2017-06-19 12:52:00

പപ്പായുടെ ത്രികാലജപ സന്ദേശം-ജീവന്‍റെ അപ്പമായ ദിവ്യകാരുണ്യയേശു


ആരാധനക്രമ പഞ്ചാംഗമനുസരിച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച(15/06/17) ആയിരുന്ന വിശുദ്ധകുര്‍ബ്ബാനയുടെ തിരുന്നാള്‍, അഥവാ, “കോര്‍പ്പൂസ് ക്രിസ്തി” ആചരിക്കപ്പെട്ട ഈ ഞായറാഴ്ച (18/06/17) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, ഞായറാഴ്ചകളില്‍ പതിവുള്ള, പൊതുമദ്ധ്യാഹ്ന നയിച്ചു. യൂറോപ്പില്‍ ഇപ്പോള്‍ വേനല്‍ക്കാലമാകയാല്‍ കടുത്ത ചൂടനുഭവപ്പെട്ടെങ്കിലും വിവിധരാജ്യക്കാരായിരുന്ന നിരവധിപ്പേര്‍ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിനും പാപ്പായുടെ ആശീര്‍വ്വാദം സ്വീകരിക്കുന്നതിനും, പൊരിവെയിലത്ത്, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. പലരും സൂര്യകിരണങ്ങള്‍ നേരിട്ടേല്ക്കാതരിക്കുന്നതിന് ഒരു തടയെന്നോണം കുടകള്‍ വിരിച്ചു പിടിച്ചിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30 ന് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ കൈയ്യടിയോടും ആരവങ്ങളോടുംകൂടെ  തങ്ങളുടെ ആനന്ദം അറിയിച്ചു.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ, യേശുവിന്‍റെ മാംസനിണങ്ങളുടെ  തിരുന്നാള്‍ ആചരിക്കപ്പെട്ട ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് ദിവ്യബലിദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളെ അവലംബമാക്കി ദിവ്യകാരുണ്യ ചിന്തകള്‍ പ്രാര്‍ത്ഥനയ്ക്കൊരുക്കമായി പങ്കുവച്ചു.

പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ലത്തീന്‍ ഭാഷയില്‍ “കോര്‍പ്പൂസ് ദോമിനി” (CORPUS DOMINI) അല്ലെങ്കില്‍ “കോര്‍പ്പൂസ് ക്രിസ്തി”(CORPUS CHRISTI) എന്ന് പറയപ്പെടുന്ന ക്രിസ്തുവിന്‍റെ  ശരീരരക്തങ്ങളുടെ തിരുന്നാള്‍ ഇറ്റലിയിലും അനേകം രാജ്യങ്ങളിലും ഈ ഞായറാഴ്ച ആചരിക്കപ്പെട്ടു. എല്ലാ ഞായറാഴ്ചകളിലും സഭാസമൂഹം, യേശു അന്ത്യ അത്താഴവേളയില്‍ സ്ഥാപിച്ച കൂദശയായ ദിവ്യകാരുണ്യത്തിനു ചുറ്റും സമ്മേളിക്കുന്നു. രക്ഷയുടെ ഭോജ്യവും പാനീയവുമായി സ്വയം ദാനമായി നല്കുന്ന ക്രിസ്തുവിനോടുള്ള നമ്മുടെ ആരാധന അതിന്‍റെ പൂര്‍ണ്ണതയില്‍ ആവിഷ്ക്കരിക്കുന്നതിന് നമ്മള്‍ വിശ്വാസത്തിന്‍റെ ഈ കേന്ദ്ര രഹസ്യത്തിന് സമര്‍പ്പിതമായ തിരുന്നാള്‍ അനുവര്‍ഷം ആഹ്ലാദത്തോടെ ആഘോഷിക്കുന്നു.

യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്ന് ഇന്ന് വായിക്കപ്പെട്ട സുവിശേഷഭാഗം “ജീവന്‍റെ  അപ്പത്തെക്കുറിച്ചുള്ള (6:51-58), പ്രഭാഷണത്തില്‍ നിന്നുള്ളതാണ്. അതില്‍ യേശു പറയുന്നു “സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്...ലോകത്തിന്‍റെ  ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്” (51). നിത്യജീവന്‍റെ  അപ്പമായിട്ടാണ് പിതാവ് അവിടത്തെ ലോകത്തിലേക്കയച്ചതെന്നും ആകയാല്‍ തന്നെത്തന്നെ, സ്വന്തം ശരീരം അവിടന്ന് ബലികഴിക്കും എന്നുമാണ് അവിടന്ന് പറയാന്‍ ഉദ്ദേശിച്ചത്. വാസ്തവത്തില്‍ യേശു, കുരിശില്‍, സ്വന്തം ശരീരം ദാനമായി നല്കി, അവിടന്ന് രക്തം ചിന്തി. ക്രുശിക്കപ്പെട്ട മനുഷ്യപുത്രന്‍ പാപത്തിന്‍റെ അടിമത്തത്തില്‍ നിന്ന് മോചനമേകുകയും വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയില്‍ തുണയേകുകയും ചെയ്യുന്ന യഥാര്‍ത്ഥ പെസഹാക്കുഞ്ഞാടാണ്. ലോകത്തിനു ജീവനുണ്ടാകേണ്ടതിന് നലക്പ്പെട്ട അവിടത്തെ ശരീരമാണ് ദിവ്യകാരുണ്യ കൂദാശ. ഈ അന്നത്താല്‍ പോഷിതനാകുന്നവന്‍ യേശുവില്‍ ആയിരിക്കുകയും അവിടത്തെപ്രതി ജീവിക്കുകയും ചെയ്യും. യേശുവിനെ ഉള്‍ക്കൊള്ളുകയെന്നാല്‍ അവിടന്നില്‍ ആയിരിക്കുകയും ദൈവപുത്രനില്‍ മക്കളായിത്തീരുകയുംചെയ്യുക എന്നാണര്‍ത്ഥം.

എമ്മാവൂസിലെ ശഷ്യരോടു ചെയ്തതുപോലെ, യേശു, ചരിത്രത്തിലെ യാത്രികരായ നമ്മില്‍ വിശ്വാസവും പ്രത്യാശയും ഉപവിയും വളര്‍ത്തുന്നതിനും പരീക്ഷണവേളകളില്‍ നമുക്കാശ്വാസമേകുന്നതിനും നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള യത്നത്തില്‍ നമുക്കു താങ്ങാകുന്നതിനും വിശുദ്ധ കുര്‍ബ്ബാനയില്‍ നമ്മുടെ ചാരത്തെത്തുന്നു. ദൈവസുതന്‍റെ ഈ സമൂര്‍ത്ത സന്നിധ്യം എല്ലായിടത്തും, അതായത്, നഗരത്തിലും, ഗ്രാമത്തിലും ലോകത്തിന്‍റെ തെക്കും വടക്കും ധ്രുവങ്ങളിലും ക്രൈസ്തവനാടുകളിലും, സുവിശേഷവത്ക്കരണത്തിന്‍റെ തുടക്കഘട്ടത്തിലായിരിക്കുന്ന രാജ്യങ്ങളിലുമെല്ലാം, ഉണ്ട്. അവിടന്നു നമ്മെ സ്നേഹിച്ചതു പോലെ നമ്മള്‍ പര്സപരം സ്നേഹിക്കണമെന്ന കല്പന, എല്ലാവരെയും സ്വാഗതംചെയ്യുന്നതും സകലരുടെയും, പ്രത്യേകിച്ച് ദുര്‍ബ്ബലരും ദരിദ്രരും ആവശ്യത്തിലിരിക്കുന്നവരുമായവരുടെ, ആവശ്യങ്ങളോടു തുറവുള്ള ഒരു സമൂഹം കെട്ടിപ്പടുത്തുകൊണ്ട്, പ്രയോഗികമാക്കിത്തീര്‍ക്കുന്നതിന് നമ്മെ സഹായിക്കാന്‍ യേശു ആത്മീയശക്തിയെന്ന നിലയില്‍ ദിവ്യകാരുണ്യത്തില്‍ സ്വയം ദാനമായിത്തീരുന്നു.

ദിവ്യകാരുണ്യയേശുവിനാല്‍ പോഷിതരാകുകയെന്നാല്‍ വിശ്വാസത്തോടെ അവിടത്തേക്കു നമ്മെ ഭരമേല്‍പിക്കുകയും  അവിടന്നിനാല്‍ നയിക്കപ്പെടാന്‍ നമ്മെ അനുവദിക്കുകയും ചെയ്യലാണ്. നമ്മുടെ “അഹ”ത്തിന്‍റെ സ്ഥാനത്ത് യേശുവിനെ പ്രതിഷ്ഠിക്കലാണ് അത്. അങ്ങനെ, ദിവ്യകാരുണ്യസ്വീകരണത്തിലൂടെ, പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍,  യേശുവില്‍ നിന്ന് സൗജന്യമായി ലഭിച്ച സ്നേഹം  ദൈവത്തോടും നമ്മുടെ അനുദിനയാത്രിയില്‍ നാം കണ്ടുമുട്ടുന്ന സഹോദരങ്ങളോടുമുള്ള സ്നേഹത്തെ പരിപോഷിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ ശരീരത്താല്‍ പോഷിതരാകുന്ന നാം എന്നും ഉപരിയുപരി സമൂര്‍ത്തമായി, ക്രിസ്തുവിന്‍റെ മൗതിക ഗാത്രമായി മാറുന്നു. പൗലോസപ്പസ്തോലന്‍ ഇതു നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്: “നാം ആശീര്‍വ്വദിക്കുന്ന അനുഗ്രഹത്തിന്‍റെ പാനപാത്രം ക്രിസ്തുവിന്‍റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? അപ്പം ഒന്നേയുള്ള. അതിനാല്‍ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്” (1 കോറിന്തോസ് 10,16-17).  

ജീവന്‍റെ അപ്പമായ യേശുവിനോട് എന്നും ഐക്യത്തിലായിരുന്ന പരിശുദ്ധ കന്യകാമറിയം നമ്മെ ദിവ്യകാരുണ്യത്തിന്‍റെ സൗന്ദര്യം വീണ്ടും കണ്ടെത്താനും, ദൈവവും സഹോദരങ്ങളുമായുള്ള ഐക്യത്തില്‍ ജീവിക്കുന്നതിന് വിശ്വാസത്തോടെ അതു പോഷണമാക്കാനും സഹായിക്കട്ടെ. 

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു. ആശീര്‍വ്വാദാനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിധരാജ്യാക്കാരായ തീര്‍ത്ഥാടകരെ പ്രത്യേകം അഭിവാദ്യം ചെയ്തു.

ചൊവ്വാഴ്ച (20/06/17) അഭയാര്‍ത്ഥികള്‍ക്കായുള്ള ലോകദിനം ഐക്യരാഷ്ടസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്നതിനെപ്പറ്റി പരാമര്‍ശിച്ച പാപ്പാ ഈ ആചരണത്തിന്‍റെ വിചിന്തനപ്രമേയം “ അഭയാര്‍ത്ഥകളോടൊപ്പം. എന്നത്തേക്കാളുപരി ഇന്ന് നാം അഭയാര്‍ത്ഥികളുടെ പക്ഷത്തായിരിക്കണം” എന്നതാ​ണെന്ന് അനുസ്മരിച്ചു.സംഘര്‍ഷങ്ങള്‍, അക്രമങ്ങള്‍, പീഢനങ്ങള്‍ എന്നിവയില്‍ നിന്ന് പലായനം ചെയ്യുന്ന സ്ത്രീപുരഷന്മാരിലും കുട്ടികളിലുമാണ് വാസ്തവത്തില്‍ നമ്മുടെ പ്രത്യേക ശ്രദ്ധ പതിയുകയെന്നു പറഞ്ഞ പാപ്പാ കടലിലും അല്ലെങ്കില്‍ കരമാര്‍ഗ്ഗമുള്ള സുദീര്‍ഘ യാത്രയിലും ജീവന്‍ നഷ്ടപ്പെട്ടവരെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. അവരുടെ കദനത്തിന്‍റെയും പ്രത്യാശയുടെയും കഥകള്‍ സാഹോദര്യസമാഗമത്തിനും യഥാര്‍ത്ഥമായ പരസ്പരധാരണയ്ക്കും അവസരമായി ഭവിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. വാസ്തവത്തില്‍ അഭ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച ഭയത്തെയും വികലമായ ആശയങ്ങളെയും ദൂരീകരിക്കുകയും തുറന്ന മനോഭാവത്തിന്‍റെ   വികാരങ്ങള്‍ക്കും പരസ്പരബന്ധത്തിന്‍റെ പാലങ്ങളുടെ നിര്‍മ്മിതിക്കും  ഇടം നല്കുന്ന മാനവികതയിലുള്ള വളര്‍ച്ചയുടെ ഘടകമായി ഭവിക്കുകയും ചെയ്യുമെന്ന് പാപ്പാ പറഞ്ഞു.

തുടര്‍ന്നു പാപ്പാ പോര്‍ട്ടുഗലിലെ പെദ്രോഗാവ് ഗ്രാന്തയ്ക്കടുത്തു അനേകരുടെ ജീവനപഹരിക്കുകയും നിരവധിപ്പേരെ പരിക്കേല്പ്പിക്കുകയും ചെ്യത വന്‍ ആഗ്നിബാധദുരന്തത്തില്‍ തന്‍റെ വേദന അറിയിച്ചു.

ഈ ദുരന്തത്തിനിരകളായവര്‍ക്കുവേണ്ടി അല്പസമയം മൗനമായി പ്രാര്‍ത്ഥിച്ച പാപ്പാ അതിനുശേഷം മദ്ധ്യാഫ്രിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും പ്രതിനിധികള്‍ റോമില്‍ വിശുദ്ധ എജീദിയോയുടെ സമൂഹത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് അനുസ്മരിക്കുകയും അവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. 2015 ല്‍ താന്‍ മദ്ധ്യാഫ്രിക്കന്‍ നാടു സന്ദര്‍ശിച്ചതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ  അന്നാടിന്‍റെ വികസനത്തിന് അനിവാര്യമായ സമാധാനപ്രക്രിയ നവവീര്യമാര്‍ജ്ജിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

വടക്കെ ഇറ്റലിയിലെ മാന്തൊവയ്ക്കടുത്തുള്ള ബോത്സൊളൊ, ബര്‍ബിയാന എന്നീ സ്ഥലങ്ങള്‍ താന്‍ ചൊവ്വാഴ്ച(20/06/17) സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. ഇന്നു നമുക്കേറെ ആവശ്യമായിരിക്കുന്ന സന്ദേശമേകിയ, പരേതരായ, പ്രീമൊ മത്സൊളാരി, ലെറേന്‍സ്സൊ മിലാനി എന്നീ രണ്ടു വൈദികര്‍ക്ക്   ആദരവര്‍പ്പിക്കുന്നതിനാണ് തന്‍റെ ഈ യാത്രയെന്ന് പാപ്പാ വെളിപ്പെടുത്തി.

തുടര്‍ന്ന്, എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. എല്ലാവര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേര്‍ന്ന പാപ്പാ വീണ്ടും കാണാമെന്ന്, എന്ന് ഇറ്റാലിയന്‍ ഭാഷയില്‍  “അറിവെദേര്‍ച്ചി” എന്ന് പറഞ്ഞുകൊണ്ട് ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.