സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

കര്‍ദ്ദിനാള്‍ ഐവന്‍ ഡയസ് അന്തരിച്ചു, പാപ്പാ അനുശോചിച്ചു

ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ മുന്നദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഐവന്‍ കൊര്‍ണേലിയസ് ഡയസിന്‍റെ നിര്യാണത്തില്‍ ഫ്രാന്‍സീസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി.

പരിശുദ്ധസിംഹാസനത്തിനേകിയിട്ടുള്ള വിശ്വസ്തസേവനം, വിശിഷ്യ, ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷനായിരിക്കവെ, അല്‍ബേനിയയില്‍ യാതനകളനുഭവിച്ച സഭയെ ആദ്ധ്യാത്മികമായും ഭൗതികമായും പുനരുജ്ജീവിപ്പിക്കുന്നതിന്  അദ്ദേഹം ഏകിയ സംഭാവനകള്‍  പാപ്പാ അനുശോചന സന്ദേശത്തില്‍ നന്ദിയോടെ അനുസ്മരിക്കുന്നു.

പത്തൊമ്പതാം തിയതി തിങ്കളാഴ്ച (19/06/17) റോമില്‍ വച്ചാണ് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. 81 വയസ്സായിരുന്നു പ്രായം.

1936 ഏപ്രില്‍ 14 ന് മുംബയില്‍ ആയിരുന്നു കര്‍ദ്ദിനാള്‍ ഐവന്‍ ഡയസിന്‍റെ   ജനനം. 1958 ഡിസംബര്‍ 8 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പരിശുദ്ധസിംഹാസനത്തിന്‍റെ നയതന്ത്ര പരിശീലന കേന്ദ്രത്തില്‍ “പൊന്തിഫിക്കല്‍ അക്കദേമിയ എക്ലെസിയാസ്ത്തിക്ക”യില്‍ 1961 മുതല്‍ 1964 വരെയുള്ള കാലഘട്ടത്തില്‍ പരിശീലനം നേടുകയും, റോമിലെ ജോണ്‍ലാറ്ററന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കുകയും ചെയ്തു. തദ്ദനന്തരം പരിശുദ്ധസിംഹസാനത്തിന്‍റെ  നയതന്ത്രവിഭാഗത്തില്‍ സേവനമാരംഭിച്ച കര്‍ദ്ദിനാള്‍ ഡയസ് 1965 മുതല്‍ 1982 വരെ വിവിധ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചു.

1982 മുതല്‍ 1996 വരെ, ഘാന, ബെനിന്‍, ടോഗൊ എന്നിവിടങ്ങളില്‍ അപ്പസ്തോലിക് പ്രൊ നുണ്‍ഷ്യൊയും, കൊറിയ, അല്‍ബേനിയ എന്നിവിടങ്ങളി‍‍ല്‍ അപ്പസ്തോലിക് നുണ്‍ഷ്യൊയും ആയിരുന്നു അദ്ദേഹം.

1982 മെയ് 8നാണ് അദ്ദേഹം ആര്‍ച്ച്ബിഷപ്പായും ഒപ്പം ഘാന, ബെനിന്‍, ടോഗൊ എന്നിവിടങ്ങളിലെ അപ്പസ്തോലിക് പ്രൊ നുണ്‍ഷ്യൊ ആയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.

1996 നവമ്പര്‍ 8 ന് ബോംബെ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിതനായ അദ്ദേഹം 1997 മാര്‍ച്ച് 13 ന് അതിരൂപതാഭരണം ഏറ്റെടുത്തു.

2001 ഫെബ്രുവരി 21 ന് കര്‍ദ്ദിനാള്‍സ്ഥാനത്തേക്കുയര്‍ത്തപ്പെട്ട അദ്ദേഹം 2006 മെയ് 20 മുതല്‍ 2011 മെയ് 10 വരെ ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ "പ്രീഫെക്ട്” ആയി സേവനം ചെയ്തു.

കര്‍ദ്ദിനാള്‍ ഐവന്‍ ഡയസിന്‍റെ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 220 ആയി താണു. ഇവരി‍ല്‍ മാര്‍പ്പാപ്പായെ തിരഞ്ഞെടുക്കുന്നതിന് സമ്മതിദാനാവകാശമുള്ളവര്‍, അതായത്, 80 വയസ്സില്‍ താഴെ പ്രായമുള്ളവര്‍, 116 ഉം ഈ അവകാശം ഇല്ലാത്തവര്‍ 104 ഉം ആണ്.

കര്‍ദ്ദിനാള്‍ ഡയസിനു വേണ്ടിയുള്ള വിശുദ്ധ കുര്‍ബ്ബാന ബുധനാഴ്ച (21/06/17) വത്തിക്കാനില്‍ നടക്കും. കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഡീക്കന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ സൊദാനൊ ആയിരിക്കും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രാദേശികസമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കുന്ന ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികന്‍. ദിവ്യബലിയുടെ അവസാനം അന്തിമോപചാര ശുശ്രൂഷ ഫ്രാന്‍സിസ് പാപ്പാ നയിക്കും.

കര്‍ദ്ദിനാള്‍ ഐവന്‍ ഡയസിന്‍റെ നിര്യാണത്തില്‍ സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പസ്ക്കോപ്പല്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്  ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി.

സാര്‍വ്വത്രികസഭയിലെ അതികായനായൊരു അജപാലക്ശ്രേഷ്ഠനായിരുന്ന കാലം ചെയ്ത കര്‍ദ്ദിനാള്‍ ഡയസ് തികഞ്ഞ മനുഷ്യസ്നേഹിയുമായിരുന്നുവെന്നും അദ്ദേഹം അുസ്മരിച്ചു.

     

20/06/2017 13:38