2017-06-22 09:02:00

സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്താന്‍ കളികള്‍ക്ക് കരുത്തുണ്ട്


കളികള്‍ കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്തുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ജൂണ്‍ 21-Ɔ൦ തിയതി രാവിലെ അമേരിക്കയില്‍നിന്നുമെത്തിയ ദേശീയ ഫുഡ്ബോള്‍ അസ്സോസിയേഷന്‍റെ (Delegation of National Foot League and the Pro Football Hall of Fame) ഭാരവാഹികളും പ്രതിനിധികളുമായി 43-പേരെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

കൂട്ടായ്മ, മാന്യത, വ്യക്തിഗത മേന്മ എന്നിവ കളിക്കളത്തില്‍ മാത്രമല്ല, അനുദിന ജീവിതത്തിലും പാലിക്കേണ്ട വലിയ മൂല്യങ്ങളും, മതാത്മകമായി പറഞ്ഞാല്‍ പുണ്യങ്ങളുമാണ്. കളിക്കളത്തില്‍ ടീമുകളെ നയിക്കേണ്ട ഈ പുണ്യങ്ങള്‍തന്നെയാണ് വ്യക്തിജീവിതത്തിലും സമൂഹിക ജീവിതത്തിലും  അനിവാര്യമായിരിക്കുന്ന മൂല്യങ്ങള്‍.

അമിതമായ വ്യക്തിമാഹാത്മ്യവാദവും, നിസംഗതയും, അനീതിയും വ്യക്തിജീവിതത്തില്‍ ഇല്ലാതെ  മൂല്യാധിഷ്ഠിതമായി ജീവിച്ചാല്‍ കൂട്ടായ്മയുള്ള ഒരു മാനവകുടുംബം വളര്‍ത്താന്‍ കളികള്‍ക്കും കളിക്കാര്‍ക്കും സാധിക്കും. യുദ്ധവും ഭിന്നിപ്പും കലാപവും കൂട്ടക്കുരുതിയും വളരുന്ന കാലത്ത് കൂട്ടായ്മയുടെ സംസ്ക്കാരം ഇന്നിന്‍റെ ആവശ്യമാണ്. സഹോദരങ്ങളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ഇന്നിന്‍റെ സ്വാര്‍ത്ഥതയുടെയും നിസംഗതയുടെയും അതിക്രമത്തിന്‍റെയും സംസ്ക്കാരത്തെ മറികടക്കാന്‍ സംഘടനകളും പ്രസ്ഥാനങ്ങളും കൂട്ടുചേരണമെന്ന് കളിക്കാരും സംഘാടകരുമുള്ള സംഘത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു.

കളിക്കളത്തിലും ജീവിതത്തിലും ഒരുപോലെ പാലിക്കേണ്ട പരമ്പരാഗത മൂല്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് ആശംസ അര്‍പ്പിച്ച പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, ആന്‍ഡേഴ്സന്‍റെ വാക്കുകളെ പാപ്പാ അഭിനന്ദിച്ചു.

നല്ല ജീവിത മാതൃകകള്‍ കളിക്കളത്തില്‍നിന്നും യുവജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ദൈവം തന്ന കഴിവുകള്‍ വളര്‍ത്തി ജീവിതത്തില്‍ എങ്ങനെ മാന്യമായി ഉയരാമെന്ന് യുവജനങ്ങള്‍ ഉറ്റുനോക്കുകയാണ്. ഒത്തൊരുമിച്ച് കളിച്ചും പങ്കുവച്ചും ടീമിനെ വിജയിപ്പിക്കുന്നതുപോലെ പങ്കുവച്ചും പരസ്പരം സഹായിച്ചും ജീവിച്ചാല്‍ നല്ല സമൂഹം വളര്‍ത്താന്‍ പോരുന്നൊരു രീതി നല്ല കളിക്കാരില്‍നിന്നും വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കാനും സാധിക്കും. പാപ്പാ ഉദ്ബോധിപ്പിച്ചു.

വ്യക്തിപരമായി താന്‍ ഒരു ഫുട്ബോള്‍ പ്രേമിയാണെന്നും, എന്നാല്‍ അര്‍ജന്‍റീനയില്‍  ‍‍കളിക്കുന്നതില്‍നിന്നും അമേരിക്കന്‍ ഫുഡ്ബോള്‍ രീതി ഏറെ വ്യത്യസ്തമാണല്ലോ! നര്‍മ്മരസത്തോടെ ഇങ്ങനെ പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.