2017-06-23 11:29:00

ശീലമാക്കിയ മദ്യപാനം ആശ്രിതത്ത്വവും അടിത്തവും


മദ്യപാനത്തെക്കുറിച്ച് വത്തിക്കാന്‍റെ ജെമേലി ആശുപത്രിയിലെ ചികിത്സാവിഭാഗം മേധാവി ഡോക്ടര്‍ പിയെര്‍ലൂയിജി ഗ്രണോനെയുടെ അഭിപ്രായം :

ശീലമാക്കിയ മദ്യപാനം മാനസികവും ശാരീരികവുമായ ആശ്രിതത്ത്വവും അടിത്തവുമാണെന്ന് വത്തിക്കാന്‍റെ ജെമേലി പോളിക്ലിനിക്കിലെ ചികിത്സാവിഭാഗം മേധാവി, പ്രഫസര്‍ പിയെര്‍ലൂയിജി ഗ്രണോനെയാണ് അഭിപ്രായപ്പെട്ടത്. റോമില്‍ സ്ഥിതിചെയ്യുന്ന ജെമേലി ആശുപത്രിയുടെ ചികിത്സാവിഭാഗം ജൂണ്‍ 20-Ɔ൦ തിയതി ചൊവ്വാഴ്ച സംഘടിപ്പിച്ച മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചുള്ള (Alcohol related disorders) ചര്‍ച്ചാസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഡോക്ടര്‍ ഗ്രണോനെ ഈ അഭിപ്രായപ്രകടനം നടത്തിയത്.

മദ്യത്തിന്‍റെ ക്രമംകെട്ട ഉപയോഗത്തില്‍നിന്നുമാണ് സ്ഥിരവും നിര്‍ബന്ധവുമായ മദ്യപാനത്തിലേയ്ക്ക് വ്യക്തികള്‍ വഴുതിവീഴുന്നത്. അതുവഴി മാനസികവും ശാരീരികവുമായി രക്ഷപ്പെടാനാവാത്ത വിധം മദ്യത്തിന് അടിമപ്പെട്ട അവസ്ഥയില്‍ അവര്‍ എത്തിച്ചേരുന്നു. അങ്ങനെ മദ്യത്തിന് കീഴ്പ്പെടുന്നവര്‍ കരള്‍, വയറ് എന്നീ അവയവങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും കീഴ്പ്പെടേണ്ടി വരുന്നത് സാധാരണമാണ്. ഒപ്പം അവരുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്ന മാനസിക മാറ്റങ്ങള്‍ക്കും അവര്‍ വിധേയരാകേണ്ടിവരുന്നത് ഗ്രണോനെ ചൂണ്ടിക്കാട്ടി.

മനുഷ്യര്‍ അകാലമരണത്തിന് ഇരയാകേണ്ടി വരുന്നതിന്‍റെ മൂന്നു കാരണങ്ങളില്‍ ആദ്യത്തേതും പ്രധാനപ്പെട്ടതും മദ്യത്തിന്‍റെ ദുരുപയോഗമാണ്. ആത്മഹത്യയും അപകടമരണവും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. കൂടാതെ ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ക്കും മദ്യപാനം വഴിയൊരുക്കുന്നുണ്ട്. പലരാജ്യങ്ങളിലെ സമൂഹിക ആരോഗ്യാവസ്ഥയുടെ അധഃപതനത്തില്‍ ഇന്ന് മദ്യാപാനം കാരണമാക്കുന്നുണ്ടെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.

യുവജനങ്ങളില്‍ കണ്ടുവരുന്ന മദ്യപിച്ച് ഉല്ലസിക്കലും, അമിതമായ തീറ്റിയും കുടിയും (Binge Drinking) ഇന്ന് നഗരങ്ങളില്‍ പൂര്‍വ്വോപരി വര്‍ദ്ധിച്ചുവരുന്നുണ്ട്. മയക്കുമരുന്നിന്‍റെ ഉപയോഗം, പുകവലി എന്നിവയിലേയ്ക്കും മദ്യപന്മാര്‍ വലിച്ചിഴക്കപ്പെടുന്നത് സാധാരണമാണ്. മോശമായ പെരുമാറ്റം, സംസാരം, അതിക്രമങ്ങള്‍, ലൈംഗികക്രമക്കേടുകള്‍ എന്നിവയും മദ്യത്തിന്‍റെ ദുരുപയോഗത്തില്‍നിന്നും ഉടലെടുക്കുന്ന ജീവിതത്തിന്‍റെ താളപ്പിഴകളാണ്.

ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളുടെ മെല്ലെ സംഭവിക്കുന്ന മന്ദിപ്പ് (Cognitive Disorders), കേന്ദ്ര നാഡീവ്യൂഹത്തിന് പ്രായമെത്തുംമുന്‍പേ വന്നുകൂടുന്ന തകര്‍ച്ച  (Damage of Central Nervous System), കരള്‍ രോഗങ്ങള്‍ (liver disorders), ഹൃദ്രോഗങ്ങള്‍ (Cardio-vascular diseases) എന്നിവയും മദ്യത്തില്‍ രൂഢമൂലമായവയാണ്. പ്രഫസര്‍ ഗ്രണോനെ പ്രബന്ധത്തില്‍ വ്യക്തമാക്കി.

മദ്യത്തിന്‍റെ പിടിയില്‍നിന്നും ഒരാളെ പുറത്തുകൊണ്ടുവരാന്‍ വളരെ വ്യക്തിഗതമായ സമീപനമാണ് ആവശ്യം. മദ്യത്തിന് കീഴ്പ്പെട്ടുപോയ വ്യക്തിയുടെ ശാരീരികവും മാനസികവുമായ അവസ്ഥയെക്കുറിച്ചുള്ള ശരിയായ അവബോധത്തോടെയും പൂര്‍ണ്ണസമ്മതത്തോടെയും വളരെ ചിട്ടയുള്ള ബഹുമുഖങ്ങളായ ചികിത്സാക്രമത്തിലൂടെ ഒരാളെ മദ്യത്തിന്‍റെ തിന്മയില്‍നിന്നും, മദ്യപാനം കാരണമാക്കിയിട്ടുള്ള രോഗങ്ങളില്‍നിന്നും രോഗാവസ്ഥയില്‍നിന്നും മോചിക്കാനാകും.                                                           (Gemelli’s clinical pathway to patients with Alcohol Use Disorders)                                                                  

 








All the contents on this site are copyrighted ©.