2017-06-24 12:56:00

ഉത്ഥിതനിലുള്ള വിശ്വാസം "പുറത്തേക്കിറങ്ങാന്‍ " ധൈര്യമേകുന്നു


ഉത്ഥിതനായ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ഉത്ഥാനത്തിന്‍റെ സദ്വാര്‍ത്ത,  സാക്ഷ്യമേകലില്‍ അന്തര്‍ലീനമായിരിക്കുന്ന അപകടങ്ങള്‍ സ്വീകരിച്ചുകൊണ്ടും, എല്ലായിടത്തും എത്തിക്കുന്നിന് പുറത്തേക്കിറങ്ങാന്‍ ധൈര്യം ഉണ്ടാകുമെന്ന് മാര്‍പ്പാപ്പാ.

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റെ സമൂഹത്തിന്‍റെ  (CONGREGATION OF THE RESSURECTION OF OUR LORD JESUS CHRIST) പൊതുസംഘത്തില്‍, അഥവാ, ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്ന മുപ്പതോളം പേരുടെ സംഘത്തെ ശനിയാഴ്ച (24/06/17) വത്തിക്കാനില്‍ സ്വീകരിച്ച ഫ്രാന്‍സീസ് പാപ്പാ അവരോടു ഉത്ഥാനത്തിന്‍റെ സാക്ഷികളായിരിക്കുക എന്നതിന്‍റെ പൊരുളിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു.

ഉത്ഥിതന്‍റെ സാന്നിധ്യത്തിനു സാക്ഷികളായിത്തീരല്‍, പുറത്തേക്കിറങ്ങാനുള്ള ധൈര്യം, പെസഹാ ആനന്ദത്തിന്‍റെയും പ്രത്യാശയുടെയും പ്രവാചകരാകല്‍, എന്നിവ ലോകത്തിന്‍റെ അരികുകളിലേക്ക് സുവിശേഷസന്ദേശം എത്തിക്കുന്ന പ്രക്രിയയില്‍ അടങ്ങിയിരിക്കുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

മഗ്ദലനമറിയവും മറ്റു സ്ത്രീകളും യേശുവിന്‍റെ കല്ലറയിലേക്കു പോയ സുവിശേഷ സംഭവം അനുസ്മരിച്ച പാപ്പാ അവര്‍ സ്വന്തം “കൂടു” വിട്ടു പുറത്തേക്കിറങ്ങാന്‍ ധൈര്യം കാട്ടിയവരാണെന്ന് സമര്‍ത്ഥിക്കുകയും അവരിറങ്ങിയതുപോലെ, സുവിശേഷവെളിച്ചം ആവശ്യമായിരിക്കുന്ന “അതിരുകളിലേക്ക്” പോകാന്‍ വിളിക്കപ്പെട്ടവരാണ് ”ഉത്ഥാനത്തിന്‍റെ” സമൂഹാംഗങ്ങള്‍ എന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

സുവിശേഷാധിഷ്ഠിത സമൂഹങ്ങളുടെ ശില്പികളാകാന്‍ അവരെ ആഹ്വാനം ചെയ്ത പാപ്പാ പ്രേഷിതദൗത്യത്തോടു തുറവുള്ളതും മരണത്തിലേക്കു നയിക്കുന്ന അവനവനില്‍ത്തന്നെ അടച്ചിടുന്ന പ്രവണതയെ അകറ്റിനിറുത്തുന്നതുമാകണം ഈ സമൂഹങ്ങളെന്ന് ഓര്‍മ്മിപ്പിച്ചു.

 








All the contents on this site are copyrighted ©.