക്കു പുറപ്പെടുന്നതിനു മുമ്പ്, പാപ്പാ, കോണ്ടേകാര്‍ നാവികത്താവളപ്രദേശത്ത് ദിവ്യപൂജ അര്‍പ്പിക്കും. ഞായറാഴ്ച വൈകുന്നേരം റോമിലേക്കു മടക്കയാത്രയാരംഭിക്കുന്ന ഫ്രാന്‍സീസ് പാപ്പാ പതിനൊന്നാം തിയതി തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പ്രാദേശികസമയം 1 മണിയോടെ റോമിലെ ചമ്പീനൊ വിമാനത്താവളത്തില്‍ ഇറങ്ങും.

ഫ്രാന്‍സീസ് പാപ്പായുടെ ഇരുപതാമത്തെ വിദേശ അപ്പസ്തോലിക പര്യടനമായിരിക്കും ഇത്.   

               

 

 








All the contents on this site are copyrighted ©.