സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

“ഓര്‍മ്മകളുടെ നിറക്കൂട്ടാവട്ടെ വിശ്വാസജീവിതം…!”

ദിവ്യകാരുണ്യത്തിരുനാളിലെ തുറന്ന വേദിയില്‍... - REUTERS

19/06/2017 20:11

പരിശുദ്ധ ദിവ്യകാരുണ്യമഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകള്‍...

ജൂണ്‍ 18-‍Ɔ൦ തിയതി ഞായറാഴ്ച  വൈകുന്നേരം പരിശുദ്ധകുര്‍ബനയുടെ മഹോത്സവനാളില്‍ റോമിലെ ജോണ്‍ ലാറ്ററന്‍ ഭദ്രാസന ദേവാലയാങ്കണത്തിലെ വേദിയില്‍ ദിവ്യബലി അര്‍പ്പിക്കവെ പാപ്പാ പങ്കുവച്ച വചനചിന്തകളാണ് താഴെ ചേര്‍ക്കുന്നത് :

1. ദൈവികനന്മകള്‍ അനുസ്മരിക്കാം.     ദിവ്യകാരുണ്യ മഹോത്സവത്തില്‍ ശക്തമായി പൊന്തിവരുന്ന ചിന്തയാണ് ഓര്‍മ്മകള്‍! രക്ഷാകര ചരിത്രത്തില്‍ ഉടനീളം ദൈവം തന്‍റെ ജനത്തിനായി ചെയ്തിട്ടുള്ള നന്മകളുടെ ഓര്‍മ്മയും, അതിന്‍റെ സംക്ഷേപവുമാണ് പരിശുദ്ധദിവ്യകാരുണ്യം. അതിനാല്‍ ഓര്‍മ്മകള്‍ വിശ്വാസജീവിതത്തിന്‍റെ ഭാഗമായിരിക്കണം. ദൈവിക നന്മകളെക്കുറിച്ച് ഓര്‍മ്മയും അവബോധവുമില്ലാതെ ജീവിച്ചാല്‍ വെള്ളമില്ലാത്ത ചെടിപോലെയായിത്തീരും ജീവിതങ്ങള്‍. വെള്ളമില്ലാത്ത ചെടിക്ക് വളരാനോ, ഫലമണിയാനോ സാദ്ധ്യമല്ലല്ലോ! അതുപോലെ ദൈവിക നന്മയെക്കുറിച്ചുള്ള ഓര്‍മ്മകളുടെ നീരൊഴുക്കില്‍നിന്ന് ആത്മീയജീവന്‍റെ ജലം ആഗിരണംചെയ്തു വളരാതെ വിശ്വാസജീവിതത്തില്‍ വ്യക്തി വളരുകയില്ല. റോമിലെ ദിവ്യകാരുണ്യത്തിന്‍റെ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആയിരങ്ങളോട് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.

2. ഓര്‍മ്മിക്കുന്നതു നല്ലതാണ്.   ഓര്‍മ്മ അല്ലെങ്കില്‍ സ്മരണ നമ്മെ സ്നേഹത്തില്‍ നിലനിര്‍ത്തും. നമ്മെ സ്നേഹിക്കുകയും, നാം സ്നേഹിക്കുകയും ചെയ്യേണ്ടത് ആരെല്ലാമാണെന്നുള്ള ശരിയായ ധാരണയുണ്ടെങ്കില്‍, തീര്‍ച്ചയായും നാം പ്രതിസ്നേഹമുള്ളവരായിരി ജീവിക്കും. ദൈവികനന്മകളുടെ പഴയകാര്യങ്ങളെക്കുറിച്ചു ഓര്‍മ്മയില്ലാതെ, തല്ക്കാലം ഇന്നിന്‍റെ ജീവിതവ്യഗ്രതകളുടെ കയത്തില്‍ മുങ്ങിപ്പോകുന്നവരാണ് നമ്മില്‍ അധികംപേരും. മറിച്ച് ഓര്‍മ്മയോടും നന്മകള്‍ക്കു പ്രതിനന്ദിയുള്ളവരുമായി ജീവിക്കുന്നവര്‍ ആഴമായി ചിന്തിക്കുകയും, വിശാലമായ കാഴ്ചപ്പാടോടെ വളരുകയും ഫലപ്രാപ്തിയുള്ളവരായി ജീവിക്കുകയുംചെയ്യും.

3. ദിവ്യബലി ഓര്‍മ്മയുടെ ആഘോഷമാണ്.    മനുഷ്യകുലത്തിനായുള്ള ക്രിസ്തുവിന്‍റെ  സ്വയാര്‍പ്പണത്തിന്‍റെയും സ്നേഹാര്‍പ്പണത്തിന്‍റെയും ഓര്‍മ്മയാണത്. അതിനാല്‍ അത് ദൈവസ്നേഹത്തിന്‍റെ അടയാളമാണ്. അങ്ങനെ ക്രിസ്തു നല്കുന്ന ജീവന്‍റെ ലോലമായ അപ്പം നമുക്ക് ജീവിതയാത്രയില്‍ ആത്മീയഭോജ്യവും കരുത്തുമായി മാറുന്നു. ദിവ്യകാരുണ്യത്തിന് ക്രിസ്തുവിന്‍റെ വചനത്തിന്‍റെയും പ്രവൃത്തികളുടെയും രുചിയുണ്ട്. അവിടുത്തെ പീഡികളുടെ സ്പന്ദനമുണ്ടതിന്, അവിടുത്തെ അരൂപിയുടെ പരിമളമുണ്ട്. അതിനാല്‍ ദിവ്യകാരുണ്യം നിരന്തരമായി സ്വീകരിക്കുന്നവര്‍ യേശിവിന്‍റെ സ്നേഹത്താല്‍ നിറയുന്നു. ആദ്യദിവ്യാകാരുണ്യം സ്വീകരിച്ച്, അവിടെ വെള്ളയുടുത്തു സന്നിഹിതരായിരുന്ന നൂറുകണക്കിന് കുരുന്നുകളെ നോക്കിക്കൊണ്ടാണ് പാപ്പാ ഇതു പറഞ്ഞത്.

4. ദിവ്യകാരുണ്യം നന്ദിയുടെ അനുസ്മരണമാണ്.   സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പിതാവിനെക്കുറിച്ചുള്ള മക്കളുടെ ഓര്‍മ്മയാണത്. അത് ഏറെ സ്വതന്ത്രമായൊരു ഓര്‍മ്മയാണ്. കാരണം, ക്രിസ്തുവിന്‍റെ സ്നേഹവും ക്ഷമയും നമ്മുടെ മുറിവുകളെ സുഖപ്പെടുത്തുന്നതിനാല്‍ ദൈവത്തോടുള്ള നന്ദിയുടെ വികാരങ്ങള്‍ക്ക് തടസ്സമായിട്ടുള്ളതെല്ലാം മാറികിട്ടുന്നു. അങ്ങനെ ദിവ്യാകാരുണ്യത്തിന്‍റെ ഓര്‍മ്മ ക്ഷമയുള്ളതായി മാറുന്നു. നമ്മുടെ എല്ലാ പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയില്‍ ക്രിസ്തുവിന്‍റെ അരൂപി നമ്മില്‍ വസിക്കുന്നു. അതിനാല്‍ ജീവിതത്തിന്‍റെ ക്ലേശപൂര്‍ണ്ണമായ പാതയിലും പ്രത്യാശയോടെ നമുക്കു മുന്നേറാന്‍ സാധിക്കും. കാരണം ക്രിസ്തു നമ്മുടെ കൂടെയുണ്ട്. പ്രത്യാശയോടെ അവിടുന്നിലേയ്ക്കു നാം തിരിയുമ്പോള്‍ ക്രിസ്തു അവിടുത്തെ സ്നേഹത്താന്‍ നമ്മെ വീണ്ടെടുക്കുന്നു. നമ്മെ നയിക്കുന്നു!

5. കൂട്ടായ്മയുടെയും കൂദാശ   മരുഭൂമിയില്‍വെച്ച് കര്‍ത്താവു തന്‍റെ ജനത്തിന് മന്ന നല്കിയപ്പോള്‍ ജനം അത് പെറുക്കിയെടുത്തു. ഭവനങ്ങളില്‍ കൊണ്ടുപോയി പങ്കുവച്ചു ഭക്ഷിച്ചു (പുറ. 16). അതുപോലെ ക്രിസ്തുവിന്‍റെ വിരുന്നു മേശയില്‍ നാം ഒന്നാകുകയും ഐക്യപ്പെടുകയും ചെയ്യുന്നു. ദിവ്യകാരുണ്യം എനിക്കു മാത്രമുള്ള ഭോജനമല്ല, അതു പങ്കുവയ്ക്കേണ്ടതും, അതിന്‍റെ നന്മയും പങ്കുവയ്ക്കപ്പെടേണ്ടതാണ്. പൗലോസ് അപ്പോസ്തോലന്‍ പറയുന്നത്, “അപ്പം ഒന്നേയുള്ളൂ. അതിനാല്‍ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍ ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്” (1കൊറി. 10, 17).

ദിവ്യകാരുണ്യം കൂട്ടായ്മയുടെ കൂദാശയാകയാല്‍, അത് സ്വീകരിക്കുവര്‍ക്ക് ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും പ്രയോക്താക്കളാകാതിരിക്കാന്‍ സാദ്ധ്യമല്ല. അങ്ങനെയുള്ളൊരു വ്യക്തിയുടെ ജീവിതത്തിന്‍റെ ജൈവസ്വഭാവമായി (Spiritual DNA) ഐക്യം മാറുന്നു. സമൂഹത്തില്‍ ഭിന്നതയും വിദ്വേഷവും വിമര്‍ശനവും പിറുപിറുക്കലുമെല്ലാം വളരുമ്പോഴും, കൂട്ടായ്മ നിലനിര്‍ത്താന്‍ ദിവ്യകാരുണ്യം നമ്മില്‍ സ്നേഹത്തിന്‍റെ ആനന്ദം വളര്‍ത്തട്ടെ! അതുപോലെ ഈ ദിവ്യാകാരുണ്യാനുഭവം നമുക്കേവര്‍ക്കും എന്നും ഉണ്ടാകാന്‍ മഹത്തായ ഈ ദിവ്യദാനത്തിന് ദൈവത്തിന് നന്ദിയുള്ളവരായി ജീവിക്കാം. ആ ദിവ്യസ്നേഹത്തിന്‍റെ സജീവസ്മരണ നമ്മെ ഒരു ശരീരമായും, അവിടുത്തെ മൗതികദേഹത്തിലെ അംഗങ്ങളായും നയിക്കട്ടെ!

 

 


(William Nellikkal)

19/06/2017 20:11