2017-06-20 13:27:00

ദരിദ്രരുടെ വക്താക്കളായിരുന്ന 2 ഇടവകവൈദികരെ പാപ്പാ ആദരിച്ചു


ഇറ്റലിയുടെ വടക്കു ഭാഗത്ത് 1890 മുതല്‍ 1967 വരെയുള്ള കാലഘട്ടത്തില്‍ ഭിന്ന കാലയളവുകളില്‍ പാവപ്പെട്ടവരുടെ വക്താക്കളായി പ്രവര്‍ത്തിച്ച രണ്ട് ഇടവകവൈദികരുടെ കബറിടങ്ങള്‍  ഫ്രാന്‍സീസ് പാപ്പാ സന്ദര്‍ശിച്ച് ആദരവര്‍പ്പിച്ചു.

ഉത്തര ഇറ്റലിയിലെ ക്രെമോണ രൂപതയില്‍പ്പെട്ട ബോത്സൊളൊയില്‍ പ്രീമൊ മത്സൊളാരി എന്ന ഇടവകവൈദികന്‍റെയും ഫ്ലോറന്‍സ് രൂപതാതിര്‍ത്തിക്കുള്ളില്‍ വരുന്ന ബര്‍ബിയാനയില്‍ ലൊറേന്‍സൊ മിലാനി എന്ന വൈദികന്‍റെയും കബറിടങ്ങളാണ് പാപ്പാ സന്ദര്‍ശിച്ചത്.ചൊവ്വാഴ്ച (20/06/17) പ്രാദേശികസമയം രാവിലെ 7.30 ന് വത്തിക്കാനില്‍ നിന്നു ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം ബോത്സൊളോയിലേക്കു പുറപ്പെട്ട പാപ്പായുടെ ഈ ഹ്രസ്വ സന്ദര്‍ശന പരിപാടി ഉച്ചവരെ മാത്രമെ ദീര്‍ഘിച്ചുള്ളു.

സഭയെയും ലോകത്തെയും അഗാധസ്നേഹത്താലും നിരുപാധിക ആത്മാര്‍പ്പണത്താലും പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ച ഒരു വൈദികനായിരുന്നു പ്രീമൊ മത്സോളാരി എന്ന് പാപ്പാ ബോത്സൊളൊയില്‍ വിശുദ്ധ പത്രോസിന്‍റെ   നാമത്തിലുള്ള ഇടവകയില്‍ വൈദികന്‍ മത്സൊളാരിയുടെകബറിടത്തിങ്കല്‍ പ്രാര്‍ത്ഥിച്ചതിനു ശേഷം ദേവാലയത്തില്‍ നടത്തിയ അനുസ്മരണപ്രഭാഷണത്തില്‍ പറഞ്ഞു.

വൈദികന്‍ മത്സൊളാരി ഇന്നത്തെ സമൂഹത്തിനേകുന്ന സന്ദേശത്തെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ അദ്ദേഹത്തിന്‍റെ അനുദിന ജീവിതത്തില്‍ നയനങ്ങള്‍ക്കുമുന്നില്‍ സദാ നിറഞ്ഞുനിന്നിരുന്ന നദി, ഗ്രാമീണ-കൃഷിയിടം, സമതല പ്രദേശം എന്നിവ പ്രതീകാത്മകമായി അവതരിപ്പിച്ചു.

അകലങ്ങളിലായിരിക്കുന്നവരെ തേടുന്ന പാവപ്പെട്ടവരുടെ സഭയായിരിക്കുകയാണ് വൈദികന്‍ മത്സൊളാരി നമുക്കേകുന്ന സന്ദേശമെന്ന് പാപ്പാ പറഞ്ഞു.

വൈദികമേധാവിത്വമില്ലാത്ത വൈദികരുടെ വദനമായി ഇടവകവൈദികര്‍ മാറുമ്പോള്‍ അവര്‍ സഭയുടെ ശക്തിയായി പരിണമിക്കുന്നുവെന്ന് ഫാദര്‍ മത്സൊളാരിയുടെ ജീവിതം ഉദാഹിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.

കൈകളില്‍ അഴുക്കുപുരളാതെ മാറിനിന്ന് ലോകത്തെ കാണുന്നതും, അതുപോലെതന്നെ ബാങ്ക്, സഹകരണസംഘങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയ കത്തേലിക്കാസ്ഥാപനങ്ങള്‍ക്ക് ജന്മമേകി പരോക്ഷമായി വരേണ്യവിഭാഗത്തെ സൃഷ്ടിക്കുന്നതുമെല്ലാം സുവിശേഷത്തിന്‍റെ പാതയില്‍ നിന്നുള്ള വ്യതിചലനമാണെന്ന് പാപ്പാ മുന്നറിയിപ്പു നല്കി.

ബോത്സൊളൊയില്‍ നിന്ന് ഫ്ലോറന്‍സ് രൂപതയിലെ ബര്‍ബിയാനയിലേക്കു പോയ പാപ്പാ സെമിത്തേരി സന്ദര്‍ശിക്കുകയും വൈദികന്‍ ലൊറേന്‍ത്സൊ മിലാനിയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

തദ്ദനന്തരം ദേവാലയത്തില്‍ വച്ച് ഫാദര്‍ മിലാനിയുടെ ശിഷ്യഗണവുമായി കൂടിക്കാഴ്ച്ച നടത്തിയ പാപ്പാ പിന്നീട് അതിനടുത്തുള്ള ഉദ്യാനത്തില്‍ വച്ച്  അനുസ്മരണ പ്രഭാഷണം നടത്തി.

ദൈവത്തിലേക്കു തുറവുള്ളവരാകുന്നതിന് വ്യക്തിയു‌ടെ മനുഷ്യപ്രകൃതിയെ ഉണര്‍ത്തുകയെന്ന വൈദികന്‍ മിലാനിയുടെ ലക്ഷ്യത്തിനും പ്രബോധനശൈലിക്കും സാക്ഷികളാണ് അദ്ദേഹത്തിന്‍റെ ശിഷ്യരെന്നനുസ്മരിച്ച പാപ്പാ വിദ്യഭ്യാസത്തെ തന്‍റെ വൈദികനടുത്ത ദൗത്യത്തില്‍ നിന്ന് ഡോണ്‍ മിലാനി വേറിട്ടു നിറുത്തിയില്ലെന്ന് പറഞ്ഞു.

മനസ്സാക്ഷിസ്വാതന്ത്ര്യത്തെ സത്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും നന്മയുടെയും യഥാര്‍ത്ഥ അന്വേഷണമായി, ഈ അന്വേഷണത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വിലകൊടുക്കാന്‍ സന്നദ്ധരായിക്കൊണ്ട്, ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന യുവജനങ്ങള്‍ക്കും  മുതിര്‍ന്നവര്‍ക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഡോണ്‍ മിലാനി ഓര്‍മ്മിപ്പിക്കുന്നുവെന്ന് അദ്ദേഹത്തിന്‍റെ ചില വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പാ വിശദീകരിച്ചു.








All the contents on this site are copyrighted ©.