2017-06-23 18:00:00

ഈശോയുടെ തിരുഹൃദയത്തെ ധ്യാനിക്കാന്‍ പനച്ചിക്കലച്ചന്‍റെ ഒരു ഭാവഗീതം


  “താരിളം മെയ്യില്‍ ...!

താരിളം മെയ്യില്‍ മിശിഹാ രുധിരം ചൊരിഞ്ഞു നിന്നു
ദൂരെയായ് തീയും കാഞ്ഞ് നിര്‍ദ്ദയം ശിമയോന്‍ നിന്നു
കോഴി കൂകുവോളവും കര്‍ത്താവിനെ മറന്നു.  - താരിളം

1. ആ നോക്കിലെ ശോക സൗമ്യതയാല്‍  
ആഴങ്ങളെ യേശു പുല്കിനിന്നു (2)
ആത്മതാപമേറ്റു ശിമയോന്‍ കണ്ണുനീര്‍ വാര്‍ത്തു. - താരിളം

2. സ്നേഹാര്‍ദ്രതേ! എത്രനാളുകളായ്
നീ നോക്കിയെന്‍ പാപവീഴ്ചകളില്‍ (2)
പാറപോലെ നിന്ന ഹൃദയം ഇന്നിതാ തേങ്ങി.  - താരിളം

കവിയും വാഗ്മിയുമായ ഫാദര്‍ മൈക്കില്‍ പനച്ചിക്കല്‍ വി.സി.യുടേതാണ് “താരിളം മെയ്യില്‍ മിശിഹാ രുധിരം ചൊരിഞ്ഞു നിന്നൂ...” എന്ന അത്യപൂര്‍വ്വ ഗാനം. വരികളില്‍നിന്നുതന്നെ സംഗീതസംവിധായകന്‍, സണ്ണി സ്റ്റീഫന്‍ ക്രിസ്തുവിന്‍റെ സ്നേഹാര്‍ദ്രരൂപം സാന്ദ്രലയമായി ഒഴുക്കുന്നു. പിന്നെ ഗന്ധര്‍വ്വനാദത്തില്‍ അത് ഒരു ധ്യാനാത്മഗീതമായി ചിറകുവിരിക്കുന്നു!

2000-Ɔമാണ്ട് ക്രിസ്തുജയന്തി ജൂബിലവത്സരത്തില്‍ കൊച്ചിരൂപത മതബോധനകേന്ദ്രം നിര്‍മ്മിച്ച “സ്വര്‍ഗ്ഗീയരാഗം” എന്ന ഗാനശേഖരത്തില്‍ ഈ ഗാനം യേശുദാസിന്‍റെ തരംഗിണിയാണ് കേരളത്തിന് ആദ്യം സമ്മാനിച്ചത്.  പിന്നീട് ‘മനോരമ മ്യൂസിക്സി’നുവേണ്ടി ജാനകയമ്മയും പനച്ചിക്കലച്ചന്‍റെ വരികള്‍ പാടി അനശ്വരമാക്കിയിരിക്കുന്നു.

“നിത്യത തീര്‍ക്കുന്ന നിമിഷങ്ങളേ...” പോലെ എന്നും ഓര്‍മ്മയില്‍ വിരിയുന്ന നല്ല ധ്യാനഗീതങ്ങള്‍ മലയാളത്തിനു നല്കിയിട്ടുള്ള പനച്ചിക്കലച്ചനെയും, സംഗീതസംവിധായകന്‍ സണ്ണി സ്റ്റീഫനെയും ഗന്ധവ്വഗായകന്‍ കെ.ജെ. യേശുദാസിനെയും  ജാനകിയമ്മയെയും ഈ ഗാനത്തോടൊപ്പം നന്ദിയോടെ അനുസ്മരിക്കുന്നു! ഭാവുകങ്ങള്‍ നേരുന്നു!!








All the contents on this site are copyrighted ©.