2017-06-23 12:36:00

സൗഹൃദം: സ്വയം ദാനമാകല്‍, അപരന്‍റെ ജീവിതത്തില്‍ പങ്കുചേരല്‍


സ്വയം ദാനമാകാന്‍ പോലും സന്നദ്ധനായി അപരന്‍റെ ജീവിതത്തില്‍ പങ്കുചേരുന്നതാണ് യഥാര്‍ത്ഥ സൗഹൃദം എന്ന് പാപ്പാ.

പൗരോഹിത്യ-സമര്‍പ്പിത ജീവിത ദൈവവിളികള്‍ പരിപോഷിപ്പിക്കുന്ന “സേറ ഇന്‍റര്‍നാഷണല്‍” (SERRA INTERNATIONAL)  എന്ന അമേരിക്കന്‍ ഐക്യനാടുകളിലെ ചിക്കാഗൊ ആസ്ഥാനമായുള്ള അന്താരാഷ്ട്ര പ്രസ്ഥാനത്തിന്‍റെ റോമില്‍ വ്യാഴാഴ്ച(22/06/17) ആരംഭിച്ച ചതുര്‍ദിന സമ്മേളനത്തില്‍ സംബന്ധിക്കുന്നവരടങ്ങിയ അറുനൂറോളം പേരുടെ സംഘത്തെ വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ വെള്ളിയാഴ്ച (23/06/17) പൊതുവായി സ്വീകരിച്ച് സംബോധന ചെയ്യവെ ഫ്രാന്‍സീസ് പാപ്പാ അവര്‍ വൈദികരുടെ സുഹൃത്തുക്കള്‍ ആയിരിക്കുന്നതിന്‍റെ അര്‍ത്ഥം   വിശകലനം ചെയ്യുകയായിരുന്നു.

ദൈവവും മനുഷ്യനും തമ്മില്‍ വിശ്വസ്ത സ്നേഹത്തില്‍ അധിഷ്ഠിതവും നിയമത്തെ ഉല്ലംഘിക്കുന്നതുമായ നൂതനമായ ഒരു ബന്ധം യേശു സ്ഥാപിച്ചുവെന്ന് അവിടന്ന് ശിഷ്യന്മാരെ സ്നേഹിതര്‍ എന്നു വിളിക്കുന്ന സംഭവം ഉദ്ധരിച്ചുകൊണ്ട് പാപ്പാ വശദീകരിച്ചു.

ബാഹ്യവും ഔപചാരികവുമല്ലാത്തതും അപരന്‍റെ ഭാഗധേയത്തിലുള്ള ഭാഗഭാഗിത്വവും അപരനുവേണ്ടി ആത്മദാനമാകാന്‍ ഒരുവനെ പ്രേരിപ്പിക്കുന്ന അനുകമ്പയും ഉള്‍ച്ചേരലുമുള്ളതുമായ ഒരു സമാഗമം ഉണ്ടെങ്കില്‍ മാത്രമെ സുഹൃത്തുക്കളായിരിക്കാന്‍ കഴിയുകയുള്ളുവെന്നു പാപ്പാ പറഞ്ഞു.

ഞായറാഴ്ച (25/06/17) വരെ നീളുന്ന ഈ എഴുപത്തിയഞ്ചാം സമ്മേളനത്തിന്‍റെ     വിചിന്തന പ്രമേയം “എന്നും മുന്നോട്ട്... ദൈവവിളിയില്‍ അന്തര്‍ലീനമായ ധീരത” എന്നതാണ് എന്നത് അനുസ്മരിച്ച പാപ്പാ “മുന്നോട്ട്” എന്ന വാക്കിന് ക്രിസ്തീയജീവിതത്തിലുള്ള പ്രസക്തി എടുത്തുകാട്ടി.

അനുദിനജീവിതത്തില്‍ ധീരതയോടെ മുന്നോട്ടുപോകുന്ന ക്രൈസ്തവന് സാഹസികതയ്ക്ക് ധൈര്യം കാട്ടുകയും ക്രിയാത്മകതയില്‍ ഭീതി പ്രബലപ്പെടാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ വിസ്മയകരമായ ചെയ്തികള്‍ കണ്ടെത്താനാകുമെന്ന് ഉദ്ബോധിപ്പിച്ചു.

എന്നാല്‍ നിശ്ചലരും സ്വന്തം കൂടുകളില്‍ ഒതുങ്ങുന്നവരുമായ ക്രൈസ്തവരെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തിയ പാപ്പാ കുരിശു നാട്ടുന്നതിന് സന്ധ്യോഗൊയിലെക്ക് സധൈര്യം പോയ മുടന്തനായിരുന്ന വിശുദ്ധ യുനീപെറൊ നല്കുന്ന പ്രചോദനദായക സാക്ഷ്യം എടുത്തുകാട്ടി.

അവനവനില്‍ നിന്ന് പുറത്തുകടന്ന് അപരന് സേവനം ചെയ്യാന്‍ ദൈവത്താല്‍ വിളിക്കപ്പെടുന്നതാണ് ദൈവവിളി എന്ന് പാപ്പാ അനുസ്മരിക്കുകയും പൗരോഹിത്യ ദൈവവിളികള്‍ക്കും സഭയ്ക്കും സേറ ഇന്‍റര്‍നാഷണലിന്‍റെ സഹായം ആവശ്യമുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. 








All the contents on this site are copyrighted ©.